സൃഷ്ടികർത്താവിന്റെ അന്ധ-ബധിരയും പിംഗളകേശിനിയുമായ മാനസപുത്രിയായി മരണത്തെ കണ്ട് അവളിൽനിന്നു രോഗികൾക്ക് സാന്ത്വനം നൽകാൻ ശ്രമിക്കുന്ന ജീവൻ മാശയിയെ ഇൻഡ്യൻ നോവലിന്റെ പരിസരത്തെവിടെയോ നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ, കഥയിലല്ല, ജീവിതത്തിൽ അപരപരിചരണവും സഖ്യവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരാളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. സാന്ത്വനചികിത്സ മേഖലയിൽ രാജ്യത്തിനുതന്നെ വഴികാട്ടിയായി മാറിയ ഡോക്ടറാണ് എം.ആർ. രാജഗോപാൽ (ജനനം: സെപ്റ്റംബർ 23, 1947).
ഇന്ത്യയിലെ സാന്ത്വന പരിചരണ രംഗത്തെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് അദ്ദേഹം ‘ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്’ എന്നാണ് അറിയപ്പെടുന്നത്. 2018- ൽ ഇന്ത്യൻ സർക്കാർ രാജഗോപാലിനെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സർക്കാരിതര സംഘടനയായ പാലിയം ഇന്ത്യയുടെ സ്ഥാപക ചെയർമാനുമാണ് അദ്ദേഹം.
||
“മശായ്-യുടെ മനസ്സിൽ പിംഗളവർണ്ണയായ ആ കന്യകയുടെ കഥ ചുറ്റിത്തിരിയുകയായിരുന്നു. പിംഗളവർണ്ണയും പിംഗളകേശിനിയും പിംഗളചക്ഷുവും ആയ ആ കന്യക, കാഷായവസ്ത്രം, സർവ്വാംഗം പത്മബീജമാല, അന്ധയും ബധിരയും. സകലക്ഷണവും അവൾ ഒപ്പമുണ്ട് — ശരീരത്തോടൊപ്പം നിഴലെന്നപോലെ, ശ്രമത്തോടൊപ്പം വിശ്രമമെന്ന പോലെ, ശബ്ദത്തോടൊപ്പം സ്തബ്ധതയെന്നപോലെ, സംഗീതത്തോടൊപ്പം സമാപ്തിയെന്നപോലെ, ഗതിയോടൊപ്പം പതനമെന്നപോലെ, ചേതനയോടൊപ്പം നിദ്രയെന്നപോലെ. മൃത്യുവിന്റെ ദൂതന്മാർ അവളെ അടുത്തുകൊണ്ടുവരുന്നു. അന്ധയും ബധിരയുമായ ആ കന്യക, അമൃതസമമായ സ്പർശനം ദേഹത്തു മുഴുവൻ ഏല്പിക്കുന്നു. അനന്തവും അതലാന്തവുമായ ശാന്തിയിൽ ജീവിതത്തെ കുളുർപ്പിക്കുന്നു. മഞ്ജരിക്കും ആ കുളുർമ്മ ലഭിക്കട്ടെ…..പരമാനന്ദമാധവ! നിന്റെ മാധുര്യം കൊണ്ട് സൃഷ്ടിയിൽ മധുവും മൃത്യുവിൽ അമൃതും നിറഞ്ഞിരിക്കുന്നു”.(അദ്ധ്യായം 37)
ആരോഗ്യനികേതനത്തിൽ മരണമാണ് നിത്യസാന്നിധ്യമെങ്കിൽ (Walk with the weary: Lessons in humanity in health care) “ക്ഷീണിതർക്കൊപ്പം നടക്കുമ്പോൾ’ എന്ന എം.ആർ. രാജഗോപാലിന്റെ പുസ്തകം പ്രായോഗികവും പ്രധാനപ്പെട്ടതുമായ മറ്റൊരു ചോദ്യത്തിൽ നിൽക്കുന്നു.
ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കേണ്ട കരുണയെയും പരിചരണത്തെയും അത് ഓർമിപ്പിക്കുന്നു. പലപ്പോഴും സമീപനം എന്നതിന് എത്രമാത്രം മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നും.
ഈ വർഷം ഫെബ്രുവരിയിൽ കേരളത്തിൽ വെച്ചു ശശി തരൂർ ആണ് പുസ്തകം പ്രകാശിപ്പിച്ചത്. അന്ന് മറുപടി പ്രസംഗത്തിൽ കേരളത്തിലെ സാന്ത്വനചികിത്സാ മേഖലയിൽ സാന്ത്വനം എന്നത് പേരുമാത്രം ആയി മാറിയിട്ടുണ്ട് എന്നു ഡോ.രാജഗോപാൽ അഭിപ്രായപ്പെട്ടിരുന്നു.
ക്ഷീണിതർക്കൊപ്പം നടക്കുമ്പോൾ (Walk with the weary: Lessons in humanity in health care) എന്നത് സാന്ത്വന പരിചരണ മേഖലയിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച ഒരാളുടെ ബോധ്യങ്ങളാണ്. ജീവിതത്തെ പുറത്താക്കുന്ന രോഗങ്ങളുമായി പോരാടുന്നവരുടെ ഒപ്പമുള്ള യാത്രകളാണ്, മരണം സുനിശ്ചിതമായ സാഹചര്യത്തിലും എങ്ങനെ ജീവിതത്തെ നേരിടാം എന്ന പാഠങ്ങളാണ്.
പ്രസാധകർ: notion press
ഭാഷ: ഇംഗ്ലീഷ്
വില : 299 രൂപ
ലിങ്ക്: https://www.amazon.in/dp/B09RPCKS8K
Click this button or press Ctrl+G to toggle between Malayalam and English