വിഷുവിനൊരോർമ്മയോ –
കണിക്കൊന്ന തൻ മഞ്ഞയും,
ഓലപ്പടക്കത്തിൻ അമർച്ചയും, പൂത്തിരിപ്പുഞ്ചിരിയും,
അമ്മതൻ കരങ്ങളാൽ
പൊത്തിയ കണ്ണുകൾ
ഉറക്കച്ചടവിൽ തുറക്കുന്ന
നേരമോ കണിയായി മുന്നിലോ
കള്ളച്ചിരിയോടെ ഭൂഷിതനായ്
കോലക്കുഴലൂതും കാർവർണ്ണനും
മുൻപിലായ് നിറവായ് നിലവിളക്കുമായ്
നിറഞ്ഞു കവിയും പറയുമായ് പാക്കുമായ്
താലത്തിൽ വിളവെടുത്തൊരു കതിരിന്നു കൂട്ടായി കൂടിയ കൈനീട്ടമായ്
വിളവൊത്ത നിറമാർന്ന വാഴക്കുലയും
പുതുമണം മാറാത്ത പട്ടും പുടവയും
കണിവെള്ളരി, ഇളവനും,
പ്രതാപനാം മത്തനും,
മുള്ളുമലർന്നു പാകമാം ചക്കയും
ഉരുളി തൻ വയറിലായ് അണിനിരന്നൊരു കണിയും
മനവും നിറഞ്ഞു, മിഴിയും നനഞ്ഞു,
നിൽക്കുന്ന നേരമോ ശിരസ്സിലോ
അനുഗ്രഹവർഷമായ് അച്ഛനും
മേളക്കൊഴുപ്പോടെ പുലരിയിൽ
തിരികൊളുത്തിയ മാലപ്പടക്കത്തിൻ
ശബ്ദഘോഷത്തിലുണരും വിഷുപ്പക്ഷിയും
പാടുന്ന ഈണത്തിലൊരു വിഷുപ്പാട്ടും
കുളിയും തേവാരവും കഴിഞ്ഞൊരു നേരമോ മുത്തശ്ശന്റെ കൈയിൽനിന്നൊരു നാണയത്തുട്ടായ്
വന്നുചേർന്നോരാ വർഷത്തിൻ നൽഫലം കുമ്പിട്ടു കൈതൊഴും നേരമോ മുത്തശ്ശിതൻ വാത്സല്യച്ചിരിയായി
മറ്റൊരു കൈനീട്ടവും
ഓർമ്മവിഷുതൻ തിളക്കമോ ഏറെ
വർണനാതീതം എന്ന് ചൊല്ലേണ്ടു
ഇന്നുമീ വിഷുപ്പുലരിതൻ നേരത്തു
വിഷുവോർമയിൽ മുങ്ങിക്കുളിച്ചു നിവർന്നു തുവർത്തുമ്പോൾ
കണിയായി ഭഗവാനുമെൻമുന്നിലായി…
Click this button or press Ctrl+G to toggle between Malayalam and English