കുമ്പസാരക്കൂടും സൈബര്‍സ്‌പേസും കാമവും മോക്ഷവുമെല്ലാം കൂടിക്കലര്‍ന്നു തെളിയുന്ന കഥകളുടെ ഈ കാലിഡോസ്‌കോപ്പ്,സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലുള്ള ആപേക്ഷികദൂരം അളന്നുതീര്‍ക്കലാണ്
ജീവിതമെന്ന് ഓര്‍മപ്പെടുത്തുന്നു. സുദര്‍ശനം, മുകളില്‍ ആരോ ഉണ്ട്, ഉത്തോലകം, ഭാഷാവരം തുടങ്ങി ഏറ്റവും പുതിയ പതിനൊന്നു
കഥകളുടെ സമാഹാരം.
അതിഭാവുകത്വത്തിലേക്ക് വീണുപോകാവുന്ന അനുഭവങ്ങളെ ധൈഷണികത കൊണ്ട് നിയന്ത്രിച്ചൊതുക്കുക. കഥയുടെ ‘കഥാ’ത്മകത നിലനിര്‍ത്തുന്നതിലൂടെ യാഥാതഥ്യത്തില്‍നിന്ന് യാഥാതഥ്യേതരമായ തലങ്ങളിലേക്ക് അനായാസം കടന്നുപോവുക. കഥകള്‍ക്കെപ്പോഴും തുറന്ന അവസാനങ്ങള്‍ നല്‍കുന്നതിലൂടെ അവയുടെ ബഹുഅര്‍ത്ഥ സാധ്യത ഉറപ്പാക്കുക. എല്ലാ കഥകളിലും സംവൃതമായ നര്‍മ്മം ഗുപ്തമായി നിലനിര്‍ത്തുന്നതിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു സൂക്ഷ്മതലം ഒരുക്കുക. ഇതൊക്കെ ജെയിംസിന്റെ തനതായ ആവിഷ്‌കാര സിദ്ധികളാണ്. കഥാഖ്യാനത്തില്‍ പ്രലീനമായിരിക്കുന്ന ശാസ്ത്രാവബോധവും സ്വാഭാവികമായി കലരുന്ന ക്രൈസ്തവാന്തരീക്ഷവും ഈ തനിമയെ സംപുഷ്ടമാക്കുന്നു.
-ഡോ. ഡി. ബഞ്ചമിന്‍(മലയാളം വാരിക)
വെറുതേ ഹാസ്യാത്മകമായി ഒരു വിഷയം അവതരിപ്പിക്കുകയല്ല ജെയിംസ് ഇവിടെ ചെയ്യുന്നത്. ഭക്തിയും അതിന്റെ പ്രസ്ഥാനങ്ങളും ദല്ലാളന്മാരും ഒക്കെക്കൂടി സൃഷ്ടിക്കുന്ന വളരെ വിചിത്രവും അത്യന്തം വൈരുദ്ധ്യാത്മകവുമായൊരു ലോകത്തെ നേര്‍ക്കുനേര്‍ നിര്‍ത്തി തരികയാണ്. നേര്‍ച്ചയും കാഴ്ചയും പ്രാര്‍ഥനയുമൊക്കെ അതാതിന്റെ പരമ്പരാഗതമായ അര്‍ഥതലത്തില്‍നിന്ന് എന്തുമാത്രം വ്യതിചലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുമാണ് ഈ കഥ. ഈ ഭാഷയുടെ താളബോധവും പ്രത്യേകമാണ്. വേദപുസ്തകത്തിലെ പഴയനിയമത്തിലെ ഭാഷയുടെ താളം ബോധപൂര്‍വംതന്നെ ജെയിംസ് സ്വീകരിച്ച് കഥ നമ്മിലേക്കങ്ങനെ കടന്നുവരുന്നു.-ഡോ. മിനിപ്രസാദ്(വര്‍ത്തമാനം വാരാന്തപ്പതിപ്പ്)
Click this button or press Ctrl+G to toggle between Malayalam and English