ആരുനീ മൂഢനോ തീഗോളമേ
പകലെന്റെയീ നിദ്ര മുടക്കാൻ?
നിന്റെ കിരണങ്ങളിന്നെന്തു കഠിനം!
നിന്റെ മാർഗ്ഗത്തിനിന്നെന്തു ചലനം!
ശയനം മുടക്കുവാൻ ഗമിക്കുന്നനിന്റെ-
ഉദയം മുടക്കുന്ന രാക്ഷസനാണു ഞാൻ.
സ്ഫുട മായൊരു പുലരിയിലെന്റെയീ
കിരണങ്ങൾ വന്നതാ ജാലകവഴിയെ!
മന്ദ മാരുതനങ്ങയെ പാടീയുറക്കിടും
കൃപയോടെനിക്കിന്നു മാപ്പ് നൾകൂ!.
ഭൂലോകമത്രയും വാഴുകയാണെന്റെ-
കിരണങ്ങളേറ്റുക്കൊണ്ടെന്നുമെന്നും.
പാടീയുറക്കുവാനെന്ത്; പൈതലോ?
അപഹസിക്കുന്നുവോ തീഗോളമേ!
യീദിക്കിലിനിനിനക്കുദയമ്മില്ലായാജ്ഞ-
യരുളുന്നു രാക്ഷസരാവണൻ ഞാൻ.
വീണ്ടുമുയരുവാൻ കാത്തിരുന്നൂ
സൂര്യൻ; രാമ-രാവണയുദ്ധം വരെയും
വീണ്ടുമുദിച്ചുയർന്നു പൊങ്ങീ ദിനം
വിഷുവെന്നു പേരിട്ടു ചൊല്ലാം!
എത്രയെത്ര, ഐതിഹ്യമെത്ര,
കഥകളെത്ര, വിഷുകഥകളെത്ര?.
ആഹാ! ആരോ മുറ്റത്തിരുന്നൊരു
വിഷുപ്പാട്ടുമൂളുന്നതൊന്നു കേൾക്കാം.
കണികണ്ടിടാം കണിക്കൊന്നയും,കണ്മഷി
ചാന്തുമിട്ടൊരുങ്ങുന്ന പൊൻപുലരിയെ,
കനിതേടിടാം, വിഷു കണിയൊരുക്കീടുവാൻ
കനികളിന്നിവിടെല്ലാം സുലഭമാണെ!
നെല്ലും പൊന്നും കണിവെള്ളരിയും
ഒരുങ്ങുന്നൊരത്ഭുത വിഷു പുലരിയിൽ
കാർഷിക കേരള സമൃദ്ധിയെ വാഴ്ത്തുക
വിളവെടുപ്പുത്സവ കാലമാണെ.