നട നട

 

നട…നട
നടവരമ്പത്തൂടെ നട
തരിശു നിലത്തിന്റെ
തിണർത്ത ഞരമ്പിലൂടെ നട
പ്രഭാതസവാരിക്കിടെ കാറിടിച്ച്
മരിക്കാൻ ആഞ്ഞു വലിച്ച് നട

കറപ്പുടുത്ത് നട
ചോപ്പുടുത്ത് നട
കാവിയുടുത്ത് നട
പച്ച പുതച്ച് നട
നഗ്നതയുടെ കച്ച മുറുക്കി നട

നാവടക്കി നട
കാടിളക്കി നട
നല്ല നടപ്പിൽ നട
നട വെക്കാൻ നട
കിട പിടിക്കാൻ നട
കൊടി പിടിക്കാൻ നട
നട മടക്കാൻ നട
വീട്ടേണ്ട കടം വീട്ടാനാകാതെ
ഒടുക്കത്തെ വഴി തേടി നട
നട കൊൾക വരാത്തൊരു
നല്ല നാളെക്കായി നട

അവിഹിതപ്പിടയെ കണ്ട്
നാണം കെട്ട് നട
മുഴു ഗർഭിണിയെ
പഴന്തുണിമഞ്ചലിൽ ചുമന്ന്
കാനനപാതയിലൂടെ നട

രാസലഹരിയിൽ
ഒഴുകിയൊഴുകി നട
പൂവറിയാതെ തേനെടുക്കുന്ന
തേൻ തൊഴിലാളിയെ കണ്ട് നട
മണ്ണറിയാതെ കിളക്കുന്ന
തൊഴിലുറയെ കണ്ട് നട
ഭൂമിയുടെ അറ്റത്തേക്ക് നട
ഒരു പോറലുമേൽപ്പിക്കാതെ നട
സ്വർഗ്ഗപ്പടി കാണും വരെ നട
സ്വന്തം വേട്ടപ്പട്ടിയോടൊപ്പം നട
മറുകരയെത്തിച്ച വഞ്ചിയെ
പുഴയിലുപേക്ഷിക്കാതെ
മുതുകിലേറ്റി കൂനിക്കൂനി നട

നടയടയ്ക്കും മുമ്പെത്തണം നട
നട തള്ളാൻ നട
വിട കൊള്ളാൻ നട
നടത്തിച്ചയാൾക്ക്
ഒരൂന്ന് വടിയായി നട
കനിവിലലിഞ്ഞില്ലാതാകുവോളം
വിശ്രാന്തിയിലശ്രാന്തം നട

കുംഭത്തിലെക്കളിയാട്ടം കാണ്മാൻ
അന്തിക്കള്ളുമടിച്ചാടിപ്പാടി നട
അരിയും പൂവുമെറിഞ്ഞ് നട
കണ്ണനെ കാണാതുഴറും
തരിവളയിട്ട രാധയുടെ
വിരഹക്കണ്ണീർത്തൂമഴയേറ്റ് നട

കാലിനു വേഗം പോരെങ്കിൽ
കാലരിഞ്ഞെറിഞ്ഞ് നട
വിയർപ്പിലെ ഉപ്പ് കുറുക്കി നട
മുടിയഴിച്ചിട്ട ഭ്രാന്തിയെപ്പോലെ
കടൽക്കാറ്റിനെതിരെ നട
സ്ഥലജലവിഭ്രാന്തിയന്യെ
നടുക്കടലിലേക്ക് നട
പരമഹംസത്തെപ്പോലെ നട

നട വാഗ്വീശരിയുടെ
നടനപ്പന്തലിലേക്ക് നട
ചങ്ങമ്പുഴയ്ക്കൊരു വാഴക്കുല
നൽകാൻ നട
വൈലോപ്പിള്ളിക്കൊരു
മാമ്പഴം നൽകാൻ നട
മരിച്ചിട്ടും മരിക്കാത്ത
വ്യാസനൊപ്പം നട
മരിച്ചിട്ടും മരിക്കാത്ത
കാളിദാസനൊപ്പം നട

മൈനയെപ്പോലെ നട
നടത്തക്കാരനില്ലാതെ നട
നടരാജനെ കാണാൻ നട
ഗജരാജനെ മയക്കാൻ കാട്ടിലേക്ക് നട
മല ചവിട്ടാൻ നഗ്നപാദനായി നട

കരയാമയെ പോലെ മയങ്ങി നട
കാട്ടുമുയലിനെ പോലെ വെന്തുരുകി
തുള്ളിത്തുള്ളി നട
കുഴിമന്തിയും കഴിച്ച്
കുഴിയിലേക്കിറങ്ങാൻ നട

വിഷവിത്തുകൾ വാളിക്കൊണ്ട് നട
ചൂഷകനുവേണ്ടി
മുഷ്ടി ചുരുട്ടി മീശ പിരിച്ച്
ഇൻക്വിലാബ് വിളിച്ച് നട
വിനാശത്തിന്റെ പാതയിലേക്കുള്ള
ഒടുക്കത്തെ മൈൽക്കുറ്റിയായി
വേര് പൊട്ടിച്ച് നട

തീച്ചാമുണ്ടിയായി പൂമി കുലുക്കി
കാൽച്ചിലങ്ക കിലുക്കി നട
തീക്കുണ്ഡത്തിലേക്കുശിരോടെ
വിട കൊൾവാൻ നട

തെക്ക്ന്ന് വടക്കോട്ട് നട
ജംബുദ്വീപിന്റെ രാജാവാകാൻ
ഒരു പിച്ചക്കാരനായി നട
നവമാദ്ധ്യമങ്ങളിലൂടെ നട
അമേദ്ധ്യം ചവിട്ടിയശുദ്ധമാകാതെ നട
ദേവശിലയിൽ രാമൻ പുനരവതരിക്കുമ്പോൾ
അയോദ്ധ്യയിലേക്ക് നട !

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പ്
Next articleഗാഥ ( പി. വത്സലക്ക് )
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here