തെളിവ്‌

ഞങ്ങൾ ജോലി ചെയ്യുന്ന ബാങ്കിൽ ഒരു പ്യൂണുണ്ട്‌. പേര്‌ ഗോപിനാഥൻ!

ചിലർ അവനെ ഗോപി എന്നു വിളിച്ചു. ചിലർ നാഥൻ എന്നും.

നാഥൻ എന്നുവിളിക്കുന്നവരോടാണ്‌ അവന്‌ കൂടുതൽ ഇഷ്‌ടം.

നാഥന്റെ ഏക സഹോദരിയുടെ വിവാഹത്തിന്‌ ബാങ്കിൽ നിന്നു ഞങ്ങളെല്ലാവരും പോയിരുന്നു.

അന്ന്‌ ഞങ്ങൾ നാഥന്റെ അമ്മയോട്‌ പറഞ്ഞുഃ ഇനി അമ്മയ്‌ക്ക്‌ ഒരു കൈതുണ വേണ്ടേ? നാഥനെപ്പിടിച്ചു ഒരു പെണ്ണ്‌ കെട്ടിക്കാൻ നോക്ക്‌.“

അവർ പറഞ്ഞുഃ

”അവന്‌ ഇരുപത്തിരണ്ടല്ലേ ആയുളളൂ. രണ്ടുമൂന്നു കൊല്ലവും കൂടി കിടന്നു മൂക്കട്ടെ!“

നാഥന്റെ അമ്മ അല്‌പം നർമ്മബോധമുളള കൂട്ടത്തിലാണെന്ന്‌ അന്നാണ്‌ ഞങ്ങൾക്ക്‌ മനസ്സിലായത്‌.

അങ്ങനെ ഗോപിനാഥൻ കിടന്ന്‌ മൂത്തുകൊണ്ടിരുന്നപ്പോഴാണ്‌ ആ പടക്കം പൊട്ടിയത്‌. പൊട്ടിയതല്ല. പൊട്ടിച്ചതാണ്‌.

ജൂനിയർ ക്ലർക്ക്‌ സുഷമയ്‌ക്ക്‌ സീനിയർ ക്ലർക്ക്‌ സുധാകരൻ ഒരു പ്രേമലേഖനം കൊടുക്കുന്നത്‌ ഗോപിനാഥൻ കണ്ടു! പെട്ടെന്ന്‌ പുറത്തുനിന്ന്‌ കയറി വന്നപ്പോൾ കണ്ടതാണ്‌.

ഗോപിനാഥന്‌ ആ കാഴ്‌ച ഉൾക്കൊളളാൻ പ്രയാസമായി.

സുധാകരന്‌ ഭാര്യയും സുഷമയ്‌ക്ക്‌ ഭർത്താവുമുണ്ട്‌…അവർ തമ്മിലാണ്‌ ഇങ്ങനെ….ഒരാൾ ഭാര്യയെ വഞ്ചിക്കുന്നു. ഒരാൾ ഭർത്താവിനെ വഞ്ചിക്കുന്നു. രണ്ടുപേരും ചേർന്ന്‌ മനുഷ്യരെ മുഴുവൻ വഞ്ചിക്കുന്നു! ഇത്‌ ശരിയല്ല…ശരിയല്ല.

താൻ കണ്ട കാഴ്‌ച ആരോടെങ്കിലും ഒന്നുപറയണം. പറഞ്ഞില്ലെങ്കിൽ മനസ്സ്‌ വീർത്തു പൊട്ടും.

ആരോടാണ്‌ പറയുക?

കാഷ്യർ ഹബീബ്‌ എണീറ്റു ബാത്ത്‌റൂമിലേയ്‌ക്ക്‌ പോകുന്നത്‌ കണ്ടു.

ഗോപിനാഥൻ ബാത്ത്‌റൂമിന്റെ പുറത്ത്‌ ചെന്നു കാത്തുനിന്നു.

ഹബീബ്‌ പുറത്തേയ്‌ക്ക്‌ വന്നപ്പോൾ ഗോപിനാഥൻ പറഞ്ഞുഃ ”വല്ലാത്ത ലോകം.“

”ലോകത്തിനിപ്പോ എന്ത്‌ പറ്റി നാഥാ?“

നാഥൻ ശബ്‌ദം താഴ്‌ത്തിയിട്ട്‌ പറഞ്ഞുഃ

”ഞാനിന്നൊരു തമാശ കണ്ടു. തമാശയല്ല….പറഞ്ഞാൽ വിശ്വസിക്കില്ല. രഹസ്യമാണ്‌. രഹസ്യവും ആരും അറിയണ്ട.“

നാഥന്‌ പിന്നെ വാക്കുകളില്ല.

”ഈ നാഥന്‌ എന്തുപറ്റി? രഹസ്യം എന്താണെന്ന്‌ പറയടോ“

”അത്‌…അത്‌ നമ്മുടെ സുധാകരൻ സാറില്ലേ? പുളളി സുഷമസാറിന്‌ പ്രേമലേഖനം കൊടുത്തു!“

”നേര്‌ പറ- നാഥൻ കണ്ടോ?“

”അമ്മയാണെ ഞാൻ കണ്ടു.“

ഹബീബ്‌ സാർ ഉടനെ ഒന്നു വിയർത്തോ?

ആകെയൊരു വീർപ്പുമുട്ടൽ…ഇതെത്ര നേരം ഉളളിൽ വെച്ചുകൊണ്ടിരിക്കും? അത്രനേരമൊന്നും ഉളളിൽ വെച്ചുകൊണ്ടിരിക്കാൻ ഹബീബ്‌ സാറിന്‌ കഴിഞ്ഞില്ല. സംഗതി പരസ്യമായി. സെക്രട്ടറി ഒഴികെ ബാങ്കിലുളള എല്ലാവരും അതറിഞ്ഞു.

സുഷമ മൂക്കു പിഴിഞ്ഞും കണ്ണു തുടച്ചും സെക്രട്ടറിയുടെ അടുത്തു ചെന്നുനിന്നു.

ഫയലിൽ നിന്നു മുഖമുയർത്തി സെക്രട്ടറി സുഷമയെ ചോദ്യഭാവത്തിലൊന്നു നോക്കി.

സുഷമ ചിണുങ്ങിക്കൊണ്ടു പറഞ്ഞുഃ ”സുധാകരൻ സാർ എന്റെ കൈയീന്ന്‌ കഴിഞ്ഞ ശമ്പളദിവസം നൂറ്‌ രൂപാ വായ്‌പ വാങ്ങിയിരുന്നു.“

”ഉം.“

”ഇന്ന്‌ അത്‌ തിരിച്ചുതന്നു.“

”ഉം.“

”തിരിച്ചുതരുന്നത്‌ ഗോപി കണ്ടു.“

”അതിനെന്ത്‌?“

”ഗോപിയുടെ വിചാരം അത്‌ പ്രേമലേഖനമായിരുന്നെന്നാണ്‌.“

”അതേയോ? എന്നിട്ടെന്തുണ്ടായി?“

”സുധാകരൻ സാർ എനിക്ക്‌ പ്രേമലേഖനം തന്നെന്ന്‌ ബാങ്കിലാകെ പറഞ്ഞുപരത്തി…. ഞാനെങ്ങനെ ഇനിയിവിടെ ജോലിയ്‌ക്ക്‌ വരും.“ സുഷമ തേങ്ങി.

സെക്രട്ടറി സുഷമയെ സമാധാനിപ്പിച്ചുഃ

”സുഷമ സങ്കടപ്പെടാതിരിക്കൂ. ഞാൻ ഗോപിയെ വിളിച്ചു സംസാരിക്കുന്നുണ്ട്‌. ഉം ചെന്നിരുന്നു ജോലി ചെയ്‌തോളൂ.“

സെക്രട്ടറി ഗോപിനാഥനെ വിളിച്ചു.

”സുഷമയുടെ വക ഒരു പരാതിയുണ്ടല്ലോ തന്നെപ്പറ്റി. സുധാകരൻസാർ സുഷമയ്‌ക്ക്‌ പ്രേമലേഖനം കൊടുത്തെന്ന്‌ താൻ ബാങ്കിലാകെ പറഞ്ഞു പരത്തിയിരിക്കുന്നു എന്നാണ്‌ പരാതി…നേരാണോ? താൻ കണ്ടോ?“

”കണ്ട്‌.“

”അത്‌ പ്രേമലേഖനം തന്നെ ആവണമെന്നുണ്ടോ? മടക്കിയ ഒരു നൂറുരൂപാ നോട്ടായിക്കൂടേ?“ സെക്രട്ടറി തുടർന്നുഃ ”എടോ, അപവാദ പ്രചരണം തന്നെപ്പോലുളളവർക്ക്‌ ചേർന്നതല്ല. താനൊരു ചെറുപ്പക്കാരനല്ലേ! ഇതൊക്കെ പുറത്തറിയുന്നത്‌ നമ്മുടെ ബാങ്കിനും മോശമാണ്‌. മേലിൽ ഇങ്ങനെയൊന്നും ഉണ്ടാവരുത്‌.“

സെക്രട്ടറിയുടെ ഉപദേശം നാഥന്‌ തീരെ രസിച്ചില്ല. കഠിനമായ ദേഷ്യം വരികയും ചെയ്‌തു. പക്ഷേ, അതടക്കുകയല്ലാതെ വല്ല നിവൃത്തിയുമുണ്ടോ?

”തന്നെപ്പോലുളള ചെറുപ്പക്കാർക്ക്‌ ചേർന്നതല്ല“ സെക്രട്ടറിയുടെ ആ വാക്കുകൾ ഉളളിൽ കിടന്നു തേട്ടിക്കൊണ്ടിരിക്കയാണ്‌….

താൻ അപമാനിക്കപ്പെട്ടിരിക്കയാണെന്ന ബോധം അവനെ നിശ്ശബ്‌ദനാക്കി. അവൻ ബാങ്കിൽ അത്യാവശ്യത്തിന്‌ മാത്രം വായ തുറന്നു.

ചില ദിവസങ്ങൾക്ക്‌ ശേഷം സഹപ്രവർത്തകർ അവനോട്‌ ചോദിച്ചു.

”ഗോപിനാഥന്റെ മൗനവ്രതം അവസാനിപ്പിക്കാറായില്ലേ?“

”ആയിട്ടില്ല. ആകും. ഏതു പട്ടിക്കും ഒരു നല്ല ദിവസം ഉണ്ടാകുമെന്നല്ലേ പറയുന്നത്‌? എനിക്കും ഉണ്ടാകും അങ്ങനെ ഒരു ദിവസം. അന്നെന്റെ മൗനവ്രതവും അവസാനിക്കും.“

സുധാകരന്റെയും സുഷമയുടെയും ഓരോ ചലനവും അവൻ ശ്രദ്ധിച്ചുപോന്നു. അങ്ങനെ അവൻ കാത്തിരുന്ന ആ ദിവസവും വന്നെത്തി.

അന്ന്‌ ജില്ലാബാങ്കിൽ ചെക്ക്‌ കളക്ഷന്‌ കൊടുക്കാൻ പോയി തിരിച്ചു വന്നപ്പോൾ സെക്രട്ടറി ഒരു ഫയലെടുത്തു കൊടുത്തിട്ട്‌ പറഞ്ഞുഃ

”ഇതാ സുഷമയ്‌ക്ക്‌ കൊടുക്ക്‌.“

സുഷമ ഇരിക്കുന്ന മുറിയിലേയ്‌ക്ക്‌ കടന്നപ്പോൾ നാഥൻ കണ്ടത്‌, സുധാകരൻ സാർ ചുരുട്ടിമടക്കിയ ഒരു കടലാസ്‌ സുഷമയ്‌ക്ക്‌ കൊടുക്കുന്നതും അതവർ പരിഭ്രമത്തോടെ ജാക്കറ്റിനുളളിൽ നിക്ഷേപിക്കുന്നതുമാണ്‌.

ഗോപിനാഥൻ ഒട്ടും സമയം കളഞ്ഞില്ല. പെട്ടെന്ന്‌ ഫയൽ മേശപ്പുറത്തിട്ടു സുഷമയുടെ ജാക്കറ്റിനുളളിലേക്ക്‌ കൈ കടത്തി…

ഇപ്പോൾ പൊട്ടിയത്‌ പടക്കമല്ല ശരിക്കും ഒരു ബോംബ്‌ തന്നെയാണ്‌.

Generated from archived content: story2_sep1.html Author: rehman_vadanappilli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here