ഊർജ്ജസൗഹൃദമേ
നീണാൽ വാഴുക നീ
സൗഹൃദമേ ഞാൻ കത്തിച്ച് വൃഥാ
നശിപ്പിച്ച വൈദ്യുതിയുടെ കണക്കെപ്പറ്റി
വൃഥാ വൃഥാ വിഷമിക്കായ്ക നീ
നിൻറെ ബില്ലടയ്ക്കാൻ എൻറെ മുഷിയും
കീശയിൽ കാശെത്രയുണ്ടെന്നറിയില്ല
ഒരു കവിതയെഴുതാൻ വൃഥാ ഞാൻ ശ്രമിച്ചു
അതിന്നൊരിക്കലും കണക്ക് പറയൊല്ലെ
അക്ഷരപ്രബുദ്ധ സർക്കാരിൻ മഹാസൗഹൃദമേ!
വീണ്ടും വീണ്ടും ഞാനെഴുതാം
എൻറെ മണ്ടക്കുള്ളിൽ കത്തും
ബൾബിൻ ഫ്യൂസഴിയ്ക്കാതെ ചങ്ങാത്തമേ!
അക്ഷരങ്ങളാം വിളക്കില്ലാത്ത പ്രപഞ്ചത്തിനെന്തർത്ഥം
പറയൂ കേരളസംസ്ഥാനോർജ്ജസൗഹൃദമേ!
താരങ്ങൾ കത്തിനിൽക്കട്ടെ വാനിൽ
വേണെങ്കിൽ ധൂമകേതുക്കൾ ജ്വലിക്കട്ടെ
മണ്ടയിലവിരാമം അക്ഷരപ്രഭയാളട്ടെ
മത്തനാം ഞാനെഴുതട്ടെ
എഴുതിക്കൊണ്ടേയിരിക്കട്ടെ
കെടായ്കൊരിക്കലും തലയ്ക്കുമീതെ കത്തുന്ന ബൾബെ
സൗഹൃദം മറക്കൊല്ലെ
ഞാനെന്തെങ്കിലും കുറിച്ചോട്ടെ
ഭൃഗുരാമപരശുവിൻ ഒരിക്കലും കെടാതെ
കത്തിനിൽക്കും വിളക്കേന്തും പ്രഭാപൂരമേ!
(കെ.എസ്.ഇ.ബി.യുടെ ഇ-ബില്ലുകളുടെ പേരാണ് ഊർജ്ജസൗഹൃദം.)