വരദക്ഷിണ – പെയ്‌തൊഴിയാത്ത കാവ്യനിലാവ്‌

ചങ്ങമ്പുഴയിലൂടെ മലയാളത്തിന്‌ കവിതയുടെ ഒരു വസന്തം ലഭിച്ചു. ആ വസന്തത്തിന്റെ ഋതുപ്പകർച്ച കെ.എസ്‌.കെ.യിൽനിന്ന്‌ ആരംഭിക്കുന്നു. പണ്‌ഡിതന്മാരുടെ ബൗദ്ധിക വ്യായാമത്തിൽനിന്ന്‌ ജനതയുടെ ഹൃദയാനുഭവമായി കവിതയുടെ ജാതകം മാറ്റിയെഴുതിയ കവികളിൽ പ്രധാനിയാണ്‌ കെ.എസ്‌.കെ.

മണപ്പുറത്തിന്റെ ഗ്രാമീണ ജീവിതത്തിലേക്ക്‌ വേരുകളാഴ്‌ത്തി സാഹിത്യത്തിലെ മഹാവൃക്ഷമായി കെ.എസ്‌.കെ വിരിഞ്ഞുനില്‌ക്കുന്നു. മുപ്പത്‌ വയസ്സിനുളളിൽ പ്രധാന കൃതികളെല്ലാം എഴുതിത്തീർത്ത കെ.എസ്‌.കെ അനുവാചകരുടെ ഹൃദയത്തിൽ സ്വന്തം സിംഹാസനം പണിതു. കയ്യെഴുത്തുപ്രതികളുടെ പകർപ്പുകളും അതിന്റെ പകർപ്പുകളുമായി കെ.എസ്‌.കെ. കൃതികൾ സഹൃദയരിലേക്ക്‌ പടർന്നു കയറി.

ഗ്രാമീണരുടെ ഹൃദയപ്പാടങ്ങളിൽ കവിത വിതച്ചു കടന്നുപോയ കെ.എസ്‌.കെ. യെ ഗ്രാമീണതയുടെ മഹാകവി എന്ന്‌ സുമനസ്സുകൾ പേര്‌ ചൊല്ലി വിളിച്ചു. കവിതയും നാടകവും പ്രഹസനങ്ങളുമായി നാല്‌ പതിറ്റാണ്ടുകാലം അദ്ദേഹം നിന്നുപെയ്‌തു. അദ്ദേഹത്തിന്റെ കവിതകൾ ഗ്രാമീണ ജനത ഏറ്റുവാങ്ങി. നിരക്ഷരരെ കൊണ്ടുപോലും അദ്ദേഹം സ്വന്തം കവിത ചൊല്ലിച്ചു. ആ രചനകൾ സാധാരണക്കാരോട്‌ ചേർന്നുനിന്നു.

മുണ്ടശ്ശേരിയെ ആശാൻ കവിതയോടടുപ്പിച്ചത്‌ കെ.എസ്‌.കെയാണെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. മുണ്ടശ്ശേരി, വി.മാധവമേനോൻ, പി.കുട്ടികൃഷ്‌ണൻ കൈമൾ, സി.കെ.ചോഹൻ എന്നീ സാഹിത്യ പ്രണയികളുടെ കൂട്ടുകെട്ടായിരുന്നു കണ്ടശ്ശാങ്കടവ്‌ ഹൈസ്‌കൂളിൽ. കെ.എസ്‌.കെ ദിവസവും ഓരോ ശ്ലോകമ എഴുതിക്കൊണ്ടുവരും. അത്‌ കൂട്ടുകാർക്കിടയിൽ ചൊല്ലി രസിക്കും. ക്ലാസ്സിലെ ബോർഡിൽ എഴുതും. സ്വന്തം കവിതയോടൊപ്പം ഭാഷയിലെ പ്രധാനപ്പെട്ട കവിതകളും അവർ ചൊല്ലി വ്യാഖ്യാനിച്ചു. കവിതയിൽ കമ്പം കേറിയ മുണ്ടശ്ശേരിക്ക്‌ കെ.എസ്‌.കെയുടെ കവിതകൾ വായിച്ചപ്പോഴാണ്‌ താനല്ല, തളിക്കുളമാണ്‌ കവി എന്ന്‌ മനസ്സിലായതത്രെ. കവിതയെഴുത്തിൽനിന്ന്‌ മുണ്ടശ്ശേരി പിൻവാങ്ങിയതിനുളള കാരണക്കാരൻ കെ.എസ്‌.കെ ആയത്‌ ഇങ്ങനെ. അനായാസമായ രചനാരീതി കെ.എസ്‌.കെ ചെറുപ്പത്തിലേ സ്വായത്തമാക്കിയിരുന്നു. മുപ്പത്തൊമ്പതുകൊല്ലം കാരമുക്ക്‌ എസ്‌.എൻ.ജി.എസിൽ ഹെസ്‌മാസ്‌റ്ററായിരുന്ന കെ.എസ്‌.കെ വിദ്യാർത്ഥികളിൽ കവിതയുടെ വിളക്കുകൾ തെളിയിച്ചു.

കെ.എസ്‌.കെ.യുടെ അനശ്വര കൃതികളിലൊന്നാണ്‌ അമ്മുവിന്റെ ആട്ടിൻകുട്ടി. കുഞ്ഞുങ്ങളും ജീവജാലങ്ങളും തമ്മിലുളള ആത്മബന്ധത്തെ അത്യുജ്ജ്വലമായി ആവിഷ്‌കരിക്കുന്ന ഈ കവിത ഭാഷയിലെ മികച്ച ബാലസാഹിത്യ കൃതികളിലൊന്നാണ്‌. രാമു കാര്യാട്ട്‌ ഈ കവിത ചലച്ചിത്രമാക്കി. മധുരവും പ്രസാദാത്മകവുമായ കാവ്യജീവിതത്തിന്‌ പിന്നിലെ കെ.എസ്‌.കെയുടെ വ്യക്തിജീവിതം കാറും കോളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹത്തിന്റെ തകർച്ച അദ്ദേഹത്തെ ഉലച്ചു. വിടാതെ പിടികൂടിയ കാസരോഗം എല്ലാ ആഹ്ലാദങ്ങളിൽനിന്നും അദ്ദേഹത്തെ വെട്ടിമാറ്റി. മകൻ ശങ്കരാനന്ദൻ അന്ധനായി. (കവിതയിലും പിൻമുറക്കാരനായ കെ.കെ.എസ്‌ തളിക്കുളം) ഇത്തരം വേദനകൾക്കുളളിൽ നിന്നുകൊണ്ടാണ്‌ നിർമ്മല ദീപ്‌തങ്ങളായ കവിതകൾ അദ്ദേഹം നമുക്ക്‌ തന്നത്‌.

Generated from archived content: essay2-jan.html Author: ravunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English