വരാം ഞാന്‍ വീണ്ടും വീണ്ടും

3285585e5d0dbce9090dc4d359a5e5d5

നിന്‍റെ കുഞ്ഞുങ്ങളെന്‍റെ പൂഞ്ഞയില്‍ രസം കണ്ടു
വെള്ളപ്പൊട്ടുകുത്തിയ നെറ്റിമേല്‍ മുത്തം വച്ചു
കണ്ണെഴുതിയൊരെന്നെ ‘കണ്ണപ്പാ’ എന്ന് പാടി
വിളിച്ചെന്‍ കഴുത്തില്‍ കൈ ചുറ്റിച്ചിരിച്ചാര്‍ത്തു

മേഘപാളികളതുകണ്ട് സൂരകാന്തി വിസ്മയം പൂണ്ടു
മുല്ലപ്പൂമണം പേറി പൂങ്കാറ്റും കിതച്ചെത്തി
തുമ്പികള്‍ പറന്നാടി, ചുറ്റിലും പച്ചപ്പുകള്‍
തുമ്പപ്പൂ സ്മിതം തൂകി ചിരിച്ചു സാക്ഷ്യം നിന്നു

അറിഞ്ഞീല ഞാനപ്പോള്‍ അകലെ പുകയൂതി
നിന്ന നിന്നുള്ളില്‍ ജ്വലിച്ചിരമ്പും ലാവാഗ്നികള്‍
നിനച്ചീല ഞാന്‍ അടുത്തൊരുനാള്‍
നീയെന്നെ ഒരു കയറില്‍ കെട്ടി വലിച്ചിഴക്കുമെന്ന്
ചന്തമുക്കിലെ ആര്‍ക്കും ആള്‍കൂട്ടത്തിലെന്‍ കഴുത്തറത്ത്
ആകാശംമുട്ടെ കയ്യുയര്‍ത്തിയട്ടഹസിക്കുമെന്ന്
ചോരചിന്തുമെന്‍ ശിരമേന്തി ഊര്‍വലം വരുമെന്ന്

കാലമൊരു കസേരമേല്‍ ദൂരെ-
യെവിടെയോ ആരോപിച്ച
ഒരു നേതാവിനെ നീ വൃഥാ വെറുത്തു
ആ വെറുപ്പ് അന്ധനാം നിന്‍ കയ്യില്‍
മിന്നുമൊരറവുകത്തിയായ്
എന്‍റെ രക്തം കൊതിക്കും ദാഹാര്‍ത്തിയായ്
വരുമെന്നു ഞാനറിഞ്ഞീല

ക്ഷമിക്കാം ഞാന്‍ നിന്‍ കൃത്യം
എന്നെ പടച്ചോന്‍ നിര്‍മ്മിച്ചത്
ക്ഷമിക്കാന്‍ വേണ്ടി മാത്രം
കൊമ്പുകള്‍ തന്നത് കുത്തിമറിക്കാനല്ല
മറിച്ച് നിനക്ക് പിടിച്ച് രസിച്ചു
കളിക്കാന്‍ വേണ്ടി മാത്രം

കൂരിരുളില്‍ അലറിയിരമ്പും
ലോകമാം മഹാസാഗരത്തില്‍
വിറച്ചു തീരം തേടും ഭാരതിയൊരു നൗക
അവള്‍ക്കഹിംസാവെളിച്ചം തുകും ദീപസ്തംഭം പണിഞ്ഞ
മഹാമഹത്വം വളര്‍ത്തിയ പ്രസ്ഥാനപതാകയാല്‍
എന്‍റെ പിണത്തെ പുതപ്പിച്ച രണനായകാ നന്ദി

താരാവ്യൂഹങ്ങള്‍ പൂത്തിറങ്ങിപ്പരക്കും
പ്രപ‍ഞ്ചപ്പാരിജാതത്തിന്‍ തോപ്പില്‍
ചിരിച്ചുവിലസും സ്രഷ്ടാവിന്‍റെ
മടിയില്‍ കിടന്നു ഞാനപേക്ഷിക്കാം
“അറിയുന്നീലീശ്വരാ ഇവരൊന്നും
ക്ഷമിക്കേണമേ ഇവര്‍ ചെയ്തു കൂട്ടുന്ന കൊടും പാപം”

വരാം ഞാന്‍ വീണ്ടും വീണ്ടും
നിനക്കാവോളം ഗളച്ഛേദം ചെയ്യുവാന്‍
അതുവഴി അറിയാന്‍
എപ്പോഴെങ്കിലും അഹിംസാസന്ദേശത്തെ
ഉറപ്പുണ്ടെനിക്ക് എന്നെങ്കിലും
നിന്‍ മനസ്സില്‍ കൂരിരുട്ടില്‍
ഒളിച്ചുറങ്ങും സ്നേഹത്തിന്‍
രാപ്പാടി പാടിത്തുടങ്ങും അവിരാമം

അതിനായല്ലെ പഠിപ്പില്ലാതുള്ള പടച്ചോന്‍
ക്ഷമാമൃഗമാം പശുവെ പടച്ചത്
കൊല്ലുവാന്‍ ആവോളം നിങ്ങള്‍ക്ക് തിന്നുവാന്‍
സുഹ‍ദ് വൃന്ദങ്ങളൊത്ത് തിമര്‍ക്കാന്‍
മാംസതുണ്ടങ്ങള്‍ പ്ലേറ്റിലിട്ടു വിരല്‍ നക്കും
കാമിനിമാരൊത്തു സെല്‍ഫികളെടുത്തീടാന്‍?

വരാം ഞാന്‍ വീണ്ടും വീണ്ടും
നിനക്കാവോളം കഴുത്തറുക്കാന്‍
അതുവഴി തിരിച്ചറിയാന്‍
എപ്പോഴെങ്കിലും അഹിംസാമഹത്വത്തെ
വാക്ക് ഞാനിതാ തരുന്നു സുഹൃത്തെ
എന്‍റെ പ്രാണങ്ങള്‍ വിരമിക്കെ
വരാം ഞാന്‍ വീണ്ടും വീണ്ടും
പടച്ചോന്‍ തന്ന ദൗത്യം എങ്ങിനെ നിഷേധിക്കാന്‍?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

  1. നല്ല കവിത ഇപ്പോഴത്തെ സന്ദർഭത്തിന്നു യോജിച്ചത് പക്ഷെ എനിക്ക് പേർസണൽ ആയി തോന്നുന്നത് ഈ കവിത ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ഇതിലും ബെറ്റർ ഇമ്പാക്ട് നൽകിയേനെ. ഭാവുകങ്ങൾ …

    • താങ്ക്സ് വിജയൻ. ഇംഗ്ലീഷ് പതിപ്പ് വരുന്നുണ്ട്.

  2. The pain of the contemporary events is very sensitively portrayed, Nair Ji. Here we the true mind of a ‘sanatana dhaRmi’ who simply refuses to take up the cudgels, yet stands way taller than the events and the perpetrators of the heinous crimes against ‘kaNNappa’.

    Truly the pen in the hands of a poet wields more power than a million mutinies. (It’s only now, after reading the poem, the gravity of that crime hit me)

    Regards

    Balagopal

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English