മഴയ്‌ക്ക്‌ ഒരു സംഘഗീതം

മഴ മഴ മഴ മഴ മഴ മഴ…….

ഓരോ തുളളിയിലും ഒരായിരം കുളിര്‌.

ഒരായിരം കുളിരിൽ തേനൂറും പാട്ടിന്റെ ഈണം.

ഇലയാടും കാറ്റല്ലോ, കൊതി തുളളും കാറ്റല്ലോ

മനമാടും മദമല്ലോ എങ്ങും!!

മാരിക്കാറിൻ കരിനീലക്കാടും പൂത്തു

തുലാവരിഷരജനിയും വന്നു

കരളുണർത്തി കൂട്ടിനു നിന്നു.

ജാലകച്ചിൽ വാതിൽ ചാരി അമ്പിളിപ്പെണ്ണും

നിദ്ര തൻ പൂമച്ചിൽ സ്വപ്‌നവും

കണ്ടുറങ്ങി മെല്ലെ.

തുയിലുണരൂ തുയിലുണരൂ പ്രഭാതകന്യേ.

തിര തല്ലും തീരത്ത്‌ മഴ വന്ന നേരത്ത്‌

പുഴ പാടും പുളിനങ്ങൾ പുളകം കൊണ്ടേ

-മഴ മഴ മഴ മഴ മഴ മഴ

ആകാശം ഭൂമിയെ ഉമ്മ വെച്ചൂ

ആദ്യാനുരാഗം പിറന്നൂ.

പ്രണയ സന്ദേശം സഫലമായ്‌ ഭൂമിയിൽ

പ്രാണന്റെ പച്ചപ്പുണർന്നൂ.

ഏഴു നിറങ്ങൾ ചൂടി പ്രകൃതി

ഏഴു സ്വരങ്ങൾ പാടീ

വിലോലയായി വീണകൾ മീട്ടി

വികാരവതിയായ്‌ കാലം.

പല തുളളി പെരുവെളളം…..

മഴയൊഴുകി പുഴയായി

പുഴയൊഴുകി കടലായി

കരകാണാക്കടലിൻ നടുവിൽ

കുടമേന്തിപ്പോകും കരിമുകിൽ

ഒരു കുമ്പിൾ കോരിയെടുത്തു

മാനത്തേയ്‌ക്കോടിപ്പോയീ

മഴവില്ലിൻ പൂ ചൂടി, വീണ്ടും…..

മഴ മഴ മഴ മഴ മഴ മഴ

മഴ മഴ മഴ മഴ മഴ മഴ

…………………………………….

……………………………………..

മഴ തോർന്നു മർമ്മരമായി

മരം പെയ്‌തു മന്ത്രങ്ങളായി.

മാനം വെളുത്തു മാമരച്ചില്ലകൾ

കുളിരിൽ കുളിച്ചു നിന്നൂ

തളിരിടാൻ വെമ്പി നിന്നൂ.

Generated from archived content: poem4_sep1.html Author: salimraj_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English