തിരകൾ ആർത്തലച്ചുയരുന്നു.പതിയെ ബോട്ടിന്റെ കൈവരിയോട് കൈകൾ ചേർത്തു പിടിച്ചു.മനസ്സിലെ ധൈര്യമെല്ലാം ചോർന്നു പോയതു പോലെ.അകലെ വിവേകാനന്ദപ്പാറയുടെ ദൃശ്യം കൂടുതൽ തെളിഞ്ഞ് കാണാം.സഹയാത്രികരെല്ലാം ആഹ്ളാദം പങ്കുവെക്കുന്നു..അമ്മമാരെ ചേർത്തു പിടിച്ച് ചിരിക്കുന്ന കുട്ടികളുടെ കണ്ണുകളിൽ തിരമാലയുടെ ഭീതി മെല്ലെ അകന്നു സംഗമത്തിന്റെ പുണ്യവുമായി തലയുയർത്തി നിൽക്കുന്ന പാറയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ആദ്യമായി കാലെടുത്തു വെക്കുന്നപോലെയായിരുന്നു..ഇത് എത്രാമത്തെ തവണയാണ് ഇവിടെ എത്തുന്നതെന്ന് അയാൾക്ക് ഓർമ്മയുൺതായിരുന്നില്ല..
മനസ്സിൽ സംഘർഷം നിറയുമ്പോഴെല്ലാം എവിടേക്കെങ്കിലും ഒരു യാത്ര പതിവുള്ളതാണ്.ഒറ്റപ്പെട്ടു പോയ ജീവിതം.യാത്രകളും പലപ്പോഴും അങ്ങനെ തന്നെയായിരുന്നു.ചിരിച്ചും കളിച്ചും സന്തോഷം പങ്കു വെച്ച് എല്ലാവരെയും പോലെ ഒരു യാത്ര..എന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടോ..ഇവിടെ മാത്രമല്ല എവിടെയും ഒറ്റപ്പെടാനായിരുന്നു വിധി.
കഴിഞ്ഞ തവണ വന്നപ്പോൾ പരിചയപ്പെട്ട സ്വാമിയെത്തേടി കണ്ണുകൾ അലഞ്ഞു.അന്ന് സ്വാമിയുടെ വാക്കുകൾ പകർന്ന തണുപ്പ് ഇപ്പോഴും ഒരു തെന്നലായുണ്ട്.അടുത്ത ലക്ഷ്യം തേടി സ്വാമി പോയിരിക്കണം.തനിക്ക് മാത്രമാണല്ലോ ലക്ഷ്യമില്ലാത്തത്. സന്ധ്യ മയങ്ങാൻ തുടങ്ങുന്നു.രാത്രിയിൽ ഇങ്ങോട്ട് യാത്ര അനുവദിക്കില്ല.വന്നവർ മടങ്ങാനുള്ള തിരക്കിലാണ്.തിരികെ വരാൻ ബോട്ടിൽ കയറുമ്പോഴാണ് അവൾ മുന്നിൽ വന്നു പെട്ടത്.വെളുത്ത വസ്ത്രങ്ങളിൽ അവളുടെ വെളുപ്പിന് ഏഴഴക്..സീറ്റിൽ അടുത്തിരിക്കുമ്പോൾ അവൾ ചിരിച്ചു.തിരികെ ചിരിച്ചു..അല്ലെങ്കിലും ആരോടും അധികം മിണ്ടുന്ന സ്വഭാവക്കാരനല്ല.അതു കൊണ്ടു തന്നെ അധികം സുഹൃത്തുക്കളും ഇല്ലാതെ പോയത്..
‘’എവിടെയാ സ്ഥലം?’’ അപ്രതീക്ഷിതമായിരുന്നു ചോദ്യം.സ്ഥലം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ചിരിച്ചു.’’ഞാനും അതിനടുത്ത് തന്നെയാണ്. മൗനം വീണ്ടും അവർക്കിടയിൽ നിറഞ്ഞു.അയാളുടെ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞതു കൊണ്ടാകാം അവൾ പറഞ്ഞു.’’ഇവിടെ ആശ്രമത്തിൽ തന്നെയാണ് താമസം.നാടും വീടും വിട്ടു പോരേണ്ട സാഹചര്യമുണ്ടായി’’
’’ഞാനും ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടവനായിരുന്നു..’’ തിരമാലകളുടെ മുഴങ്ങുന്ന ശബ്ദത്തിനിടയിൽ അയാളുടെ നേർത്ത ശബ്ദം അലിഞ്ഞു.വ്യക്തമായി കേൾക്കാനാവാം അവൾ അൽപ്പം കൂടെ അടുത്തിരുന്നതു പോലെ. തിരകളിൽ ബോട്ടുലഞ്ഞത് കൊണ്ട് തോന്നിയതാവാം.വെളുത്ത വസ്ത്രങ്ങളിൽ അവളുടെ സൗന്ദര്യം വർദ്ധിച്ചതു പോലെ..ബോട്ടിറങ്ങി നടക്കുമ്പോൾ അവളും കൂടെയുണ്ടായിരുന്നു.ഇനി ത്രിവേണി സംഗമത്തിൽ പോയി അൽപം ഇരിക്കണം.
‘’ആശ്രമം അടുത്തു തന്നെയാണ്,അവരും എന്നോടൊപ്പം വന്നതാണ്..’’ അവൾ പറഞ്ഞപ്പോഴാണ് അയാൾ അൽപം മാറി നിൽക്കുന്ന രണ്ടു ശുഭ്രവസ്ത്രധാരികളെ ശ്രദ്ധിച്ചത്. ‘’ഇനി വരുമ്പോൾ കാണാം..’’ പറഞ്ഞിട്ട് നടക്കുമ്പോൾ അവൾ അടുത്തു വന്നു.’’ജീവിതം മടുത്തപ്പോഴാണ് ആശ്രമത്തിൽ ചേർന്നത്.ഇപ്പോൾ ഇതും മടുത്തു..എങ്ങനെയെങ്കിലും എന്നെ രക്ഷിക്കാൻ കഴിയുമെങ്കിൽ സഹായിക്കണം.എന്റെ നമ്പർ ഇതിലുണ്ട്…’’ അസ്തമയ സൂര്യന്റെ മങ്ങിയ വെളിച്ചത്തിനിടയിലും അവളുടെ കണ്ണുകളിലെ പ്രതീക്ഷകൾ അയാൾ കണ്ടു.
‘’ക്ഷമിക്കണം.നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരേകാകിയല്ല ഞാൻ..’’ അയാളുടെ വാക്കുകൾക്ക് അവൾ ചെവിയോർത്തു.’’ഭാര്യയും മക്കളും എല്ലാവരുമുണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരാളാണ് ഞാൻ..’’
അവളുടെ മുഖം മങ്ങിയോ..പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു ’’പ്രണിയിച്ചവൻ വഞ്ചിച്ചപ്പോൾ എനിക്ക് മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളു,മരണം അല്ലെങ്കിൽ സന്യാസം,തൽക്കാലം സന്യാസം തിരഞ്ഞെടുത്തു. അത് വല്ലാതെ മടുത്തു…ഇനി അടുത്ത വഴി തിരഞ്ഞെടുക്കേണ്ടി വരുമോയെന്നറിയില്ല.നിങ്ങളെ കണ്ടപ്പോൾ എന്തോ ഒരു പ്രതീക്ഷ..വേണ്ടായിരുന്നു..’’
അവളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു.പതിയെ നടന്നു നീങ്ങുന്ന അവളെ നോക്കി നിൽക്കുമ്പോൾ കന്യാകുമാരിയിലെ അസ്തമയ സൂര്യന്റെ സൗന്ദര്യം അയാൾ കണ്ടില്ല.