വ്യര്‍ത്ഥം

kavitha-0( എം സുകുമാരന്)

” മുതലാളിത്തദര്‍പ്പത്തിന്റെ
നെറുകയില്‍ വെട്ടുവാന്‍
കവിത കൊണ്ട് പണിപ്പെട്ട്
നാമൊരു കൊടുവാള്‍ തീര്‍ക്കുന്നു.
മുതലാളിത്തകൊച്ചുരാമന്‍മാര്‍
കൊടുവാള്‍ പുഷ്പം പോല്‍
പിടിച്ചു വാങ്ങി കോമരം തുള്ളുന്നു
‘ഫോക് ആര്‍ട്ട്’ രസിച്ച്
മുതലാളിത്തദര്‍പ്പം സരസ നിദ്രയില്‍!
‘ ഹാ , നമ്മുടെ കവിത –
നാം കണ്‍തുറിക്കുന്നു.
മുതലാളിത്തച്ചങ്കു വാട്ടുവാന്‍;
ഹൃദ്സ്പന്ദമെന്നെന്നേയ്ക്കുമായി
നിലപ്പിക്കുവാന്‍ നാം
കവിതകൊണ്ട് വീര്യമുള്ള
വിഷവീഞ്ഞ് തീര്‍ക്കുന്നു.
മുതലാളിത്തകുഞ്ഞുകുഞ്ഞ് മുതലകള്‍
കവിതാനഞ്ചുവീഞ്ഞ് ചാടിപ്പിടിച്ച്
ഒറ്റമോന്തിന് പാത്രം കൂടി അകത്താക്കുന്നു.
‘ നല്ലൊന്നാന്തരം നാടന്‍ കള്ളെന്ന്’ ഹസിച്ച്
മുതലാളിത്തദര്‍പ്പം
അല്പ്പനിദ്രയില്‍ വഴുതി വീഴുന്നു.
ആഹ്ലാദം ആഘോഷിച്ചു തീര്‍ക്കുവാന്‍
നാം ‘കേപ്പ്’ പൊട്ടിക്കെ;
അതിന്റെ ഒച്ചയില്‍
വര്‍ദ്ധിത വീര്യം ഉണര്‍ന്ന്
‘ എന്തുവാടേ വളി വിടുന്നേ’
എന്നും ചോദിച്ച്
അലറിയലറി കോട്ടുവായെണീക്കുന്നു.
നാം നമ്മുടേ കവിതാ മേധയുമേന്തി
പ്രാണരക്ഷാര്‍ത്ഥം
വെളിച്ചമറ്റ നിഴല്‍ക്കാടുകളില്‍
പലായനം ചെയ്യുന്നു.
പിന്നെ,
കൂടുതല്‍ കരുത്താര്‍ജ്ജിച്ച്
നാടും , നഗരവും എരിയിക്കുവാന്‍
പോരും
കലിപ്പുറ്റ കവിതാകണ്ണകിക്ക്
പിറവി നല്‍കുന്നു.
രോഷം കത്തുന്ന നാക്കുമായി
മുതലാളിത്തദര്‍പ്പം
പാര്‍ക്കും മേടകളിലേക്ക്
നാം മാര്‍ച്ച് ചെയ്യുന്നു.
മുതലാളിത്ത കുഞ്ഞുകുഞ്ഞ് കഴുതകള്‍
നിഷ്പ്രയാസം നമ്മെ കുഴികളില്‍
വീഴ്ത്തുന്നു.
നാടും, നഗരവും എരിയിക്കുവാന്‍
കലിപ്പുള്ള കവിതാ കണ്ണകിയെ
നിസാരം സംഘാഭിസരണപൂജ ചെയ്യുന്നു
പിന്നെ;
നാക്കും, മുലകളും അറുത്തെടുത്ത്
ഇളം വെയിലിന്റെ കര്‍ണ്ണാടിക് രാഗങ്ങളും
നിലാവിന്‍ ഗസലും ആസ്വദിക്കുന്നേരം
മുതലാളിത്തദര്‍പ്പത്തിനീമ്പി
രസിക്കുവാന്‍ രുചിപ്പലഹാരമായ്
പാകം ചെയ്യുന്നു.
അനന്തരം,
എന്തും പൊറുക്കുവാന്‍ കെല്പ്പുള്ള
അമ്മയായി
കവിതയെ നമുക്ക് തിരികെ നല്‍കുന്നു.
പാതി മുക്കാലും ജീവനറ്റ കവിത പോലെ
ജീവിക്കാനും അതിജീവിക്കാനുമാകാതെ
നമ്മുടെ ജീവിതം വെറുതെയാകുന്നു.
ജനാധിപത്യചവറ്റുകൊട്ട ചുമക്കുവാന്‍
നമ്മള്‍ പിന്നെയും ബാക്കിയാകുന്നു!
അനന്തരം കെട്ടനിദ്രക്ക്
നമുക്കുള്ള മൃതിപ്പാട്ട് : നമ്മുടെ കവിത!
മുതലാളിത്തദര്‍പ്പമോ;
നമ്മുടെ നേര്‍ക്കിടക്കിടെ
ഭൂതകാരുണ്യത്തിന്റെ
റീത്തായ ബഹുമതിച്ചക്രം
നീട്ടിയെറിയുന്നു.
രാവിനും പകലിനുമിടയിലെ
സന്ധ്യപോലെ നമ്മുടെ വീര്യം
ഇത്തിരി കത്തി, ഒത്തിരി പൊലിഞ്ഞ്
കാലക്കുരിശില്‍ നാമവശേഷിക്കുന്നു:
നമ്മളാകുന്ന വിശുദ്ധ കോമാളികള്‍ ;
നമ്മളാകുന്ന വിശുദ്ധ കോമാളികള്‍ !”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here