യുദ്ധം

 


വല്ലാത്ത അസ്വസ്ഥതയുമായി ബങ്കറിനുള്ളിൽ കഴിയാൻ തുടങ്ങിയിട്ട് എത്ര ദിവസമായി എന്നറിയില്ല..

പുറത്ത് മുഴങ്ങുന്ന വെടിയൊച്ചയുടെയും പായുന്ന ഷെല്ലുകളുടെയും ഭീതിദമായ ശബ്ദങ്ങൾക്കിടയിൽ ജീവനാണ് കയ്യിൽ പിടിച്ചിരിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ എല്ലാം ഇല്ലാതാക്കിയേക്കാം,


വീട്ടിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും പേടി മൊബൈലിൽ വായിച്ചെടുക്കാം. ചാർജ്ജ് തീർന്നാൽ അതു വഴിയുള്ള ബന്ധവും നിന്നു. എത്രയും പെട്ടെന്ന് പുറത്തിറങ്ങിയേ പറ്റൂ..വിശപ്പ് വല്ലാതെ കടന്നാക്രമിക്കുന്നു. കരുതിയ ആഹാരമെല്ലാം തീർന്നു. പരസ്പരം പങ്കുവെച്ച്, പങ്കുവെച്ച് ഇത്രയും ദിവസവും പിടിച്ചുനിന്നു.


ഇനി പങ്കുവെക്കാൻ കരിഞ്ഞു തുടങ്ങുന്ന വിശപ്പിന്റെ ഗന്ധം മാത്രം ആയപ്പോഴേക്കും പുറത്തിറങ്ങാൻ തന്നെ അയാൾ തീരുമാനിച്ചു. കൂടെയുള്ളത് കൂടുതലും പെൺകുട്ടികളാണ്. അവരുടെ കണ്ണുകളിലെ വറ്റി വരണ്ടു പോയ ഭീതി അയാൾ തിരിച്ചറിഞ്ഞു.വല്ലാത്ത വിശപ്പിനിടയിലും പുറത്തു പോകണ്ട എന്ന് കയ്യുയർത്തിയ സ്നേഹം അയാൾ തിരിച്ചറിഞ്ഞു.

എങ്കിലും അങ്ങനെ അധീരനായിക്കൂടാ.. തനിക്കു വേണ്ടിയും അവർക്കു വേണ്ടിയും പുറത്തിറങ്ങിയേ പറ്റൂ.


ഇറങ്ങുമ്പോൾ കയ്യിലുള്ള പൈസ അയാൾ എണ്ണി നോക്കി, എപ്പോഴോ അസാധുവായിപ്പോയ എ.റ്റി.എം.കാർഡ് അയാളുടെ പോക്കറ്റിൽ ഒരു വിലയുമില്ലാതെ കിടന്നു. മാർക്കറ്റുകളിൽ ആളും സാധനങ്ങളും ഒഴിഞ്ഞിരിക്കുന്നു… ഇനിയും അടച്ചിട്ടില്ലാത്ത ചെറിയൊരു കടയുടെ വലിയ ക്യൂവിൽ അയാൾ വരി നിന്നു.

എല്ലാവരുടെയും പോലെ ഭീതി അയാളെയും വരിഞ്ഞു മുറുക്കി. എപ്പോഴോ പാഞ്ഞു വന്നേക്കാവുന്ന ഒരു വെടിയുണ്ട.. വന്നു തറച്ചേക്കാവുന്ന ഷെല്ലിന്റെ ചീളുകൾ..ക്യൂവിൽ നിൽക്കുമ്പോഴും എല്ലാവരുടെയും മനസ്സിൽ ഭീതിയായിരുന്നു..


ക്യൂവിന്റെ അറ്റം കടയുടെ അടുത്തെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കുമ്പോൾ അയാൾ കടയിലേക്കെത്തി നോക്കി. തീരാറായിക്കൊണ്ടിരിക്കുന്ന ബ്രഡ് പാക്കറ്റുകൾ കണ്ടപ്പോൾ പേടിയ്ക്കിടയിലും അയാളുടെ നാവ് ഒരു കഷണം ബ്രഡ്ഡിനായി കൊതിച്ചു, താൻ അരികിലെത്തുമ്പോൾ അതു തീർന്നു പോകുമോ എന്ന് അയാൾ ഭയപ്പെട്ടു.

ഏറെ നേരത്തെ കാത്തു നിൽപ്പിനൊടുവിൽ അയാൾ കടയുടെ അടുത്ത് എത്തിയെന്നായപ്പോഴേക്കുമാണ് എവിടെ നിന്നോ പാഞ്ഞു വന്ന ഷെൽ അവിടേയ്ക്ക് പതിച്ചത്..വിശപ്പിന്റേയും പേടിയുടെയും ഇടയിൽ മുഴങ്ങാതെ പോയ നിലവിളികൾ കടയോടൊപ്പം തകർന്നടിഞ്ഞു..അപ്പോഴും ബങ്കറിനുള്ളിൽ അനേക നിശ്വാസങ്ങൾ അയാളെയും കാത്തിരിക്കുകയായിരുന്നു…





അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅപ്പൻ ; കറുത്ത ഹാസ്യത്തിന്റെ കരുത്ത്
Next articleപ്രതിഭാസംഗമവും സർഗസമീക്ഷ ശില്പശാലയും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here