ഭാര്യയുടെ രണ്ടാമത്തെ പ്രസവമാണ്.എങ്കിലും പിരിമുറുക്കത്തിന് ഒരു കുറവുമില്ല.സ്നേഹധനനായ ഏതൊരു ഭർത്താവിനെയും പോലെ അയാളുടെ മനസ്സും സംഘർഷ നിർഭരമായിരുന്നു. ഒന്നാലോചിച്ചാൽ പ്രസവിക്കുന്ന ഭാര്യയെക്കാൾ വേദന അനുഭവിക്കുന്നത് പാവം ഭർത്താവല്ലേ?പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിയുന്നത് വരെ, പല വകുപ്പിൽ പലർക്കായി കൈക്കൂലി കൊടുത്തു തിർക്കും വരെ,ഒടുവിൽ ബീല്ലടച്ച് വീട്ടിൽ പോകുന്നതു വരെ..അങ്ങനെ നീളുന്ന ടെൻഷൻ.
ഓട്ടത്തിന്റെ ടെൻഷനിടെ ആദ്യ പ്രസവത്തിന്റെ ദിവസം രാത്രിയിൽ ഒന്നു കണ്ണടച്ചു പോയതിന്റെ പരിഭവം ഇപ്പോഴും ഭാര്യക്ക് തീർന്നിട്ടില്ല.ഭാര്യമാർക്ക് ഈ വിധ ടെൻഷനൊന്നുമില്ലല്ലോ,പ്രസവിച്ചാൽ മാത്രം മതി.ആശുപത്രിക്ക് മുന്നിൽ പുതുതായി വെച്ചിരിക്കുന്ന ബോർഡ് കണ്ടപ്പോൾ തന്നെ അയാൾക്ക് പകുതി ആശ്വാസമായി.’’കൈക്കൂലി ചോദിക്കുന്നതും കൊടുക്കുന്നതും കുറ്റകരം..’’ അഴിമതി രഹിതവും സമത്വ സുന്ദരവുമായ ലോകത്തേക്കാണല്ലോ നമ്മുടെ പോക്കെന്നോർത്ത് അയാൾക്ക് സന്തോഷം തോന്നി.
അടുത്ത കട്ടിലിന് ചുറ്റും കൂടി നിൽക്കുന്നവരുടെ സംസാരം, അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്. അവിടെയുണ്ടായിരുന്ന സ്ത്രീ പ്രസവിച്ചു.സിസേറിയനായിരുന്നു.പറഞ്ഞിട്ട് കാര്യമില്ല, ഇപ്പോൾ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും സിസേറിയനാണല്ലോ നാട്ടു നടപ്പ്.അവരെ ഓപ്പറേഷൻ കഴിഞ്ഞ് കൊണ്ടു വരുമ്പോൾ കൊടുക്കേണ്ട പടിയുടെ കാര്യമാണ് ചർച്ചാ വിഷയം.’’കൈക്കൂലി കൊടുക്കരുത്’’ എന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടല്ലോ എന്ന് അയാളുടെ ശുദ്ധമനസ്സ് ചോദിക്കാൻ തുടങ്ങുമ്പോഴേക്ക് ആ സ്ത്രീയേയും കൊണ്ട് ആളെത്തി.കട്ടിലിൽ കിടത്തിക്കഴിഞ്ഞും അവർ പോകാതെ ചുറ്റിപ്പറ്റി നിൽക്കുന്നയതു കണ്ടപ്പോൾ ഒരാൾ ചോദിച്ചു..’’എന്താ വേണ്ടത?’’
‘’ അത് ഞങ്ങൾ പറയില്ല.ചോദിക്കാൻ പാടില്ലെന്നാ നിയമം. ഉള്ളത് തന്നാൽ മതി..’’ പുരുഷ ജീവനക്കാരൻ പറഞ്ഞു.വനിതാ ജീവനക്കാരി ചിരിച്ചു. ഈശ്വരാ,നിയമങ്ങളുടെ വൈവിദ്ധ്യമായ വഴികൾ ആരറിയുന്നു?. പോക്കറ്റിൽ തപ്പി പേഴ്സ് അവിടെത്തന്നെ ഉണ്ടെന്ന് അയാൾ ഉറപ്പു വരുത്തി..എന്നിട്ട് കുഞ്ഞിന്റ കരച്ചിലിന് വേണ്ടി കാതോർത്തിരുന്നു..