വിവാഹം വി.പി.പി. വഴി..

 

 

 

പെൺമക്കളെ കെട്ടിച്ചു വിടാനുള്ള പാട് അനുഭവിച്ചവർക്കേ അറിയൂ. ഒന്നും രണ്ടുമല്ല മൂന്നെണ്ണമാണ് പുര നിറഞ്ഞു നിൽക്കുന്നത്. ഇന്നത്തെ നിരക്കനുസരിച്ച് എല്ലാവരെയും കെട്ടിച്ചു വിടണമെങ്കിൽ ഏഴു ജൻമം കഴിയണം.സ്വർണ്ണത്തിന്റെ വിലയാണെങ്കിൽ നല്ല സമയത്ത് തുമ്പയിൽ നിന്ന് റോക്കറ്റ് മുകളിലേക്ക് പോകുന്ന വേഗത്തിൽ കുതിച്ചുയരുകയുമാണ്.തൽക്കാലം ഒരാളെയെങ്കിലും കെട്ടിച്ചു വിടാനുള്ള വഴിയെന്തെന്ന് രാമൻ കുട്ടിച്ചേട്ടൻ തല പുകഞ്ഞാലോചിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

ഞായറാഴ്ച്ച രാവിലെ പത്രം അരിച്ചു പെറുക്കുന്നതിന്റെ പ്രധാന കാരണം തന്നെ പറ്റിയ ആലോചനകൾ വല്ലതുമുണ്ടോ എന്നറിയാനാണ്.

ഈയിടെ പത്രത്തിൽ കണ്ട ഒരു പരസ്യത്തിന് മറുപടി അയച്ചു.. തിരിച്ചു വന്നതാകട്ടെ വി.പി.പി.യാണ്. വി.പി.പി. കൈപ്പറി കാശും കൊടുത്തു എന്നിട്ടും പോസ്റ്റ്മാൻ പോകാതെ നിൽക്കുന്നതിന്റെ കാരണം ചേട്ടന് മനസ്സിലായില്ല.. ചേട്ടന്റെ സന്ദേഹം കണ്ടാകാം അയാൾ ചോദിച്ചു,

’’ചേട്ടാ,നമുക്കൊന്നുമില്ലേ?’’

മണിയോർഡർ വരുമ്പോൾ എന്തെങ്കിലും കൈ മടക്ക് കൊടുക്കാറുണ്ട്. ഇപ്പോൾ വി.പി.പിയ്ക്കും കൈ മടക്കോ.?പോസ്റ്റ് എന്തായാലും നമുക്കും കിട്ടണം കാശ് എന്നായിരിക്കും അയാളുടെ വിശ്വാസം..കാലം പോയ പോക്ക്.

സന്തോഷത്തോടെ ചേട്ടൻ കവർ പൊട്ടിച്ചു. ഒരു വിവാഹ ബ്യൂറോക്കാരുടെ കത്താണ്. കൂടെ മൂന്ന് പേരുടെ അഡ്രസ്സുമുണ്ട്.ഒരു അഡ്രസ്സിന് നൂറ് രൂപ വെച്ചാണ് ഈടാക്കിയിരിക്കുന്നത്. കൂടെ ഒരു കത്തും വെച്ചിട്ടുണ്ട്.

’’ഈ അഡ്രസ്സ് പറ്റിയില്ലെങ്കിൽ അറിയിക്കുക,വേറേ അയച്ചു തരാം..’’

കൊള്ളാം കുറച്ച് അഡ്രസ്സ് കൈവശമുണ്ടെങ്കിൽ ജീവിച്ചു പോകാം നമ്മൾ തിരക്കി ചെല്ലുമ്പോഴാകും അറിയുന്നത് ആ അഡ്രസ്സിലുള്ളയാൾ എപ്പോഴെ കല്യാണം കഴിച്ചിരിക്കുന്നു. പഴയ അഡ്രസ്സ് കയ്യിലുണ്ടെങ്കിൽ ഒരു ബ്യൂറോ തുടങ്ങുന്നതു തന്നെ നല്ലത്.

.’’പറ്റിയത് വല്ലതുമുണ്ടോ’’ അപ്പോഴേയ്ക്കും പ്രിയതമ എത്തി.

’’പറ്റിയതില്ല പറ്റിച്ചതുണ്ട്’’

ഞാൻ കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

’’’ചേട്ടാ,ഇന്നത്തെ പത്രത്തിൽ ഒരെണ്ണം കണ്ടു അവർക്ക് ഡിമാന്റൊന്നുമില്ല അതൊന്ന് അയച്ചു നോക്ക്’’

ഏതായാലും ഭാര്യയുടെ ആഗ്രഹമല്ലേ അയച്ചേക്കാം.പിറ്റേന്ന് തന്നെ വിശദ വിവരങ്ങൾ കാട്ടി കത്തയച്ചു. അധികം താമസിച്ചില്ല മറുപടി വന്നു.ആലോചനകൾ പുരോഗമിച്ചു.അവർ പെണ്ണിനെ കാണാൻ വരുന്നു എന്നറിയിച്ചു. വന്നു കണ്ടുഎല്ലാവർക്കും ഇഷ്ടപ്പെട്ടു.

പോകാൻ നേരം വരന്റെ അമ്മാവൻ അടുത്തു വന്ന് രാമൻ കുട്ടിച്ചേട്ടനോട് സ്വരം താഴ്ത്തി പറഞ്ഞു.

‘’രണ്ടു കൂട്ടർക്കും ഇഷ്ടപ്പെട്ട സ്ഥിതിയ്ക്ക് മറ്റു കാര്യങ്ങളൊക്കെ എങ്ങനാ,ഞങ്ങൾക്ക് അധികം താമസിയാതെ നടത്തണമെന്നാ..’’

‘’ഡിമാന്റൊന്നുമില്ലാത്ത സ്ഥിതിയ്ക്ക് കൂടുതൽ എന്താലോചിക്കാനാ ഉടനെ അങ്ങ് നടത്തുക തന്നെ കോവിഡ് കാലമായതിനാൽ അധികം ആരെയും ക്ഷണിക്കുകയും വേണ്ട.’’

ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ അമ്മാവനൊന്ന് ചിരിച്ചു.

’’അല്ല ഞങ്ങളങ്ങനെ പ്രത്യേകിച്ച് ഡിമാന്റൊന്നും പറയുന്നില്ല,നിങ്ങളുടെ കൊച്ചിന് എന്തു കൊടുക്കണമെന്ന് നിങ്ങൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്..അവന്റെ രണ്ട് പെങ്ങൻമാരെ അയച്ചത് പത്തിരുപത് ലക്ഷം കാശായിട്ടും പത്തിരുന്നൂറ് പവൻ സ്വർണ്ണമായിട്ടും കൊടുത്തിട്ടാ,ഒരാൾക്ക് കാറും കൊടുത്തു. അതിലൊട്ടും മോശമാകാതെ നിങ്ങൾ ചെയ്യുക അല്ലാതെ ഞങ്ങളായിട്ട് പ്രത്യേകിച്ച് ഡിമാന്റൊന്നും പറയുന്നില്ല.’’

അമ്മാവന്റെ വിശദീകരണം കേട്ടപ്പോൾ ചേട്ടന് കാര്യങ്ങൾ പിടി കിട്ടാൻ തുടങ്ങി. നോ ഡിമാന്റ് എന്നു പറഞ്ഞു വരുന്നവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്.വിവരമറിയിക്കാമെന്ന് പറഞ്ഞ് അവരെ യാത്രയാക്കി.

’’എല്ലാവരും നല്ല പോലെ വെട്ടി വിഴുങ്ങി ചായയുടെ കാശും പോയി..’’ ഭാര്യയ്ക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

‘’അതൊക്കെ ഇതിൽ പതിവുള്ളതല്ലേ എത്രയെണ്ണം വന്നാലാ ഒരെണ്ണം ശരിയാകുന്നത്..നീ എനിക്കും ഒരു ചായയെടുക്ക്..’’ ചേട്ടൻ ഭാര്യയെ സമാധാനിപ്പിച്ചു.

‘’എന്നാലും ചേട്ടാ ഡിമാന്റൊന്നും ഇല്ലെന്ന് പറഞ്ഞിട്ട്..’’

‘’അതൊക്കെ ഓരോ നമ്പരല്ലേ ഇനിയും എന്തെല്ലാം നമ്പരുകൾ കാണാൻ കിടക്കുന്നു..’’

‘’അല്ല അവരോട് എന്താ പറയാൻ പോകുന്നത്?’’ ഭാര്യയ്ക്ക് സംശയം..

’’കാറൊക്കെ ഒന്ന് ബുക്ക് ചെയ്തോട്ടെ അൽപം കൂടി ക്ഷമിക്ക് എന്ന് പറഞ്ഞാൽ മതിയോ?’’ചൂടായി നിന്ന പ്രിയതമ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതെറിയഭിഷേകം
Next articleമുന്നോക്ക വിഭാഗക്കാർക്ക് സംവരണമൊരുക്കി കേരള സർക്കാർ ; തീരുമാനം വിവാദത്തിൽ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here