അലക്കുകല്ല്

 

 

കല്ലിൽ തുണി
അടിച്ചു നനയ്ക്കുന്ന
ശബ്ദം കേട്ടാണ്
മിക്കവാറും ദിവസങ്ങളിൽ
ഉണരാറുള്ളത്.

വാഷിംഗ് മെഷീൻ ഉണ്ടായിട്ടും
ഇവൾ
എന്തിനാണ്
ഇങ്ങനെ
കൊച്ചുവെളുപ്പാൻ കാലത്ത്
അടിച്ചു നനയ്ക്കുന്നതെന്ന്
ദേഷ്യപ്പെട്ടു.

പിന്നെപ്പോഴോ
അവളുടെ
അടിയൊച്ചകൾ
ശ്രദ്ധിക്കാൻ തുടങ്ങി.

പല നേരം, പല താളം.

ചിലത് തേങ്ങൽ,
ചിലത് കരച്ചിൽ,
പിന്നെ ചിലത് അലർച്ച.

അതിരിൻറെ വക്കിൽ
ഇട്ടിരിക്കുന്ന
ആ കല്ലിൽ നിന്ന്
അലക്കു വെള്ളം
ചാലു കീറിയത്
എന്റെ
കറിവേപ്പിന്റെ ചുവട്ടിലേക്കാണെന്ന്
തിരിഞ്ഞപ്പോൾ
പിന്നെയും ദേഷ്യപ്പെട്ടു.

ആ ചാലിനു കുറുകെ
മണ്ണും കല്ലും ചേർത്തൊരു
ബണ്ടു തീർത്ത് സമാധാനിച്ചു.

കറിവേപ്പ്
കൊമ്പുകളിൽ നിന്ന്
കൊമ്പുകളിലേക്ക്
തഴച്ചു.

കറിവേപ്പിലയുടെ മണം
അതിരുകൾ കടന്ന്
പരന്നു.

ഒറ്റ കറിവേപ്പിലയിൽ
ഒരു വയർ നിറഞ്ഞു.

ഒരിക്കൽ
ഇലയടർത്തുന്ന നേരത്താണ്
കണ്ടത്
ചോപ്പ് പടർന്ന
കറിവേപ്പിന്റെ ചോട്.

ആരോ പറഞ്ഞു,
അലക്കുകല്ലിൽ
തലയിടിച്ചാണത്രേ
അവൾ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here