ഓഹരി വിപണിയെ മാത്രം ആശ്രയിച്ച് ഇടത്തരക്കാരന് മുന്നോട്ടു പോകാൻ ഒക്കില്ലെന്ന് രേഖ പറയുന്നതിൽ കാര്യമുണ്ടെന്ന് ഗിരീഷിന് നന്നായി അറിയാം .എന്നാൽ ഈ പ്രായത്തിൽ ഇനി പെട്ടെന്നൊരു സംരംഭത്തിന് ഇറങ്ങാൻ ധൈര്യം പോര .ഊർജ്ജവും. വീണ്ടും ഗൾഫിന് പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മരവിപ്പ് ഹൃദയത്തിലേക്ക് പടരുന്നു. ഒരുമാതിരി കുറ്റപ്പെടുത്തലുകളെയൊക്കെ ഒട്ടകപ്പക്ഷിയെപ്പോലെ നേരിട്ടു കൊണ്ടുപോകാനും വശമായിരിക്കുന്നു. അത്യാവശ്യം സമ്പാദ്യം ,രേഖയുടെ വരുമാനം.അങ്ങനെ പോകുന്നപോലെ പോകട്ടെ.
ചിന്തകളുടെ ചങ്ങല മുറിച്ചുകൊണ്ട് അടുത്ത പ്ളോട്ടിന്റെ മുൻപിൽ ഒരു ഇന്നോവാ കാർ വന്നുനിന്നു . അവിടത്തെ വീടുപണി തീരുകയാണ് .ഫുൾസ്ലീവ് ഷർട്ടിട്ട് ചടുലതയോടെ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന പുതിയ അയൽക്കാരനോട് കാരണമില്ലാത്ത ഒരകൽച ഗിരീഷിന് തുടക്കം മുതലേ ഉണ്ട്. എന്തോ ആപത്ത് വഹിച്ചു കൊണ്ടാണ് ഇവൻ വന്നിരിക്കുന്നതെന്ന് അയാളുടെ ആറാമിന്ദ്രിയം അയാളോട് ആദ്യമേ പറഞ്ഞിട്ടുണ്ട് .
ഇന്ന് ആ മനുഷ്യൻ സകുടുംബം വന്നിരിക്കുകയാണെന്ന് ഗിരീഷ് കണ്ടു. പൂർത്തിയായ വീട് കാണാൻ ആകണം. കുട്ടികൾ കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്കോടി അതിന്റെ കതകും ജനാലയുമൊക്കെ പിടിച്ചു നോക്കി.
“പുതിയ അയൽക്കാര് വന്നോ” എന്നു ചൊദിച്ചു രേഖയും ഗിരീഷിനടുത്തെത്തി അവരെ നോക്കി നിന്നു . “ആ സ്ത്രീ ബാങ്കിലാണ്”, രേഖ പുതിയ ഒരറിവ് അയാൾക്ക് കൊടുത്തു .
അലസമായ കൗതുകത്തോടെ പുതിയ അയൽക്കാരിയെ നോക്കിയ ഗിരീഷ് പക്ഷാഘാതം വന്നപോലെ ആയിപ്പോയി. എന്നാൽ പെട്ടെന്നു നേരെയുമായി . പൊരുത്തപ്പെടലുകൾ അയാൾക്ക് ശീലമാണ്.
ഗിരീഷിന്റെ മനസ്സിൽ അഗ്നിസ്ഫുലിംഗങ്ങൾ പാറിച്ചു കൊണ്ട് ബാങ്കകാരി നേരെ അവരുടെ അടുത്തേക്ക് വന്നു പ്രസരിപ്പോടെ പരിചയപ്പെട്ടു .രേഖ സഹജമായ മിനുസതയോടെ സംസാരിച്ചുകൊണ്ടു നിന്നപ്പോൾ ഗിരീഷ് കോളേജ് ഹാളിലും വർത്തമാന കാലത്തുമായി നിലകൊണ്ടു . ഓർമ്മയുടെ കണിക പോലും സന്ധ്യ (സന്ധ്യ പി കുറുപ്പ് എന്ന് പൂർണ്ണരൂപം ) എന്ന അവളിൽ ഗിരീഷ് കണ്ടില്ല.
പാലുകാച്ച് ചടങ്ങിൽ സകുടുംബം പങ്കെടുത്തു . പിന്നങ്ങോട്ട് രേഖ പുതിയ അയൽക്കാരെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചപ്പോൾ ഗിരീഷ് അകലം പാലിച്ചു . അധികം ആരുമായും അടുക്കേണ്ട എന്ന നിലപാട് ആവർത്തിച്ചു .
സന്ധ്യയെ യഥേഷ്ടം കാണാമെന്നായപ്പോൾ ഗിരീഷ് വിസ്മയം പൂണ്ടത് അവളെ കാണാൻ വേണ്ടി മാത്രം കോളേജ് കാലത്ത് അവധി എണ്ണിത്തീർത്ത കാര്യമോർത്താണ് . ശരാശരിക്കാരനെന്ന ബോധം എന്നും ഉണ്ടായിരുന്നതിനാൽ എല്ലാം മനസ്സിൽ തന്നെ ഒതുക്കിയിരുന്നു. എങ്കിലും അന്നത്തെ തീക്ഷ്ണതയ്ക്ക് പ്രപഞ്ചഹൃദയത്തിൽ നിന്നും ഇതാ പ്രതിധ്വനി വന്നിരിക്കുന്നു. ഒരു വൃത്തികെട്ട രീതിയിൽ.
ഇനി പോകപ്പോകെ അവൾ അയൽക്കാരി മാത്രമാകും , അയാളോർത്തു . ‘ ഞങ്ങൾ കുറെ ദിവസം കാണില്ല .ഒന്നു നോക്കിക്കോണേ ‘ എന്നു കുറേക്കാലം കഴിഞ്ഞു മതിലിനു മുകളിലൂടെപറയുന്നവൾ !
സന്ധ്യയും ഭർത്താവും മുറ്റത്തു നിൽക്കുമ്പോൾ ഗിരീഷ് അടുത്തു ചെന്ന് മുഖത്തു നോക്കാതെ പറഞ്ഞു : “പാറയിറക്കുമ്പോൾ
മതിലിടിഞ്ഞത് നിങ്ങൾ പെട്ടെന്ന് കെട്ടിത്തരണം ”
രേഖ ചൊടിച്ചു :” എന്താണ് ഇത്ര ധൃതി ? ചെറിയ ഒരു മതിലല്ലേ, നമുക്കു വേണമെങ്കിലും കെട്ടിക്കൂടെ?”
മതിൽ പെട്ടെന്നു തന്നെ കെട്ടപ്പെട്ടു.സന്ധ്യ ഗിരീഷിന് ഒരു ചെല്ലപ്പേരുമിട്ടു ,’മൃഗം’.
നിലാവു പൊഴിയുന്ന രാത്രികളിൽ മൃഗം പുറത്തിറങ്ങി മതിലുപണി നടന്ന ഭാഗത്ത് മൃദുവായി ചേർന്നു നിൽക്കുന്നത് പതിവായി.