വിവാഹം കച്ചവടവത്കരിക്കപ്പെടുമ്പോൾ

 

 

 

 

 

അടുത്തിടെയായി കേരളത്തിൽ നടക്കുന്ന സ്ത്രീധനത്തെ ചൊല്ലിയുള്ള സംഭവവികാസങ്ങൾ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരിന്ത്യൻ സംസ്ഥാനമാണ് കേരളം. നൂറു ശതമാനം സാക്ഷരത എന്ന സംരംഭത്തിന് കേരളം തുടക്കമിട്ടത് 1990കളിൽ ആണെന്ന് ഓർക്കണം. കേരളത്തിലെ ബഹുഭൂരിഭാഗം സ്ത്രീകളും വിദ്യാസമ്പന്നരാണ്. വെറും പ്രാഥമികവിദ്യാഭ്യാസം അല്ല; ബിരുദമോ ബിരുദാനന്തബിരുദമോ അതുമല്ലെങ്കിൽ ഒരു പ്രൊഫഷണൽ ബിരുദമോ ഉള്ളവരാണ് കേരളത്തിലെ ഒരു ശരാശരി മധ്യവർത്തി കുടുംബത്തിലെയോ, അതിന് മുകളിലെ തലത്തിൽ നിൽക്കുന്ന കുടുംബത്തിലെയോ പെൺകുട്ടികൾ.. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളത്തിലെ തന്നെ പുരുഷയുവജനതയെ അപേക്ഷിച്ചും വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നത് പെൺകുട്ടികൾ തന്നെയാണ്. ഇതറിയാനായി വലിയ കണക്കെടുപ്പോ; സ്റ്റാറ്റിസ്റ്റിക്സ് സർവേകളോ ഒന്നും തന്നെ ആവശ്യമില്ല. വർഷാവർഷം നടക്കുന്ന പത്താം തരം മുതൽ മുകളിലേക്കുള്ള എല്ലാ പരീക്ഷകളുടെയും ഫലം മാത്രം പരിശോധിച്ചാൽ മതി. എന്നാൽ ഇത്രയും വിദ്യാഭ്യാസയോഗ്യത നേടി പുറത്തിറങ്ങുന്ന കേരളീയ പെൺകുട്ടികൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു. കുട്ടികളെ വളർത്തുന്നതിൽ വിവേചനം കാണിക്കാതെ മറ്റു പല സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന കേരളത്തിലെ മാതാപിതാക്കൾക്ക് പിന്നീടെന്താണ് സംഭവിക്കുന്നത്. ധാരാളം ധനം ചിലവഴിച്ചും അല്ലാതെയും ആണ്മക്കൾക്കൊപ്പം തുല്യപ്രാധാന്യത്തിലാണ് ശരാശരി കേരളീയ മാതാപിതാക്കൾ പെണ്മക്കളെ വളർത്തുന്നത്. പിന്നെ എവിടെയാണ് ഈ വിവേചനം അല്ലെങ്കിൽ തരം തിരിവ് തുടക്കം കുറിക്കുന്നത്. ഇത് സാമൂഹികമായ ഒരു വൈകല്യമാണോ?ചിന്തനീയമാണ് ഈ വിഷയം. വിദ്യാഭ്യാസം കഴിയുന്നതോടെ ഭൂരിഭാഗവും മാതാപിതാക്കൾ മകളുടെ വിവാഹാലോചനകൾ ആരംഭിക്കുന്നു. അവിടെ വരെയുള്ള ജീവിതത്തിൽ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ആത്മവിശ്വാസത്തോടെ വളരെ കൂർമ്മബുദ്ധിയോടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞിരുന്ന ഒരു പെൺകുട്ടിയുടെ വലിയൊരു കടമ്പയാണ് ഇത്. വിവാഹക്കമ്പോളത്തിൽ ഇറക്കപ്പെടുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ അവരുടെ സമ്പാദ്യക്കീശയ്ക്കൊപ്പം അവളുടെ വിദ്യാഭ്യാസവും വിലപേശലിനും ഏക്കം കൊള്ളലിനായി നീക്കിവയ്ക്കുന്നു. സൗന്ദര്യവും വിദ്യാഭ്യാസവും പെൺവീട്ടുകാരുടെ സമ്പാദ്യത്തിനോടൊപ്പം ഇവിടെ മാറ്റുരയ്ക്കുന്നു. അതായത് കൂടുതൽ സൗന്ദര്യമുള്ള കുട്ടിക്ക് കുറച്ചു വിദ്യാഭ്യാസം കുറഞ്ഞാലും കുഴപ്പമില്ലെന്നും, ജോലിയുള്ള കുട്ടിയാണെങ്കിൽ സൗന്ദര്യം ഒരു പ്രശ്‌നമേയല്ല എന്നും (കാരണം അവരുടെ വരുമാനം കുടുംബത്തിനൊരു മുതൽക്കൂട്ടാവുമെന്ന പ്രായോഗിക ബുദ്ധി തന്നെ)  ഇങ്ങനെ പോകുന്നു നിരത്താനാവുന്ന മറ്റു മാറ്റുരയ്ക്കലുകൾ. ഇതിൽനിന്നും വ്യത്യസ്തമായി വളരെ ചെറിയൊരു വിഭാഗം അവരുടെ തലവരയുടെ ബലത്തിൽ എന്ന പോലെ ജോലിയിൽ പ്രവേശിച്ചു കൊണ്ട് മുന്നോട്ടുള്ള ജീവിതം നയിക്കുന്നു. അതിലേക്ക് പിന്നെ വരാം. വിവാഹക്കമ്പോളത്തിൽ പ്രത്യക്ഷമായുള്ള വിലപേശൽ നടത്തുന്നവരെക്കാളും പരോക്ഷമായിട്ടുള്ള വിലപേശൽ ആയിരിക്കും അധികവും നടക്കുക. അതായത് തങ്ങളുടെ നിലക്കും വിലയ്ക്കും ഉള്ള പെൺകുട്ടിയും പെൺവീട്ടുകാരും ആണോ എന്ന അന്വേഷണം തങ്ങളുടെ മകന് സ്ത്രീധനമായി വിവാഹത്തിനും; പിന്നീടുള്ള ജീവിതത്തിലും എന്തൊക്കെ കിട്ടാൻ സാധ്യതയുണ്ടെന്നുള്ള കണക്കെടുപ്പ് തന്നെയാണ്. അത് പലരും അറിയുന്നില്ല എന്ന് മാത്രം. പെൺകുട്ടികളുടെ മാതാപിതാക്കളാവട്ടെ ഇതറിയാതെയുമില്ല. അവർ ചിന്തിക്കുന്നത് അവരുടെ മകളുടെ ഭാവി സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം എന്ന് തന്നെയാണ്. ഇവിടെയാണ് പ്രധാന പ്രശ്നം ഒളിഞ്ഞുകിടക്കുന്നത്. സ്വന്തം കാലിൽ നിൽക്കാനും നല്ലൊരു ജോലിയിൽ പ്രവേശിക്കാനും  അത് വഴി ജീവിതം, ജീവിക്കാനുള്ള പണം സമ്പാദിക്കാനും ത്രാണിയുള്ളവളാക്കിയ ഒരു പെൺകുട്ടിയുടെ “ജീവിതം” എന്തിന് മറ്റൊരാളുടെ കൈകളിൽ സുരക്ഷിതമാകും എന്ന് കരുതുന്നതും ഏല്പിക്കുന്നതും. ഒരു ശരാശരി മാതാപിതാക്കൾ ഏകദേശം ഇരുപത് ഇരുപത്തഞ്ചു വയസ്സ് വരെ വളർത്തിയെടുത്ത ആത്മവിശ്വാസത്തിന് പോലും ഇടിവ് പറ്റുന്ന ഒരു ചിന്താഗതിയാണ് ഇത്. അപ്പോൾ അവളുടെ ജീവിതം അവളുടെ കൈകളിൽ ഭദ്രമാക്കാവുന്ന അത്രയും ശേഷിയിൽ  വളർത്തി വലുതാക്കി ഒരു വ്യക്തിത്വമുള്ളവളുമാക്കിയതിന് ശേഷം ആ ചിന്താധാരയെത്തന്നെ തകിടം മറയ്ക്കുന്ന മറ്റൊരു ചിന്തയുടെ വിത്ത് അവളുടെ മനസ്സിലും പാകുന്നു. നിന്റെ സുരക്ഷിതത്വം നിന്നിലല്ല മറിച്ച് മറ്റൊരു വ്യക്തിയിൽ നിക്ഷിപ്തമാക്കുന്നു എന്ന വ്യംഗ്യാർത്ഥത്തിലാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥയിൽ ഇപ്പോഴും ഒരു വിവാഹബന്ധം നിലകൊള്ളുന്നത്. കാലം മാറിയതിനനുസരിച്ച് കുറച്ചൊക്കെ കോലം മാറിയ ചിന്താഗതിയുള്ള ആൺ വീട്ടുകാർ ഒരു പക്ഷെ അവരെ ജോലിക്കയച്ചേക്കാം, സ്വന്തം കാലിൽ നിൽക്കുന്ന അങ്ങനെയുള്ള അനേകം പെൺകുട്ടികൾ ഇന്നുണ്ട് എന്ന സത്യം മറക്കാതെയുമില്ല, പക്ഷെ അപ്പോഴും മുൻ‌തൂക്കം ആൺവീട്ടുകാരുടെ താല്പര്യങ്ങൾക്കാണെന്ന് മാത്രം.

പണ്ടത്തെ കാലത്തെ കൂട്ടുകുടുംബവ്യവസ്ഥിതിയിൽ നിന്നും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് സമൂഹം മാറിയപ്പോൾ, കുറെ ഗുണങ്ങളുണ്ടായെന്ന് അവകാശവാദമുന്നയിക്കുമ്പോളും ഓർക്കണം, അന്നൊന്നും തന്നെ ഇങ്ങനെയുള്ള സ്ത്രീധനവിഷയങ്ങളുണ്ടായിരുന്നില്ല എന്ന്. അന്നത്തെ കാലത്തു നമ്മൾ കൊട്ടിഘോഷിക്കുന്നത് പോലെ പെണ്ണിന്റെ താല്പര്യങ്ങളോ; പലപ്പോഴും പുരുഷന്റെ താല്പര്യമോ മാനിച്ചല്ല വിവാഹങ്ങൾ നടന്നിരുന്നത്. ഒരു അമ്പതു വർഷം മുൻപ് ഒരു വിവാഹം നടന്നിരുന്നത് ഒരു പെണ്ണുകാണൽ ചടങ്ങിലൂടെയല്ല. പലപ്പോഴും  പരസ്പരം കാണുന്നത് പോലും വിവാഹപ്പന്തലിലോ അല്ലെങ്കിൽ വിവാഹശേഷമോ ആയിരുന്നിരിക്കാം. ഇത് ഒരു ന്യൂനത ആയി കാണാമെങ്കിലും അവിടെ ഇത്തരം സ്ത്രീധനക്കോലാഹലങ്ങൾ ഉണ്ടാകാതിരുന്നത് ഒരു കൂട്ടുകുടുംബത്തിലേക്കാണ് പെൺകുട്ടി വന്നുകയറുന്നത് എന്നത് തന്നെയാണ്. ഇന്നത്തെ മാടുകച്ചവടവും വിലപേശലും അന്നുണ്ടായിരുന്നില്ല. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും അന്നുണ്ടായിരുന്നില്ല. അവിടെ അമ്മായിഅമ്മ പോരെടുത്താലും ഒന്ന് സംസാരിക്കാനും സങ്കടനിവൃത്തി വരുത്താനും മറ്റനേകം കുടുംബാം ഗങ്ങളുണ്ടായിരുന്നു. അനവധി പേരുള്ള ഒരു വീട്ടിൽ ആരോടും പറയാതെ സങ്കടങ്ങൾ ഉള്ളിലൊതുക്കേണ്ടി വരില്ല എന്ന പോലെ തന്നെ ഗോപ്യേനെ ഒരു നീച പ്രവൃത്തിയിലേർപ്പെടാനും അത്ര എളുപ്പമല്ലല്ലോ. അന്നത്തെ കാലത്തെ സ്ത്രീകൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങുവാനോ വീട്ടുവേലയല്ലാതെ മറ്റൊരു പ്രവൃത്തിയിൽ ഏർപ്പെടാനോ കഴിഞ്ഞിട്ടുണ്ടാവുകയില്ല. ഏതൊരു കുടുംബത്തിലെയും പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും കുടുംബത്തിലെ കാരണവരും പുരുഷപ്രജകളും കൂടിയാലോചിച്ചു തന്നെ ആയിരുന്നുമിരിക്കണം എങ്കിലും സ്ത്രീധന സമ്പ്രദായം ഇന്നത്തെ കാലത്തെ അപേക്ഷിച്ചു അന്ന് കുറവ് തന്നെയായിരുന്നു. അപ്പോൾ എങ്ങനെയാണ് ഒരു സ്ത്രീ കൂടുതൽ കച്ചവടവത്കരിക്കപ്പെട്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു തലമുറ മുൻപ് വരെ വീട്ടിലുള്ള വിരലിലെണ്ണാവുന്നതിലും അധികം ആയുള്ള വയറുകൾ നിറയ്ക്കാൻ ആയിരുന്നു വീട്ടിലെ കാരണവർ ശ്രദ്ധ നൽകിയിരുന്നത്. അല്ലാതെ സ്ത്രീധനത്തിലും, പൊങ്ങച്ചത്തിലും, പുറംപൂച്ചിലും ഒന്നും ആർക്കും തന്നെ അത്ര ശ്രദ്ധ ഉണ്ടായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ, ലളിതജീവിതം തന്നെ ആയിരുന്നു അന്ന് കൂടുതലും. അതിനാൽ തന്നെ വിവാഹത്തിന് ആവും വിധം എന്തെങ്കിലും കൊടുക്കുക എന്നതായിരുന്നു നാട്ടുനടപ്പ്,  മാത്രമല്ല ഒരു കുടുംബത്തിൽ തന്നെ ഒന്നിൽ കൂടുതൽ പെണ്മക്കൾ ഉണ്ടാവുമായിരുന്നു താനും. എന്നാൽ അണുകുടുംബ വ്യവസ്ഥിതി വന്നതോടു കൂടി സ്ഥിതി മാറി. ഓരോ കുടുംബത്തിലും “നാം രണ്ട്; നമുക്ക് രണ്ട്” എന്ന അവസ്ഥയായി. വീട്ടിലെ അംഗങ്ങളുടെ എണ്ണം പത്ത് പന്ത്രണ്ട് എന്നതിന് പകരം രണ്ടോ മൂന്നോ അതുമല്ലെങ്കിൽ നാലോ എന്നതിലേക്ക് കുറഞ്ഞപ്പോൾ അന്നന്നത്തെ ചിലവുകൾ കഴിഞ്ഞു നീക്കിയിരുപ്പ് കൂടി. അതിനനുസരിച്ചു കാലാനുസൃതമായി പല ആർഭാടങ്ങളും അതിനുള്ള പ്രാധാന്യവും കൂടിയപ്പോൾ അതിലേക്ക് സ്ത്രീധനവും എഴുതിച്ചേർക്കപ്പെട്ടു. വിവാഹത്തിന് വീട്ടിലെ ആൺകുട്ടിക്ക് എത്ര സ്ത്രീധനം കിട്ടിയിട്ടുണ്ടോ അത്രയും സ്ത്രീധനം വീട്ടിലെ പെൺകുട്ടിയുടെ വിവാഹത്തിന് കൊടുക്കണം അതല്ലെങ്കിൽ വീട്ടിലെ പെൺകുട്ടിക്ക് എത്ര സ്ത്രീധനം കൊടുത്തിട്ടുണ്ടോ അതിനനുസരിച്ചു വീട്ടിലെ ആൺകുട്ടിക്ക് സ്ത്രീധനം കിട്ടിയിരിക്കണം എന്നുള്ള നിബന്ധനകൾ  തികച്ചും മാനസികമാണ്. ഇങ്ങനെയുള്ള താൻപ്രമാണിത്തമുള്ള അല്ലെങ്കിൽ മത്സരബുദ്ധിയുള്ള ചിന്താഗതികൾ ഇരുവീട്ടുകാരും വച്ചു പുലർത്താൻ തുടങ്ങിയതോടെയാണ് യഥാർത്ഥത്തിൽ സ്ത്രീധനം എന്ന ഏർപ്പാട് തന്നെ പ്രചാരത്തിലായത്.  അടിസ്ഥാനപരമായി ഈ പ്രവണത സമൂഹത്തിൽ നിന്നും തുടച്ചുമാറ്റണമെങ്കിൽ പെൺകുട്ടിയെ മറ്റൊരാളുടെ കരങ്ങളിൽ ഏല്പിക്കേണ്ടതാണ് എന്ന ചിന്തയിൽ മാറ്റം വരണം. എതൊരു പെൺകുട്ടിയും അവളുടെ അഭിപ്രായങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കാണണം. സ്വയം സംരക്ഷണത്തിന് ആയോധനമുറകൾ ആവശ്യമെങ്കിൽ അതിനും; വിദ്യാഭ്യാസത്തിന് കൊടുക്കുന്ന അതെ പ്രാധാന്യം കൊടുത്തു അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു. തുല്യപ്രാധാന്യം കൊടുത്തു വളർത്തി വലുതാക്കുകയും തുല്യവിദ്യാഭ്യാസം കൊടുത്തു വളർത്തുകയും ഒക്കെ ചെയ്തിട്ടും എന്തുകൊണ്ട് നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്ക് പെണ്മക്കളുടെ ജീവിതത്തിൽ ഇങ്ങനെയൊരു അരക്ഷിതത്വം തോന്നുന്നു. സമൂഹത്തിലും ഭർതൃവീട്ടിലും സുരക്ഷിതമായി ജീവിക്കാനുള്ള കഴിവ് അവരിൽ വളർത്തിയെടുത്തെ മതിയാകൂ. അങ്ങനെയൊക്കെയുള്ള മാറ്റങ്ങൾ കുടുംബങ്ങളിലുണ്ടാകുമ്പോൾ സമൂഹത്തിലും അതിന്റെ പ്രതിഫലനങ്ങൾ തീർച്ചയായും ഉണ്ടാവും. മാതാപിതാക്കളുടെ  കടമയാണ് ആൺമക്കളെ അവരുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന പങ്കാളിയെ തുല്യപ്രാധാന്യം കൊടുത്തു അംഗീകരിക്കാൻ പഠിപ്പിക്കുക എന്നത്. ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ പത്തു വർഷം കൊണ്ടോ ഒന്നും ഇത് പ്രാവർത്തികമാകണം എന്നില്ല. പ്രതീക്ഷയുടെ കൈത്തിരിനാളം ഓരോ കുടുംബങ്ങളിലും നിന്ന് തന്നെ ഉയരണം, സമൂഹത്തിൽ മാറ്റത്തിന്റെ അലയടിക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭൂപടം
Next articleഭിക്ഷാംദേഹിയും ബോധഗംഗയും
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here