സ്വപ്‌നം

ഒരു നൂറുപുഷ്‌പങ്ങൾ ഒരുമിച്ചുവിരിയും

പ്രഭാതവും കാത്തു ഞാൻ നിന്നു.

ഉദയാചലത്തിന്റെ ജ്വാലാമുഖങ്ങൾ

തുടുക്കുന്നതും കാത്തുനിന്നു.

കാടും കരയും കടലുമുണർന്നു

കാട്ടാറു പൊട്ടിച്ചിരിച്ചു.

കണ്ടില്ലയെങ്കിലും ഞാൻ, ഉദയാംബരം

ചോക്കുന്ന കുങ്കുമപ്പൂക്കൾ.

തുയിലുണർത്താൻ വന്ന പാട്ടുകാരൊക്കെയും

തുടിയുമായെങ്ങോ മറഞ്ഞു.

ചുടുനിണം വാർന്നു ചുവന്ന നിലങ്ങളിൽ

നെടുവീർപ്പു മാത്രമുയർന്നു.

പൊരുതുവാൻ മാത്രം ജനിച്ചവരീ മണ്ണിൽ

കരുതുവാനൊന്നുമില്ലാത്തോർ,

ദുരിതക്കയങ്ങളിൽ നീന്തിത്തുടിച്ചു

ദുർവ്വിധി പേറി നടന്നോർ,

പതിതസ്വപ്‌നങ്ങളിൽ കയറിനിന്നധികാര-

പ്പടവുകൾ കയറിയോരേറെ.

പരിവർത്തനത്തിന്റെ മാധുര്യമൂറും

പതിവു വാഗ്‌ദാനങ്ങളേറെ.

അപരന്റെ ശബ്‌ദം സംഗീതമാകുന്ന

കാലം വരുമെന്ന സ്വപ്‌നം,

സ്വാർത്ഥത്തിനന്യന്റെ തലയറുക്കാമെന്ന

തത്ത്വമായ്‌ മാറ്റുന്നു വ്യർത്ഥം.

മതമൊരു ലഹരിയാണത്‌ വർജ്യമെന്ന

മഹിതമഹാശയതത്ത്വം

പാടേ മറന്നുകൊണ്ടാ ലഹരി മോന്തി

പരസ്‌പരം കൊല്ലുന്നു കഷ്‌ടം!

എങ്കിലുമെൻ കൈക്കുടന്നയിൽ പങ്കില

മാകാതെയുണ്ടൊരു സ്വപ്‌നം.

കൈവിട്ടുപോയ മൂല്യങ്ങളെന്നെങ്കിലും

കൈവരുമെന്നൊരു സ്വപ്‌നം.

Generated from archived content: poem5_may27.html Author: venu_puthottu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here