വിവേക് ചന്ദ്രന്റെ വന്യത്തെപ്പറ്റി പ്രശസ്ത തരക്കഥാകൃത്തും എഴുത്തുകാരനുമായ പി.എഫ്.മാത്യൂസ് എഴുതിയ ചെറു കുറിപ്പ് വായിക്കാം:
കഫ്ക ആരാധിച്ചിരുന്ന റോബർട് വാൽസർ എന്ന എഴുത്തുകാരനെ ഒരിക്കൽ ചികിത്സയ്ക്കായി ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഏതോ ഒരു സന്ദർശകൻ എന്തുകൊണ്ടാണ് താങ്കൾ എഴുതാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ ഇവിടെ വന്നിരിക്കുന്നത് എഴുതാനല്ല ഭ്രാന്തനായി കഴിയുവാൻ മാത്രമാണ്. വിവേക് ചന്ദ്രന്റെ കഥകൾ വായിക്കുമ്പോൾ എനിക്കീ കാര്യമാണ് ഓർമ്മ വന്നത് . ഒരിടത്തരം ജീവിതത്തിലൂടെ കടന്നു പോകുന്ന പ്രസാദവാനായ ഈ മനുഷ്യന് എങ്ങനെ ഇത്തരം കഥകൾ എഴുതാൻ പറ്റി എന്ന് അദ്ദേഹത്തെ അറിയുന്നവർ സ്വാഭാവികമായും ചിന്തിച്ചു പോകും . ചാവുനിലത്തിനു ശേഷം സമാനമായ ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് ചോദിച്ചവരോട് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പെട്ടെന്ന് തോന്നിയ ഒരു വാചകം പറഞ്ഞതായി ഓർക്കുന്നു . രണ്ടു മനുഷ്യരും സത്യമാണ്. പുറമേ കാണുന്ന സാധാരണക്കാരന്റെ ഉള്ളിൽ ഭ്രാന്ത് രഹസ്യമായി കൊണ്ടുനടക്കുന്ന മറ്റൊരാളുണ്ട്. ഒരാളല്ല അനേകർ തന്നെ ഉണ്ടാവാം. എഴുപത്തിയഞ്ചോളം പേരുകളിൽ എഴുതിയിരുന്ന ഫെർണാൻഡോ പെസോവയെ ഓർമിച്ചു കൊണ്ടാണ് ഇത് പറയുന്നത്. വിവേക് ചന്ദ്രൻ എഴുതിയ പോലുള്ള തികച്ചും അസാധാരണരായ മനുഷ്യരുടെ ആന്തരിക സ്ഥലങ്ങൾ വെളിപ്പെടുത്തുന്ന അവരുടെ അക്രമാസക്തമായ മനസ്സിനെ തുറന്നു പുറത്തിടുന്ന കഥകൾ എഴുതുവാൻ ഇരട്ടജീവിതം ജീവിച്ചേ മതിയാകൂ.ഭ്രാന്ത് വിഷയമായ കഥകൾ നമുക്കുണ്ടെങ്കിലും അമൂർത്തമായ ആ അവസ്ഥയെ മൂർത്തവൽക്കരിച്ച കഥകൾ മലയാളത്തിൽ പുതുമ തന്നെയാണ്. പ്രഭാതത്തിന്റെ മണത്തിലെ മാന്ത്രികന്റെ ഒപ്പം ജീവിച്ചിരുന്ന ജാനകിയുടെ കഥ തന്നെ എടുക്കാം . ജാനകിയെ വധിക്കുന്ന മന്ത്രവാദ സന്ദർഭത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട അവൾ 23 വർഷം മറ്റൊരു ജീവിതം ജീവിക്കുന്നു. എന്നാൽ അവൾ രണ്ടരമണിക്കൂർ മാത്രമാണ് മാറിനിന്നത് എന്ന വസ്തുത കാര്യങ്ങളെ മാന്ത്രികമാക്കുന്ന ഒരു ബോർഹേസിയൻ ട്വിസ്ററ് ആയി മാറുന്നു . കാല (time)ത്തെതന്നെ വിഴുങ്ങുന്ന ഭ്രാന്ത് രസകരമായ ഒരു വിഷയമാണ്. ഈ ഭാവന മലയാളത്തിൽ ഏറെക്കുറെ മുൻ മാതൃകകൾ ഇല്ലാത്തത് ആണെന്ന് തന്നെ പറയണം.Illusory truth അല്ലങ്കിൽ മായികമായ സത്യം മാന്ത്രികവിദ്യ ഇല്ലാതെതന്നെ ജനങ്ങളെ എങ്ങനെ വിശ്വസിപ്പിക്കാൻ കഴിയുമെന്ന് കാണിച്ചുതന്ന ഭരണകൂടം ആണ് നമുക്കുള്ളത്. ഈ കഥയ്ക്ക് ഒരു വിതാനം കൂടി ഉണ്ടാവുന്നത് ഇങ്ങനെയൊക്കെ കൂട്ടി വായിക്കുമ്പോഴാണ്.
വൂഡി അലന്റെ സ്റ്റാർഡസ്റ്റ് മെമ്മറീസിൽ ഒരു കഥാപാത്രം സിനിമയിൽനിന്ന് കാണികളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നുണ്ട്. വിവേകിന്റെ കഥകളിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഭൂമിയിലെ ജീവിതം മതിയാക്കി കഥാപാത്രങ്ങൾ സിനിമയിലെ വാതിലുകളിലൂടെ കയറിപ്പോവുകയാണ്. ഒരു സിനിമ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഭൂകമ്പത്തിൽ ചാച്ചൻ മരിച്ചുപോയത് ഉൾക്കൊള്ളാനാവാതെ ഭൂമി എന്ന കുട്ടി സൃഷ്ടിക്കുന്ന കൽപ്പനയിൽ അവളുടെ ചാച്ചൻ സിനിമയ്ക്ക് ഉള്ളിലേക്ക് കയറി പോവുകയാണ്.ഈ സമാഹരത്തിലെ ഒന്നിലേറെ കഥകളിൽ കഥാപാത്രങ്ങൾ സിനിമയുടെ l ഉള്ളിലേക്ക് കയറി പോകുന്നുണ്ട്. വന്യം എന്ന കഥയിലാകട്ടെ ഹോളിവുഡ് സിനിമയും യൂറോപ്യൻ നാടോടിക്കഥകളും ആവിഷ്കരിച്ച വേർവുൾഫ്, സോംബി കൽപ്പനകളെ വളരെ ഭംഗിയായി കഥയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. 2015 മുതൽ എഴുതപ്പെട്ട ഈ കഥകളുടെ പ്രധാനപ്പെട്ട ഭാവം എന്താണെന്ന് ചോദിച്ചാൽ ഭയം എന്നാണ് പറയാനാകുന്നത്. ഏകാധിപത്യം മണക്കുന്ന സാഹചര്യത്തിൽ ജീവിക്കേണ്ടിവരുന്ന ഒരു സാധാരണക്കാരൻറെ ഭയം. അക്രമവും ചോരയും കലർന്ന അന്തരീക്ഷമാണ് ഈ കഥകൾക്കുള്ളത്.
വന്യം എന്ന കഥയുടെ വിവരണം ബഹു തലത്തിലുള്ളതാണ്. കഥാപാത്രം കുമ്പസാരിക്കുമ്പോൾ പണ്ട് അയാളുടെ ഭാര്യയുടെ കുമ്പസാരം കേട്ടപ്പോൾ എടുത്ത കുറിപ്പുകൾ റഫർ ചെയ്യുകയാണ് കുമ്പസാരക്കൂട്ടിൽ ഇരിക്കുന്ന പുരോഹിതൻ. ഭാര്യ പ്രസവിച്ച ചാപിള്ളയെ വീട്ടിലെ പ്രാർത്ഥനാമുറിയുടെ ചുമരിൽ പ്രതിഷ്ഠിക്കുകയും മൂത്തമകന് ഉറക്ക മരുന്നു കൊടുത്തു രതിയിൽ ഏർപ്പെടുകയും ചെയ്യുന്നു ഭാര്യഭർത്താക്കന്മാർ. ചെന്നായ്ക്കളും മനുഷ്യനും തമ്മിൽ അകലം ഇല്ലാത്ത ഒരു അന്തരീക്ഷത്തിലാണ് അവർ ജീവിക്കുന്നത് തന്നെ. ഈ കഥയുടെ വിവരണം വളരെ രസകരമാണ്. ഒരു ഘട്ടത്തിൽ സ്‌റ്റെഫി എന്ന കഥാപാത്രത്തെ കിണറ്റിലേക്ക് തള്ളിയിട്ടതിന് സാക്ഷാൽ യേശു ക്രിസ്തു പോലും തണുത്ത കുമ്പസാര കണ്ണീർ പൊഴിക്കുന്നുണ്ട് . മൂർത്ത അമൂർത്തതകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്ന മലയാള ചെറുകഥാ സാഹിത്യം ഇപ്പോൾ മറ്റൊരു കടവിൽ അടുത്തിരിക്കുന്നു എന്നാണ് എന്റെ ഒരു തോന്നൽ .
വിവേക് ചന്ദ്രൻ ഉൾപ്പെടെയുള്ള പുതുതലമുറ കഥാകൃത്തുക്കൾ വിവരണകലയുടെ കാര്യത്തിൽ എൻ എസ് മാധവന്റെ തുടർച്ചയാണ് എന്ന് ഞാൻ കരുതുന്നു. മാധവന്റെ കഥകളുടെ ഒരു പ്രത്യേകത അവ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടവയാണെങ്കിൽ പോലും കാഴ്ചാനുഭവങ്ങളെ ചലച്ചിത്രത്തിലെന്നതുപോലെ എഡിറ്റിംഗിലൂടെ കഥയുമായി കൂട്ടിയിണക്കുന്നു എന്നതാണ്.
വിവേക് ചന്ദ്രന്റെ വന്യം എന്ന കഥകളിൽ ധാരാളം ചലച്ചിത്ര മുഹൂർത്തങ്ങളും പാരലെൽ കട്ടുകളും കാണാൻ കഴിയുന്നുണ്ട്. അതൊരു നല്ല കാര്യമാണ് എന്ന അഭിപ്രായം എനിക്കില്ല. 2018 ലെ ഹെറിഡിറ്ററി എന്ന സിനിമയിലെ പ്രധാന കഥാപാത്രം കൊല നടന്ന വീടുകളുടെ മിനിയേച്ചർ ഉണ്ടാക്കുന്ന ആളാണ്. ആ ചിത്രം ഇവിടെ എത്തും മുമ്പ് തന്നെ രചിക്കപ്പെട്ട വിവേകിൻറെ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് എന്ന കഥയിലെ നായികയും കൊലപാതകം നടന്ന വീടുകളുടെ മിനിയേച്ചർ ഉണ്ടാക്കുന്ന ആളാണ്. അതിനപ്പുറം സിനിമയും കഥയുമായി സാമ്യമില്ല. ആ പാവ വീടുകൾ അവളുടെ ജീവിതത്തിൽ നിർണായകമായി തീരുകയാണ്. അവൾ ആദ്യമായി ഭർത്താവിനോട് ആത്മഹത്യ ചെയ്ത തന്റെ അമ്മയെ കുറിച്ച് പറയുന്നു. മരണത്തിനു തൊട്ടുമുമ്പ് അമ്മയിൽനിന്ന് വല്ലാത്ത ഒരു മണം പ്രസരിച്ചിരുന്നു എന്ന് അവൾ പറയുന്നുണ്ട്. മരിച്ചു തുടങ്ങുന്ന മനുഷ്യർ അങ്ങനെയാണ്, ആകാവുന്നത്ര തീക്ഷ്ണമായി സ്വയം പ്രകാശിക്കും. ആ പാവ വീടുകൾ അവൾക്ക് മരിച്ചവരുടെ ലോകത്തേക്ക് പ്രവേശനം കൊടുക്കുകയാണ്. തുടർന്നുള്ള ദിവസം അവൾ മരിക്കുകയും ചെയ്യുന്നു. അതിന് തൊട്ടു മുൻപ് വാക്കുകൾ കൊണ്ട് അച്ഛന്റെ മരണത്തെ കുറിച്ചുള്ള ഒരു പാവ വീട് അവൾ ഉണ്ടാക്കുകയും ചെയ്തു. മരണത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള വളരെ മനോഹരമായ ഒരു കഥയാണിത്. പലപ്പോഴും ഭീതിയെ കാഴ്ച കൊണ്ട് തന്നെയാണ് വിവേക് ആവിഷ്കരിക്കുന്നത്. തീരെ ജീവിക്കാൻ കൊള്ളാത്ത ഒരു ജീവിതത്തിൽ പെട്ടുപോയ മനുഷ്യരും അവരുടെ ഭീതിയും സംഘർഷവും അയാളുടെ കഥകളിൽ നിറഞ്ഞുനിൽക്കുന്നു.
(C) പി.എഫ്.മാത്യൂസ്
Click this button or press Ctrl+G to toggle between Malayalam and English