വൈശാഖ പൗര്‍ണമി – 7

This post is part of the series വൈശാഖ പൗര്‍ണമി

Other posts in this series:

  1. വൈശാഖ പൗര്‍ണമി – 15
  2. വൈശാഖ പൗര്‍ണമി – 14
  3. വൈശാഖ പൗര്‍ണമി – 13

nurse5885പുറകില്‍ കേട്ട ശബ്ദം രണ്ടു വര്‍ഷം മുന്‍പു നടന്ന സംഭവങ്ങളുടെ ഫ്‌ലാഷ്ബാക്കിനു വിരാമമിട്ടു.ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ ജനലില്‍ നിന്നു കണ്ണെടുത്ത് സദാനന്ദ് തിരിഞ്ഞു നോക്കി.വിശാഖം ഉണര്‍ന്നിരിയ്ക്കുന്നു. സദാനന്ദ് അടുത്തേയ്ക്കു ചെന്നു.

കിടക്കയുടെ ശിരസ്സിന്റെ ഭാഗം ഉയര്‍ത്തി വച്ചിരിയ്ക്കുന്നു. തൊട്ടുമുന്നില്‍ ഓവര്‍ബെഡ് ടേബിളിന്മേല്‍ രണ്ടു മൂന്നു പാത്രങ്ങള്‍. ടിഫിന്‍ കാരിയറിന്റെ തട്ടുകളായിരിയ്ക്കണം. ഒന്നില്‍ കഞ്ഞി. മറ്റുള്ളവയില്‍ കറികള്‍. വിശാഖത്തിന്റെ കഴുത്തിനു താഴെ നിവര്‍ത്തിവച്ചിരിയ്ക്കുന്ന നാപ്കിന്‍. ഉച്ചഭക്ഷണത്തിനുള്ള ഒരുക്കം.

നഴ്‌സ് വിശാഖത്തിന് സ്പൂണില്‍ കോരിക്കൊടുക്കാനൊരുങ്ങി. വിശാഖം തടഞ്ഞു. സ്വയം കഴിയ്ക്കാന്‍ ശ്രമിച്ചുനോക്കട്ടെ. പക്ഷേ, ഏറെ സമയംകൊണ്ട് മൂന്നു നാലു സ്പൂണ്‍ സ്വയം കോരിക്കഴിച്ചപ്പോഴേയ്ക്കും വിശാഖം തളര്‍ന്നു.

‘ഐ ഷാല്‍ ഫീഡ് ഹെര്‍, ഇഫ് യു ഡോണ്ട് മൈന്റ്.’ സദാനന്ദ് നഴ്‌സിനോടു പറഞ്ഞു. നഴ്‌സ് ചിരിച്ചുകൊണ്ട് അകന്നു നിന്നു.

സദാനന്ദ് കട്ടിലിന്മേല്‍, വിശാഖത്തിനോടു ചേര്‍ന്നിരുന്നു. വലത്തുകൈ കൊണ്ട് ഓവര്‍ബെഡ് ടേബിള്‍ വലിച്ചടുപ്പിച്ചു. കഞ്ഞിയുടെ തളിക ഇടതുകൈയ്യിലെടുത്തു. ഒരു സ്പൂണ്‍ കഞ്ഞിയെടുത്ത് വിശാഖത്തിന്റെ ചുണ്ടോടടുപ്പിച്ചു. വിശാഖം ചുണ്ടു തുറന്ന് കഞ്ഞി അകത്താക്കി. സ്പൂണില്‍ ഒരു കറി അല്‍പ്പമെടുത്തു കൊടുത്തതും വിശാഖം കഴിച്ചു.

തന്റെ ആയുസ്സില്‍ ഇതുവരെ ആര്‍ക്കും ആഹാരം വായില്‍ വച്ചുകൊടുത്തിട്ടില്ലെന്ന് സദാനന്ദ് ഓര്‍മ്മിച്ചു.

പതുക്കെപ്പതുക്കെ സദാനന്ദ് വിശാഖത്തെക്കൊണ്ട് കഞ്ഞി മുഴുവനും കഴിപ്പിച്ചു. ചെറു കുപ്പിയില്‍ വെള്ളവും കുടിപ്പിച്ചു. നഴ്‌സ് കൊടുത്ത നാപ്കിന്‍ കൊണ്ട് സദാനന്ദ് വിശാഖത്തിന്റെ മുഖവും കഴുത്തും മെല്ലെ തുടച്ചു. നഴ്‌സ് ഓവര്‍ബെഡ് ടേബിള്‍ മാറ്റി. ടിഫിന്‍കാരിയറിന്റെ തട്ടുകള്‍ അടുക്കിവച്ച് അടച്ചു.

ഈ സമയമത്രയും വിശാഖം സദാനന്ദിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ‘ഈ കടങ്ങളൊക്കെ ഞാനെങ്ങനെ വീട്ടും?’ വിശാഖം തളര്‍ന്ന സ്വരത്തില്‍ മന്ത്രിച്ചു.

സദാനന്ദ് മെല്ലെ അവളുടെ കഴുത്തില്‍ തലോടി. ഈ കഴുത്താണ് രണ്ടുവര്‍ഷം മുന്‍പ് പിടിച്ചു ഞെരിച്ചത്.’ഇപ്പഴും വേദനിയ്ക്കണ്ണ്‌ടോ?’

രണ്ടുവര്‍ഷം മുന്‍പ് കഴുത്തില്‍ പിടിച്ചു ഞെരിച്ചതിന്റെ വേദന ഇപ്പോഴുമുണ്ടോ എന്നായിരുന്നു,സദാനന്ദ് അര്‍ത്ഥമാക്കിയത്. അവള്‍ക്കതു മനസ്സിലായിട്ടുമുണ്ടാകും. ‘തത്കാലം സദു നീങ്ങിയിരിയ്ക്ക്’എന്നു പറഞ്ഞ് അവള്‍ മന്ദഹസിയ്ക്കാന്‍ ശ്രമിച്ചു. കണ്ണുകളില്‍ ചുവപ്പ് ബാക്കിയുണ്ടെങ്കിലും മന്ദഹാസത്തിന് നേരിയ തിളക്കം വച്ചുവരുന്നുണ്ടെന്നു സദാനന്ദിനു തോന്നി.

സദാനന്ദ് അവളുടെ നെറ്റിയിലും കവിളത്തും തടവാനൊരുമ്പെട്ടപ്പോള്‍ വിശാഖം നഴ്‌സിനെ നോക്കി.നഴ്‌സ് ഉടന്‍ മുന്നോട്ടു വന്നു. ‘ഗ്ലൌസ്’ എന്നു പറഞ്ഞ് സദാനന്ദിന്റെ നേരെ ചൂണ്ടിക്കാട്ടി.നഴ്‌സ് ചിരിച്ചുകൊണ്ട് മനസ്സിലായി എന്നു തലയാട്ടി. ഗ്ലൌസ് കൊണ്ടുവന്നപ്പോള്‍ അതണിയാന്‍ മടിഞ്ഞുകൊണ്ട് സദാനന്ദ് പറഞ്ഞു, ‘ഐ വാണ്ട് ടു ഫീല്‍ ഹെര്‍ വിത് മൈ ഫിംഗേഴ്‌സ്.’ അവളെ വിരല്‍ കൊണ്ടു സ്പര്‍ശിയ്ക്കണം,കൈയ്യുറയിലൂടെയല്ല.

ചിരിച്ചുകൊണ്ടാണെങ്കിലും, നഴ്‌സ് ഉടന്‍ ഭീഷണിപ്പെടുത്തി. ‘സര്‍, അഗര്‍ ആപ് ഗ്ലൌസ് നഹിം പഹനേംഗേ,തോ ഹം ആപ്‌കോ ഇസ് കമ്മറേ സേ നികാല്‍ ദേംഗേ.’ കൈയ്യുറകള്‍ ധരിയ്ക്കുന്നില്ലെങ്കില്‍ മുറിയില്‍ നിന്നു പുറത്താക്കുമെന്ന്!

വിശാഖം ശാസനയോടെ വിളിയ്ക്കുകയും ചെയ്തു, ‘സദൂ.’

‘ഓക്കെ, ഓക്കെ.’ സദാനന്ദ് രണ്ടു കൈകളുമുയര്‍ത്തി കീഴടങ്ങി. അനുസരണയോടെ കൈയ്യുറകള്‍ രണ്ടും അണിഞ്ഞു. ‘ഇനി കുഴപ്പമില്ലല്ലോ.’ ഗ്ലൌസുകളണിഞ്ഞ് എല്ലാ വിലക്കുകളേയും നീക്കിയിരിയ്ക്കുന്നു. ഇനി വിശാഖത്തെ സ്പര്‍ശിയ്ക്കാം. ഗ്ലൌസണിഞ്ഞ രണ്ടു കരങ്ങളുംകൊണ്ട് സദാനന്ദ് കട്ടിലിലേയ്ക്കു കുനിഞ്ഞ് വിശാഖത്തെ കിടക്കയില്‍ നിന്നു മെല്ലെ ഉയര്‍ത്തി നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

തടസ്സപ്പെടുത്തേണ്ടെന്നു കരുതിയായിരിയ്ക്കണം, വിവേകമുള്ള നഴ്‌സ് ഗൂഢമായൊരു പുഞ്ചിരിയോടെ മുറിയില്‍ നിന്നു പുറത്തുകടന്ന് വാതില്‍ ചാരി.

എതിരിടാനോ പ്രതിഷേധിയ്ക്കാനോ ആകാതെ വിശാഖം സദാനന്ദിന്റെ കരങ്ങളില്‍ തളര്‍ന്നു കിടന്നു.

സദാനന്ദ് മുഖം മെല്ലെ വിശാഖത്തിന്റെ മുഖത്തോടടുപ്പിച്ചു. വിശാഖം കൈകള്‍ കൊണ്ട് മുഖം പൊത്തി.വിരലുകള്‍ക്കിടയിലൂടെ അവള്‍ മൃദുസ്വരത്തില്‍ ഭീഷണിപ്പെടുത്തി,’അവരവരുടെ ജീവിതം നശിപ്പിച്ചേ അടങ്ങൂന്നാണെങ്കില്‍ ഞാന്‍ സിസ്റ്ററിനെ വിളിയ്ക്കും.’

‘എങ്ങനെ വിളിയ്ക്കും?’

ശിരസ്സിനു പിന്നില്‍ കട്ടിലിന്മേല്‍ ഘടിപ്പിച്ചിരുന്ന ഒരു ചെറുബോക്‌സിലേയ്ക്കു വിശാഖം ചൂണ്ടിക്കാണിച്ചു.

‘എന്നാല്‍ വിളിയ്ക്ക്.’ സദാനന്ദ് വെല്ലുവിളിച്ചുകൊണ്ട് വിശാഖത്തെ വീണ്ടും മാറോടു ചേര്‍ത്തു. വിരലുകള്‍ മൂടിയ അവളുടെ മുഖം സദാനന്ദിന്റെ നെഞ്ചിലമര്‍ന്നു. സദാനന്ദ് അവളുടെ ചുരുണ്ട മുടിയില്‍ തഴുകി.

സിസ്റ്ററിനെ വിളിയ്ക്കുമെന്ന ഭീഷണി വിശാഖം നടപ്പാക്കിയില്ല.

അല്‍പ്പനേരത്തിനു ശേഷം സദാനന്ദ് വിശാഖത്തെ കട്ടിലില്‍ മെല്ലെ കിടത്തി. സുരക്ഷിതമായതോടെ വിശാഖം മുഖത്തുനിന്നു വിരലുകള്‍ നീക്കി.

സദാനന്ദും വിശാഖവും പരസ്പരം നോക്കിയിരുന്നു.

‘സദൂ…ഞാന്‍…ഞാന്‍ ജീവിയ്ക്കുമോ?’

‘നീ ജീവിയ്ക്കും. ഡോക്ടര്‍ ഇന്ന് ഉറപ്പിച്ചു പറഞ്ഞു.’ സദാനന്ദ് അവളുടെ കൈത്തണ്ടയില്‍ തടവി. ‘രോഗം പൂര്‍ണ്ണമായും മാറാന്‍ അല്‍പ്പം കൂടി സമയം വേണ്ടി വരും. പക്ഷേ, അപകടനില നീ തരണം ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു.’

‘സദുവിന്റെ പ്ലാനെന്താ?’

‘ജീവിയ്ക്കാന്‍ തന്നെ. നാം രണ്ടു പേരും ജീവിയ്ക്കുന്നു. ഇനി മരണം പ്ലാനിലില്ല.’

‘സദൂ…’ വിശാഖം ഒരു നിമിഷം നിശ്ശബ്ദയായിരുന്നു. ‘എന്നെ കാമാഠിപുരയില്‍ തിരികെക്കൊണ്ടു വിടണം.’

‘നിന്നെ എന്തു ചെയ്യണമെന്ന കാര്യം ഇനി ഞാന്‍ തീരുമാനിയ്ക്കും.’ സദാനന്ദ് പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

വിശാഖം അല്‍പ്പസമയം കണ്ണടച്ചു കിടന്നു. ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടത്തി അല്‍പ്പം ശേഷി സംഭരിച്ച ശേഷം ചോദിച്ചു,’എന്നെപ്പറ്റി സദൂന് എന്തറിയാം?’വിശാഖത്തിന്റെ ശബ്ദമിടറി. ആ ചോദ്യത്തിന് ആവശ്യമായി വന്ന മാനസികാദ്ധ്വാനത്തില്‍ അവള്‍ കിതച്ചു, തളര്‍ന്ന് കണ്ണടച്ചു.

സദാനന്ദ് കൈകളില്‍ നിന്ന് ഗ്ലൌസ് ഊരി മാറ്റി. നഗ്‌നമായ കൈ കൊണ്ട് അവളുടെ നെറ്റിയിലും കവിളത്തും തലോടി. ഇവളെ സ്പര്‍ശിയ്ക്കുന്നത് ഗ്ലൌസിലൂടെയാകാന്‍ പാടില്ല.

വിശാഖത്തിന് കയ്‌പേറിയ അനുഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ടാകും. ഒരു പക്ഷേ കൈയ്പ്പുള്ള അനുഭവങ്ങള്‍ മാത്രമേ അവള്‍ക്കുണ്ടായിക്കാണുകയുള്ളു. എങ്കിലും ഭൂതകാലത്തിലുണ്ടായിരിയ്ക്കുന്ന തിക്താനുഭവങ്ങള്‍ ഭാവിജീവിതത്തിന്റെ ആനന്ദത്തെ പ്രതികൂലമായി ബാധിയ്ക്കരുത്. അതിന്ന് ഒരു വഴി മാത്രമേയുള്ളു. ഭൂതകാലത്തെപ്പറ്റിയുള്ള കൈയ്പ്പുള്ള സ്മരണകള്‍ മറക്കുക. ഇത് എളുപ്പം സാധിയ്ക്കുകയില്ല. സന്തോഷം കൊണ്ട് വര്‍ത്തമാനകാലത്തെ കഴിയുന്നത്ര നിറച്ചാല്‍ ഭൂതകാലം ഇങ്ങിനിവരാതവണ്ണം അകന്നകന്നു പൊയ്‌ക്കൊള്ളും.

സദാനന്ദ് നഴ്‌സിനെ വിളിച്ചു.അവര്‍ അകത്തേയ്ക്കു വന്നപ്പോള്‍ സദാനന്ദ് വിശാഖത്തോടു പറഞ്ഞു, ‘വിശാഖം, ഞാനൊരു രണ്ടു മണിക്കൂര്‍ കഴിഞ്ഞു വരാം.’ വിശാഖം തലയാട്ടി.

സദാനന്ദ് ഹോസ്പിറ്റലിലെ കാന്റീനില്‍പ്പോയി ഊണു കഴിച്ചു. പുറത്തിറങ്ങിയപ്പോള്‍ കാറ് കാത്തുകിടപ്പുണ്ട്. കാറില്‍ കയറിയിരുന്നു. എവിടേയ്‌ക്കെന്ന ഭാവത്തില്‍ െ്രെഡവര്‍ നോക്കി. ഇവിടെ എവിടെയാണ് നല്ല പട്ടു സാരികള്‍ കിട്ടുകയെന്ന് സദാനന്ദ് ചോദിച്ചു. ‘മെട്രോ സില്‍ക്ക്’, െ്രെഡവര്‍ നിസ്സംശയം പറഞ്ഞു.മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ മെട്രോ സില്‍ക്കിലെത്തി.

പട്ടുസാരികളുടെ ഒരു വര്‍ണ്ണപ്രപഞ്ചമായിരുന്നു, മെട്രോസില്‍ക്ക്.ജീവിതത്തില്‍ ആദ്യമായായിരുന്നു,സദാനന്ദ് സാരി വാങ്ങാന്‍ തനിച്ചു കയറിയിരിയ്ക്കുന്നത്. സാരി സെലക്റ്റു ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അല്പനേരം കൊണ്ടു തന്നെ മനസ്സിലായി. ബനാറസ്, കാഞ്ചീപുരം, മൈസൂര്‍, പോച്ചമ്പിള്ളി, പട്ടോള, അങ്ങനെ ലിസ്റ്റു നീണ്ടു. എല്ലാം നല്ല സാരികള്‍ തന്നെ.ഇവയില്‍ വിശാഖത്തിന് ഇഷ്ടപ്പെട്ടവ ഏതെല്ലാമെന്ന് എങ്ങനെയറിയും?

വിശാഖത്തെ കൊണ്ടുവന്ന് അവള്‍ക്കിഷ്ടപ്പെട്ട സാരികള്‍ അവളെക്കൊണ്ടു തന്നെ സെലക്റ്റു ചെയ്യിപ്പിയ്ക്കുന്നതായിരുന്നു ഏറ്റവും നല്ലത്. അവളെ കൂടെക്കൊണ്ടു നടക്കാന്‍ പെട്ടെന്നു മനസ്സു തിടുക്കം കൂട്ടി.

വരട്ടെ, കാത്തിരിയ്ക്കൂ…

തത്കാലം സാരികള്‍ എങ്ങനെ തെരഞ്ഞെടുക്കും?സ്‌നേഹിതയ്ക്ക് ഉയരം എത്രയുണ്ടെന്ന് സെയില്‍സ് ഗേള്‍ ചോദിച്ചു.രണ്ടുവര്‍ഷം മുന്‍പത്തെ കൂടിക്കാഴ്ച ഓര്‍ത്തു. വിശാഖത്തിന് അന്ന് ഉയരം ഏകദേശം എത്രയുണ്ടായിരുന്നിരിയ്ക്കും? തന്റെ ഉയരം അഞ്ചടി പത്തിഞ്ച്. അവള്‍ക്ക് തന്നേക്കാള്‍ അരയടിയോളം കുറവുണ്ടായിരുന്നിരിയ്ക്കണം. അപ്പോള്‍ ഉയരം അഞ്ചടി നാലിഞ്ച്.

സ്‌നേഹിതയ്ക്ക് ഉയരമുണ്ട്. ഈ സാരികളില്‍ മിയ്ക്കതും ചേരും. സെയില്‍സ് ഗേള്‍ അഭിപ്രായപ്പെട്ടു.

സാരിയൊന്നു സ്പര്‍ശിച്ചു നോക്കുക,സെയില്‍സ് ഗേള്‍ ഉപദേശിച്ചു.സ്പര്‍ശിയ്ക്കുമ്പോള്‍ സുഖം തോന്നുന്നുണ്ടെങ്കില്‍ അത്തരം സാരികള്‍ വാങ്ങുക. ചില സാരികള്‍ക്കു വില വളരെക്കൂടുതലായിരിയ്ക്കും.പക്ഷേ ഉടുക്കാന്‍ സുഖമുണ്ടാവില്ല. അവര്‍ വിശദീകരിച്ചു.

വേറെയും നിര്‍ദ്ദേശങ്ങള്‍ കിട്ടി. ഓരോ സാരിയും സ്‌നേഹിത ഉടുത്തു കഴിയുമ്പോളുണ്ടാകാനിടയുള്ള ഒരു ചിത്രം മനസ്സില്‍ സങ്കല്‍പ്പിയ്ക്കുക. ഇതിനൊക്കെപ്പുറമേ,ഓരോ സാരിയും വാങ്ങുന്നതിനു മുന്‍പ് സ്വന്തം ഹൃദയത്തോടു കൂടി ഒന്നു ചോദിയ്ക്കുക.

ഇത്രയും നിര്‍ദ്ദേശങ്ങളാണ് സെയില്‍സ് ഗേള്‍ നല്‍കിയത്. ആ നിര്‍ദ്ദേശങ്ങളനുസരിച്ചു. ആറു പട്ടു സാരികള്‍ വാങ്ങി. ഉടന്‍ മടങ്ങി ആശുപത്രിയിലെത്തി.

റിസപ്ഷനില്‍ ചോദിച്ചു, സാരികള്‍ മുകളിലേയ്ക്കു കൊണ്ടു പോകുന്നതിനു തടസ്സമുണ്ടോ എന്ന്. നാനൂറ്റിനാല്‍പ്പത്തിനാലിലുള്ളത് സര്‍ജിക്കല്‍ പേഷ്യന്റല്ലാത്തതിനാല്‍ സാരികള്‍ കൊണ്ടുപോകുന്നതിനു തടസ്സമില്ല, റിസപ്ഷന്‍ അറിയിച്ചു. ഗോ എഹെഡ്.

പട്ടുസാരികള്‍ ഓരോന്നായി കട്ടിലില്‍ നിരത്തിയപ്പോള്‍ വിശാഖത്തിന്റെ മുഖം പ്രകാശിച്ചു. സാരി കണ്ടാല്‍ എല്ലാ സ്ത്രീകളുടെ മുഖവും തെളിയും. അതു പതിവാണെന്ന് സദാനന്ദ് ഓര്‍ത്തു.

സാരികളില്‍ അവള്‍ വിരലോടിച്ചു നോക്കി. സെയില്‍സ് ഗേള്‍ പറഞ്ഞതനുസരിച്ച് സാരികള്‍ വാങ്ങുന്നതിനു മുന്‍പ് എല്ലാ സാരികളിലും പല തവണ സ്പര്‍ശിച്ചു നോക്കിയിരുന്നതു നന്നായെന്നു തോന്നി. സെയില്‍സ് ഗേളിനു നന്ദി.

വിശാഖം സാരികള്‍ ശരീരത്തില്‍ വച്ചു നോക്കുകയും ചെയ്തു. അപ്പോഴും സെയില്‍സ് ഗേളിന്റെ വാക്കുകളോര്‍മ്മിച്ചു: സ്‌നേഹിത ഉടുത്തുകഴിയുമ്പോഴുള്ള ചിത്രം സങ്കല്‍പ്പിയ്ക്കുക.

സാരികളെല്ലാം വിശാഖത്തിന് ഇഷ്ടപ്പെട്ടതു കണ്ട് ആശ്വാസമായി. സാരി സെലക്റ്റു ചെയ്യാന്‍ ഒറ്റ ദിവസം കൊണ്ട് താന്‍ പഠിച്ചെടുത്തിരിയ്ക്കുന്നു എന്ന അഭിമാനവും തോന്നി. സാവിയ്ക്ക് ആദ്യം വാങ്ങിക്കൊടുത്ത സാരി അവള്‍ കീറിക്കളഞ്ഞില്ലെന്നേയുള്ളു. അവളത് ഒരിയ്ക്കല്‍പ്പോലും ഉടുത്തുമില്ല.

പിറ്റേന്നു രാവിലെ ആശുപത്രിയിലെത്തിയ സദാനന്ദിന് വിശാ!ഖത്തെ കാണാനാകുന്നതിനു മുന്‍പു തന്നെ ഡോക്ടറെ ഒന്നു കണ്ടോളുക എന്ന നിര്‍ദ്ദേശം കിട്ടി. ഉള്ളൊന്നു പിടഞ്ഞു. വിശാഖത്തിന്റെ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റമെന്തെങ്കിലും പെട്ടെന്നുണ്ടായിക്കാണുമോ?

പക്ഷേ ഡോക്ടര്‍ സന്തോഷവാനായിരുന്നു. കണ്ടയുടനെ എഴുന്നേറ്റുവന്ന് സ്വീകരിച്ചിരുത്തി. തന്റെ മുഖത്തെ ആശങ്ക കണ്ട് ഡോക്ടര്‍ പറഞ്ഞു, ‘റിലാക്‌സ്, സദാനന്ദ്,റിലാക്‌സ്. ഷി ഈസ് ഫൈന്‍’. അതുകേട്ടപ്പോഴാണ് ആശ്വാസമായത്.

‘ദിസീസ് എബൌട്ട് സംതിങ്ങ് എല്‍സ്.യു നോ സദാനന്ദ്, അവര്‍ സ്റ്റാഫ് ഈസ്‌നോട്ട് എക്‌സ്‌പെക്റ്റഡ് ടു ആക്‌സപ്റ്റ് ഗിഫ്റ്റ്‌സ്.’ ആശുപത്രി സ്റ്റാഫ് പാരിതോഷികങ്ങള്‍ സ്വീകരിയ്ക്കരുതെന്നാണ് ഇവിടുത്തെ ചട്ടം.

‘വി വില്‍ റിമംബര്‍ ഇറ്റ്, ഡോക്ടര്‍.’ ഇക്കാര്യം ഓര്‍ത്തുകൊള്ളാം.

‘സോ, ഓബ്‌വിയസ്‌ലി, യൂ ആര്‍ നോട്ട് അവെയര്‍ ഓഫ് വാട്ട് ഹാസ് ഹാപ്പന്‍ഡ്.’ഡോക്ടര്‍ നിറുത്തി.താനറിയാത്തതായി എന്താണു സംഭവിച്ചിരിയ്ക്കുന്നത്? ഡോക്ടര്‍ തുടര്‍ന്നു. ‘ദ നഴ്‌സസ് ഹാഫ് ബീന്‍ ഗിവന്‍ സാരീസ്.’

സദാനന്ദിന് ചിത്രം ഏകദേശം വ്യക്തമായി. തലേ ദിവസം വാങ്ങിയിരുന്ന സാരികള്‍ വിശാഖം നഴ്‌സുമാര്‍ക്കു സമ്മാനിച്ചിട്ടുണ്ടാകും. അവള്‍ക്കവ ഇഷ്ടപ്പെട്ടതായിരുന്നു. സാരികള്‍ കണ്ടപാടെ അവളുടെ മുഖം പ്രകാശിച്ചതു കണ്ടതുമായിരുന്നു. അവള്‍ക്ക് അവയെല്ലാം ഇഷ്ടപ്പെട്ടു എന്നു ബോദ്ധ്യപ്പെടുക മാത്രമല്ല, വിശാഖത്തിനു വേണ്ടി വാങ്ങിയതൊന്നും പാഴാകില്ല എന്നാശ്വസിയ്ക്കുക പോലും ചെയ്തതുമാണ്.

‘ദ നഴ്‌സസ് ഹാവ് ഹാന്റഡ് ഓവര്‍ ഓള്‍ ദ സാരീസ്. ദ സാരീസ് ആര്‍ വിത്ത് അസ് നൌ.’ അതു ശരി. വിശാഖം സമ്മാനിച്ച സാരികളെല്ലാം നഴ്‌സുമാര്‍ ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചിരിയ്ക്കുന്നു. വിശാഖം ഇത് അറിഞ്ഞുകാണില്ല. അവളിതറിഞ്ഞാല്‍ സന്തോഷിയ്ക്കില്ല. ദുഃഖിച്ചെന്നും വരാം.

‘ഡോക്ടര്‍, ഈസ് ദെയര്‍ എ വേ യു കാന്‍ റിലാക്‌സ് ദ റൂള്‍ ഫോര്‍ നൌ?’ നിയമം ഇപ്പോഴത്തേയ്ക്കു മാത്രമായൊന്നു മയപ്പെടുത്താന്‍ വഴിയുണ്ടോ? വിശാഖത്തിനു വിഷമമുണ്ടാകുന്ന കാര്യത്തെപ്പറ്റി ആലോചിയ്ക്കാന്‍ വയ്യ. ‘ഈഫ് ഷി കംസ് ടു നോ ദിസ്, ഷി വില്‍ ഫീല്‍ സാഡ്.’ ഇതറിഞ്ഞാല്‍ അവള്‍ ദുഃഖിയ്ക്കും.

ഡോക്ടര്‍ അഭ്യര്‍ത്ഥന മാനിച്ച് സാരികള്‍ നഴ്‌സുമാര്‍ക്ക് തിരികെക്കൊടുക്കാന്‍ സമ്മതിച്ചു.

ഡോക്ടര്‍ക്ക് വിശാഖത്തിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു.അവളോടു മറുത്തു പറയുക ആര്‍ക്കും ബുദ്ധിമുട്ടാകും, സദാനന്ദ് ഉള്ളില്‍ പറഞ്ഞു.

മുറിയില്‍ കടന്നപ്പോള്‍ വരവും കാത്തിരിയ്ക്കുകയായിരുന്നു, വിശാഖം. കണ്ട പാടെ പറഞ്ഞു, ‘സദൂ, ദ്വേഷ്യപ്പെടരുത്.’

വിശാഖത്തോട് അകന്നു നിന്നു സംസാരിയ്ക്കുക എന്തുകൊണ്ടോ ബുദ്ധിമുട്ടാണ്. സദാസമയവും ഈ എല്ലിന്‍ കൂടിനെയെടുത്തു മടിയിലിരുത്താനാണു തോന്നുന്നത്. അതു സാധിയ്ക്കാത്തതുകൊണ്ട് സദാനന്ദ് അവളുടെ കൈ സ്വന്തം കൈയ്യിലെടുത്തു. ‘നിന്നോട് ദ്വേഷ്യപ്പെടാന്‍ എനിയ്ക്കാവില്ല, വിശാഖം. സാരികളൊക്കെ കൊടുത്തൂല്ലേ?’

‘അവരാണെന്റെ ജീവന്‍ രക്ഷിച്ചത്,സദൂ.’ അവള്‍ നിശ്ശബ്ദയായി. ‘ജീവിതത്തിലാരും ഇന്നേവരെ എനിയ്ക്കു വേണ്ടി ഇത്രത്തോളം ബുദ്ധിമുട്ടിയിട്ടില്ല.’

സദാനന്ദ് വിശാഖത്തിന്റെ കൈ മൃദുവായി അമര്‍ത്തി. വിശാഖം മന്ദഹസിച്ചു. ‘എനിയ്ക്കറിയാമായിരുന്നു, സദു വഴക്കു പറയില്ലെന്ന്.’

‘വഴക്കു പറയാനുള്ള കാര്യങ്ങള്‍ വരാനിരിയ്ക്കുന്നേയുള്ളു.’ സദാനന്ദ് ലാപ് ടോപ്പ് കൊണ്ടു വന്നിരുന്നു. അതു സ്വിച്ചോണ്‍ ചെയ്ത് ഓവര്‍ബെഡ് ടേബിളിന്മേല്‍ വിശാഖത്തിനു കാണാന്‍ പാകത്തിന് വച്ചുകൊടുത്തു. സ്‌ക്രീനില്‍ മനോഹരമായ ഒരു ഫ്‌ലാറ്റിന്റെ ചിത്രം വിടര്‍ന്നു. മിനുങ്ങുന്ന നിലം, വര്‍ണ്ണശബളമായ മുറികള്‍, തിളങ്ങുന്ന ഫര്‍ണീച്ചര്‍, വിശാലമായ ജനലുകള്‍…രാജകീയം എന്നു തന്നെ പറയണം.

കമ്പ്യൂട്ടറിലെ ആരോകള്‍ അമര്‍ത്തി സ്‌ക്രീനുകളിലെ ചിത്രങ്ങള്‍ മാറ്റാന്‍ നിമിഷനേരം കൊണ്ട് വിശാഖം പഠിച്ചെടുത്തു.ഫ്‌ലാറ്റിലെ എല്ലാ മുറികളും സദാനന്ദ് വിശാഖത്തിനു കാണിച്ചു കൊടുത്തു. അടുക്കള അതിവിശിഷ്ടമായിരുന്നു.പുകയും മണവുമെല്ലാം നിമിഷനേരം കൊണ്ടു വലിച്ചെടുത്തു പുറത്തുകളയുന്ന ചിമ്മിനി.ആധുനികതരം ഗ്യാസടുപ്പ്, ഓവനുകള്‍. സ്വപ്നസദൃശം.

അഞ്ചു ഫ്‌ലാറ്റുകളുടെ ചിത്രങ്ങള്‍ കാണിച്ചു. അവയഞ്ചും ബാംഗ്ലൂരുള്ളവയായിരുന്നു. ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു ഫ്‌ലാറ്റു വാങ്ങണം. അത് ബാംഗ്ലൂരാകട്ടെ. വിശാഖം ഇനി മുംബൈയില്‍ ജീവിയ്‌ക്കേണ്ട.ഭൂതകാലത്തില്‍ നിന്നു വിശാഖത്തിനു മോചനം ലഭിയ്ക്കണമെങ്കില്‍ മുംബൈയില്‍ നിന്നു പോകണം.

ബ്രീച്ച് കാന്റിയില്‍ അധികനാള്‍ കിടക്കേണ്ടി വരില്ല. മൂന്നാഴ്ച. അങ്ങേയറ്റം നാല്. രോഗം പൂര്‍ണ്ണമായി ഭേദപ്പെടാന്‍ ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടി വന്നേയ്ക്കാം. അക്കാലമത്രയും താമസിയ്ക്കാനൊരു ഫ്‌ലാറ്റ് അത്യാവശ്യമാണ്.

എല്ലാ ഫ്‌ലാറ്റുകളോടും ബന്ധപ്പെടുത്തിആധുനികമായ പല സൌകര്യങ്ങളുമുണ്ട്. സ്വിമ്മിങ്ങ് പൂള്‍, സ്പാ, ടെന്നീസ് കോര്‍ട്ട്, പൂന്തോട്ടം…

ഇതാ ഈ ഫ്‌ലാറ്റിന് ഒന്നരക്കോടി രൂപ, ഇതിന് ഒന്നേമുക്കാല്‍, ഇതിന്…

വിശാഖം കണ്ണുകളടച്ച് പുറകോട്ടു ചാഞ്ഞു. ‘ഞാന്‍ സ്വപ്നത്തിലാണോ, സദൂ…’അവള്‍ കൈ നീട്ടി.

സദാനന്ദ് അവളുടെ കൈ പിടിച്ചു. ‘അല്ല, വിശാഖം. നീ സ്വപ്നത്തിലല്ല. നീ കാണുന്നതൊക്കെ യാഥാര്‍ത്ഥ്യമാണ്. നീയീ ഫ്‌ലാറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സെലക്റ്റു ചെയ്യണം. അത്രേ വേണ്ടൂ. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ അതു റജിസ്റ്റര്‍ ചെയ്യും. എല്ലാ ഫ്‌ലാറ്റുകളും റെഡിയാണ്.’

‘സദൂ…’

‘വിശാഖം.’

‘എന്നെ വഴക്കു പറയ്യോ?’

‘ഞാന്‍ പറഞ്ഞില്ലേ, നിന്നെ ഞാന്‍ വഴക്കു പറയില്ല.’

‘ഇതൊന്നടച്ചു വയ്ക്ക്.’സദാനന്ദ് ഉടന്‍ ലാപ്‌ടോപ്പ് അടച്ചു വച്ചു.

‘ഇത് ഇന്നിപ്പൊ മാറ്റിവയ്ക്കാം. പക്ഷേ, രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നീ സെലക്ഷന്‍ നടത്തണം.’

പിറ്റേ ദിവസം സദാനന്ദ് ആരുടേയും നിര്‍ദ്ദേശമില്ലാതെ തന്നെ, സ്വയമേവ, ഡോക്ടറെക്കാണാന്‍ ചെന്നു.ചില കാര്യങ്ങളെപ്പറ്റി ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു.

അന്നാദ്യമായി വിശാഖം കട്ടിലില്‍ നിന്നിറങ്ങി മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ബ്രീച്ച് കാന്റിയില്‍ അഡ്മിറ്റു ചെയ്തപ്പോഴത്തെ സ്ഥിതിയില്‍ നിന്ന് അവള്‍ വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു,കൈകാലുകള്‍ ശോഷിച്ചുതന്നെയിരുന്നെങ്കിലും തളര്‍ച്ച വളരെ കുറഞ്ഞിരുന്നു. അതിനേക്കാളുപരിയായി,രോഗലക്ഷണങ്ങള്‍ മിയ്ക്കതും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. കണ്ണുകളുടെ ചുവപ്പു കുറഞ്ഞു,മുഖവും ചുണ്ടുകളും ഏകദേശം പൂര്‍വ്വസ്ഥിതി പ്രാപിച്ചു. കൈകളിലും കാലുകളിലും ഉണ്ടായിരുന്ന വ്രണങ്ങളെല്ലാം പൊറുത്തു.

വിശാഖം ചിരിയ്ക്കുന്നത് സദാനന്ദ് അന്നാദ്യമായി കണ്ടു. സദാനന്ദ് എന്തോ ഒരു തമാശ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. മുഖത്തെ തടിപ്പുകളെല്ലാം പോയപ്പോള്‍ ശോഷിച്ച മുഖം കൂടുതല്‍ ശോഷിച്ചതു പോലെ തോന്നി. കവിളെല്ലുകള്‍ ഉന്തി. വളരെ അയഞ്ഞ ആശുപത്രി യൂണിഫോം ശരീരത്തിന്റെ ദയനീയാവസ്ഥ എടുത്തുകാണിച്ചു.

അവളെ ഒരു കുഞ്ഞിനെയെന്ന പോലെ മടിയിലിരുത്തി വയറുനിറയെ ആഹാരം വാരിക്കൊടുക്കാന്‍ സദാനന്ദ് കൊതിച്ചു. കഴുത്തിനു താഴെ തെളിഞ്ഞുകാണുന്ന എല്ലുകള്‍ മുഴുവനും നികത്തിയെടുക്കണം. കൈമുട്ടുകള്‍ക്കു താഴെക്കാണുന്ന എല്ലുകളെല്ലാം പേശികള്‍ കൊണ്ട് മൂടണം. അവശതകളെല്ലാമകറ്റണം. സദാനന്ദ് ഉറപ്പിച്ചു.

ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് വിശാഖം ഒരപ്‌സരസ്സായിരുന്നെന്ന് നിസ്സംശയം പറയാം. അന്നു മുന്നില്‍ വന്നു നിന്ന ശുഭ്രവസ്ത്രധാരിണിയുടെ ഒരു നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്.

സത്യം പറഞ്ഞാല്‍ രണ്ടു വര്‍ഷം വൈകി. അന്നു തന്നെ വിളിച്ചിറക്കി കൊണ്ടുപോരേണ്ടതായിരുന്നു. എന്തുകൊണ്ട് അന്നങ്ങനെ ചെയ്യാന്‍ തോന്നാതെ പോയെന്ന് ഇപ്പോഴുമറിയില്ല.അന്നങ്ങനെ കൊണ്ടുപോന്നിരുന്നെങ്കില്‍ ഇന്നവള്‍ക്ക് ഈ ഗതി വരില്ലായിരുന്നു. ഈ ദുഃസ്ഥിതിയ്ക്ക് ഉത്തരവാദി താന്‍ തന്നെ, മറ്റാരുമല്ല.

ചെയ്യേണ്ടത് അന്നു ചെയ്തില്ലെന്നതു പോകട്ടെ. തുടര്‍ന്നുള്ള രണ്ടു വര്‍ഷം എന്തിനു പാഴാക്കിക്കളഞ്ഞു?ആ രണ്ടു വര്‍ഷം മുഴുവനും അവളെപ്പറ്റി ഓര്‍ത്തുകൊണ്ടിരുന്നു എന്നതു നേര്. പക്ഷേ, ഓര്‍മ്മയല്ല, പ്രവൃത്തിയായിരുന്നു വേണ്ടിയിരുന്നത്. പ്രവര്‍ത്തിയ്‌ക്കേണ്ട സമയത്ത് പ്രവര്‍ത്തിച്ചില്ല. അതു വലിയൊരു പരാജയമായി. പരാജയമല്ല, പാതകം എന്നു വേണം പറയാന്‍. താന്‍ ചെയ്ത പാതകത്തിന്റെ ദുരന്തം മുഴുവനും അനുഭവിച്ച പാവമാണീ പിച്ച വച്ചു നടക്കുന്നത്.

വാസ്തവത്തില്‍ ഉള്ളിന്റെയുള്ളില്‍ ഒരു ശങ്കയുണ്ടായിരുന്നു. സംശയം. വിശാഖത്തെ കണ്ട ദിവസം തന്നെ അവളോട് അഭിനിവേശം തോന്നിയെങ്കിലും, അതൊക്കെതാത്കാലികമായതോന്നലുകളായിരുന്നോ എന്ന സംശയം അതിന്നിടയില്‍ കയറിവന്നു. സ്വന്തം വിശ്വാസ്യതയെ സംശയിച്ചു. കല്ലില്‍ ഉരച്ചുനോക്കി രത്‌നത്തിന്റെ മാറ്ററിയുന്നതു പോലെ, അവളോടുള്ള അഭിനിവേശവും കല്ലിലുരച്ചുനോക്കി അതിന്റെ മാറ്റ് എത്രയുണ്ട് എന്നറിയേണ്ടിയിരുന്നു. കാലത്തിന്റെ കല്ലില്‍ ഉരച്ചു നോക്കിയപ്പോഴൊക്കെ വിശാഖത്തിന്റെ ചിത്രത്തിന് തെളിമ കൂടിയതല്ലാതെ കുറഞ്ഞില്ല. എങ്കിലും ആ രത്‌നം കൈക്കലാക്കാന്‍ വേണ്ടി ഒരുങ്ങിയിറങ്ങാന്‍ രണ്ടു വര്‍ഷം അമാന്തിച്ചു. ഒരു കാരണവുംകൂടാതെ.

ഒറ്റ ദിവസം മാത്രമേ പരസ്പരം കണ്ടുള്ളെങ്കിലും, തന്നെഅവള്‍ രണ്ടു വര്‍ഷമായിട്ടും മറന്നില്ലെന്നു വ്യക്തം. ആ ഒരൊറ്റ ദിവസം കൊണ്ടു തന്നെ അവളുടെ ജീവിതത്തില്‍ തിരമാലകളുയര്‍ത്തി പ്രക്ഷുബ്ധമാക്കിക്കൊണ്ടാണു താനന്നു കടന്നു പോയത്. ‘ഇനിയീ പ്രദേശത്തൊന്നും കണ്ടു പോകരുത്’ എന്നാണ് തന്നെ അവള്‍ ആ രാത്രി ടാക്‌സിയില്‍ കയറ്റി വിടുമ്പോള്‍ പറഞ്ഞത്. എങ്കിലും, ഉള്ളിന്റെയുള്ളില്‍ താന്‍ തിരിച്ചു വരണം,തന്നെ വീണ്ടും കാണണം എന്ന് അവളാഗ്രഹിച്ചിട്ടുണ്ടാവില്ലേ? അങ്ങനെയാഗ്രഹിച്ചിട്ടുണ്ടെങ്കില്‍, ഓരോ ദിവസവും താന്‍ വരാതെ കൊഴിഞ്ഞുപോയപ്പോള്‍ അവളെത്ര നിരാശപ്പെട്ടിരിയ്ക്കണം. തന്റെ ജീവിതം ഇങ്ങനെയൊക്കെത്തന്നെ കൊഴിഞ്ഞു വീണു പോകാനുള്ളതാണെന്ന് ഒടുവില്‍ അവള്‍ തീരുമാനിച്ചിട്ടുമുണ്ടാകണം.

മുറിയില്‍ പതുക്കെ ഉലാത്തുന്ന വിശാഖത്തെ നോക്കിക്കൊണ്ട്,താടിയ്ക്കു കൈയ്യും കൊടുത്ത് സെറ്റിയിലിരുന്നിരുന്ന സദാനന്ദിന്റെ കണ്ണു നിറഞ്ഞു തുളുമ്പി.

‘സദൂ.’ തന്നെ നോക്കാതെ തന്നെ തന്റെ മനസ്സിലെ ചിന്ത അവള്‍ വായിച്ചെടുത്തിട്ടുണ്ടാകണം.അതുകൊണ്ടായിരിയ്ക്കണം വിഷാദം വേണ്ട എന്ന അര്‍ത്ഥത്തില്‍ വിളിച്ചത്! നിശ്ശബ്ദതയുടെ അര്‍ത്ഥവും അവള്‍ മനസ്സിലാക്കിയെടുക്കുന്നു. സദാനന്ദ് കണ്ണുകള്‍ തുടച്ചു.

പിറ്റേ ദിവസം സദാനന്ദ് പതിവിലും നേരത്തേയെത്തി. വിശാഖം പരസഹായം കൂടാതെ തന്നെ കുളിയ്ക്കാനും തുടങ്ങിയിരുന്നു. കുളികഴിഞ്ഞ് ചെറുതായി ഒരുങ്ങിയ ശേഷമാണ് അവള്‍ പ്രാതല്‍ കഴിച്ചത്. ആശുപത്രി അവള്‍ക്കു നല്‍കിയിരുന്ന ഇളം നീല യൂണിഫോംഅയഞ്ഞതായിരുന്നെങ്കിലും ഇന്നവള്‍ക്കതുചേരുന്നതായി സദാനന്ദിനു തോന്നി. മുഖത്ത് കൂടുതല്‍ ഉത്സാഹം, ചുറുചുറുക്കിന്റെ ആരംഭം, കാണുന്നു.

സദാനന്ദിലും വിശാഖം എന്തോ ചെറിയ വ്യത്യാസം കണ്ടു. ഫുള്‍ സ്ലീവ്‌സ് ഷര്‍ട്ടാണ് സദാനന്ദ് പതിവായി ധരിയ്ക്കാറുള്ളതെങ്കിലും അന്ന് ഒരല്‍പ്പം കൂടി സ്മാര്‍ട്ടായിരിയ്ക്കുന്നതായി വിശാഖത്തിനു തോന്നി. അതുകൊണ്ടായിരിയ്ക്കണം സദാനന്ദിനെ കണ്ടപ്പോഴേയ്ക്കും അവള്‍ മന്ദഹസിച്ചത്. ‘ആളിന്നു സ്മാര്‍ട്ടായിട്ടുണ്ടല്ലോ’ എന്ന കമന്റു പാസ്സാക്കുന്ന അര്‍ത്ഥത്തിലൊരു ചിരി. ആ ചിരിയുടെ അര്‍ത്ഥം മനസ്സിലാക്കി സദാനന്ദും ചിരിച്ചു.

വാസ്തവത്തില്‍ സദാനന്ദിന്റെ ഹൃദയം ഉച്ചത്തില്‍ മിടിയ്ക്കുന്നുണ്ടായിരുന്നു.

പതിനൊന്നരയായപ്പോള്‍ വാതിലിന്മേല്‍ മുട്ടു കേട്ടു. നഴ്‌സ് വാതില്‍ തുറന്നു. ഡോക്ടര്‍ അകത്തു പ്രവേശിച്ചു. അദ്ദേഹത്തിന്റെ പിന്നാലെ ഓരോരുത്തരായി ഏഴെട്ടു നഴ്‌സുമാരും. എല്ലാവരും പലപ്പോഴായി വിശാഖത്തിനെ പരിചരിച്ചിട്ടുള്ളവര്‍.

ഡോക്ടര്‍ രാവിലേ തന്നെ വന്ന് പരിശോധന നടത്തി, തമാശ പറഞ്ഞു പോയിക്കഴിഞ്ഞതായിരുന്നു. ഈ സമയത്തു വീണ്ടുമൊരു വരവ് പതിവില്ലാത്തതാണ്. വിശാഖം ഉത്കണ്ഠയോടെ ഡോക്ടറെ നോക്കി. ഡോക്ടര്‍ വിശാഖത്തിന്റെ ശിരസ്സില്‍ തലോടി ആശ്വസിപ്പിച്ചു, ‘ജസ്റ്റ് എ കാഷ്വല്‍ വിസിറ്റ്, ഡിയര്‍.ദാറ്റ്‌സാള്‍. നത്തിങ്ങ് ടു വറി.’ വെറുതേയൊന്നു കയറിയെന്നേ ഉള്ളു, കുട്ടീ. വിഷമിയ്ക്കാനൊന്നുമില്ല.

നഴ്‌സുമാരെല്ലാവരും കട്ടിലിന്റെ ഇരുവശത്തുമായി നിന്നു. എല്ലാവരുടേയും മുഖത്തൊരു ചിരി വിടര്‍ന്നിരുന്നു.കാര്യമൊന്നുമറിയാതെ വിശാഖവും മന്ദഹസിച്ചു.

അതിനിടെ സദാനന്ദ് നെഞ്ചിടിപ്പോടെ, വിശാഖത്തിന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് കട്ടിലിനടുത്തേയ്ക്കു ചെന്നു. പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു ജ്യുവല്‍ കേസ് പുറത്തെടുത്ത് വിറയ്ക്കുന്ന കരങ്ങളോടെ തുറന്നു. ഒരു ഡയമണ്ടോടു കൂടിയ അതിമനോഹരമായൊരു പ്ലാറ്റിനം മോതിരം ജ്യൂവല്‍ കേസിനുള്ളിലിരുന്നു തിളങ്ങി.

വിശാഖത്തിന്റെ കട്ടിലിന്നടുത്ത് ഇടതുകാല്‍മുട്ട് നിലത്തൂന്നി നിന്നുകൊണ്ട് ജ്യൂവല്‍ കേസിനുള്ളില്‍ മിന്നിത്തിളങ്ങിയിരുന്ന പ്ലാറ്റിനം മോതിരം വിശാഖത്തിന്റെ നേരേ നീട്ടി, അവളുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട് സദാനന്ദ് വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു:

‘വിശാഖം, വില്‍ യു മാരി മി?’

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here