വിയർപ്പ്

 

 

 

 

 

 

കുമിളകൾ ഒരുമിച്ച് കൂടി ഒലിക്കുന്ന
ലവണച്ചുവയുള്ള ദേഹ നീര്.
രോമകൂപങ്ങൾക്ക് പിന്നിലായെവിടെയോ,
പറ്റിപ്പിടിച്ച വിയർപ്പ് നീര്.

മണ്ണിൽ കിളക്കുവാൻ മൺവെട്ടിയേറ്റി
-ത്തഴമ്പിച്ച കൈകൾ തുടച്ച് നീക്കും,
അദ്ധ്വാന ഫലമായി നെറ്റിയിൽ പൊടിയുന്ന,
കർഷകന്റഭിമാനമീ വിയർപ്പ്.

ശീതീകരിച്ച മുറിയിൽ കഴിയുന്നവ
-ന്നൊരു നേരം കറന്റ് പോയാൽ,
നിൽക്കാൻ കഴിയാത്ത ചൂടിനാൽ ദേഹത്ത്,
പൊടിയുന്ന ശിക്ഷയാണീ വിയർപ്പ്.

കുളിരുള്ള മുറിയിലാണെങ്കിലും ചിലനേരം,
പേടിച്ച് പൊടിയുന്നതീ വിയർപ്പ്.
ധൈര്യമെല്ലാം ചോർന്നൊലിച്ചാവിയായ്
പിന്നെ,
ബാക്കിയാകുന്നതുമീ വിയർപ്പ്.

അരികത്തിരുന്നോന്റെ ദേഹനാറ്റം ഏറെ,
വെറിയായി തോന്നിയ നേരമപ്പോൾ,
വില്ലനായ് വന്നതും നിന്റെ നാറ്റം നിന
-ക്കറിയാതെ പോയതാണീ വിയർപ്പ്.

വെയിലത്ത് വാടാതെ നിൽക്കുന്ന
പച്ചപ്പ്,
നട്ടു പിടിപ്പിച്ച കർഷകന്റെ,
മണ്ണിൻ വിലാസം പരത്തുന്ന സുഖമുള്ള
വാസനയാണതല്ലോ വിയർപ്പ്.

വെയിലിന്റെ താളം മുറുകുന്ന നേരത്ത്
മേനിയിൽ പൊട്ടുന്നു തുള്ളിയായി,
തണലായി തൻ കുടുംബത്തിന്ന് താങ്ങായി,
കഷ്ടപ്പെടുന്നവന്റെ വിയർപ്പ്.

പണമെന്ന പണ്ടം കൊടുത്താൽ ലഭിക്കാത്ത,
വിലയേറെയുള്ളൊരു തുള്ളിയാണ്.
അദ്ധ്വാന ഫലമാൽ അതൂറുന്ന നെറ്റിത്തടം,
കാണുവാനെന്ത് ഭംഗിയാണ്.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here