മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങൾ:കഥയും കവിതയും അയയ്ക്കാം

 

 

 

മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങൾ പുനരാരംഭിക്കുന്നു. മലയാള കഥയുടെയും കവിതയുടെയും എക്കാലത്തെയും മികച്ചപ്രതിഭകളെ വിദ്യാർഥിജീവിതകാലത്തുതന്നെ കണ്ടെത്തിയ സാഹിത്യമത്സരം ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും തുടങ്ങുന്നത്.

എൻ.എസ്. മാധവൻ, എൻ. പ്രഭാകരൻ, അഷിത, ഡി. വിനയചന്ദ്രൻ, ടി.വി. കൊച്ചുബാവ, സി.ആർ. പരമേശ്വരൻ എന്നിവരുൾപ്പെടെ മലയാളസാഹിത്യത്തിലെ ഒട്ടേറെ മുതിർന്ന എഴുത്തുകാർക്ക് സർഗാത്മകജീവിതത്തിലേക്കു വഴിതുറന്നത് മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരമായിരുന്നു.

കഥ/കവിത വിഭാഗങ്ങളിലായി കലാലയ വിദ്യാർഥികൾക്കിടയിലെ സർഗധനരെ കണ്ടെത്താൻ വേണ്ടിയാണു മത്സരം. റഗുലർ/പാരലൽ കോേളജുകളിലും പ്രൊഫഷണൽ കോളേജുകളിലുമുള്ള വിദ്യാർഥികളുടെ രചനകളാണ് മത്സരത്തിനായി പരിഗണിക്കുക. മലയാളത്തിലുള്ള രചനകൾ മാത്രമേ പരിഗണിക്കൂ.

എം.ടി. വാസുദേവൻ നായരുടെ അധ്യക്ഷതയിൽ മലയാളത്തിലെ പ്രസിദ്ധരായ കഥാകൃത്തുക്കളും കവികളുമടങ്ങുന്ന വിദഗ്ധസമിതിയായിരിക്കും ജേതാക്കളെ തീരുമാനിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന രചനകൾക്ക് 25,000, 15,000, 10,000 രൂപയും സമ്മാനമായി ലഭിക്കും.

സമ്മാനാർഹമാവുന്ന രചനകൾ 2020-ലെ മാതൃഭൂമി വിഷുപ്പതിപ്പിൽ പ്രസിദ്ധീകരിക്കും. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

രചനകൾ 2020 ഫെബ്രുവരി 20-നകം അയയ്ക്കണം. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലുള്ള അടയാള സർട്ടിഫിക്കറ്റിനോടൊപ്പം അയയ്ക്കുന്ന രചനകൾ മാത്രമേ പരിഗണിക്കൂ. മത്സരത്തിന്റെ വിശദാംശങ്ങളും നിബന്ധനകളും ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here