വൈശാഖ പൗര്‍ണമി – 12

This post is part of the series വൈശാഖ പൗര്‍ണമി

Other posts in this series:

  1. വൈശാഖ പൗര്‍ണമി – 15
  2. വൈശാഖ പൗര്‍ണമി – 14
  3. വൈശാഖ പൗര്‍ണമി – 13

kamathi662വിശാഖത്തിന്റെ സെൽഫോൺ ശബ്ദിച്ചു. വന്ദന, വിത്തൽജിയുടെ മകൾ. ദീദീ, ഞാൻ ബാബയ്ക്കു കൊടുക്കാം, വന്ദന പറഞ്ഞു. വിശാഖത്തിന്റെ രോഗവിവരമാണ് വിത്തൽജി ആദ്യമന്വേഷിച്ചത്. രോഗം മാറിയോ, ആരോഗ്യം വീണ്ടെടുത്തോ, എന്നത്തേയ്ക്ക് ആശുപത്രി വിടാനാകും എന്നിങ്ങനെയുള്ള കുശലപ്രശ്നങ്ങൾക്കു ശേഷം വിത്തൽജി കാര്യത്തിലേയ്ക്കു കടന്നു. വിശാഖം പറഞ്ഞ കാര്യത്തെപ്പറ്റി വന്ദനയുമായും അവളുടെ ഭർത്താവുമായും ആലോചിച്ചു. വിശാഖം തുടങ്ങാനുദ്ദേശിയ്ക്കുന്ന സംരംഭം മഹത്തരം തന്നെ, സംശയമില്ല. നിർഭാഗ്യവതികളായ വനിതകളുടെ ഉദ്ധാരണത്തിനുവേണ്ടി എന്തു തന്നെ ചെയ്താലും അതധികമാവില്ല. അതിൽ സഹകരിയ്ക്കാൻ ഒരവസരം കിട്ടുന്നതിൽ സന്തോഷമേയുള്ളു. കാമാഠിപുരയിലെ കെട്ടിടം വിറ്റ വകയിൽ ചില ചെലവുകളും ബാദ്ധ്യതകളും തീർത്തശേഷം ഞങ്ങളുടെ പക്കൽ രണ്ടുകോടി രൂപ നീക്കിയിരിപ്പുണ്ട്. അതിന്റെ പകുതി എന്റെ മകൾ വന്ദനയ്ക്കും അവളുടെ കുഞ്ഞുങ്ങൾക്കുമായി നീക്കി വയ്ക്കുന്നു. നിർഭാഗ്യവതികളായ വനിതകളെ രക്ഷിയ്ക്കാൻ ശ്രമിയ്ക്കുന്ന നിന്നെ ഞാൻ എന്റെ മകളായി കരുതി, ശേഷിയ്ക്കുന്ന ഒരു കോടി രൂപ നിനക്കു തരുന്നു. ഒരു കോടി രൂപയ്ക്കുള്ള ചെക്ക് ഇന്നു വൈകീട്ട് വന്ദന അവിടെ, ആശുപത്രിയിൽ വന്ന് നിനക്കു തരും. നിന്റെ മഹത്തായ സംരംഭത്തിന് ഞങ്ങളുടെ സംഭാവന. അതു സ്വീകരിയ്ക്കുക.

വിശാഖത്തിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “വിത്തൽജീ…” കണ്ഠമിടറിയതുകൊണ്ട് അവൾക്ക് തുടർന്നൊന്നും പറയാൻ സാധിച്ചില്ല. അവൾ ഫോൺ സദാനന്ദിന്റെ കൈയിലേയ്ക്കു കൊടുത്തു. സദാനന്ദ് വിത്തൽജിയോടു പറഞ്ഞു, വിശാഖം കരയുന്നു. അവൾക്കു സംസാരിയ്ക്കാൻ പറ്റുന്നില്ല. ക്ഷമിയ്ക്കുക. അല്പം കഴിയുമ്പോൾഅവൾ അങ്ങയെ വിളിയ്ക്കും.

വിത്തൽജി പറഞ്ഞതെല്ലാം വിശാഖം സദാനന്ദിനെ പറഞ്ഞു കേൾപ്പിച്ചു. “വിശാഖം, നീയെന്നോടു ചേർന്നിരിയ്ക്ക്. നിന്നോടു കുറച്ചു സംസാരിയ്ക്കാനുണ്ട്. നീയെന്നെ മുട്ടിയിരിയ്ക്കുമ്പോൾ നിന്നോടെന്തും പറയാനുള്ള ധൈര്യം എനിയ്ക്കുണ്ടാകും.” കണ്ണുനീരിന്നിടയിലൂടെ വിശാഖം സദാനന്ദിനെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ പ്രകാശത്തിൽ സദാനന്ദ് ഒരു നിമിഷം മതിമറന്നിരുന്നു പോയി. എന്നാൽ താൻ പറയാൻ പോകുന്നത് ഒരുപക്ഷേ അവളുടെ പുഞ്ചിരി മായ്ച്ചു കളഞ്ഞെന്നു വരാം. സദാനന്ദ് വിശാഖത്തെ മാറോടു ചേർത്തമർത്തി. “അപ്പൊ ഞാൻ പറയട്ടേ?”

സദാനന്ദിന്റെ കഴുത്തിലൊരു ചുംബനമായിരുന്നു, വിശാഖത്തിന്റെ പ്രതികരണം. സദാനന്ദ് ചിരിച്ചു പോയി. “വിശാഖം, നാൽ‌പ്പത്തഞ്ചു കോടിയുടെ സ്വത്താണ് രണ്ടുവർഷം മുൻപ് ഞാൻ നിനക്കു വച്ചു നീട്ടിയത്. ഓർക്കുന്നുണ്ടോ, നീ കീറിക്കളഞ്ഞ വില്പത്രം?”

കഴുത്തിൽ ഒരു ചുംബനം കൂടി സദാനന്ദിനു കിട്ടി. “ഇന്നലെ രാത്രി ഞാനൊരു കണക്കെടുപ്പു കൂടി നടത്തി. രണ്ടു വർഷം മുൻപ് നാൽ‌പത്തഞ്ചു കോടി മതിപ്പു വിലയുണ്ടായിരുന്നത് ഇപ്പോൾ, കാമാഠിപുര വാങ്ങിക്കഴിഞ്ഞ ശേഷവും, അൻപതു കോടി കവിഞ്ഞിരിയ്ക്കുന്നു. ഈ അൻപതു കോടി രൂപ എന്റേയും നിന്റേയും ആയുഷ്കാലത്ത് ചെലവു ചെയ്തു തീർക്കാനാവില്ല. ഈ അൻപതു കോടി രൂപയെ കെട്ടിപ്പിടിച്ചിരിയ്ക്കുന്നതിൽ നിന്ന് എനിയ്ക്ക് പ്രത്യേകിച്ചൊരു സുഖവും കിട്ടുന്നില്ല. നിന്നെ കെട്ടിപ്പിടിച്ചിരിയ്ക്കുമ്പോഴാണ് എനിയ്ക്കു സുഖമുണ്ടാകുന്നത്.” വിശാഖം സദാനന്ദിന്റെ കഴുത്തിൽ വീണ്ടും ചുംബിച്ചു.

“നീ ചിരിച്ചു കാണുകയാണ് എന്റെ ജീവിതലക്ഷ്യം. നിന്റെ മുഖത്തിനി കണ്ണുനീരു കാണരുത്.” സദാനന്ദ് വിശാഖത്തിന്റെ കണ്ണുനീർ തുടച്ചു മാറ്റി. “നിന്റെ ചിരി കാണാൻ ഞാൻ എത്ര കോടി രൂപ വേണമെങ്കിലും തരാം.“ സദാനന്ദ് അവളുടെ താടിയിൽ പിടിച്ചുയർത്തി. “നിന്റെ ഓരോ ചിരിയ്ക്കും ഒരു കോടി രൂപ വീതം തരാം.”

വിശാഖം കണ്ണുനീരിന്നിടയിലൂടെ സദാനന്ദിനെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു, “ഒരു കോടി രൂപ!”

“എന്തിന് ഒരു കോടിയിൽ നിർത്തണം? നീ അൻപതു കോടി മുഴുവനുമെടുത്തോ!” സദാനന്ദ് അവളുടെ ശിരസ്സു വലിച്ചടുപ്പിച്ച് കണ്ണുകളിൽ ആവേശപൂർവം ചുംബിച്ചു.

“മതി. ഇനി സദു പറയാൻ വന്നതു പറയ്.”

“ങാ, ഞാൻ പറയാൻ വന്നത് ഇതാണ്, അൻപതുകോടി രൂപ ഞാൻ നിനക്കുവേണ്ടി വലിച്ചെറിയാൻ തയ്യാറാണ്. അങ്ങനെയിരിയ്ക്കെ, നീയെന്തിന് ആ പാവം വിത്തൽജിയെ ബേജാറാക്കണം?”

“വിത്തൽജിയെ ഇപ്പൊത്തന്നെ വിളിയ്ക്കാം.” വിശാഖം വിത്തൽജിയുടെ നമ്പർ ഡയൽ ചെയ്തു. വന്ദനയാണെടുത്തത്. വന്ദന ഫോൺ വിത്തൽജിയ്ക്കു കൈമാറി. വിശാഖം സ്നേഹത്തോടെ പറയാൻ തുടങ്ങി. “വിത്തൽജീ, അങ്ങ് ഒരു കോടി രൂപ എന്റെ സംരംഭത്തിന്നായി സംഭാവന ചെയ്യാമെന്നു പറഞ്ഞത് മഹാമനസ്കതയാണ്. പക്ഷേ ഞാനാ തുക വാങ്ങുന്നതു പാപമാകും. ഞാൻ അങ്ങയോടു കയർത്തു സംസാരിച്ചതു തന്നെ മഹാപാപമായിരുന്നു. സദു എനിയ്ക്കുവേണ്ടി കണക്കില്ലാതെ പണം ചെലവഴിയ്ക്കുന്നതു കണ്ടിട്ടുണ്ടായ സങ്കടത്തിൽ പറഞ്ഞു പോയതാണ്. അങ്ങെന്നോടു പൊറുക്കണം. അങ്ങയുടെ കൈയിൽ നിന്ന് ഞാനൊരിയ്ക്കലും പണം വാങ്ങുന്നതല്ല. വന്ദന വന്നുകൊള്ളട്ടെ. പക്ഷേ ദയവായി ചെക്കു കൊടുത്തയയ്ക്കരുത്. ചെക്കു ഞങ്ങൾ കൈകൊണ്ടു സ്പർശിയ്ക്ക പോലും ചെയ്യില്ല.” വിശാഖം വികാരഭരിതയായി തുടർന്നു. “അങ്ങെനിയ്ക്കു മാപ്പു തരണം, ഞങ്ങളെ അനുഗ്രഹിയ്ക്കണം.”

സദാനന്ദിന്റെ മാറത്തു ചാരിയിരുന്നുകൊണ്ടാണ് വിശാഖം ഇത്രയും പറഞ്ഞത്. സംഭാഷണം തീർന്ന് ഫോൺ ടീപോയി മേൽ വച്ച ശേഷം അവൾ വീണ്ടും സദാനന്ദിന്റെ മാറത്തമർന്നു. സദാനന്ദ് അവളെ കെട്ടിവരിഞ്ഞു. “നീ ധൃതരാഷ്ട്രാലിംഗനം എന്നു കേട്ടിട്ടുണ്ടോ?”

“ഭീമസേനന്റെ പ്രതിമയെ ധൃതരാഷ്ട്രർ ഞെരിച്ചുകളഞ്ഞത്. അല്ലേ?”

“അതെ, അതു തന്നെ. എനിയ്ക്കു നിന്നെ അതേപോലെ കെട്ടിപ്പിടിച്ചു ഞെരിയ്ക്കാൻ തോന്നണ്ണ്ട്. സ്നേഹം കൊണ്ട്. ഞെരിയ്ക്കട്ടേ?”

“സദു എന്നെ ഞെരിച്ചാൽ നമ്മുടെ പദ്ധതികളൊക്കെ നടക്കാതെ പോകും. മതി. എഴുന്നേൽക്ക്. പല കാര്യങ്ങളും ചെയ്യാനുണ്ട്.” വിശാഖം സ്നേഹത്തോടെ സദാനന്ദിനെ മെല്ലെ തള്ളിമാറ്റി.

ശരീരത്തിൽ നിന്ന് ഇവൾ വേർപെട്ടു പോകുന്നത് അസഹനീയമായിത്തീർന്നിരിയ്ക്കുന്നു. സദാനന്ദ് പ്രകടമായ വൈമനസ്യത്തോടെ എഴുന്നേറ്റു. “ശരി. ദാ, ഇതങ്ങു വാങ്ങിക്കോളൂ.” സദാനന്ദ് ടീപോയിമേൽ നിന്ന് കാമാഠിപുരയുടെ താക്കോലെടുത്ത് വിശാഖത്തിനു നേരേ നീട്ടി. അവൾ ഭവ്യതയോടെ കവർ വാങ്ങി. “കാമാഠിപുര ഇനി നിന്റേതാണ്.” സദാനന്ദ് പറഞ്ഞതു കേട്ട് വിശാഖം കണ്ണുകളിൽ നിന്ന് കണ്ണുനീരുതിരാതെ നിയന്ത്രിച്ചത് പണിപ്പെട്ടാണ്.

“ബക്കഡേജി ഒരെഞ്ചിനീയറേയും ടീമിനേയും കാമാഠിപുരയിൽ രാവിലേ തന്നെ എത്തിച്ചിട്ടുണ്ട്. അവിടെ താമസിയ്ക്കുന്ന പെൺകുട്ടികൾ വാതിൽ തുറന്നുകൊടുത്തു. പണികൾ തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. പെൺകുട്ടികളും പണികളിൽ സഹായിയ്ക്കുന്നുണ്ടെന്നു ബക്കഡേജി പറഞ്ഞു.”

“ആ പെൺകുട്ടികളൊക്കെ നല്ലവരാണു സദൂ. സദാനന്ദ് എന്ന ദേവദൂതൻ വന്നത് എന്നെപ്പോലെ അവർക്കും രക്ഷയായി. പിന്നെ, സദൂ, നമ്മുടെ ലിസ്റ്റനുസരിച്ചുള്ള മെഷീനുകൾ ഓരോന്നായി ഞാനിന്ന് ഓർഡർ ചെയ്യാൻ പോകുകയാണ്. ഓൺലൈൻ പേയ്മെന്റു നടത്തും. മിയ്ക്കവരുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ചിലരൊക്കെ ഇന്നു തന്നെ ഡെലിവറി തന്നെന്നു വരാം. മറ്റു ചിലർ രണ്ടു ദിവസം വേണ്ടി വരുമെന്നു പറഞ്ഞിട്ടുണ്ട്. വേറെ ചിലത് രണ്ടാഴ്ചയും. മെഷീനുകൾ വരുമ്പോൾ ചെക്കുചെയ്തു വേണം എടുക്കാൻ. അവിടെയൊരു മന്ദയുണ്ട്. അവളെ ഏല്പിച്ചാൽ മതി. ആരോഗ്യക്കുറവുണ്ടെങ്കിലും അവൾ ഇത്തരം കാര്യങ്ങൾ നന്നായി ചെയ്തോളും.”

“കേടുപാടുകൾ തീർക്കൽ താഴത്തെ നിലയിലാണ് തുടങ്ങിയിരിയ്ക്കുന്നത് എന്നാണ് ബക്കഡേജി പറഞ്ഞത്. ഉടൻ തന്നെ പെയിന്റിങ്ങും നടത്തും. അപ്പോൾ കാര്യങ്ങൾ തുടങ്ങാനാകും. അതു കഴിഞ്ഞയുടനെ മുകളിലത്തെ മുറികളും നന്നാക്കും. പുറകിലെ സ്ഥലത്ത് ഒരു ഷെഡ്ഡുകെട്ടി, ആവശ്യമില്ലാത്ത ഫർണീച്ചറും സാധനങ്ങളുമെല്ലാം അതിലേയ്ക്കു മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. പെൺകുട്ടികൾ തൽക്കാലം മുകളിലത്തെ മുറികളിൽ താമസിയ്ക്കും. ങാ, ടോയിലറ്റുകളെല്ലാം ഇന്നു തന്നെ പുതുക്കാൻ ബക്കഡേജി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.”

സദാനന്ദ് കാമാഠിപുരയിൽ എത്തിയപ്പോൾ പണികൾ തകൃതിയായി നടക്കുകയായിരുന്നു. താഴത്തെ നിലയിലെ പൊടിപടലത്തിന്നിടയിൽ ബക്കഡേയും മറ്റുള്ളവരും മൂക്കു പൊതിഞ്ഞുകെട്ടിയിരുന്നു. ചിലർ ഹെൽമറ്റും ധരിച്ചിരുന്നു. സദാനന്ദും കർച്ചീഫെടുത്തു മൂക്കു പൊതിഞ്ഞു. ദിവസങ്ങൾക്കു മുൻപ് കെട്ടിടം സശ്രദ്ധം പരിശോധിച്ചിരുന്ന സിവിൽ എഞ്ചിനീയർ അയച്ച ടീമായിരുന്നു, പണികൾ നടത്തിക്കൊണ്ടിരുന്നത്. സുധീർ ഭോസലെ എന്നൊരു യുവ എഞ്ചിനീയറായിരുന്നു, ടീമിന്റെ നേതാവ്. ഓരോ മുറിയിലും സ്ഥാപിയ്ക്കാൻ പോകുന്ന മെഷീനുകളുടെ ചിത്രങ്ങളും അളവുകളും അടങ്ങിയ ഫയൽ സദാനന്ദ് സുധീറിന്റെ ലാപ്ടോപ്പിലേയ്ക്ക് അയച്ചുകൊടുത്തു. മുറികളിലെ കേടുപാടുകൾ തീർക്കുന്നതോടൊപ്പം, മെഷീനുകൾ സ്ഥാപിയ്ക്കാനാവശ്യമായ തരത്തിൽ മുറികൾ സൗകര്യപ്പെടുത്താൻ ഇതു സഹായകമായി.

കെട്ടിടത്തിന് സാരമായ കേടുപാടുകളില്ലാതിരുന്നതുകൊണ്ട് ജോലികൾ ബുദ്ധിമുട്ടുള്ളവയായിരുന്നില്ല. കുറേയേറെക്കാലത്തെ അഴുക്കു കളയലായിരുന്നു, പ്രധാനജോലി. പൊടിപടലം അതിന്റേതായിരുന്നു. ചില വാതിലുകളിലും ജനലുകളിലും അറ്റകുറ്റപ്പണി ആവശ്യമായിരുന്നു. മുകളിൽ ഏതാനും മുറികൾ കൂടി പണിയാനുള്ള ഇടമുണ്ടായിരുന്നു. അവ താങ്ങാനുള്ള കെൽപ്പ് ചുവട്ടിലെ ഭിത്തികൾക്കുണ്ടായിരുന്നെന്ന് സുധീർ കണ്ടെത്തി. ആവശ്യമെങ്കിൽ മുകളിൽ പുതിയതായി ഒന്നോ രണ്ടോ നിലകൾ കൂടി പണിയാവുന്നതാണ് എന്നും സുധീർ പറഞ്ഞു. പുതിയ നിർമ്മാണങ്ങൾക്കാവശ്യമുള്ള മുൻ‌കൂർ അനുമതിയ്ക്കുള്ള അപേക്ഷകൾ തയ്യാറാക്കുന്ന ചുമതലകൂടി സുധീർ ഏറ്റെടുത്തു. അതിന്നിടെ പണികൾക്കാവശ്യമായ സാധനസാമഗ്രികളും എത്തിക്കഴിഞ്ഞിരുന്നു.

വിശാഖം ആശുപത്രിമുറിയിലിരുന്നുകൊണ്ട് ലാപ്ടോപ്പും സെൽഫോണും ഉപയോഗിച്ചു നടത്തിയ പ്രവർത്തനങ്ങൾക്കു ഫലം കണ്ടുതുടങ്ങി. ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും പത്തു തയ്യൽ മെഷീനുകൾ സ്ഥലത്തെത്തി. എല്ലാം ആധുനികരീതിയിലുള്ള മെഷീനുകൾ. പതിമൂവായിരത്തിനും പതിനെണ്ണായിരത്തിനുമിടയിൽ വിലയുള്ളവ. വിശാഖത്തിന്റെ നിർദ്ദേശം കിട്ടിയപ്പോൾത്തന്നെ മന്ദ തയ്യാറായി നിന്നിരുന്നു. മെഷീനുകൾ എത്തിയ ഉടനെ മന്ദ അവ ഓരോന്നും പരിശോധിച്ച ശേഷം ഡെലിവറി ചലാൻ സദാനന്ദിനെക്കൊണ്ട് ഒപ്പിടീച്ചുകൊടുത്തു.

തയ്യൽ മെഷീനുകൾ എത്തിയെന്നറിഞ്ഞയുടനെ എല്ലാ പെൺകിടാങ്ങളും ഉത്സാഹപൂർവ്വം ഓടിയെത്തി. ഒരു പാക്കറ്റു തുറന്ന് മെഷീൻ പുറത്തെടുത്തു. അവരിൽ ചിലർക്ക് തയ്യൽ മെഷീൻ ഉപയോഗിച്ച് അല്പം പരിചയമുണ്ടായിരുന്നെങ്കിലും അവർ ഈ ആധുനിക, ഇലക്ട്രിക് മെഷീനുകൾ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. അതെങ്ങനെ പ്രവർത്തിപ്പിയ്ക്കാമെന്നും അവർക്കറിയുമായിരുന്നില്ല. മെഷീൻ കണ്ട് അവർ പകച്ചു നിന്നു. അതിനിടെ വിശാഖത്തിന്റെ കോൾ വന്നു. തയ്യൽ മെഷീനുകൾ ഡെലിവറി കിട്ടിയോ? “വിശാഖം, പത്തു മെഷീനുകൾ കിട്ടി.“ സദാനന്ദ് അറിയിച്ചു. “മന്ദ അവ ചെക്കു ചെയ്തെടുത്തിട്ടുണ്ട്. ഒരെണ്ണം ഞങ്ങൾ തുറന്നു നോക്കി. അതുപയോഗിക്കാൻ ഇവർക്കാർക്കും അറിയില്ല, ഇവരെ ട്രെയിൻ ചെയ്യാൻ എന്താ അറേഞ്ച്മെന്റ്?”

“സദൂ, നാളെ രണ്ടു ട്രെയിനർ-വനിതകളെ അവരയയ്ക്കുന്നുണ്ട്. അവരെല്ലാം പഠിപ്പിയ്ക്കും. സദൂ, വേറൊരു കാര്യം ഇന്നു തന്നെ ചെയ്യാനുണ്ട്. നമ്മുടെ വനിതകൾക്കെല്ലാം യൂണിഫോം വേണം. ഒരേ നിറത്തിലുള്ള ഷർട്ട്. ചുരിദാറിന്റേയോ സാരിയുടേയോ മുകളിലൂടെ ഇടാനുള്ളത്. ഫർഹീനും പുഷ്പയും കൂടി അതിനുള്ള ക്ലോത്തും മറ്റു സാധനങ്ങളും വാങ്ങിക്കോളും. കളറും ഡിസൈനും അവർ തന്നെ തെരഞ്ഞെടുക്കട്ടെ. സദു രണ്ടായിരം രൂപ അവർക്കു കൊടുക്കുക. ഇപ്പോ പതിനഞ്ചു മീറ്റർ തുണി വാങ്ങിയാൽ മതി. നാളെ ട്രെയിനർ-വനിതകൾ വരുമ്പോ അവര് ഷർട്ടു തയ്ച്ചു കാണിയ്ക്കും. മാ ഉൾപ്പെടെ ഏഴുപേർക്ക് ഏഴു ഷർട്ടു തയ്ച്ചുകഴിയുമ്പോഴേയ്ക്ക് തയ്ക്കാൻ താത്പര്യമുള്ളവർ തയ്പു പഠിയ്ക്കുകയും ചെയ്യും.”

സദാനന്ദ് എത്തിയ ഉടനെ ഭക്ഷണം പാചകം ചെയ്യാനാവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങിപ്പിച്ചു. അടുക്കള ആധുനികവൽക്കരിയ്ക്കുന്ന ജോലി തുടങ്ങിയിരിയ്ക്കുന്നതുകൊണ്ട് രത്നാബായിയ്ക്ക് – “മാ“ – പാചകം പുറകിലുള്ള ഒരിടത്തേയ്ക്ക് താത്കാലികമായി മാറ്റേണ്ടി വന്നു. അടുക്കള പരിഷ്കരിയ്ക്കാൻ വേണ്ട ഉപകരണങ്ങളും ഇന്നു തന്നെയെത്തുമെന്നു വിശാഖം അറിയിച്ചു. രത്നാബായിയെ കല്പിതയും വർഷയും സഹായിയ്ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടൊഴിവായി. ആഹാരം സുഭിക്ഷമായി. ഇത്തരമൊരു സുഭിക്ഷാവസ്ഥ ഒരു പക്ഷേ വർഷങ്ങൾക്കിടയിൽ ആദ്യമായായിരിയ്ക്കും ഉണ്ടാകുന്നത്. പണി ചെയ്യുന്നവർക്കെല്ലാം രാവിലേയും വൈകീട്ടും ചായയും ഉച്ചയ്ക്കൂണും കുടിയ്ക്കാൻ തിളപ്പിച്ച വെള്ളവും കൊടുക്കണമെന്ന് വിശാഖം നിഷ്കർഷിച്ചിരുന്നു. ആഹാരത്തിനുവേണ്ടി ആരും പുറത്തുപോകേണ്ടി വരരുത്. സുധീറിന്റെ ടീമിലെ മിയ്ക്കവരും ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നു. ഇത് രാവിലേതന്നെ രത്നാബായി ചോദിച്ചറിഞ്ഞിരുന്നതുകൊണ്ട് ഭക്ഷണം പാഴായിപ്പോയില്ല.

ഒരൊറ്റ ദിവസം കൊണ്ട് അരക്കോടിയിലേറെ വിലയ്ക്കുള്ള യന്ത്രങ്ങളും വാഹനങ്ങളും മറ്റുപകരണങ്ങളും വിശാഖം നീണ്ട വിലപേശലുകൾക്കൊടുവിൽ ഓർഡർ ചെയ്തു കഴിഞ്ഞിരുന്നു. അവയെല്ലാം എന്ന്, എത്രമണിയ്ക്കുള്ളിൽ ഡെലിവറി നടത്തും എന്ന് കൃത്യമായി അവൾ ചോദിച്ചറിഞ്ഞിരുന്നു. ഓരോന്നും എത്തുന്നതിനു മുൻപു തന്നെ അതിന്നാവശ്യമായി വന്നേയ്ക്കാവുന്ന മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനും അവൾ ശ്രദ്ധ പതിപ്പിച്ചു. കാമാഠിപുരയ്ക്ക് ഏറ്റവും അനുയോജ്യമെന്നു തോന്നിയ ഡെലിവറിവാനുകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും അവൾ സദാനന്ദിന്റെ ലാപ്ടോപ്പിലേയ്ക്ക് അയച്ചുകൊടുത്തു. സദാനന്ദ് അവ ബക്കഡേയെ കാണിച്ചു ചർച്ച ചെയ്തു. തുടർന്ന് മൂന്നു ഡെലിവറി വാനുകളും ഒരു മഹീന്ദ്ര സ്കോർപ്പിയോയും ഓർഡർ ചെയ്തു. ഡെലിവറി വാനുകൾ ഓടിയ്ക്കാൻ താത്പര്യമുള്ളവർ നാളെ മുതൽ തന്നെ ഡ്രൈവിങ്ങ് പഠിയ്ക്കാൻ പൊയ്ക്കോളാൻ പറയാനും വിശാഖം നിർദ്ദേശിച്ചു. വാനുകൾ സ്ഥലത്തെത്തുമ്പോഴേയ്ക്ക് അവ ഓടിയ്ക്കാനറിയാവുന്നവർ ഉണ്ടാകണം.

ഇഡ്ഡലിയും ചപ്പാത്തിയുമെല്ലാം വൻ‌കിട കോർപ്പൊറേറ്റ് സ്ഥാപനങ്ങളിൽ സപ്ലൈ ചെയ്യാനായിരുന്നു വിശാഖത്തിന്റെ പ്ലാൻ. ഇതിന്നായി പല കോർപ്പൊറെറ്റ് ഓഫീസുകളും സന്ദർശിയ്ക്കേണ്ടി വരും. അതിന് സ്കോർപ്പിയോ സഹായകമാകും. സ്കോർപ്പിയോ കിട്ടുമ്പോൾ ഓടിയ്ക്കാൻ വിശ്വസ്തനായൊരു ഡ്രൈവറെ കൊണ്ടുവരാമെന്ന് ബക്കഡേ ഏറ്റു.സ്കോർപ്പിയോ രജിസ്ട്രേഷൻ കഴിഞ്ഞ് നാളെയോ മറ്റെന്നാളോ തരാൻ ശ്രമിയ്ക്കാമെന്ന് ചൌപ്പാത്തിയിലെ എൻബി‌എസ് ഇന്റർനാഷണൽ എന്ന സ്കോർപ്പിയോ ഡീലർ ഉറപ്പുതരികയും ചെയ്തു.

ദേവദാസികളുടെ പുനരുദ്ധാരണത്തിന്നായി വിശാഖം രൂപീകരിച്ച പദ്ധതിയുടെ പൂർണരൂപത്തിന്റെ കമ്പ്യൂട്ടർ പ്രിന്റൗട്ടുകൾ സദാനന്ദ് ഒരു പുസ്തകരൂപത്തിലാക്കി കൊടുത്തിരുന്നു. പുസ്തകത്തിന്റെ പല കോപ്പികളും എടുത്തിരുന്നു. അവയിലൊന്ന് സദാനന്ദ് ബക്കഡേയ്ക്കു കൊടുത്തു. മറ്റൊരു കോപ്പി സദാനന്ദ് സ്വന്തം ബ്രീഫ്കേസിൽ വച്ചു. സദാസമയവും വിശാഖം പദ്ധതിയെപ്പറ്റി ചർച്ച ചെയ്തിരുന്നതുകൊണ്ട് പദ്ധതിയുടെ വിശദാംശങ്ങൾ സദാനന്ദിനും ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു.

ജോലി ചെയ്യാൻ തയ്യാറുള്ള നൂറു ദേവദാസി വനിതകൾക്ക് അതിനുള്ള സ്ഥലവും യന്ത്രോപകരണങ്ങളും പരിശീലനവും വിപണനസഹായവും തുടക്കത്തിലെ പ്രവർത്തനമൂലധനവും സൗജന്യമായി ലഭ്യമാക്കുകയായിരുന്നു, പദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായി വിശാഖം സ്വീകരിച്ചിരുന്നത്. ഈ സൗകര്യങ്ങൾ അംഗങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ ഉപയോഗിച്ച് വരുമാനം നേടുക. ആ വരുമാനം കൊണ്ട് സ്വന്തം ഉപജീവനവും വളർച്ചയും നേടുന്നതോടൊപ്പം തന്നെ അവരെ സഹായിച്ച വെൽഫെയർ സെന്ററിന്റെ നടത്തിപ്പും വികസനവും കൂടി സാദ്ധ്യമാക്കുക.

തുടക്കത്തിൽ നൂറു വനിതകളെ സഹായിയ്ക്കാനായിരുന്നു വിശാഖം ലക്ഷ്യമിട്ടിരുന്നത്. പ്രവർത്തനകേന്ദ്രം കാമാഠിപുരയായിരിയ്ക്കുമെങ്കിലും, അൻപതോ അറുപതോ പേരിൽക്കൂടുതൽ വനിതകൾക്ക് ജോലിചെയ്യാനുള്ള സൌകര്യം കാമാഠിപുരയിലെ കേന്ദ്രത്തിലുണ്ടാവില്ലെന്ന് വിശാഖത്തിന്നറിയാമായിരുന്നു. അതുകൊണ്ട് വനിതകൾക്ക് സ്വന്തമായി ജോലി ചെയ്ത് ഉപജീവനം നടത്താൻ സൌകര്യപ്പെട്ട സ്ഥലങ്ങൾ മുംബൈയിൽ എവിടെയെല്ലാ‍മാണോ ഉള്ളത്, അവിടെയെല്ലാം അതിനു പറ്റിയ ചെറുഷോപ്പുകൾ വെൽഫെയർ സെന്ററിന്റെ യൂണിറ്റുകളായി വാടകയ്ക്കെടുത്തു നൽകണമെന്നും പദ്ധതിയുടെ രൂപരേഖകളിൽ അവൾ എഴുതിവച്ചിരുന്നു.ഇത്തരത്തിൽ സ്ഥാപിയ്ക്കപ്പെടുന്ന ചെറുയൂണിറ്റുകളിലൂടെ കേന്ദ്രത്തിൽ വച്ചു സഹായിയ്ക്കാൻ കഴിയുന്നതിലും വളരെക്കൂടുതൽ‌പ്പേരെ സഹായിയ്ക്കാൻ സാധിയ്ക്കുമെന്നും അവൾ കണ്ടു. എല്ലാ വനിതകൾക്കും ഹെൽത്ത് ഇൻഷൂറൻസും സൗജന്യ ചെക്കപ്പും ചികിത്സയും ലഭ്യമാക്കുന്നതും പ്ലാനിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു.

ആറു വനിതകളാണ് ഇപ്പോൾ സെന്ററിലുള്ളത്. ഇനി തൊണ്ണൂറ്റിനാലു പേരെക്കൂടെ തെരഞ്ഞെടുക്കാനുണ്ട്. യന്ത്രങ്ങളുടെ വരവനുസരിച്ച് ഇവരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു വിശാഖത്തിന്റെ പ്ലാൻ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദഗ്ദ്ധ്യവും കഴിവും സൗകര്യവുമനുസരിച്ചായിരിയ്ക്കും അവർക്കു വേണ്ട യൂണിറ്റുകൾ സ്ഥാപിയ്ക്കുന്നത്. ദേവദാസിപ്പണി ചെയ്യുന്ന നിരവധി വനിതകൾ കാമാഠിപുര മേഖലയിൽ ഉണ്ടായിരുന്നതുകൊണ്ട് നൂറ് എന്ന ലക്ഷ്യം തികയ്ക്കുന്നത് ദുഷ്കരമാവില്ല എന്ന് അവളൂഹിച്ചിരുന്നു. ബാങ്കിൽ നിന്നു തുടക്കത്തിൽത്തന്നെ വായ്പയെടുക്കാൻ ആദ്യം പ്ലാനിട്ടിരുന്നെങ്കിലും ഏതാനും വർഷത്തെ പ്രവർത്തനത്തിനുശേഷം, വികസനത്തിനുവേണ്ടി മാത്രമാകണം ബാങ്കുകളെ സമീപിയ്ക്കുന്നത് എന്നും അവൾ തീർച്ചപ്പെടുത്തി.

അവളുടെ പ്ലാനുകളുടെ പ്രായോഗികതയും അനുയോജ്യതയും ബക്കഡേയും സദാനന്ദും വിലയിരുത്തിയിരുന്നു. അവളുടെ പദ്ധതികൾ സൂക്ഷ്മാംശങ്ങളിൽ‌പ്പോലും ശ്രദ്ധ പതിപ്പിച്ചിട്ടുള്ളവയായിരുന്നതിനാൽ അവ പ്രവൃത്തിപഥത്തിൽ വരുത്താവുന്നവയാണെന്ന കാര്യത്തിൽ ബക്കഡേയ്ക്കും സംശയമുണ്ടായിരുന്നില്ല. മൂലധനനിക്ഷേപം മറ്റേതൊരു സ്രോതസ്സിൽ നിന്നു ലഭിയ്ക്കുന്നതിനേക്കാളും വളരെക്കുറഞ്ഞ നിരക്കിൽ ലഭിച്ചിരിയ്ക്കുന്നതുകൊണ്ട്, ആ സന്ദർഭം പ്രയോജനപ്പെടുത്തി, ഉല്പന്നങ്ങളുടെ വിലകൾ മാർക്കറ്റുവിലയേക്കാൾ ആകർഷകമാം വിധം കുറവായിരിയ്ക്കണം എന്നു വിശാഖം തീരുമാനിച്ചിരുന്നത് പദ്ധതിയുടെ വിജയത്തിനു വഴി തെളിയ്ക്കുന്ന വലിയൊരു ഘടകമായിത്തീരും എന്നും അവർ വിലയിരുത്തി.

പദ്ധതിയുടെ രൂപരേഖയിൽ സദാനന്ദിനെ ‘മൂലധനസ്രോതസ്സ്‘ എന്നു പരാമർശിച്ചിരുന്നതു വായിച്ച് സദാനന്ദിനു ചിരി വന്നിരുന്നു. പദ്ധതിയുടെ കാര്യത്തിൽ തികഞ്ഞ പ്രൊഫഷണലിസം വിശാഖം പ്രദർശിപ്പിച്ചിരുന്നത് അവളുടെ കാര്യനിർവഹണശേഷിയിൽ വിശ്വാസമർപ്പിയ്ക്കാൻ സദാനന്ദിനു പ്രോത്സാഹനമായി. ഇഡ്ഡലിയുടേയും ചപ്പാത്തിയുടേയും മാർക്കറ്റുവിലകൾ അവൾ തേടിപ്പിടിച്ചെടുത്തിരിയ്ക്കുന്നതും, ആ വിലകളുടെ പശ്ചാത്തലത്തിൽ, പദ്ധതിപ്രകാരം ഉത്പാദിപ്പിയ്ക്കപ്പെടുന്ന ഇഡ്ഡലിയുടേയും ചപ്പാത്തിയുടേയും വിലകൾ, എല്ലാത്തരം ഭാവിചെലവുകൾ കണക്കിലെടുത്ത ശേഷവും, എത്രവരെയാകാമെന്ന് അവൾ കണക്കുകൂട്ടിയെടുത്തിരിയ്ക്കുന്നതുമെല്ലാം കണ്ട് സദാനന്ദ് അവളെ വർദ്ധിച്ച സ്നേഹത്തോടെ മാത്രമല്ല, പുതിയ ഒരാദരവോടെയും നോക്കാൻ തുടങ്ങി.

പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പോകുന്ന വനിതകൾ തങ്ങളുടെ പ്രവർത്തനരംഗത്ത് എത്രത്തോളം ആത്മാർത്ഥത പ്രദർശിപ്പിയ്ക്കും എന്നതായിരുന്നു, ഒരേയൊരു സന്ദിഗ്ദ്ധത.പക്ഷേ, വിശാഖത്തിന് അവരിൽ പരിപൂർണ്ണവിശ്വാസമുണ്ടായിരുന്നു.

ചെറിയമ്മയുടേയും സദാശിവന്റേയും സന്ദർശനപരിപാടിയ്ക്കുവേണ്ടി ചെയ്തിരിയ്ക്കുന്ന ഏർപ്പാടുകൾ വിശാഖം ഫോണിലൂടെ സദാനന്ദുമായി അവലോകനം ചെയ്തു. എൺപതിലേറെ വയസ്സായ ചെറിയമ്മയ്ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകരുത്. ചെറിയമ്മയേയും സദാശിവനേയും കൊണ്ടുവരാനും അവരെ താമസിപ്പിയ്ക്കാനുമുള്ള ഏർപ്പാടുകൾ ഹ്യാട്ട് റീജൻസി ചെയ്തു കഴിഞ്ഞിരുന്നു.ഹ്യാട്ട് റീജൻസിയുടെ കാറിൽ സദാനന്ദ് എയർപോർട്ടിലേയ്ക്ക് രാവിലേതന്നെ പോകുന്നു, രണ്ടുപേരേയും സ്വീകരിയ്ക്കുന്നു, മൂവരും കൂടി ഹ്യാട്ട് റീജൻസിയിലെത്തുന്നു. സദാനന്ദ് ഉടൻ തന്നെ ബ്രീച്ച് കാന്റിയിലേയ്ക്കും അവിടുന്ന് കാമാഠിപുരയിലേയ്ക്കും പോകുന്നു. ഉച്ചവരെ വിശ്രമിച്ച ശേഷം ചെറിയമ്മയും സദാശിവനും കൂടി ബ്രീച്ച് കാന്റിയിലെത്തുന്നു. വൈകുന്നേരം അവർ മടങ്ങി ഹ്യാട്ട് റീജൻസിയിലേയ്ക്കു പോകുന്നു.

പിറ്റേദിവസം ചെറിയമ്മയും സദാശിവനും സദാനന്ദിന്റെ കൂടെ കാമാഠിപുര സന്ദർശിയ്ക്കുന്നു. തുടർന്ന് മുംബൈയിൽ ഒന്നു ചുറ്റിക്കറങ്ങുന്നു. അതിനു ശേഷം ബ്രീച്ച് കാന്റിയിലേയ്ക്ക്. അടുത്ത ദിവസം രാവിലെ ചെറിയമ്മയും സദാശിവനും നാട്ടിലേയ്ക്കു മടങ്ങുന്നു.

സദാനന്ദിന്റെ അസാന്നിദ്ധ്യം പദ്ധതിനടത്തിപ്പിനെ പ്രതികൂലമായി ബാധിയ്ക്കാത്ത തരത്തിൽ ബക്കഡേ സദാസമയവും കാമാഠിപുരയിലുണ്ടായിരുന്നു. വാസ്തവത്തിൽ ബക്കഡേയുടെ സാന്നിദ്ധ്യവും സഹായവുമില്ലായിരുന്നെങ്കിൽ പദ്ധതിയുടെ നടത്തിപ്പ് ഇത്രത്തോളം സുഗമമാകുകയില്ലായിരുന്നു. കാമാഠിപുരയിലെ പണിത്തിരക്കിനിടയിലെ പൊടിപടലത്തിന്നിടയിൽ‌പ്പെട്ട് ബക്കഡേയ്ക്ക് രോഗബാധയുണ്ടാകാതെ നോക്കണമെന്ന് വിശാഖം “ചാച്ചാജി”യോട് സ്നേഹപൂർവം പറഞ്ഞിരുന്നു,ഇടയ്ക്കിടെ ഓർമ്മിപ്പിയ്ക്കുകയും ചെയ്തിരുന്നു. അക്കാര്യം ശ്രദ്ധിയ്ക്കണമെന്ന് വിശാഖം സദാനന്ദിനോടും പ്രത്യേകം ശട്ടം കെട്ടിയിരുന്നു. രോഗബാധ ഒഴിവാക്കുക മാത്രമല്ല, ചാച്ചാജിയ്ക്ക് ഒരു തരത്തിലുമുള്ള സാമ്പത്തികനഷ്ടവും വരാൻ പാടില്ല. വിശാഖം അഭിപ്രായപ്പെട്ടതനുസരിച്ച്, സദാനന്ദ് ഒരു ടാക്സി ബക്കഡേയുടെ മാത്രം ഉപയോഗത്തിന്നായി ഏർപ്പാടാക്കി.ടാക്സിസൗകര്യം ലഭ്യമായതോടെ ബക്കഡേയുടെ പത്നി, രോഹിണി “ചാച്ചി”യും ബക്കഡേയുടെ കൂടെ ദിവസേന കാമാഠിപുരയിലേയ്ക്കു വരാൻ പോകുന്നു എന്നു ബക്കഡേ വിശാഖത്തെ അറിയിച്ചു. അത് വിശാഖത്തിനു കൂടുതൽ സന്തോഷവും, അതിലേറെ ആശ്വാസവും ഉണ്ടാക്കി.

ബക്കഡേയ്ക്ക് മരിച്ചുപോയ സ്വന്തം മകളോടുള്ള വാത്സല്യമാണ് വിശാഖത്തോട് തുടക്കം മുതൽക്കേ ഉണ്ടായിരുന്നത്. സദാനന്ദ് എത്ര സമ്പന്നനാണെന്ന ഏകദേശരൂപം ബക്കഡേയ്ക്ക് ഇതിനകം കിട്ടിക്കഴിഞ്ഞിരുന്നു. സദാനന്ദ് കല്യാണം കഴിയ്ക്കാൻ ആവശ്യപ്പെട്ട ഉടനെ സദാനന്ദിനെ കല്യാണം കഴിച്ച്, സദാനന്ദിന്റെ കൂടെ അമേരിക്കയെന്ന സ്വപ്നലോകത്ത്, സുഖസമ്പന്നതയുടെ മദ്ധ്യത്തിൽ, ശേഷം ലോകത്തെയെല്ലാം വിസ്മരിച്ച്, വിശാഖത്തിനു കഴിയാമായിരുന്നിട്ടും അവൾ അതിനു തുനിയാതെ, മുംബൈയിലെ ജനതയുടെ കാൽച്ചുവട്ടിൽക്കിടന്നു നരകിയ്ക്കുന്ന ഒരുകൂട്ടം ദേവദാസികളെ രക്ഷപ്പെടുത്തുകയെന്ന മഹത്തായ സംരംഭത്തിന്നായി മുന്നിട്ടിറങ്ങിയിരിയ്ക്കുന്നത് ബക്കഡേയ്ക്ക് വിശാഖത്തോടുള്ള വാത്സല്യം വർദ്ധിപ്പിയ്ക്കുക മാത്രമല്ല, അവളോട് ബഹുമാനവും തോന്നിപ്പിച്ചു. ഇത്തരം സേവനങ്ങൾക്കു തുനിയുന്നവർ സമൂഹത്തിൽ വിരളമാണെന്നും ബക്കഡേ മനസ്സിലാക്കിയിരുന്നു. വിശാഖത്തിന്റെ കാരുണ്യപദ്ധതിയ്ക്കു വേണ്ടി ബക്കഡേ സ്വയം സമർപ്പിച്ചു. രോഹിണിച്ചാച്ചിയും വിശാഖത്തിന്റെ ആരാധികയായിക്കഴിഞ്ഞുവെന്ന് ബക്കഡേ സദാനന്ദിനോടു പറഞ്ഞു.

അതിന്നിടയിൽ ഡോക്ടർ നേരിട്ടുവന്ന് വിശാഖത്തെ ഒരു സന്തോഷവാർത്ത അറിയിച്ചു. തുടർച്ചയായി നടത്തിക്കൊണ്ടിരിയ്ക്കുന്ന പരിശോധനകളിൽ അവസാനമായി നടന്നവയുടെ ഫലം വിശാഖത്തിന്റെ രോഗം പൂർണമായും ഭേദമായി എന്നാണു കാണിയ്ക്കുന്നത്. അവയിൽ അവസാനത്തേതിന്റെ ഫലം മറ്റെന്നാൾ വരും. അതും ഇതേഫലം തന്നെയാണു കാണിയ്ക്കുന്നതെങ്കിൽ അതിന്നടുത്ത ദിവസം വിശാഖത്തെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജ് ചെയ്യും. തുടരെത്തുടരെയുള്ള പരിശോധനാഫലങ്ങൾ രോഗമില്ല എന്നുറപ്പിയ്ക്കാൻ ആവശ്യമായതുകൊണ്ടാണ് മറ്റെന്നാളത്തെ റിസൾട്ടിന്നായി കാത്തിരിയ്ക്കുന്നത്. ആരോഗ്യം ഒരുവിധം തിരിച്ചുകിട്ടിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി പോഷകസ‌മൃദ്ധമായ ഭക്ഷണം കഴിച്ചു വിശ്രമിച്ചാൽ ദിവസങ്ങൾകൊണ്ട് പൂർണ്ണമായും ആരോഗ്യവതിയാകാൻ സാധിയ്ക്കും.

വിശാഖം ഡോക്ടറുടെ പാദം തൊട്ടു വന്ദിച്ചു. “അങ്ങെനിയ്ക്കു രണ്ടാം ജന്മം തന്നു.”

“യു ഡിസെർവ്ഡ് ഇറ്റ്, ഡിയർ. ബട്ട്, ഇറ്റ് വാസ് സദാനന്ദ് ഹു ഫോഴ്സ്ഡ് മി ടു ട്രീറ്റ് യു. യു ഓ യുവർ ലൈഫ് ടു ഹിം. സോ, താങ്ക് ഹിം.” നിന്നെ ചികിത്സിയ്ക്കാൻ എന്നെ നിർബ്ബദ്ധനാക്കിയത് സദാനന്ദാണ്. നിന്റെ ജീവിതം അവനു കടപ്പെട്ടതാണ്.അതുകൊണ്ട് അവനോടു നന്ദി പറയുക.

ഡോക്ടർ പറഞ്ഞതെല്ലാം വിശാഖം അതേപടി സദാനന്ദിനെ വിളിച്ചറിയിച്ചു. അങ്ങനെ കാമാഠിപുരയിലെ കോണിച്ചുവട്ടിലെ പഴന്തുണിക്കൂട്ടം ഇന്നിതാ വീണ്ടും ഒരു പൂർണ്ണമനുഷ്യസ്ത്രീയായി ഉയിർത്തെഴുന്നേറ്റിരിയ്ക്കുന്നു.തന്റെ അദ്ധ്വാനം സഫലമായിരിയ്ക്കുന്നു. സദാനന്ദ് കൃതാർത്ഥനായി. ഇത്തരമൊരു കൃതാർത്ഥത ജീവിതത്തിൽ മുൻപൊരിയ്ക്കലും അനുഭവിയ്ക്കാനിടവന്നിട്ടില്ലെന്ന് സദാനന്ദോർത്തു.

വിശാഖത്തിന്റെ രോഗം പൂർണമായും ഭേദപ്പെട്ടിരിയ്ക്കുന്ന വാർത്ത സദാനന്ദ് ബക്കഡേയെ അറിയിച്ചപ്പോൾ ബക്കഡേ സന്തോഷാധിക്യത്താൽ സദാനന്ദിനെ ആശ്ലേഷിച്ചു. വാർത്ത കേട്ട് കാമാഠിപുരയിലെ പെൺകുട്ടികൾ തുള്ളിച്ചാടി. “ബിസദീദി എന്നു വരും?” ആകാംക്ഷാഭരിതരായിരുന്നു അവരോരോരുത്തരും.

പെട്ടെന്ന് രണ്ടു ചോദ്യങ്ങൾ സദാനന്ദിന്റെ മനസ്സിലുയർന്നു.ഒന്നാമത്തെ ചോദ്യം, ആശുപത്രിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ അവളെന്തു വസ്ത്രം ധരിയ്ക്കുമെന്നായിരുന്നു. അവൾക്കായി വാങ്ങിയ പട്ടുസാരികളെല്ലാം അവൾ അന്യർക്കു കൊടുത്തു കളഞ്ഞിരിയ്ക്കുന്നു. അതിൽ‌പ്പിന്നെ അവൾക്കുവേണ്ടി സാരി വാങ്ങുകയെന്ന സാഹസത്തിനു താൻ തുനിഞ്ഞിട്ടില്ല.ഇപ്പോഴെന്തായാലും അവൾക്കാവശ്യമുള്ള വസ്ത്രങ്ങൾ വാങ്ങിയേ തീരൂ. അക്കാര്യം ഓർമ്മവന്നയുടനെ സദാനന്ദ് വിശാഖത്തെ ഫോണിൽ വിളിച്ചു. “നിനക്കിഷ്ടമുള്ള വേഷം ഏതാണെന്നു വച്ചാൽ അതു വാങ്ങാം. ഏതാണിഷ്ടം?” ഉത്തരം ഉടൻ വന്നു, ചുരിദാർ. ഏതു നിറം? ഏതും. “ഞാൻ വാങ്ങിക്കൊണ്ടു വരുന്നത് നീ അവർക്കുമിവർക്കും കൊടുത്തുകളയാനാണോ ഭാവം?” സദാനന്ദ് പകുതി കളിയായും പകുതി കാര്യമായും ചോദിച്ചു. മറ്റുള്ളവർക്കു കൊടുത്താൽ ആശുപത്രിയൂണിഫോം ഇട്ടുകൊണ്ട് ഇറങ്ങേണ്ടി വരും. അതുകൊണ്ട് ഇത്തവണ ആർക്കും കൊടുക്കുന്നില്ലെന്ന് വിശാഖം മന്ദസ്മിതത്തോടെ ഉറപ്പു നൽകി. അങ്ങനെയെങ്കിൽ അഞ്ചു ചുരിദാറെടുക്കാം. ശരി.

തുടർന്ന് അവളൊരു സംശയമുന്നയിച്ചു. ചുരിദാർ വാങ്ങാൻ ഏകദേശമളവുകൾ കൊടുക്കേണ്ടി വരും. സദു അതെങ്ങനെ കൊടുക്കും. “നിന്റെ എല്ലാ അളവുകളും എന്റെ ഉള്ളിലുണ്ടു കുട്ടീ. നിന്റെ ഹൈറ്റ് അഞ്ചടി നാലിഞ്ച്. ശരിയല്ലേ?“ സദാനന്ദിന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചുപോയി. “വാസ്തവത്തിൽ എനിയ്ക്ക് എന്റെ ഹൈറ്റ് എത്രയെന്നറിയില്ല.” “എന്നാലെനിയ്ക്കറിയാം തങ്കം. നിന്റെ വേറെയും അളവുകൾ എന്റെ നെഞ്ചിലുണ്ട്. നിനക്ക് അണ്ടർ ഗാർമെന്റ്സും ചെരിപ്പും വാങ്ങാനുണ്ട്. ഇതിന്റെയൊക്കെ അളവുകൾ ഞാനങ്ങോട്ടു പറഞ്ഞുതരട്ടേ?” സദാനന്ദ് ഓരോ അളവും പറഞ്ഞുകൊടുത്തു, അവൾ കുടുകുടാ ചിരിച്ചു. അവളുടെ ചിരിയിൽ നിന്നു പ്രോത്സാഹനം കൊണ്ടുകൊണ്ട് സദാനന്ദ് ചോദിച്ചു, “വിശാഖം, നിനക്ക് നാലഞ്ചു പട്ടു സാരികൂടി വാങ്ങട്ടേ? നീ പട്ടുസാരിയുടുത്തു നടക്കുന്നതു കാണാൻ കൊതിയുണ്ട്.”

ഉടൻ മറുപടി വന്നു. അതും ശാസനാസ്വരത്തിൽ. “സദൂ, പട്ടുസാരി വേണ്ട. നമുക്കു ചുറ്റുമുള്ള വനിതകൾ കഷ്ടപ്പെടുമ്പോൾ പട്ടുസാരിയുടുത്തു നടക്കാൻ തോന്നണില്ല. ഇവരൊക്കെ ഒന്നു കരകയറീട്ട് പട്ടുസാരി ഉടുക്കാം.”

സദാനന്ദ് ഉടൻ തന്നെ കാമാഠിപുരയിൽ നിന്നു പുറത്തു പോയി അവൾക്കു വേണ്ടിവന്നേയ്ക്കാവുന്ന എല്ലാ വസ്ത്രങ്ങളും ചെരിപ്പുകളും ഏതാനും ബാഗുകളും വാങ്ങി. വൈകീട്ട് അവയെല്ലാം ആശുപത്രിയിൽ ചെന്ന് വിശാഖത്തിനു കൊടുക്കുകയും ചെയ്തു. “ചുരിദാറുകൾ നിനക്കിഷ്ടപ്പെട്ടോ” എന്നു ചോദിച്ചപ്പോൾ, “സദു എന്തുകൊണ്ടുവന്നാലും എനിയ്ക്കിഷ്ടമാകും” എന്നായിരുന്നു മറുപടി.

മനസ്സിലുയർന്നിരുന്ന രണ്ടാമത്തെ ചോദ്യം ആശുപത്രിയിൽ വച്ചു ചോദിയ്ക്കണമെന്നു വിചാരിച്ചെങ്കിലും നേരിയൊരു ധൈര്യക്കുറവുമൂലം അവിടെ വച്ചു ചോദിച്ചില്ല. വിശാഖത്തിനെ ആശുപത്രിയിൽ നിന്ന് എവിടേയ്ക്കാണു കൊണ്ടുപോകുക? സദാനന്ദിനു വേവലാതിയുണ്ടാക്കുന്ന ഒന്നായിരുന്നു, അത്. വലിയൊരു കീറാമുട്ടി പോലെ ആ ചോദ്യം സദാനന്ദിന്റെ മുന്നിൽ ഉയർന്നു നിന്നു. ഫ്ലാറ്റു വാങ്ങുന്ന കാര്യം വിശാഖം മരവിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടു മൂന്നു തവണ അവളെ ഓർമ്മിപ്പിച്ചിരുന്നെങ്കിലും അവൾ പിന്നെയാകട്ടെ എന്നു പറഞ്ഞ് അതു വീണ്ടും തള്ളിനീക്കിയിരുന്നു. അവൾക്ക് ഫ്ലാറ്റിനോടു താത്പര്യമില്ല എന്നു വ്യക്തമായിരുന്നു. ഫ്ലാറ്റുകളുടെ ചിത്രങ്ങളിൽ അവൾ നോക്കുക പോലും ചെയ്തിരുന്നില്ല.

ഹ്യാട്ട് റീജൻസിയിൽ താനെടുത്തിരിയ്ക്കുന്ന മുറി ഡബിൾ റൂമാണ്. അതിൽ അവൾക്കു കൂടി രാജകീയമായി താമസിയ്ക്കാവുന്നതാണ്. എന്നാൽ അവളതിന്നു സമ്മതിയ്ക്കാതിരിയ്ക്കാൻ പല കാരണങ്ങളും കാണാൻ കഴിയുന്നുണ്ട്. ഹ്യാട്ട് റീജൻസിയുടെ പ്രതിദിനവാടകയാണ് ഒരു പ്രശ്നം. ആറായിരത്തിലേറെ രൂപയാണത്. ഇത്രയധികം വാടകയുള്ള മുറിയിൽ താമസിയ്ക്കുന്ന കാര്യം അവൾ ആലോചിയ്ക്കുക പോലും ചെയ്യില്ല.

രണ്ടാമത്തെ പ്രശ്നമാണു ഗുരുതരം: തന്റെ മുറിയിൽ, തന്റെ കട്ടിലിൽ തന്റെ കൂടെ കിടക്കാൻ അവൾ ഇപ്പോഴും മാനസികമായി തയ്യാറായിട്ടില്ലെന്നാണു തോന്നുന്നത്. തന്നെ കഴിയുന്നത്ര അകലത്തിൽ നിർത്താനായിരുന്നു, അവളുടെ തുടക്കം മുതലുള്ള ശ്രമം. തന്റെ ആലിംഗനത്തിന് അല്പമെങ്കിലും വഴങ്ങിത്തരാൻ തുടങ്ങിയിരിയ്ക്കുന്നതുകൊണ്ട് തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞുവരുന്നതായി തോന്നാറുണ്ടെങ്കിലും, ഇടയ്ക്കൊക്കെ ആ അകലം വർദ്ധിപ്പിയ്ക്കാൻ അവൾ മനഃപൂർവ്വം ശ്രമിയ്ക്കുന്നതായും തോന്നാറുണ്ട്. ചെറിയമ്മയെ വിളിച്ചുവരുത്തിയിരിയ്ക്കുന്നത് ആ അകലം വീണ്ടും കൂട്ടാൻ വേണ്ടിയാണ്. അകലം എത്രത്തോളം കൂട്ടാനായിരിയ്ക്കും അവളുടെ പ്ലാൻ?

അകലം കൂട്ടാൻ അവൾ തത്രപ്പെടുന്നത് തന്നോടുള്ള അവളുടെ സ്നേഹം അതിരറ്റതായതു കൊണ്ടാണെന്ന് തനിയ്ക്കറിയാഞ്ഞല്ല. തന്റെ പക്കലുള്ള പണം തലമുറകളോളം നീണ്ടുനിൽക്കുന്നത്ര വ്യാപ്തിയുള്ളതാണെന്നും, അവൾക്കുവേണ്ടി അതുമുഴുവനും വലിച്ചെറിയാൻ താൻ തയ്യാറാണെന്നും അവൾക്കറിയാം.എന്നാലും തന്നെക്കൊണ്ട് ഒരു രൂപ പോലും വലിച്ചെറിയിപ്പിയ്ക്കാൻ അവൾ തയ്യാറല്ലെന്നതു വ്യക്തം. അവൾ ഒന്നരക്കോടിയുടെ പദ്ധതി തുടങ്ങിവച്ചത് അവൾക്കുവേണ്ടി ഒന്നരക്കോടിയുടെ ഫ്ലാറ്റു വാങ്ങാനുള്ള പ്ലാനുമായി താനവളെ സമീപിപ്പിച്ചപ്പോഴാണ്. ഒന്നരക്കോടി അവൾക്കുവേണ്ടി മുടക്കാൻ താൻ എന്തായാലും തയ്യാറെടുത്തിരിയ്ക്കുന്ന നിലയ്ക്ക്, ശരി, ആ തുക കേവലം ഒരു വ്യക്തിയ്ക്കു വേണ്ടി മുടക്കുന്നതിനു പകരം അത് നൂറുപേർക്ക് പ്രയോജനപ്പെടട്ടെ.അതായിരുന്നു, അവളുടെ ചിന്ത.

നൂറു വനിതകളെയെങ്കിലും രക്ഷിയ്ക്കണമെന്ന അവളുടെ ആഗ്രഹം അവൾക്ക് തന്നോടുള്ള സ്നേഹം പോലെ തന്നെ തീവ്രമാണെന്നു മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. ആ തീവ്രമായ ആഗ്രഹം കൊണ്ടാണ് തന്റെ ഒന്നരക്കോടി അതിനുവേണ്ടി ചെലവു ചെയ്യിയ്ക്കാൻ അവൾ തീരുമാനിച്ചത്. തന്നോടുള്ള സ്നേഹവും തീവ്രമായതുകൊണ്ടാണ്, പ്ലാനിലധികം താൻ ചെലവഴിച്ചപ്പോൾ അവൾക്ക് നിരാശയും സങ്കടവും രോഷവും ഉണ്ടായത്. തന്റെ അൻപതു കോടിയും അവൾക്കുള്ളതാണ് എന്ന് അവളെ ബോദ്ധ്യപ്പെടുത്താൻ താൻ തീവ്രശ്രമം നടത്തിയിട്ടുണ്ടെങ്കിലും, ചെലവു കുറയ്ക്കാൻ അവൾ പതിപ്പിയ്ക്കുന്ന ശ്രദ്ധ അതിശയിപ്പിയ്ക്കുന്ന ഒന്നാണ്. മെഷീനുകൾ ഓർഡർ ചെയ്യുന്നതിനു മുൻപ് അവൾ നടത്തുന്ന നീണ്ടവിലപേശലുകൾ മൂലം ലാഭിയ്ക്കാൻ കഴിഞ്ഞ ലക്ഷങ്ങളെപ്പറ്റി സദാനന്ദ് അപ്പപ്പോൾ മനസ്സിലാക്കിയിരുന്നു. ഒരു മൊട്ടുസൂചി പോലും പാഴായിപ്പോകാൻ അവൾ അനുവദിയ്ക്കുകയില്ല.

സദാനന്ദിന്റെ ശേഷിയ്ക്കുന്ന വമ്പിച്ച സ്വത്ത് അവളുടേതുകൂടിയാണ്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here