ഉരുകുന്ന കുംഭച്ചൂടിലൊരിക്കൽ
ഊണിനായ് തിടുക്കം കൂട്ടിയ
ഞാനൊരു കാഴ്ച കണ്ടു;
തനിക്കു കിട്ടിയ മാംസക്കഷ്ണം
പൂച്ചക്കുഞ്ഞിനു നൽകുന്നൊരു ശ്വാനനെ കണ്ടു…
എത്രയോ ഓണമുണ്ടു, വിഷുവുണ്ടു ഞാന്‍
എന്നിട്ടും ശ്വാനനിൽ നിറഞ്ഞ നൻമ
എന്നിൽ നുരഞ്ഞു പൊങ്ങിയില്ല..
നിത്യം ചോറ്റുപാത്രത്തിൽ നിന്നും
ഒരു പിടി ചോറു വാരിയെടുത്ത്
പച്ചടി കിച്ചടികൾക്കൊന്നും സ്വാദ് പോരാ
മാങ്ങാക്കറിക്ക് എരിവു പോരാ
മോരിനു പുളി പോരാന്നൊക്കെ പുലമ്പും
എന്നോടെനിക്ക് അന്നാദ്യമായ്
എന്തെന്നില്ലാത്ത ഒരരിശം തോന്നവെ
പെട്ടെന്ന് മുറ്റത്തൊരു വിളി കേട്ടു…
ഒരു പിടി പഴം ചോറിനും ഒരിറ്റു കഞ്ഞിവെളളത്തിനും
യാചിക്കുന്ന, ഒട്ടിയ രണ്ടു വയറുകളെ കണ്ടു…
എനിക്കായ് മാറ്റിവച്ച ഊണെടുത്ത്
അവര്‍ക്കായ് പകുത്ത് നൽകവെ
ഒരു നിമിഷം ഞാനോർത്തു
ഒരിക്കലുമാവില്ല വിശപ്പിന്റെ
വിളി കേൾക്കാതിരിക്കുവാൻ
വിശപ്പിന്റെ കാഴ്ചയില്‍ നിന്നു മുഖം തിരിക്കാൻ…
നിസ്വാർത്ഥതയുടെ പാഠം ഉൾക്കൊളളുന്നാരു
യഥാര്‍ത്ഥ മനുഷ്യനാകുവാൻ മോഹിക്കവെ…
കണ്ണീരോടെ ഞാന്‍ തിരിച്ചറിഞ്ഞു; സഹജീവികൾക്കൂട്ടുന്ന
അന്നമൊരു ദാനമല്ല, അതൊരു ധ്യാനമാണെന്ന്…