കൃഷ്ണേട്ടനെ മൂന്നാമത്തെ ഹൃദയ സ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പൺ സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഉടനെ വേണമെന്നും പറഞ്ഞു.
കൃഷ്ണട്ടൻ ഓരോന്നോർത്ത് അന്തം വിട്ട് കിടക്കുമ്പോഴാണ് കറുത്തു തടിച്ച ഒരാൾ സന്ദർശകനായി എത്തിയത്.ആളെ അത്ര പരിചയമില്ലെങ്കിലും പുഞ്ചിരിയോടെ സ്വീ രി ച്ചു.
“ആരാ, മനസ്സിലായില്ലാട്ടോ.”
ആഗതൻ ഇരുന്നു കഴിഞ്ഞപ്പോൾ കൃഷ്ണേണേട്ടൻ ചോദിച്ചു
” മനസ്സിലായില്ല, ക്ഷണിക്കാതെ വരുന്ന ആൾ തന്നെ.” – ആഗതൻ ഒട്ടും മയമില്ലാതെ അറിയിച്ചു.
” മനസ്സിലായി. കണ്ടപ്പഴേ തോന്നി. എങ്കിലും ചോദിച്ചൂന്ന് മാത്രം ”
കൃഷ്ണട്ടൻ അൽപ്പം നിവർന്നിരുന്നു.
“എങ്കിൽ ,പോകാം” – ആഗതൻ തിരക്കുകൂട്ടി.
“ഓ, ആയിക്കോട്ടെ ” – കൃഷണേട്ടൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.
“എന്തെങ്കിലും എടുക്കാനുണ്ടോ?” – ആഗതൻ എഴുന്നേറ്റു കൊണ്ട് ചോദിച്ചു.
” അങ്ങനെയല്ലല്ലോ പറഞ്ഞു കേട്ടിട്ടുള്ളത് !” _ കൃഷ്ണേട്ടൻ ആശ്ചര്യത്തോടെ ത്തഗതനെ ഒന്നു നോക്കി.
” ശരിയാണ്. ഇങ്ങനെയൊരു ചോദ്യം പതിവില്ലാത്തതാണ്.”- ആഗതൻ പിറുപിറുത്തു.
“എങ്കിൽ നമുക്കു പോകാം.” – കൃഷ്ണേട്ടൻ പറഞ്ഞു.
” ഞാൻ നിങ്ങൾക്ക് ഒരു മണിക്കൂർ സമയം കൂടി അനുവദിച്ചിരിക്കുന്നു. എൻ്റെ ഒരു ചെറിയ സൗജന്യം ”
അല്പനേരത്തെ ആലോചനയ്ക്കൊടു വിൽ ആഗതൻ അറിയിച്ചു.
“ഓ, അതിൻ്റെയൊന്നും ആവശ്യമില്ല.നമുക്കു പോകാം.”
കൃഷ്ണേട്ടൻ എണീറ്റിരിക്കാൻ ഒരു ശ്രമം നടത്തി.
” അല്ലെങ്കിൽ വേണ്ട, ഒരു ദിവസം തന്നെ ആയിക്കോട്ടെ.”
“എന്തിന്? എനിക്കു വേണ്ടി കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കേണ്ട.”
“ഒരു വർഷം ആയാലോ?”
“ഇയാളുടെ ഒരു കാര്യം! ശരി, അങ്ങനെയെങ്കിൽ അങ്ങനെ.” – കൃഷ്ണേട്ടൻ സമ്മതം മൂളി
ആഗതൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
“ആരാ അയാൾ?എന്തൊരു ഗൗരവം. ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ.”
മുറിയിലേയ്ക്കു കടന്നു വന്ന ഭാര്യ ചോദിച്ചു.
” ഒരു ഇടപാടുകാരൻ. ആളൊരു കടുംപിടുത്തക്കാരനാണ്. വട്ടിപ്പലിശക്കാരനെ കടത്തിവെട്ടും. ഒരു സൗജന്യവും ദയയും പ്രതീക്ഷിക്കേണ്ട. പക്ഷേ, എൻ്റെ കാര്യത്തിൽ അദ്ഭുതം സംഭവിച്ചിരിക്കുന്നു. ഒരു വർഷത്തേക്ക് നീട്ടിത്തന്നു!”
“എന്ത്? എനിക്കൊന്നും മനസ്സിലായില്ല.”
“നിനക്കെന്നല്ല ആർക്കും മനസ്സിലാവില്ല. പിന്നെ, ഡോക്ടർ വന്നാൽ പറഞ്ഞേക്ക് ഓപ്പറേഷൻ വേണ്ടെന്ന്.”- അത്രയും പറഞ്ഞ് കൃഷ്ണട്ടൻ ഒരു ഓറഞ്ചെടുത്ത് തൊലി അടർത്തിത്തുടങ്ങി.
”ഒരു കൊല്ലത്തേക്ക് ഇനി ഒരു ചികിത്സയും ആവശ്യമില്ല.”
*
കെ.കെ.പല്ലശ്ശന