നാണം മറച്ചില്ലവൾ തന്റെ
മുറ്റത്ത് ഓടിക്കളിക്കും തിരക്കിൽ.
അക്ഷരം തെറ്റിച്ച വാർത്തമാനങ്ങളും,
അർത്ഥമില്ലാത്ത നുണക്കുഴിച്ചിരികളും,
ഏറനേരത്തെ നിൽപ്പിൽ ബലംതെറ്റി,
കുന്തിച്ചുവീണതിൻ ചിണുങ്ങലും.
ഗന്ധമൂറുന്ന ചെമ്പകം പോലവൾ
സുന്ദരിയായി കുസൃതിപരത്തിയോ.
കുഞ്ഞിനെ പുൽകുവാൻ വെമ്പിനിൽക്കുന്നൊരാ
കാറ്റും, മരങ്ങളും, മണ്ണിൻ മിഴികളും.
കൂടുവാൻവന്നവർ, കൂട്ടുകാർ, കിളികളും കാര്യംമറന്ന് കാണികളായത്തും…
ഘടികാര സൂചിയനങ്ങിയങ്ങനെ ചലനചിത്രത്താളുകൾ മെല്ലെപ്പതുങ്ങി,
ഏറെനേരം കഴിഞ്ഞും മതിവരാ
പൈതലിൻ ചിരിയോ വീണ്ടും മുഴങ്ങി.
കുടിച്ച മദ്യമോ, കരളിന്റെമാന്ദ്യമോ, ഇരുട്ടുബാധിച്ച, കാമം ചവർക്കുന്ന കഴുകൻ മിഴികളോ
റാഞ്ചിപ്പറക്കുമ്പോൾ തടയുവാനാകാതെ
കാറ്റും, മരങ്ങളും, മണ്ണിൻ വെളിച്ചവും
മരപ്പാവ, മിഠായി, കളിക്കോപ്പ് നീട്ടുന്നു,
“ഹായ് നല്ലമാമൻ” എന്നവൾ കൈകൊട്ടി
വാഴ്ത്തുന്നു.
പോയി വഴികളും, വീടും, മധുരവും,
കാറ്റ് വീണ്ടുമാ ചിരിതേടിയലയുമ്പോൾ
കണ്ടതോ,
ചുവപ്പും, നീലയും വാശിയിൽ തെളിയുന്ന, മിന്നലായ് പായുന്ന
ആംബുലൻസ് വണ്ടിയിൽ
നുണക്കുഴിവറ്റിയ
പകകണ്ടുപേടിച്ചതേ
പൂവിൻശരീരം.