വിശുദ്ധ കുപ്പായം

 

 

 

 

 

 

ദൈവ കൂരയിലെ

മാലാഖമാർക്ക്

പട്ടു കുപ്പായം

തുന്നുന്നവരാണ്

വെള്ളി കൊലുസിട്ട

ഭൂമി പെണ്ണുങ്ങൾ

മഴ മൂക്കുത്തികളിട്ട

രാത്രിമാനത്ത്

പറന്നു വന്ന

വെളുത്ത കൊറ്റി –

കളെ നോക്കി

കറുത്ത മാലാഖക്ക്

കറു കറുത്ത

കുപ്പായം തുന്നുന്നു.

അതിർത്തി –

പാടങ്ങളിലിരുന്ന്

പെൺപരുത്തികൾ

പതുക്കിനെ ചിരിക്കുന്നു.

ആകാശവും

കടന്നെത്തുന്ന

പരുത്തി തോട്ടത്തിലെ

ദിവ്യ പെണ്ണുങ്ങടെ

ഉടലോർത്ത്

ആൺ പരുത്തികൾ

തേനീച്ച കുത്തേറ്റിരിക്കുന്നു.

കടയിലിരുന്ന്

തുന്നൽ സൂചികൾ

ചടച്ചു

നിലവിളിക്കുന്നു.

സൂചിയമ്മാവൻ

തുന്നിയ

കോലം കെട്ട

കുപ്പായങ്ങളിൽ

സാത്താൻ നൂലുകളടരുന്നു.

അതിർത്തികളിലിരുന്ന്

ആൺകുപ്പായങ്ങൾ

പേറി മടുത്ത

ഫാക്ടറികൾ

അമ്മിഞ്ഞ

പുക ചുരത്തുന്നു.

ഭൂമി പിള്ളേരുടെ

പെൺകുപ്പായങ്ങളെ

ചൊല്ലി

ഉറക്കത്തിലെ

കിനാക്കളിൽ

സ്വർഗ്ഗം

ഒളിപ്പിച്ച

യന്ത്രങ്ങൾ

പരസ്പരം കലഹിക്കുന്നു.

തട്ടിൽ പുറത്ത്

വെച്ച

കന്യാമറിയച്ചെടി

നിലാവത്ത്

പൂക്കുന്നതും കാത്ത്

മാലാഖമാർ

ഓട്ട കണ്ണു ചിമ്മി

പുഴകളിലെ

യോനീ ചെപ്പുകളിൽ

അടയിരുന്നു.

കുപ്പായവേട്ടക്കാർ

കടത്തു തോണിയിലിരുന്ന്

മുല വെടിയുതിർത്തു.

അന്നേരം

മഴമുക്കുത്തി –

കളുടഞ്ഞു.

തട്ടിൻപുറത്തു നിന്ന്

വെള്ളി കൊലുസുകൾ

കരച്ചിലോടെ തെറിച്ചു

അപായമെന്നാർത്ത്

വെളുത്ത കൊറ്റികൾ

പെണ്ണ തിരുകളിൽ

വഴി മുട്ടി.

കന്യാമറിയ-

ച്ചെടിക്കുനേരെ

ചാരായ വള്ളികൾ

തൂങ്ങി നിന്നു.

ഭൂമിപ്പെണ്ണുങ്ങൾ

പാതി തുന്നി വെച്ച

മാലാഖ കുപ്പായങ്ങൾ

കള്ള കടത്തു കാരന്റെ

ചരക്കു ലോറിയിലിരുന്ന്

ദൈവ കണ്ണടച്ചു.

പള്ളികളിലെ

പ്രാർത്ഥനാ നേരം

തുണിയുടുക്കാത്ത

മാലാഖ പെണ്ണുങ്ങൾ

തണ്ടൊടിയുന്ന

ദൈവ കൂരയിലിരുന്ന്

ഭൂമിയിലെ വിശുദ്ധ കുപ്പായങ്ങളെ പറ്റി

നിലവിളിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here