പ്രവാസി മുറികളുടെ ചുവരുകൾ കേട്ടത്ര കഥകൾ ലോകത്ത് വേറൊരു ചുവരുകളും കേട്ടിട്ടുണ്ടാകില്ല.
കൂടെ കൂടെ റൂം മാറി പുതിയ ആൾക്കാർ വരുമ്പോൾ പുതിയ പുതിയ കഥകൾ…
ചുവരുകൾ നാല്,
കൂടുതൽ കഥകൾ കേട്ടതാര്?
ഒന്നാമൻ ചുവര്…….
എന്റെയൊരു കാതിൽ ഘടികാരം തൂക്കി.
മറ്റതിൽ കണ്ണാടിയൊന്ന് തൂക്കി.
കേൾവി എനിക്കങ്ങനെ അന്യമായി.
രണ്ടാമൻ ചുവര്…….
എന്നോട് ചേർത്ത് കട്ടിലിട്ടു.
മുകളിൽ കിടന്നവൻ പതിഞ്ഞു മിണ്ടും,
താഴെ കിടന്നവൻ അലറി മിണ്ടും
കാമുകിയോട് കൊഞ്ചലും, ഭാര്യയോട് പായാരവും.
മൂന്നാമൻ ചുവര്……
എന്നോട് ചേർത്തും കട്ടിൽ തന്നെ.
മുകളിൽ കിടന്നവൻ മിണ്ടുകില്ല,
താഴെ കിടന്നവൻ വല്ലപ്പോഴും.
ടിക്ടോക്ക് പ്രാന്തനും, അന്തർമുഖനും.
നാലാമൻ ചുവര്………
എന്നോട് ചേർത്തും കട്ടിൽ തന്നെ.
മുകളിൽ കിടന്നവൻ പൂരപ്പാട്ട്.
താഴെ കിടന്നവനും പൂരപ്പാട്ട്.
റോയൽ നെപ്പോളിയൻ ചേർന്ന് പാടും,
പൂരപ്പാട്ടെന്നെ ഉറക്കിയില്ല.
ആശുപത്രി ചുവരുകളും
ജയിൽ ചുവരുകളും
ഇതുകേട്ട് പൊട്ടി പൊട്ടിച്ചിരിച്ചു.