പ്രവാസ മനസ്സുകളിൽ പൂക്കുന്ന കണിക്കൊന്നകൾ

 

യാത്രക്കാരെ ഒന്നിന് മുകളിൽ അടക്കി പിടിച്ച് താങ്ങാനാകുന്നതിൽ ഭാരം താങ്ങി വിഷമിച്ച് ഓടുകയാണ് ഇലക്ട്രിക് ട്രെയിൻ. ഒരൽപ്പം പ്രാണവായു ശരിയാംവണ്ണം ലഭിച്ചിരുന്നെങ്കിൽ എന്ന് പരിശ്രമിയ്ക്കുകയാണ്. പലപ്പോഴും പരിശ്രമം വിഫലമാകാറുണ്ട്. എങ്ങിനെയോ ഒരു വിധത്തിൽ നാസിക തുറന്നു ഞാൻ ശ്വസിയ്ക്കാൻ തുടങ്ങി. വയറിലും, നെഞ്ചിലും മുഖത്തും കൈമുട്ടുകൾ കൊണ്ടുള്ള പ്രഹരങ്ങൾ ഹായ്ഹീൽ ചെരുപ്പുകൊണ്ടുള്ള ദാക്ഷിണ്യമില്ലാത്ത തൊഴിയും സഹിച്ചുള്ള മുബൈയിലെ ട്രെയിൻ യാത്രയിൽ ഞാൻ ആശ്വാസം കാണാറുള്ളത് പൊടിപടലങ്ങളുടെ മലിനീകരണത്തിൽ , ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്കിടയിൽ ശ്വാസംമുട്ടി നിൽക്കുന്ന പ്രകൃതിയുടെ ദയനീയമായ മുഖം മാത്രമാണ്. പലപ്പോഴും ഇവിടെത്തെ മനുഷ്യരെപ്പോലെത്തന്നെ മലിനീകരണത്തിൽ ആയുസ്സെണ്ണി കഴിയുന്ന മരങ്ങളോടെനിയ്ക്ക് സഹതാപം തോന്നാറുണ്ട്. കൊടും ചൂടിൽ വെള്ളം പോലും ലഭിയ്ക്കാതെ ഉണങ്ങി നാമാവശേഹമാകുന്ന കേരളത്തിലെ പ്രകൃതിയെക്കാളും, മലിനജലമാണെങ്കിലും ഇവിടുത്തെ മരങ്ങൾക്ക് വെള്ളം ലഭിയ്ക്കുന്നുണ്ടല്ലോ എന്നും ഞാൻ ഓർക്കാറുണ്ട്..

ഇങ്ങനെ പ്രകൃതിയുമായി സല്ലപിച്ചളപ്പോൾ ശരീരത്തിനേൽക്കുന്ന ഇടിയും കുത്തും ചവിട്ടും ഒന്നും എന്റെ മനസ്സിനെ ബാധിച്ചില്ല. പെട്ടെന്ന് വിക്രോളി സ്റ്റേഷനിൽ നിന്നും ഒരല്പ ദുരം ചെന്നപ്പോൾ സിഗ്നൽ ലഭിയ്ക്കാതെ ട്രെയിനിന്റെ പ്രയാണം നിലച്ചുപോയി. അത്യുഷ്ണത്താൽ രണ്ടു കവിളുകളിലൂടെയും ഉർന്നിറങ്ങിയ സ്വേദബിന്ദുക്കളിൽ അസ്വസ്ഥയായ എനിയ്ക്ക് സ്ഥലകാല ബോധം തിരിച്ചുകിട്ടി അനുഭവപ്പെട്ട വീർപ്പുമുട്ടൽ ഒഴിവാക്കാൻ വീണ്ടും എന്റെ മനസ്സ് പുറമെ പ്രകൃതിയുമായുള്ള സല്ലാപത്തിൽ ഏർപ്പെട്ടു.
പാളങ്ങൾക്കപ്പുറത്ത് കടുത്ത ചൂടും മലിനീകരണവും ഒന്നും വകവയ്ക്കാതെ പൂത്തുലങ്ങു പീതാംബരം ചുറ്റിനിൽക്കുന്ന ഉന്മേഷവാദിയായ കർണ്ണികാര പൂക്കൾ എന്റെ നയനങ്ങൾ കവർന്നെടുത്തു. ഒരല്പ നേരം ആ സൗന്ദര്യത്തെ ആസ്വദിച്ചപ്പോൾ എന്നിൽ ആനന്ദം നിറഞ്ഞു തുളുമ്പി. പവിത്രമായ ആ പീതവർണ്ണം എത്ര ആസ്വദിച്ചാലും തൃപ്തിവരാത്തതുപോലെ. പരസ്പരം സൗഹൃദം കൈവിടാതെ ചേർന്നുനിൽക്കുന്ന ഓരോ പൂക്കുലകളുമാകാം ഈ മനോഹാരിത പകരുന്ന കളങ്കമില്ലാത്ത ഈ സൗദര്യത്തിന്റെ ഉറവിടം. പൂക്കുലകൾക്കിടയിലൂടെ എത്തിനോക്കുന്ന ഹരിത വർണ്ണത്തിലുള്ള തളിരിലകളും ഈ ശാലീന സുന്ദരിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമാകാം. പൊരിയുന്ന ചൂടിലും ഒട്ടും തളരാതെ നിൽക്കുന്ന ഓരോ പൂക്കളുടെ തുറന്ന മിഴികളിലും പ്രതീക്ഷകളുടെ പ്രകാശം കാണപ്പെട്ടു. ഈ പൂക്കളുടെ സൗന്ദര്യത്തിൽ ഹരംപിടിച്ച് അവയെ ചുറ്റിപറ്റി നിൽക്കുന്ന മന്ദമാരുതന്റെ തലോടലിനൊപ്പം ഈണത്തിൽ ഒരൽപം ഇളകിയാടി ഉല്ലസിയ്ക്കുകയാണ് ഓരോ പൂക്കളും. സാക്ഷാൽ ഭഗവാന്റെ പീതാംബരമായി, ചിലങ്കയായി അരഞ്ഞാണമായി ഓരോ കവി ഹൃദയങ്ങളിലും ചേക്കേറിയ ഈ പൂക്കൾ എന്റെ ഹൃദത്തിലും നേത്രങ്ങളിലും കുളിർകോരി. ട്രെയിനിന്റെ ചലനങ്ങളിൽ വളരെ പണിപ്പെട്ടാണ് ഞാൻ നേത്രങ്ങളെ അടർത്തിയെടുത്തത്. എങ്കിലും മനസ്സിൽ ആ പീതവർണ്ണം ഒരു ഓണവെയിൽ പോലെ തങ്ങി നിന്നു. ഈ കണിപ്പൂക്കളുമായുള്ള സല്ലാപം മനസ്സിൽ ബാല്യകാല ഓർമ്മകളുടെ വർണ്ണപൂത്തിരികൾ പൊട്ടി വിടരുന്ന വിഷുവായി മാറി.
കണി പൂവില്ലാതെ ഒരു വിഷുവില്ലല്ലോ! ഒരു പൂവുപോലും കൊഴിയാത്ത കണിക്കൊന്ന പൂക്കുലകൾ തന്നെ കണികാണണം എന്ന് നിർബന്ധമായിരുന്നു. കുട്ടുകാരെല്ലാവരും കുടി പോയി കണിക്കൊന്ന പൂക്കൾ പറിച്ച് എല്ലാ വീടുകളിലേക്കും പങ്കുവയ്ക്കും. തലേദിവസം ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ചാൽ ഉടൻ കണ്മുമ്പിൽ വിഷുകണി ഓടിവരും. അത്രയ്ക്കും ആകാംക്ഷയായിരുന്നു. ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടനെന്നു ഉറപ്പുവരുത്തി അമ്മ വിഷുകണി തയാറാക്കിവയ്ക്കും. വെളുപ്പിനേ നാലുമണിയായാൽ വിളക്കുകൊളുത്തി അമ്മ കണികാണാൻ ഞങ്ങളെ വന്നു വിളിയ്ക്കും. പതിവുപോലെ പലവട്ടം വിളിയ്ക്കേണ്ട ബുദ്ധിമുട്ടൊന്നും അന്നില്ല. ഒരുവിളിയിൽ തന്നെ കണികാണാൻ തയ്യാറായി എഴുനേറ്റ് കണ്ണടച്ചിരുപ്പാകും. കണ്ണുമൂടിപിടിച്ചുകൊണ്ട് അമ്മ നടത്തികൊണ്ടുപോയി കണിയ്ക്കുമുന്നിലുള്ള ആവണപലകയിലിരുത്തി കണ്ണുതുറക്കാൻ പറയും. കാർഷിക വിഭവങ്ങളാലും, ദൈവാനുഗ്രഹത്താലും, സമ്പദ്സമൃദ്ദിയാലും ആനന്ദത്താലും ഐശ്വര്യത്താലും നിറഞ്ഞതായിരിയ്ക്കണം ഈ വര്ഷം എന്ന് കണി കാണുമ്പോൾ മനസ്സിൽ ചിന്തിയ്ക്കണം എന്ന് ‘അമ്മ പറയാറുണ്ട്. പൂവിതൾപോലെ വിരിയുന്ന കണ്ണിൽ സ്വർണ്ണ ഉരുളിയിൽ വച്ചിരിയ്ക്കുന്ന ഉണക്കല്ലരി പുതുവസ്ത്രം, സ്വർണ്ണനിറത്തിലുള്ള വെള്ളരിയ്ക്ക അതിൽ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന സ്വർണ്ണാഭരണങ്ങൾ, പണം, ഉരുളിയുടെ ഇരുവശങ്ങളിലായി കത്തിച്ചുവച്ചിരിയ്ക്കുന്ന തേങ്ങാവിളക്ക്, ഐശ്വര്യത്തിന്റെ പ്രതീകമായ അഞ്ചുതിരിയിട്ടു കത്തിച്ചുവച്ചിരിയ്ക്കുന്ന നിലവിളക്ക്, നിലവിളക്കിനുചുറ്റും ചക്ക, മാങ്ങ പടവലങ്ങ തേങ്ങ നെല്ല് തുടങ്ങിയ കാർഷികവിഭവങ്ങൾ, പിന്നെ കണികൊന്ന പൂവിനാൽ അലങ്കരിയ്ക്കപ്പെട്ട, വിളക്കിന്റെ പ്രകാശത്തിൽ വെട്ടിതിളങ്ങുന്ന സാക്ഷാൽ ഭഗവാൻ. കണികണ്ടതിനുശേഷം അച്ഛൻ ഞങ്ങൾക്കെല്ലാവർക്കും വിഷുകൈനീട്ടമായി നാണയങ്ങൾ തരും. പിന്നെ പടക്കം, കമ്പിപൂത്തിരി, ലാത്തിരി എന്നിവ കത്തിച്ച് ആഘോഷത്തിനു തുടക്കമിടുന്നു. കണിവച്ച ചക്കകൊണ്ടുണ്ടാക്കിയ ചക്കപുഴുക്ക്, മാങ്ങ, വെള്ളരിക്ക എന്നിവകൊണ്ടുണ്ടാക്കിയ മാമ്പഴപുളിശ്ശേരി, ഉണക്കല്ലരി കൊണ്ടുണ്ടാക്കിയ പാൽപായസം എന്നിവയെല്ലാമാണ് വിഷുസദ്യയിൽ പ്രധാനം. എല്ലാവിഭവങ്ങളും തയ്യാറായി കഴിഞ്ഞാൽ പ്ലാവിലകുമ്പിളിൽ എല്ലാം പകർന്നെടുത്ത് കൊന്നപൂക്കൾകൊണ്ട് അലങ്കരിച്ച കൈകോട്ടിനാൽ മണ്ണിളക്കി എല്ലാ വിഭവങ്ങളും ഭൂമിദേവിയ്ക്കു സമർപ്പിച്ചതിനുശേഷമാണു എല്ലാവരും ആഹാരം കഴിയ്ക്കുന്നത് ഓരോ വീട്ടിലേയും വിഷുസദ്യ കഴിഞ്ഞാൽ മാലപടക്കം പൊട്ടിയ്ക്കും. ഇതിൽനിന്നും ഏതു വീട്ടിലെ വിഷുസദ്യ കഴിഞ്ഞു എന്ന് മനസ്സിലാക്കാം. വിഷുദിവസം പാടത്ത് ഒരൽപ്പമെങ്കിലും വിത്തുവിതയ്ക്കണമെന്നു നിർബന്ധാമാണു.

കാർഷിക വിഭവങ്ങൾക്കിടയിൽ മറ്റനേകായിരം സൗന്ദര്യവും സൗരഭ്യവും ഒരുപോലുള്ള പുഷ്പങ്ങൾ ഉള്ളപ്പോൾ എന്താണ് കണി കൊന്നയ്ക്ക് പ്രാധാന്യമെന്നു എന്റെ കൊച്ചു മനസ്സ് ചിന്തിയ്ക്കാറുണ്ട്. അത്തഴ പൂജ കഴിഞ്ഞ തിരുമേനി അമ്പലമടച്ച് പോരുമ്പോൾ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ഒരു കൊച്ചു കുട്ടി അമ്പലത്തിനുള്ളിൽ അകപ്പെട്ടുവത്രെ. പേടിച്ച് നിലവിളിച്ച കുട്ടിയെ ആശ്വസിപ്പിയ്ക്കാൻ സാക്ഷാൽ ഭഗവാൻ വന്നു. കുട്ടിയ്ക്ക് കളിയ്ക്കാനായി തന്റെ അരഞ്ഞാണം ഊരികൊടുത്തു. രാവിലെ തിരുമേനി വന്നു നട തുറന്നു നോക്കിയപ്പോൾ കാണാതായ അരഞ്ഞാണം കുട്ടിയുടെ കയ്യിൽ കണ്ടുവെന്നും. നിരപരാധിത്വവും പറഞ്ഞ കുട്ടിയെ വിശ്വസിയ്ക്കാതെ തിരുമേനി ഒരുപാട് ക്ഷോഭിച്ചു. ഭയന്ന് വിറച്ച കുട്ടി അരഞ്ഞാണം ദൂരേയ്ക്ക് എറിയുകയും അത് കൊന്ന മരത്തിൽ പൂക്കുലകളായി മാറി എന്നും. അതിനാൽ ഈ കൊന്നപ്പൂ കണി കാണുന്നതിലൂടെ ഭഗവാന്റെ അരഞ്ഞാണമാണ് കണികാണുന്നത് എന്നുമാണ് അച്ഛൻ പറഞ്ഞു തന്ന എഐതിഹ്യം .

വിഷുവിനെക്കുറിച്ചുള്ള ഓർമ്മകൾ താലോലിയ്ക്കുമ്പോൾ മീന മേടമാസത്തിൽ മാത്രം അപൂർവ്വമായി കാണാറുള്ള വിഷു പക്ഷിയെ, അതിന്റെ കൂജനത്തെ എങ്ങിനെ മറക്കാൻ കഴിയും? ‘വിത്തും കൈക്കോട്ടും’ എന്ന് പറഞ്ഞു കർഷകരെ പാടത്ത് വിത്തിറക്കാൻ ജാഗരൂകരാക്കുകയാണിവ എന്ന് അച്ഛൻ പറഞ്ഞ കഥയും ഓരോ വിഷുവും ഓർമ്മപ്പെടുത്തും.

കണിക്കൊന്നയുടെ സൗന്ദര്യത്തെ ആസ്വദിയ്ക്കാൻ, വിഷുപ്പക്ഷിയുടെ കൂജനം കേൾക്കാൻ ഇന്നു നാട്ടിൻ പുറത്തെ കുട്ടികൾക്ക് സമയവും താല്പര്യവും നഷ്ടപ്പെട്ടുവോ എന്ന ചിന്ത മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. എവിടെയെങ്കിലും കണിക്കൊന്ന ഉണ്ടെങ്കിലും ഇന്നു ജനങ്ങൾ ഒരുപക്ഷെ കണിവയ്ക്കാൻ ആഗ്രഹിയ്ക്കുന്നത് സാക്ഷാൽ കണിക്കൊന്നയെ വെല്ലുന്ന ചൈനീസ് കൃത്രിമ കണിക്കൊന്ന പൂക്കളാകാം. കാരണം വീട്ടിലെ കണിയുടെ ചിത്രമെടുത്ത് വാട്സാപ്പിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുമ്പോൾ ഒരല്പമെങ്കിലും വാടാത്ത പുതന്നെയാകട്ടെ. മാത്രമല്ല മരത്തിന്റെ മുകളിൽ ചില്ലമറഞ്ഞു നിൽക്കുന്ന കണിപ്പൂ പൊട്ടിയ്ക്കാൻ മരം കയറാൻ ഇന്നത്തെ കുട്ടികൾക്ക് യു ട്യൂബ് പരിശീലനം മാത്രമല്ലേ ഉള്ളു. പ്രായോഗികമായ അനുഭവമില്ലല്ലോ! എന്നാൽ ആരെയെങ്കിലും വിളിയ്ക്കാം എന്നുവച്ചാൽ കൈ നിറയെ പണംവും കൊടുത്ത് മറുനാടനെ തന്നെ ആശ്രയിക്കണം. പ്രതികൂല കാലാവസ്ഥയും പണിയെടുക്കുന്നവനെ കിട്ടാനുള്ള ബുദ്ധിമുട്ടുകളും കാരണം കൃഷിയോടുള്ള താല്പര്യം നഷ്ടപ്പെട്ട കർഷകന്റെ അവസ്ഥ മനസ്സിലാക്കിയാകാം വിത്തും കൈക്കോട്ടും എടുക്കാൻ പ്രേരിപ്പിയ്ക്കുന്ന വിഷുപ്പക്ഷിയും ഇന്നു കേരളത്തിന് ഓർമ്മ മാത്രമായോ? . എന്തായിരുന്നാലും പരിഷ്കാരങ്ങളുടെയും നവോദ്ധാനത്തിന്റെയും കുത്തിയൊഴുക്കിൽ ഒഴുകിപ്പോയ മലയാള തനിമ ഇന്നു ചില ഹൃദയങ്ങളിലും, നാളേക്കായി കുറെ അക്ഷരങ്ങളിലെങ്കിലും ജീവിയ്ക്കട്ടെ.
സർവ്വ എഐശ്വര്യവും, സമ്പദ്സമൃദ്ദിയും ആരോഗ്യവും നിറഞ്ഞ പുതു വർഷത്തിന്റെ തുടക്കമാകട്ടെ ഈ വിഷു എന്ന് ആശംസിയ്ക്കട്ടെ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English