പണ്ടു പണ്ടു പാങ്ങോട് ഒരു കരിങ്കണ്ണി കാവൂട്ടി ഉണ്ടായിരുന്നു. നാട്ടുകാര്‍ക്ക് അവളെ ഭയമായിരുന്നു.
അവള്‍ എന്തെങ്കിലും ലോഹ്യം ചോദിച്ച് അടുത്തു വന്നാല്‍ നാട്ടുകാര്‍ അകന്നു മാറിയിരുന്നു . കാവൂട്ടി പറഞ്ഞാല്‍ കണ്ണു പറ്റുമെന്നായിരുന്നു നാട്ടൂകാരുടെ വിശ്വാസം.
കാവൂട്ടിയുടെ കണ്ണിനു വിഷശക്തിയുണ്ണ്ടായിരുന്നു. അതാണ് കരിങ്കണ്ണി കാവൂട്ടി എന്നു വിളിക്കാന്‍ കാരണം . യുക്തിവാദികളും അവളെ ഭയപ്പെട്ടിരുന്നു. വിശ്വസിക്കാനാവാത്ത പല കഥകളും അവളെ പറ്റി പലര്‍ക്കും പറയാനുണ്ട്.
ഒരിക്കല്‍ വണ്ടിക്കാരന്‍ അലിയാര്‍ രണ്ടു കാളകളെ വാങ്ങി . തടിച്ചു കൊഴുത്ത രണ്ടു വണ്ടിക്കാളകള്‍. പുതിയ കാളകളെ വണ്ടിക്കു കെട്ടി ചന്തയില്‍ നിന്നും സാമാനം വാങ്ങി കൊണ്ടു വരുന്നതു കണ്ട് കാവൂട്ടി പറഞ്ഞു.
” അല്ല അലിയാര്‍ മാപ്പിള പുതിയ കാളകളെ വാങ്ങിയല്ലേ നല്ല മൂരികളാ! കുതിരയേപ്പേലെ ഓടുന്നു! എന്താ ഇവറ്റകള്‍ക്ക് വില?”
അലിയാര്‍ മറുപടി ഒന്നും പറഞ്ഞില്ല അതിനു മുമ്പേ ഒരു കാള കൈ മടങ്ങി വീണൂ . പിന്നെ ഒരടി വച്ചില്ല.
അലിയാര്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി കാളയെ അഴിച്ചു മാറ്റി കാവൂട്ടിയെ അസഭ്യവാക്കുകള്‍കൊണ്ട് അഭിഷേകം ചെയ്തു.
ആളൂകള്‍ എന്തെല്ലാം പറഞ്ഞാലും കാവൂട്ടി കണ്ട കാര്യം പറയും. പറയാതിരിക്കാന്‍ അവള്‍ക്കു കഴിയുകയില്ല . പറയണ്ട എന്നു വിചാരിച്ചാലും പറഞ്ഞു പോകും. പറഞ്ഞാല്‍ ഫലിക്കുകയും ചെയ്യും.
തന്മൂലം കാവൂട്ടിയെകൊണ്ട് ചിലര്‍ ചില കാര്യങ്ങള്‍ പറയിപ്പിച്ച് ഫലം നേടാന്‍ നോക്കാറുണ്ട്.
അയല്പക്കത്തെ മേനോന്റെ കാവുങ്ങപ്പാടത്ത് നെല്ലു വിത്ത് വിതച്ചിട്ട് നെല്ലിനിരട്ടി പുല്ലാണ് മുളച്ചത് . പുല്ല് കളയാന്‍ കാവൂട്ടിയെ വിളിച്ചു കാണിക്കാമെന്ന് മേനോന്‍ തീരുമാനിച്ചു.
വിവരം മേനോന്‍ കാവൂട്ടിയോടു പറഞ്ഞു.
” കാവൂട്ടി എന്റെ കാവുങ്ങപ്പാടത്ത് പത്തു പറക്കു നിലത്തില്‍ ഓണോട്ടന്‍ വിതച്ചിട്ട് പുല്ലാണു മുഴുവന്‍. ഇടക്ക് ഓരോ നെല്ലേ ഉള്ളൂ. നീ വന്ന് പാടത്തു നോക്കി പുല്ലിനെ ഒന്നു വര്‍ണ്ണിച്ചു പറയണം പുല്ല് കരിഞ്ഞു പോകുമല്ലോ”
അവള്‍ സമ്മതിച്ചു.
മേനോന്റെ കൂടെ അവള്‍ പാടത്ത് ചെന്നു. പുല്ലു നിറഞ്ഞ് നില്‍ക്കുന്ന കണ്ടത്തില്‍ ഒരു മുഴം നീളമുളള നെല്‍ക്കതിരുകളും കണ്ടു. അത്ഭുതപ്പെട്ട് അവള്‍ പറഞ്ഞു.
” അമ്മേ! ഈ കണ്ടത്തില്‍ അപ്പിടി പുല്ലാണല്ലോ . ഇങ്ങനെ പുല്ലുണ്ടാവോ? ഈ പുല്ലിന്റെ ഇടക്കു നില്‍ക്കുന്ന ഓരോ നെല്ലിന്റെ കതിരിനു ഓരോ മുഴം നീളമുണ്ടല്ലോ”!
ആ പൂപ്പ് കാവുങ്ങപ്പാടം മോനോനു കൊയ്യേണ്ടി വന്നില്ല. നെല്ലും പുല്ലും കണ്ണു പറ്റി കരിഞ്ഞു പോയി.