അയാളെ കാത്ത്
ഒരു മണ്ണണ്ണ വിളക്കു പോലും
ഉണർന്നിരുന്നില്ല.
പരിഭവത്തിൻ നീർത്തോടിൽ
മൗനത്തിൻ കെട്ടുവള്ളങ്ങൾ
കരുതിയില്ല ഒരുപിടി കറ്റയും.
പരിഹാസങ്ങളുതിർത്തതാമശ്രുകണ-
ങ്ങളിൽ പുകഞ്ഞു നീറിപ്പടർന്നോരൊറ്റ
പ്പെടലിന്നുമിക്കനൽ തൻ നീറ്റലൊന്നാറ്റു
വാനൂതിയില്ലൊരു ചെറുകാറ്റു പോലും
വിണ്ടൊരിണ്ടൽപ്പാടമാം മനസ്സിൽ
വരണ്ടൊരാ മരച്ചില്ലയിൽ ഒറ്റച്ചിറകടി
തേങ്ങലായ് വേഴാമ്പൽ വിരഹമായ്.
പൊട്ടിവീണില്ലൊരു മഴത്തുള്ളിയും
തട്ടിവിളിച്ചില്ല വെയിൽപ്പാണികൾ
പുഞ്ചിരിച്ചില്ലൊരു പുലരിപ്പെണ്ണും
സഹതപിച്ചില്ലൊരു മഴസന്ധ്യയും
പൊഴിച്ചില്ലിറ്റു നിലാവൊരു രാവും
ജ്വരമെഴും വേനൽ തിളയ്ക്കവെ
തണലേകിയില്ലൊരു വാക്കിൻ കുടയും.
വെയിൽ കുടിച്ചു പൊള്ളിയ പകലിൽ
മടുപ്പിൻ ലഹരി മോന്തി തളർന്നന്തിയിൽ
കാലുറയ്ക്കാ ചിന്തകൾ ഉന്മാദക്കാറ്റി-
ലുലഞ്ഞു തളർന്നു വെറുപ്പു തികട്ടവെ
ഭൂതകാല കരൾഭരണിയിൽ തൊട്ടു
നുണയാനില്ലൊരു തേൻസ്മൃതിയും
കെട്ടിപ്പിടിച്ചൊട്ടിക്കിടന്നതാം പേക്കിനാവുകൾ
കാട്ടിക്കൊടുത്തതാം കാത്തു നിന്നൊരാ
ഒരു മുഴം കയറിന്റെ പിരിമുറുക്കങ്ങളും
ചാഞ്ഞ ഒതളങ്ങയുടെ ഒളിച്ചുനോട്ടവും
വിഷാദത്തിരകളുടെ ചുംബനവെമ്പലും
ഒടുവിൽ അവയിലൊന്നിനൊപ്പം
ഇപ്പോൾ വിട്ടുകിട്ടാനായ് കാത്തിരിക്കുന്നു