ഏതുരാജ്യക്കാരായാലുമേതു മതസ്ഥരായാലും
ഒരേ ഹൃദയം, ഒരേ കരള്‍, ഒരേ തലച്ചോറ്
മര്‍ത്ത്യനെന്നുമെവിടെയും ഒരേ രൂപം
കൂടുതലായിട്ടാര്‍ക്കുമൊന്നുമില്ല
ശൂന്യകരങ്ങളുമായി ഒറ്റയ്ക്ക്
ഒരേ രീതിയില്‍ വന്നവരിവര്‍
ശൂന്യകരങ്ങളുമായിട്ടുതന്നെ ഒറ്റയ്ക്ക്
ഒരേ രീതിയില്‍ പോകേണ്ടവരുമിവര്‍
ആരായാലും മര്‍ത്ത്യര്‍ക്കെല്ലാം
വിശപ്പും ദാഹവും ഒരുപോലെ
കാമവും കോപവും ഒരുപോലെ
നിദ്രയും പ്രണയവും ഒരുപോലെ
സന്തോഷവും സന്താപവും ഒരുപോലെ
ഭാവങ്ങളും ചലനങ്ങളും ഒരുപോലെ
മര്‍ത്ത്യരേവരും ശ്വസിക്കുന്നത് ഓക്സിജന്‍
കുടിക്കുന്നതു ജലം കുളിക്കുന്നതും ജലത്തില്‍
മര്‍ത്ത്യരിവരുടെ സിരകളിലൊഴുകും ചോരയ്ക്ക്
ഒരേ നിറം, ഒരേ ക്ഷാരഗുണം
ഇവര്‍തന്‍ അക്ഷികളില്‍ നിന്നടരും
അശ്രുക്കള്‍ക്കും ഒരേ ചവര്‍പ്പ്
എന്നിട്ടുമെന്തുകൊണ്ടീ യുദ്ധങ്ങള്‍
എന്നിട്ടുമെന്തിനീ മാത്സര്യങ്ങള്‍
എന്തിനീ ആര്‍ത്തികള്‍
എന്നിട്ടുമെന്തേയീപ്പാരില്‍
ശാന്തിതന്‍ നറുമണം പരക്കാത്തൂ
സ്നേഹപൂക്കള്‍ വിടരാത്തൂ…