വിവാഹം സ്വർഗത്തിൽ നടന്നാലും

unnamed

ഈശ്വരന്‍ സാക്ഷിയായി കൂട്ടിച്ചേര്‍ത്ത വിവാഹബന്ധം മരണത്തിനുമാത്രമേ വേര്‍പ്പെടുത്താനാകൂ എന്നതാണു നമ്മുടെ സംസ്‌കാര പ്രകാരം ഏതു മതത്തിന്റേയും വിശ്വാസം. പക്ഷെ ഈ വിശ്വാസത്തെ മുന്‍നിര്‍ത്തികൊണ്ടുതന്നെ ദിനംപ്രതി വിവാഹമോചനങ്ങളുടെ നിരക്ക്‌ വര്‍ദ്ധിച്ചു വരുന്നു. മതിയായ കാരണങ്ങളുടെ താഴ്‌വേരു ചികഞ്ഞാല്‍ ഈ വിവാഹമോചനങ്ങള്‍ അധികവും സംഭവിക്കുന്നത്‌ ഭാര്യാഭര്‍ത്താക്കന്‍മാരുടെ മനപൊരുത്തത്തിന്റെ അഭാവം കൊണ്ടുമാത്രമല്ല, ബാഹ്യമായി ചെലുത്തപ്പെടുന്ന ചില ശക്തികള്‍ കൊണ്ടും കൂടിയാണെന്നു മനസ്സിലാകും. വളരെ നിസ്സാരമായി തുടങ്ങുന്ന കുടുംബപ്രശ്‌നങ്ങള്‍ വരെ ചില സാഹചര്യത്തില്‍ വിവാഹമോചനത്തില്‍ അവസാനിക്കുന്നു.

ഒരോ അണുകുടുംമ്പത്തിലും തന്റെ മകന്‍ വിവാഹം കഴിച്ചുകൊണ്ടുവന്നാല്‍ അന്നുവരെ താന്‍ ഓമനിച്ചു വളര്‍ത്തിയ പൊന്നുമകനിലുള്ള തന്റെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ ചില അമ്മമാര്‍ ആകുംവിധം മരുമക്കളെ തന്റെ മകനില്‍നിന്നും അകറ്റാന്‍ ശ്രമിയ്‌ക്കുന്നു. ഇത്‌ മനപൂര്‍വ്വമാണോ അതോ മാനസികപ്രശ്‌നമാണോ എന്നറിയില്ല. അതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത കുട്ടി തൊട്ടതെല്ലാം കുറ്റം എന്നതുപോല്‍ മരുമകള്‍ എന്തുചെയ്‌താലും അതില്‍ ഒരു കുറ്റം കണ്ടെത്താന്‍ അമ്മമാര്‍ ശ്രമിയ്‌ക്കുന്നു. അത്‌ മാത്രമല്ല തക്കം കിട്ടുമ്പോഴെല്ലാം തന്റെ മകന്റെ മനസ്സുമാറ്റാനായി ആവുന്നതെല്ലാം പറഞ്ഞുപിടിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിത്വമില്ലാത്ത ആണുങ്ങളാണെങ്കില്‍ രംഗം അതിലും മോശമാകും. അമ്മ കൊട്ടുന്നതിനനുസരിച്ച്‌ ഉറഞ്ഞു തുള്ളുന്ന ഒരു വെളിച്ചപ്പാടായി അവന്‍ മാറുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ഭാര്യാഭര്‍ത്താക്കാന്‍ പരസ്‌പരം മാനസിക പൊരുത്തമുണ്ടെങ്കിലും പിരിയലില്‍ തന്നെ പര്യവസാനിയ്‌ക്കുന്നു. ഒരു പുരുഷന്‌ തന്റെ അമ്മയോടുള്ള സ്‌നേഹവും, ഭാര്യയോടുള്ള സ്‌നേഹവും വ്യത്യസ്‌തമാണെന്ന്‌ അമ്മയും, ഭാര്യയും മനസ്സിലാക്കി പരസ്‌പരം പെരുമാറിയാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയും

പല സാഹചര്യത്തിലും വീട്ടുകാരുടെ അമിതമായ ഇടപെടല്‍ വിവാഹ മോചനങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. തന്റെ മകളെ വിവാഹം കഴിച്ചുകൊടുത്തു, ഇനി അവള്‍ അനുസരിയ്‌ക്കേണ്ടത്‌ തന്റെ ഭാര്‍ത്താവിനെയും, ഭര്‍തൃകുടുംബത്തേയുമാണെന്ന വസ്‌തുത അവരോടുള്ള അമിത സ്‌നേഹം മൂലം ഓരോ മാതാപിതാക്കളും വിസ്‌മരിക്കുന്നു. ചെറു പ്രായത്തില്‍ വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേയ്‌ക്കു പറിച്ചു നടുന്ന തന്റെ ജീവിത സാഹചര്യത്തോട്‌ പെട്ടെന്ന്‌ പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും, അച്ഛനമ്മമാരുടെ സ്‌നേഹത്തിന്റെ നഷ്ടബോധവും, അതുവരെ അനുഭവിച്ച ലാളനയും പെണ്‍കുട്ടികളില്‍ ഓരോ സാഹചര്യത്തേയും പക്വതയോടെ കാണുന്നതിനു പകരം പരാതിയായി അച്ഛനമ്മമാരോടു പറയാന്‍ പ്രേരിപ്പിയ്‌ക്കുന്നു. അതുകേട്ടുകൊണ്ട്‌ അങ്ങിനെയാണെങ്കില്‍ അങ്ങിനെ കഷ്ടപ്പെട്ട്‌ അവിടെ കിടക്കേണ്ട കാര്യമൊന്നുമില്ല, ഭര്‍ത്താവുമൊത്ത്‌ വേറെ താമസിയ്‌ക്കണം, അവരെയങ്ങിനെ വിട്ടുകൊടുത്താല്‍ പറ്റില്ല എന്നെല്ലാം പറഞ്ഞു എരിതീയ്യില്‍ എണ്ണ ഒഴിയ്‌ക്കുന്ന മാതാപിതാക്കളുണ്ട്‌. മറു വശത്ത്‌ മരുമകള്‍ എന്തുചെയ്യുന്നു? അവളെന്തിനെല്ലാം പണം മുടക്കുന്നു? എന്ന്‌ ഉറ്റുനോക്കികൊണ്ടിരിയ്‌ക്കുകയും, ഭാര്യയും, ഭര്‍ത്താവും എവിടെയെല്ലാം പോകണം, എന്തെല്ലാം ചെയ്യണം എന്നു തീരുമാനിയ്‌ക്കുകയും, അവരുടെ എല്ലാ കാര്യങ്ങളിലും കയറി ഇടെപ്പെടുകയും ചെയ്യുന്ന അമ്മായിയമ്മമാരും മരുമക്കളെ പ്രകോപിപ്പിയ്‌ക്കാറുണ്ട്‌. ഇത്തരത്തിലുള്ള രണ്ട്‌ വീട്ടുകാരുടേയും അമിതമായ ഇടപെടല്‍ വിവാഹബന്ധങ്ങളില്‍ പലപ്പോഴും വിള്ളലുണ്ടാക്കാറുണ്ട്‌. ഒരു പെണ്‍കുട്ടി വിവാഹിതയായാല്‍ താന്‍ തന്റെ അച്ഛനമ്മമാരുടെ കൂടെ ചെലവഴിച്ചതിലും കൂടുതല്‍ ഭാഗം ജീവിതവും തന്റെ ഭര്‍ത്താവിന്റെ കൂടെയാണെന്നുള്ളതും, ഭര്‍ത്താവിന്റെ വീട്ടിലെ ഏതു പ്രശ്‌നവും പരിഹരിയ്‌ക്കാനുള്ളത്‌ തന്റെ ഭര്‍ത്താവണെന്നുമുള്ള സത്യം ഓരോ പെണ്‍കുട്ടിയും ബോധവധിയായിരിയ്‌ക്കുകയും, തന്റെ വീട്ടിലേയ്‌ക്കു കയറിവന്ന പെണ്‍കുട്ടി തന്റെ മകളെപ്പോലെത്തന്നെ അച്ഛനമ്മമാരുടെ വാത്സല്യത്തില്‍ മതിമറന്നു ജീവിച്ചതാണെന്നും, പുതിയ ഒരു വീട്ടിലെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ അവള്‍ക്ക്‌ സമയമെടുക്കുമെന്നും, അല്ലെങ്കില്‍ അവളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യപ്പെടരുതെന്നും എല്ലാ മാതാപിതാക്കളും ബോധവാന്മാരായിരിയ്‌ക്കുകയും ചെയ്‌താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയും.

വിവാഹമോചനങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണം അമ്മായിയമ്മ-മരുമകള്‍ പോരാണ്‌. ചില സാഹചര്യത്തില്‍ അമ്മയ്‌ക്കും ഭാര്യയ്‌ക്കും ഇടയില്‍ ശ്വാസം മുട്ടുന്ന കുറെ ആണുങ്ങളെ സമൂഹത്തില്‍ കാണാറുണ്ട്‌. തനിയ്‌ക്ക്‌ ജന്മം തന്ന അമ്മയെ അല്ലെങ്കില്‍ തന്നെ വിശ്വസിച്ച്‌ തനിയ്‌ക്കൊപ്പം ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ, ആരെ വെറുപ്പിയ്‌ക്കും? കുടുംബത്തില്‍ നിന്നും തനിച്ചു മാറി താമസിച്ച്‌ പലരും ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാറുണ്ട്‌. അമ്മായിയമ്മ മരുമകള്‍ പ്രശ്‌നങ്ങള്‍ അധികവും ആരംഭിയ്‌ക്കുന്നത്‌ അടുക്കളയില്‍ നിന്നുമാണ്‌. മന്ത്രിമാരെപ്പോലെ അടുക്കളയിലെ അധികാരങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നും പറഞ്ഞു കസേരയില്‍ അമര്‍ന്നിരിയ്‌ക്കുന്ന അമ്മായിഅമ്മമാര്‍, അമ്മായിയമ്മയുടെ ഇഷ്ടത്തിനനുസരിച്ച്‌ ഒന്നും തന്നെ ചെയ്യില്ലെന്ന്‌ ശപഥം ചെയ്‌ത, വീട്ടു പണികള്‍ അറിഞ്ഞാലും ഇല്ലെങ്കിലും ഒന്നും ചെയ്യില്ല എന്ന്‌ തീര്‍ച്ചപ്പെടുത്തിയ, കുഴിമടിച്ചികളായ മരുമക്കള്‍..
ഇതെല്ലാം അമ്മായിയമ്മ മരുമകള്‍ പ്രശ്‌നങ്ങള്‍ക്ക്‌ കൂടുതല്‍ നിറം കൊടുക്കുന്നു. തന്റെ മകള്‍ കാണിയ്‌ക്കുന്ന തെറ്റുകള്‍ തിരുത്തികൊടുക്കുന്നത്‌ പോലെ മരുമക്കളെ പറഞ്ഞു മനസ്സിലാക്കുന്നിടത്ത്‌ അവരുടെ തെറ്റുകള്‍ മാത്രം ചികഞ്ഞു പോരുകുത്തുന്ന അമ്മായിയമ്മമാര്‍, ‘പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല` എന്നാണ്‌ പഴമൊഴിയെങ്കിലും ഒരു മകള്‍, ഭാര്യ, അമ്മായിയമ്മ എന്നീ എല്ലാ ജീവിതത്തിന്റെ മുഖങ്ങളും കണ്ട പരിചയസമ്പന്നയായ ഒരു സ്‌ത്രീ പറയുന്നത്‌ തന്റെ അമ്മ പോലെതന്നെയാണെന്നു കണക്കിലെടുക്കാതെ ഒപ്പത്തിനൊപ്പം പോരടിച്ച്‌ നില്‌ക്കുന്ന മരുമകള്‍, തലമുറകളായി കൈമാറിപ്പോരുന്ന ഈ പ്രശ്‌നങ്ങള്‍ക്ക്‌, മാനസികാവസ്ഥയ്‌ക്ക്‌ മാറ്റം വരുത്താതെ എങ്ങിനെ പരിഹാരം കാണും?

പുരുഷനെപ്പോലെത്തന്നെ ഇന്ന്‌ സ്‌ത്രീകളും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ പങ്കാളികളാണ്‌. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്‌ത്രീകള്‍ മതിയാകും. പുരുഷന്‍മാരെപ്പോലെത്തന്നെ മതിയായ വിദ്യാഭ്യാസം നേടിയതും, ഉന്നതപദവികളില്‍ ജോലിചെയ്യുന്നതുമായ സ്‌ത്രീയില്‍ സഹനശക്തി കുറവായിരിയ്‌ക്കും. പിടിച്ചുനില്‌ക്കാന്‍ വേണ്ടി അവരെന്തിനു സഹിയ്‌ക്കുന്നു? മറ്റൊരുവശം നോക്കിയാല്‍ ഭാര്യാത്താക്കന്മാര്‍ക്കുണ്ടാകുന്ന ആധിപത്യ മനോഭാവം കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളും വിവാഹമോചനങ്ങള്‍ക്കു ഹേതുവാകാറുണ്ട്‌.

പക്വതയെത്താത്ത പ്രേമവിവാഹങ്ങള്‍ പലപ്പോഴും വിവാഹമോചനത്തിനു കാരണമാകാറുണ്ട്‌. ഇത്തരം വിവാഹങ്ങള്‍ രണ്ടുവിധമാണ്‌. ഒന്നാമാത്തത്‌ ആത്മാര്‍ത്ഥമായ സ്‌നേഹം, ഒരാള്‍ക്ക്‌ മറ്റൊരാളെകൂടാതെ ജീവിയ്‌ക്കാന്‍ കഴിയാത്ത അവസ്ഥ. ഇത്തരം വിവാഹത്തെ ഒരു ബാഹ്യശക്തിയ്‌ക്കും വേര്‍പ്പെടുത്താനാവില്ല. എന്നാല്‍ ചില പക്വതയെത്താത്ത പ്രേമവിവാഹങ്ങള്‍ ശാരീരികമായ ആകര്‍ഷണത്താല്‍ മാത്രം സംഭവിയ്‌ക്കുന്നതാണു. ഇത്തരം വിവാഹങ്ങള്‍ പുതുമോടിയ്‌ക്കുശേഷം ചിലപ്പോള്‍ വിവാഹമോചനത്തില്‍ പര്യവസാനിയ്‌ക്കുന്നു. ചിലര്‍ ഉടുതുണി മാറുന്ന ലാഘവത്തോടെ വിവാഹബന്ധത്തെ കാണുന്നു. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ചിലപ്പോഴൊക്കെ നിസ്സാരമായ സംശയങ്ങളുടെ പേരിലും വേര്‍പ്പിരിയാറുണ്ട്‌. വിവാഹത്തെ അതിന്റേതായ മൂല്യത്തില്‍, ഗൗരവത്തില്‍ കാണുകയാണെങ്കില്‍ ഇത്തരം വേര്‍പിരിയല്‍ ഒരു പരിധിവരെ ഒഴിവാക്കാം.

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ സ്‌ത്രീകളുടെ പരാതികള്‍ക്ക്‌ ഗവണ്‍മെന്റ്‌ കൂടുതല്‍ പ്രാധാന്യം നല്‌കുന്നുവെന്ന ആനുകൂല്യം സ്‌ത്രീകള്‍ ദുര്‍വ്വ്യയം ചെയ്യുന്നതും വിവാഹമോചനങ്ങളുടെ നിരക്ക്‌ വര്‍ദ്ധിയ്‌ക്കുന്നതില്‍ പ്രധാന കണ്ണിയാണ്‌. പരസ്‌പരം ഉണ്ടാകുന്ന പല അഭിപ്രായ വ്യത്യാസത്തേയും തുടര്‍ന്ന്‌ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങള്‍ പുരുഷനില്‍ ചുമത്തി സ്‌ത്രീകള്‍ നിഷ്‌പ്രയാസം വിവാഹമോചനങ്ങള്‍ നടത്തിയെടുക്കുന്നു. ഇതില്‍ നിന്നുമുണ്ടാകുന്ന ധനലാഭത്തിനുവേണ്ടി ചില പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇതൊരു വ്യവസായമായി ഇതിനെ കാണുന്നു.

പരസ്‌പരം മതിയാവോളം സമയം നല്‌കുന്നതിന്റെ പരിമിതിയും വിവാഹമോചങ്ങള്‍ക്കു പ്രേരിപ്പിയ്‌ക്കാറുണ്ട്‌. ഓഫീസിലെ പിരിമുറുക്കങ്ങള്‍ എല്ലാം അവസാനിച്ച്‌ വീട്ടില്‍ വന്നെത്തിയാല്‍ ലാപ്‌ടോപ്പിലും, മൊബൈല്‍ ഫോണിലും കണ്ണും നട്ട്‌ മൂകസാക്ഷിയായിരിയ്‌ക്കുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ മതിയാവോളം ആശയവിനിമയങ്ങള്‍ നടത്തുന്നതില്‍ കാണിയ്‌ക്കുന്ന പിശുക്ക്‌ പരസ്‌പരം മനസ്സിലാക്കാന്‍ അവസരം ലഭിയ്‌ക്കുന്നതിനുമുമ്പുതന്നെ വിവാഹമോചനത്തില്‍ കലാശിയ്‌ക്കുന്നു. അത്‌ മാത്രമല്ല, വിവാഹശേഷമുള്ള പല പ്രേമബന്ധങ്ങള്‍ക്കും ഇത്‌ കാരണമാകാറുണ്ട്‌. ശാരീരിക ബന്ധത്തിലുപരി, മാനസിക ബന്ധങ്ങളാണ്‌ ഒരു വിവാഹജീവിതത്തിന്റെ അടിത്തറ. വികാരവിചാരങ്ങളെ പരസ്‌പരം തുറന്നു പറയാതെ ആത്മബന്ധങ്ങള്‍ വളരുന്നില്ല. വീടിനേക്കാള്‍ കൂടുതല്‍ കാര്യാലയങ്ങളില്‍ സമയം ചിലവഴിയ്‌ക്കുന്ന യുവതലമുറ തന്റെ മനസ്സുതുറന്നു കാണിയ്‌ക്കാന്‍ പര്യാപ്‌തമായ പല കൂട്ടുകാരേയും അവിടെ കാണുന്നു. പിന്നീട്‌ ഈ ചങ്ങാത്തം പലപ്പോഴും പ്രേമബന്ധങ്ങളില്‍ ചെന്നുചേരുന്നു. ഇതോടെ വിവാഹബന്ധങ്ങളില്‍ വിള്ളലേല്‍ക്കുന്നു. അതിനാല്‍ പരസ്‌പരം ചിലവഴിയ്‌ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ലാപ്‌ടോപ്പിനോ, മൊബൈല്‍ ഫോണിനോ അടിയറ വയ്‌ക്കാതെ തന്റെ കുടുംബത്തേടൊപ്പം ചെലവഴിയ്‌ക്കാന്‍ ശ്രദ്ധിച്ചാല്‍ ബന്ധങ്ങള്‍ കൂടുതല്‍ കെട്ടുറപ്പുള്ളതാകുന്നു.

സ്‌ത്രീയ്‌ക്കോ പുരുഷനോ ഇഷ്ടമില്ലാതെ നടത്തുന്ന നിര്‍ബന്ധവിവാഹങ്ങളും പലപ്പോഴും പരാജയപ്പെടുന്നു. ഇത്തരം വിവാഹത്തിനു സ്‌ത്രീയോ പുരുഷനോ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയേക്കാം, പക്ഷെ പിന്നീടവര്‍ അതിനെ ഒരു വാശിയായി, പ്രതികാരമായി കാണുന്നു. തനിയ്‌ക്ക്‌ സന്നിഹിതമായ ജീവിതത്തില്‍ സഹകരിയ്‌ക്കാന്‍ അവര്‍ പരാജയപ്പെടുന്നു. ഇതിലൂടെ തന്റെ പങ്കാളിയായി മാറുന്നവരുടെ കൂടി ജീവിതം കുത്തഴിഞ്ഞതാകുന്നു.

ഈശ്വരന്‍ കൂട്ടിച്ചേര്‍ത്ത ബന്ധങ്ങള്‍ മനുഷ്യനാല്‍ ഇളക്കിമാറ്റി നമ്മുടെ സംസ്‌കാരത്തെ നാണം കെടുത്താതിരിയ്‌ക്കാന്‍ ഓരോ സ്‌ത്രീയും, പുരുഷനും കുടുംബവും, സമൂഹവും എല്ലാ മതങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്‌.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

  1. കെട്ടുറപ്പുള്ള ദാമ്പത്യങ്ങൾ കെട്ടുറപ്പുള്ളൊരു സമൂഹമുണ്ടാകാൻ അനുപേക്ഷണീയമാണ്. കേരളത്തിലെ വിവാഹമോചനക്കേസുകളിൽ അടുത്ത കാലത്തായുണ്ടായിരിക്കുന്ന വർദ്ധന സമൂഹത്തെപ്പറ്റി ചിന്തിയ്ക്കുന്നവരെയെല്ലാം വ്യാകുലരാക്കും. ജ്യോതിലക്ഷ്മി സി നമ്പ്യാരുടെ ലേഖനത്തിൽ സമൂഹത്തെപ്പറ്റിയുള്ള ചിന്തയും വ്യാകുലതയും പ്രതിഫലിക്കുന്നുണ്ട്. ലേഖനം അക്ഷരശുദ്ധിയുള്ളതും നിലവാരമുള്ളതുമാണ്. മലയാളം ബ്ലോഗിംഗ് ഒരു ദശാബ്ദം പൂർത്തിയാക്കാറായ ഇക്കാലത്തും മലയാളം ബ്ലോഗുലോകത്ത് ഇത്തരം ലേഖനങ്ങൾ വിരളമാണ്. എന്നാൽ ലേഖനത്തിൽ കണ്ട രണ്ടു ന്യൂനതകളെ പറ്റിയും പറഞ്ഞോട്ടേ: ഇന്നത്തെ അവസ്ഥയ്ക്കു പരിഹാരമായി മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ഉപരിപ്ലവമായവയാണ്. മറ്റൊന്ന്, താഴെയുദ്ധരിക്കുന്ന ചില പരാമർശങ്ങളാണ്:

    “ഈശ്വരൻ സാക്ഷിയായി കൂട്ടിച്ചേർത്ത വിവാഹബന്ധം മരണത്തിനു മാത്രമേ വേർപെടുത്താനാകൂ എന്നതാണു നമ്മുടെ സംസ്കാരപ്രകാരം ഏതു മതത്തിന്റേയും വിശ്വാസം……..ഈശ്വരൻ കൂട്ടിച്ചേർത്ത ബന്ധങ്ങൾ മനുഷ്യനാൽ ഇളക്കിമാറ്റി നമ്മുടെ സംസ്കാരത്തെ നാണം കെടുത്താതിരിയ്ക്കാൻ ഓരോ സ്ത്രീയും പുരുഷനും കുടുംബവും സമൂഹവും എല്ലാ മതങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്.“

    കേരളത്തിലെ നിരവധി വിവാഹങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവയെല്ലാം മനുഷ്യരാൽ നിശ്ചയിക്കപ്പെട്ട്, മനുഷ്യർ തന്നെ സാക്ഷ്യം വഹിച്ചിട്ടുള്ളവയായിരുന്നു. മനുഷ്യർ കൂട്ടിച്ചേർത്ത ബന്ധങ്ങളായിരുന്നു അവ, ഈശ്വരൻ കൂട്ടിച്ചേർത്തവയായിരുന്നില്ല; അവയിൽ ഈശ്വരൻ സാക്ഷ്യം വഹിച്ചിരുന്നുമില്ല. വിവാഹങ്ങളിലുണ്ടെന്നു പറയുന്ന ഈശ്വരനിശ്ചയവും ഈശ്വരസാക്ഷ്യവും അതിശയോക്തികൾ മാത്രമാണ്.

    വിവാഹബന്ധം മരണത്തിനു മാത്രമേ വേർപെടുത്താനാകൂ എന്ന് ഇവിടത്തെ എല്ലാ മതങ്ങളും വിശ്വസിക്കുന്നു എന്ന പരാമർശവും ശരിയല്ല. ഇന്ത്യയിൽ 80 ശതമാനം ഹിന്ദുക്കളും 14 ശതമാനം മുസ്ലീങ്ങളും രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ടത്ര തന്നെ സിക്കുകാരുമുണ്ട്. വിവാഹമോചനത്തെപ്പറ്റി ഹൈന്ദവ-ക്രൈസ്തവ-സിക്ക് മതഗ്രന്ഥങ്ങളിൽ പരാമർശമില്ലെങ്കിലും, വിവാഹമോചനം നേടിയവർ പുനർവിവാഹത്തിലേർപ്പെടുന്നതിനു വിലക്കുകളില്ലാത്ത വിഭാഗങ്ങൾ ഇവയുൾപ്പെടെയുള്ള എല്ലാ മതങ്ങളിലുമുണ്ട്. എല്ലാ മതങ്ങളിലുമുള്ള, വിവാഹമോചിതരായ വിശ്വാസികളും പുനർവിവാഹം ചെയ്യുന്നുണ്ട്, ആ പുനർവിവാഹങ്ങൾ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളിൽ നടക്കുന്നുമുണ്ട്. ഇസ്ലാം മതത്തിൽ വിവാഹമോചനത്തെപ്പറ്റി വ്യക്തമായ പരാമർശമുണ്ട്, വിവാഹമോചനവും പുനർവിവാഹവും നടക്കുന്നുമുണ്ട്. മരണത്തിനു മാത്രമേ വിവാഹബന്ധം വേർപെടുത്താനാകൂ എന്ന വിശ്വാസം മതങ്ങൾക്കുണ്ടായിരുന്നെങ്കിൽ, വിവാഹമോചിതരുടെ പുനർവിവാഹം അവരനുവദിക്കുമായിരുന്നില്ല.

    വിവാഹമോചനക്കേസുകളുടെ രണ്ടാമത്തെ ഏറ്റവുമുയർന്ന അനുപാതം കേരളത്തിലാണെന്നും, ഇന്ത്യയുടെ വിവാഹമോചനതലസ്ഥാനം തിരുവനന്തപുരമാണെന്നും ഒന്നു രണ്ടു വർഷം മുമ്പ് പത്രവാർത്തയുണ്ടായിരുന്നു. അക്കാര്യത്തെപ്പറ്റിയൊരു പരാമർശം അസംബ്ലിയിലും നടന്നിരുന്നു. ദാമ്പത്യങ്ങൾ തകരുന്നതു സന്തോഷകരമായ കാര്യമല്ല. എന്നാൽ, ഭാര്യാഭർത്താക്കന്മാർ പോരടിച്ചു കഴിയുന്നത് ഒട്ടും നല്ല കാര്യമല്ല. പരസ്പരം യോജിച്ചുപോകാനാകാത്ത ദമ്പതിമാർ അവർക്കു കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ ഭാവി ഭദ്രമാക്കാനുള്ള നടപടികൾ കൈക്കൊണ്ട ശേഷം, പിരിയുക തന്നെ. വിവാഹമോചനത്തിനുള്ള സംവിധാനം അനായാസമാകണം. പുനർവിവാഹം സാധാരണവുമാകണം. എങ്കിൽ, ആത്മാർത്ഥതയുള്ള വിവാഹബന്ധങ്ങളുണ്ടാകുകയും, അവ നിലനിൽക്കുകയും ചെയ്യും. കെട്ടുറപ്പുള്ള വിവാഹബന്ധങ്ങൾ സമൂഹത്തെ കെട്ടുറപ്പുള്ളതാക്കും. വിവാഹമോചനം നാണക്കേടാണ് എന്ന നിരീക്ഷണത്തോടു യോജിയ്ക്കാനാവില്ല. വിവാഹമോചനം നാണക്കേടല്ല.

    വിവാഹബന്ധം ഒരു കരാറാണ്. പക്ഷേ, കരാറൊപ്പിടാത്ത കരാറാണ് ഇപ്പോഴത്. ഇതിനൊരു മാറ്റം വേണം. അന്യോന്യം പോരടിയ്ക്കാതെ, ശകാരിക്കാതെ, എല്ലാ കാര്യങ്ങളിലും തുല്യാവകാശത്തോടെ, തുല്യാധികാരത്തോടെ ദമ്പതിമാർ മുന്നോട്ടു പോകണമെങ്കിൽ, ദാമ്പത്യത്തിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതും എന്തെല്ലാമെന്നു വ്യക്തമായി വ്യവസ്ഥ ചെയ്യുന്നൊരു കരാർ വിവാഹസമയത്ത് അവരൊപ്പുവെച്ചിരിക്കണം. കരാർലംഘകർക്കുള്ള തക്കതായ ശിക്ഷയും കരാറിൽ വ്യവസ്ഥ ചെയ്തിരിക്കണം. പക്ഷേ, ഇവിടെ ദമ്പതിമാരാരും അവരുടെ വിവാഹസമയത്ത് ഇത്തരത്തിലൊരു കരാർ ഒപ്പു വെയ്ക്കാറില്ല. അതുകൊണ്ടവർ അവരവരുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്നു. കരാർവ്യവസ്ഥകളാൽ ബന്ധനസ്ഥരായിരിക്കേണ്ട ദമ്പതിമാർ, കരാറൊപ്പിടാത്തതുകൊണ്ട് കയറൂരിവിട്ടവരായിരിക്കുന്നു; ദമ്പതിമാർക്കെങ്ങനെ വഴിതെറ്റിപ്പോകാതിരിക്കും!

  2. ബഹുമാനപ്പെട്ട ശ്രീ സുനിൽ,
    അഭിപ്രായം വായിച്ചു. ഒരുപാട് സന്തോഷം. ഇതുപോലുള്ള തുറന്ന അഭിപ്രായമാണ് എന്നെ പോലുള്ള ഒരു ചെറിയ എഴുത്തുകാരിയുടെ പ്രോത്സാഹനം.
    ഇനിയും ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങളും, പ്രോത്സാഹനവും പ്രതീക്ഷിയ്ക്കുന്നു
    വീണ്ടും നന്ദി
    ജ്യോതിലക്ഷ്മി നമ്പ്യാർ

  3. ബഹുമാനപ്പെട്ട ശ്രീ സുനിൽ,
    അഭിപ്രായം വായിച്ചു. ഒരുപാട് സന്തോഷം. ഇതുപോലുള്ള തുറന്ന അഭിപ്രായമാണ് എന്നെ പോലുള്ള ഒരു ചെറിയ എഴുത്തുകാരിയുടെ പ്രോത്സാഹനം.
    ഇനിയും ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങളും, പ്രോത്സാഹനവും പ്രതീക്ഷിയ്ക്കുന്നു
    വീണ്ടും നന്ദി
    ജ്യോതിലക്ഷ്മി നമ്പ്യാർ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here