പൂർവ്വാംബരത്തിന്റെ
പൊൻ കിളിവാതിൽക്കൽ
ചേതോഹരമൊരു
താരകം മാഞ്ഞതും
താളത്തിലേതോ
കിളി ചിലയ്‌ക്കുന്നതും,
ഏകാന്തതയിൽ ഞാൻ കേട്ടു.
പാതിയടഞ്ഞ ജനാലക്കൊളുത്തുകൾ
താളത്തിലാടിക്കിലുങ്ങീ-
പാതിയിലാരോ നടന്നു പോകുന്നതാം
കാലടിശ്ശബ്‌ദങ്ങൾ മാത്രം
ചാരു പവിഴക്കൊടി കൂറ നീർത്തിയെൻ
ഭാവന താളം ചവിട്ടി..
ഏതോ കിനാവിന്റെ തീരത്തുറങ്ങുന്ന
മാറുക സ്വപ്‌നഗേഹത്തിൽ
ഭീതിതമാം നിഴൽ പാടുകളിൽ വീണു
തേങ്ങുന്നു നിന്റെ മോഹങ്ങൾ
ആരാഞ്ഞറിയുവാൻ ഞാൻ കവിയെത്തുന്നു
തീരാത്ത ദുഃഖം മറക്കൂ
വാതിൽ തുറന്നീ ഒരുപിടി പുഷ്‌പങ്ങൾ
വാരിയണയ്‌ക്കൂ നീ കണ്ണിൽ.
Generated from archived content: poem3_dec.html Author: pp_janakikkutty