ഉജ്ജയിനിയിലെ രാപ്പകലുകള്‍
മാളവത്തിൽ മഴ പെയ്തു തിമിർക്കുന്നു, വിദിശയിൽ
ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാൽ
ദേവഗിരിയിലെ കാട്ടുഞാവൽ മൂത്തു മതിർക്കുന്നു,
പോള പൊട്ടിയിളംകൈത വാസനിക്കുന്നു.
ചൊകചൊകേ പലാശങ്ങൾ വെളുവെളേ പാലകളും
മലർ ചൊരിയുന്ന വയൽവരമ്പിലൂടേ
ഇടിമിന്നൽക്കൊടിപടഹങ്ങളോടെ, മദമാണ്ട
കരിങ്കാറിൻപുറമേറിയെഴുന്നള്ളുന്നു
അവതാരം! ഇവൻ മണ്ണിലുഴുതു പുളച്ചു വേർപ്പിൻ
ചുടുഗന്ധമുതിർക്കുന്ന പുരുഷനല്ലി?
നൂറു വസന്തവും നൂറു ശരത്തും ഗ്രീഷ്മവുമംഗ-
രാഗമേന്തി കാത്തുനിന്ന കണവനല്ലി?
മാളവത്തിൽ മഴ ചീറിയലയ്ക്കുന്നു, കൊച്ചുസിന്ധു
നൂറു ചാലായ് നുര കുത്തിപ്പാഞ്ഞണയുന്നു.
പൂന്തുകിലഴിഞ്ഞു കാഞ്ചിയുലഞ്ഞു നിർവിന്ധ്യ രതി-
താന്തയായ് വിഭ്രമംപൂണ്ടു പുലമ്പിടുന്നു.
തുള്ളിമറിയുന്ന മീൻചാട്ടങ്ങളാൽ ഗംഭീര കള്ള-
ക്കണ്ണയച്ചു നിമന്ത്രിപ്പതിവനെയല്ലി?
ഗന്ധവതീപരാഗവും ശിപ്രയുടെയക്ഷമമാം
ചഞ്ചലോച്ഛ്വാസവും ചൂഴ്കേ കാമചാരിയായ്
മകരരത്ഥ്യയിൽ പീലിക്കെട്ടുഴിഞ്ഞാടുന്ന തയ്യൽ-
ക്കിവൻ നഖപദസൗഖ്യമരുളി നിൽപ്പൂ.
നൂറു ഹേമന്തങ്ങൾ, നൂറു ശിശിരങ്ങൾ, കുടം നിറ-
ച്ചാവഹിച്ചതിവന്റെ ഉദ്ദാമതാരുണ്യം!
മാളവത്തിൽ മഴയിരമ്പുന്നു: ചെന്തോലൂർന്നപോലെ
ഞായർ മറയവേ കാട്ടുമരങ്ങളൂടെ
പതിനെട്ടു കൈ വിടർത്തി, ഊഴി വാനം വിറച്ചുപോം
ചടുലവിളംബിതമാംചുവടുകളാൽ
പിതൃവനങ്ങളിൽ മഹാകാളനുണർന്നുറയുന്ന
തിരുനടനമായ്; മൂന്നു കടലിൽനിന്നും
എത്തിടുന്നു കാർനിരകൾ ഉടുക്കുപാട്ടുമായ് പിന്നിൽ
സപ്തതീർത്ഥങ്ങളിൽനിന്നു കലശവുമായ്!
കണ്ണിമയ്ക്കാതെയീ വിശ്വതാണ്ഡവത്തെ ഹരസിദ്ധി
കണ്ടിരിപ്പൂ തൊട്ടടുത്തായ് ഭവാനി ഗൗരി.
അവതാരം! നൂറു പൗർണ്ണമികൾ ഇളന്നീരുമായി
വ്രതം നോറ്റു കാത്തിരുന്നതിവനെയല്ലോ!
മാളവത്തിൽ മഴ ചാറിയടങ്ങുന്നു, വെൺപിറാക്കൾ
രാവിൽ മട്ടുപ്പാവുകളിൽ ചേക്കയേറുന്നു.
പഥികർ കെട്ടിറക്കുന്നു മരച്ചോട്ടിൽ, കുടിൽകളിൽ
കഥകൾ തംബുരു പാട്ടും മുറിപ്പൂ മൗനം.
ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം,
അകം നീറ്റും ഉദയന പ്രേമവൈവശ്യം,
എട്ടു ദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം,
കട്ടുവന്നു ചൗക്കകളിൽ തീൻകുടി മേളം!
നേരിയ തെന്നലിൻതുകിൽ മൂടി എല്ലാം നെടുരാവി-
ലാഴവേ ഒരോടലെണ്ണവിളക്കുമാത്രം
ചിനുങ്ങുന്നു മരം പെയ്യും പുഴയോരക്കാട്ടിനുള്ളിൽ,
ഉറക്കൊഴിക്കുന്നു ഭർത്തൃഹരി ഗുഹയിൽ!
മാളവത്തിൽ മഴ വരുംവരുമെന്നു കൊതിയാർന്നു
കാലമെത്ര പോയി! നാമിന്നുണർന്നുനോക്കേ
ക്രൂരമെരിപകൽ, ദയാഹീനമാം നരച്ച വാനം,
വേരു ചത്തു കഷണ്ടിയായ്ക്കഴിഞ്ഞ മണ്ണും!
കട്ടു തിന്നും ചൗക്കകളിൽ വെടിവട്ടം: തമ്പുരാക്കൾ
ശത്രുവിനെത്തുരത്തുവാൻ പോകയാണത്രേ!
മറുനാട്ടിലവരുടെ പടകേളി പൊന്തിയത്രേ!
മഴ തൂകും വാണമൊന്നു വരുന്നുവത്രേ!
ഇളയുടെ കരൾ പുകഞ്ഞുയർന്നതല്ല, ഭൂപാല-
നഗരിയിൽ പ്രഗതിതൻ യജ്ഞമാണത്രേ!
ഇടമുറിയാതെ നൂറു ശാദ്വലങ്ങൾ നനച്ചെത്തി
ഇവിടെയോ വറ്റിത്താണു പുരുഷപുണ്യം?
മാളവത്തിൽ പെയ്തലിയാനൊരു പടയണിയായി
മാരിമുകിൽകളേ പോരൂ! വിളിപ്പൂ ഞങ്ങൾ.
നാടു വാഴാൻ വാളെടുത്ത വെളിച്ചപ്പാടുകളല്ല
നാലു പുത്തന്നറ വിൽക്കും വിദഗ്ധരല്ല.
പൊടിയണിക്കൂന്തൽ മീതേ ഒഴിഞ്ഞ മൺകുടം പേറും
ഒരു കന്യ; തുരുമ്പിക്കുമൊരു കലപ്പ;
തളിർനാമ്പു നുള്ളിടുമ്പോൾ വിറക്കൊള്ളും കരം; അന്തി-
ക്കറിയാതെ കൂമ്പുമുള്ളിൽ കിനിയുംമൗനം.
ഇതാ ചിന്തകളാൽ ധൂമം, വെളിവിനാൽ തീപ്പൊരികൾ,
അലിവിനാൽ കുളിർവെള്ളം, പ്രാണനാൽ കാറ്റും:
ഉയിർക്കൊൾക, കൊഴുത്തുയർന്നാഴിതൊട്ടളകയോളം
പരക്ക, മണ്ണിലേക്കഭിസരിക്ക വീണ്ടും!
-1988
#####
മുത്തപ്പന്‍
പേരാല്‍ മുത്തപ്പാ
എത്ര വയസ്സായി?
നാമം ചൊല്ലുമ്പോള്‍
താടി വിറയ്ക്കുന്നോ?
കുത്തിയിരിക്കാനും
മുട്ടന്‍വടി വേണോ?
ആരെ കാക്കുന്നൂ
ദൂരേ നോക്കുന്നൂ
പെരുവഴിയോരത്തെ
പേരാല്‍ മുത്തപ്പാ?
ഒത്തിരി നാളായി-
ട്ടൊറ്റയ്ക്കാണല്ലോ.
ആരും തുണയില്ലേ?
നേരം പോയില്ലേ?
പെരുമഴ വന്നാലും
പൊരിവെയിലായാലും
ഒന്നും കൂസാതേ
നിന്നോളാമെന്നോ
പെരുമരമുത്തപ്പാ?
പേരാല്‍ മുത്തപ്പാ?
#######
ബാല്യകാല സഖി
നിന്നെ കുറിച്ചിനി ഒന്നുപാടട്ടെ ഞാന്‍
നിന്നെ കുറിച്ചിനി ഒന്നുപാടട്ടെ ഞാന്‍
ഉള്ളം തുറന്നെന്ന് പാടി ഞാനോര്‍ക്കട്ടെ
നിന്നെ, നിന്നെ കണ്ടുദിച്ച പുലരികള്‍
നിന്‍ വിരല്‍ തുമ്പത്തുണര്‍ന്ന നറും പൂക്കള്‍
നിന്‍ മിഴിതെല്ലില്‍ നിഴലിച്ചു നിന്ന ഞാന്‍
എന്റെ നിശൂന്യതയിങ്കല്‍ നീ പുഞ്ചിരി
എന്റെ മൌഢ്യത്തില്‍ ചുണതരും നിന്മൊഴി
മെല്ലപണിപ്പെട്ടുയര്‍ത്തുന്ന കാംബുജം
തന്നില്‍ ചെറുപിണകത്തിന്‍ കരിമ്പുകള്‍
നീ ചമഞ്ഞോരു നാള്‍
നോക്കിയെല്ലേട്ടനെന്‍ നേരെ
എന്നേറെ കലമ്പും പരിഭവം
നമ്മള്‍ പൂതേടി ചവിട്ടിയ മുള്ളുകള്‍
നമ്മെയൊന്നിച്ച് വരിഞ്ഞിട്ട നോവുകള്‍
നമ്മള്‍ പൂതേടി ചവിട്ടിയ മുള്ളുകള്‍
നമ്മെയൊന്നിച്ച് വരിഞ്ഞിട്ട നോവുകള്‍
നിന്നെ കുറിച്ചിനിയെന്തു പാടേണ്ടു ഞാന്‍
നിന്നെ കുറിച്ചിനിയെന്തു പാടേണ്ടു ഞാന്‍
നിന്നെ കുറിച്ചെന്തു പാടുവാന്‍.. അല്ലെങ്കില്‍,
നിന്നെ കുടിവെച്ചതില്ലെന്‍ കുടിലില്‍ ഞാന്‍
ഉമ്മവെച്ചിട്ടില്ലല്ലേതുവരെ, കണ്ണെറിഞ്ഞില്ല
കൈമാറിയിട്ടില്ല കുറിപ്പുകള്‍
പൂനിലാവേറ്റ് നാം നില്‍ക്കെ
കുയിലിണ കൂകിയില്ല
പൂന്തേന്‍ നുകര്‍ന്നീല്ല വണ്ടുകള്‍
ചാഞ്ഞീല്ല നീയെന്‍ വലം കയ്യില്‍
നിന്‍ കാതില്‍ ആഞ്ഞുപതിച്ചതില്ല
എന്‍ നെഞ്ചിടിപ്പുകള്‍
എന്തിന്, നീയാം വികാരമെന്‍
ഹൃല്‍ പുഷ്പഗന്ധമായ് നിന്നതിന്
ആരുണ്ട് സാക്ഷിയായ്
എന്നാല്‍ തുലാക്കോളിലൂഴിവാനങ്ങളെ
തുണ്ടുതുണ്ടാക്കും ഇടിമഴ ചീറവെ
മാറില്‍ മയങ്ങുമെന്‍ കന്തയെ ചുണ്ടിനാല്‍
നേരിയ വേര്‍പ്പണി കയ്യാല്‍ തഴുകുവെ
എന്തിന് മിന്നല്പോലെ എങ്ങുനിന്നുന്നിന്നലെ
വന്നു നീയുള്ളില്‍ തെളിഞ്ഞു നൊടിയിട
ഇന്നു നീയെങ്ങോ നിശാനൃത്ത ശാലയില്‍
തുംഗ സൌഭാഗ്യ വിരുന്നേല്‍ക്കയായിടാം
അല്ലെങ്കിലോ ദൂരമാര്‍ഗ്ഗത്തില്‍ ഏകായായ്
അല്ലില്‍ നിന്‍ മാറാപ്പിറക്കി ഉറക്കമമാം
മാനം തുവര്‍ന്നത് കാണുവാന്‍ ഉണ്ണിയെ
മാറത്തെടുത്തുണ്ണിയെ ഉമ്മറത്തെത്തുവെ
എന്തോ പഴകിയ കര്‍മ്മബന്ധങ്ങളാലെ
എന്നെയോര്‍ത്ത് നിലകൊള്‍കയുമായിടാം
എന്തോ പഴകിയ കര്‍മ്മബന്ധങ്ങളാലെ
എന്നെയോര്‍ത്ത് നിലകൊള്‍കയുമായിടാം
നിന്നെ കുറിച്ച് ഞാന്‍ പാടിക്കഴിയുമ്പോള്‍
എന്നെ കുറിച്ചല്‍പ്പമോതുവാനുണ്ടിനി
നിന്നെ കുറിച്ച് ഞാന്‍ പാടിക്കഴിയുമ്പോള്‍
എന്നെ കുറിച്ചല്‍പ്പമോതുവാനുണ്ടിനി
ധര്‍മ്മ ദുഃഖത്തിന്‍ കരിമഷിയില്‍
സ്വാര്‍ത്ഥ ദുര്‍മ്മതമാം ചോപ്പില്‍
മോഹമാം പച്ചയില്‍
പറ്റികുതിര്‍ന്നനുഭൂതികള്‍ തന്‍ നിറ-
പുറ്റുകള്‍ വീണും ചുളിഞ്ഞും വികൃതമായ്
കാലപ്പുഴു തിന്നു ജീര്‍ണ്ണിച്ചതാം
ഒപ്പുതാളായ് കഴിഞ്ഞു കുഴഞ്ഞുമ്മ ജീവിതം
കാലപ്പുഴു തിന്നു ജീര്‍ണ്ണിച്ചതാം
ഒപ്പുതാളായ് കഴിഞ്ഞു കുഴഞ്ഞുമ്മ ജീവിതം
ഉണ്ടിതില്‍ കണ്ണിനാല്‍ കാണാത്ത പാടുകള്‍
കണ്ണീര്‍കണം വീണുണങ്ങിയ ചാലുകള്‍
ഉണ്ടിതില്‍ കണ്ണിനാല്‍ കാണാത്ത പാടുകള്‍
കണ്ണീര്‍കണം വീണുണങ്ങിയ ചാലുകള്‍
ആകിലും ധന്യത കൊള്ളുന്നു ഞാനിതില്‍
ജീവനെ സൌവ്വര്‍ണ്ണ മുദ്രയായ് നില്‍പ്പു നീ
ആകിലും ധന്യത കൊള്ളുന്നു ഞാനിതില്‍
ജീവനെ സൌവ്വര്‍ണ്ണ മുദ്രയായ് നില്‍പ്പു നീ