ധീരദേശാഭിമാനി മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിന്റെ ചരമദിനമായിരുന്നു കഴിഞ്ഞ നവംബർ 23. മതിലകത്തെ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവർത്തകനായിരുന്ന അന്തരിച്ച പി.എം.കാദറിന്റെ ഓർമ്മക്കുറിപ്പിൽ നിന്നുളള ഈ പുനഃപ്രസിദ്ധീകരണത്തിന് ഇന്നേറെ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.
കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്‌ട്രീയം ഇന്നത്തെപ്പോലെ അന്നും നിലനിന്നിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാറ്റ് സ്വാഭാവികമായി കേരളത്തിലും ആഞ്ഞ് വീശി. കേരളത്തിൽ ഇന്നറിയപ്പെടുന്ന കമ്യൂണിസ്‌റ്റു നേതാക്കളെല്ലാം തന്നെ കോൺഗ്രസിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തി. കോൺഗ്രസ് സോഷ്യലിസ്‌റ്റ് ഗ്രൂപ്പ് രൂപീകരിച്ച് പിന്നീട് കമ്മ്യൂണിസ്‌റ്റായവരാണ്. രഹസ്യമായി കമ്യൂണിസ്‌റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ചിട്ടും അവർ കോൺഗ്രസുകാരായി തന്നെ നിലകൊണ്ടു. സംഘടനാ തെരഞ്ഞെടുപ്പിന് ഇവിടെ കളമൊരുക്കി. ഇടതുപക്ഷ ചിന്താഗതിക്കാർ മുൻകൂട്ടി തന്നെ മുഹമ്മദ് അബ്‌ദുൽ റഹിമാൻ സാഹിബിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചാലപ്പുറം ഗ്യാങ്ങെന്നും ഞായറാഴ്‌ച കോൺഗ്രസ്സെന്നും അറിയപ്പെടുന്ന വലതുപക്ഷ ചിന്താഗതിക്കാർ മൗനം പൂണ്ടു. അങ്ങനെ മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ് പ്രസിഡന്റും ഇ.എം.എസ്. നമ്പൂതിരിപ്പാടും സെക്രട്ടറിയായി കെ.പി.സി.സി. നിലവിൽ വന്നു. സമരാവേശം ജനങ്ങളിലെത്തിക്കാനും പാർട്ടി പ്രചരണത്തിനുമായി പ്രസിഡന്റ് ഒരു മലബാർ പര്യടനത്തിന് തീരുമാനമെടുത്തു.
ആയിരത്തിതൊളളായിരത്തി നാൽപ്പത്തിയഞ്ച്. കൃത്യമായ മാസവും തീയതിയും എനിക്കറിയില്ല. ഈ സംഭവം നടക്കുമ്പോൾ തേർഡ് ഫോറം വിദ്യാർത്ഥിയായ ഒരു പതിമൂന്നുകാരനാണ് ഞാനന്ന്. എന്നാൽ ഈ സംഭവം നടക്കുന്നത് പരിശുദ്ധ റംസാൻ മാസത്തിലാണ്. അന്ന് മതിലകത്ത് രണ്ട് പൊതുയോഗങ്ങൾ നടക്കുന്നു. ഒന്ന് കോൺഗ്രസിന്റേയും മറ്റൊന്ന് മുസ്ലീംലീഗിന്റേയും. യാദൃശ്ചികമാകാം രണ്ടു യോഗത്തിലേയും പ്രമുഖരായ പ്രാസംഗികർ ഒരേ നാട്ടുകാരാണ്. ബാങ്കു മൈതാനിയിൽ നടക്കുന്ന കോൺഗ്രസ് പൊതുയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ് പ്രസംഗിക്കുന്നു. ജുമാഅത്ത് പളളി കിണറിനു സമീപം നടക്കുന്ന മുസ്ലീം ലീഗ് യോഗത്തിലെ പ്രധാനി ഹാജി മണപ്പാട്ടു പി.കുഞ്ഞുമുഹമ്മദ് ആണ്. നോമ്പു തുറന്നതിനുശേഷമാണ് യോഗങ്ങൾ ആരംഭിക്കുക. 5 മണിയോടെ അബ്‌ദുറഹിമാൻ സാഹിബ് സ്ഥലത്തെത്തി. പ്രവർത്തകരെ കണ്ട് തെരഞ്ഞെടുപ്പ് രംഗത്തെ സ്ഥാനാർത്ഥിയെപ്പോലെ എല്ലാവരുമായി നടന്നു പരിചയപ്പെടുന്നു. ഇപ്പോൾ എല്ലാ കണ്ണുകളും ആ വ്യക്തിയിലാണ്. ആറടി ഉയരം വെളുത്ത ശരീരം. തലയിൽ ഗാന്ധി തൊപ്പി. കറുത്ത് തടിച്ച ഫ്രെയിമുളള കണ്ണട. വെളുത്ത പാന്റും കറുത്ത ഷർവാണിയും. രാവിലെ മുതൽ എറിയാട് വീട്ടിൽ വിശ്രമിച്ച് അവിടെ നിന്നാണ് മതിലകത്തെത്തിയത്. ആൾക്കൂട്ടത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് അടക്കിപ്പിടിച്ച കൂവലുകൾ. ആരും അതത്ര ഗൗരവത്തിലെടുത്തില്ല. മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ് യോഗസ്ഥലത്ത് സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. മഗ്‌രിബ് ബാങ്കിന് പത്ത് മിനിറ്റിൽ കൂടുതൽ ഉണ്ടാകില്ല.
വളരെ വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ ഇവിടുത്തെ ഒരു സജീവ പ്രവർത്തകനായിരുന്ന പി.ഐ. അബ്‌ദു സാഹിബ്, അദ്ദേഹം മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിനു നോമ്പു തുറക്കുന്നതിനു വേണ്ടി മതിലകത്തെ ഒരു കടയിൽനിന്നും പാലും വെളളവും മറുകയ്യിൽ കടലാസിൽ പൊതിഞ്ഞ ഒരു നേന്ത്രപ്പഴവുമായി യോഗസ്ഥലത്തേക്കു പുറപ്പെട്ടു. ഇദ്ദേഹത്തെ അങ്ങാടി മുതൽ പിൻതുടർന്ന ഒരു കൂട്ടം കുട്ടികളും വലിയവരും ഉൾപ്പെടെ കൂകി വിളിച്ച് യോഗസ്ഥലം വരെ പിൻതുടർന്നു.
അബ്‌ദു സാഹിബ് ചിരിച്ചുകൊണ്ട് മുന്നോട്ട് പോയി. പളളിയിൽ ബാങ്ക് കൊടുത്തു. അബ്‌ദു റഹ്‌മാൻ സാഹിബ് അൽപ്പം പച്ചവെളളവും രണ്ടു കവിൾ പാലും വെളളവും കുടിച്ച് നോമ്പു തുറന്ന് നമസ്‌കരിക്കാനായി പളളിയിലേക്കുപോയി. വരാൻ പോകുന്ന വലിയൊരു കൊട്ടിക്കലാശത്തിന്റെ നാന്ദിയെന്നവണ്ണം അപ്പോഴും സംഘടിതമായി പ്ലാൻ ചെയ്‌ത പോലെയുളള കൂവലുകൾ തുടർന്നുകൊണ്ടിരുന്നു. സാഹിബ് പളളി കുളത്തിൽ വൊളുവെടുക്കാൻ ഇറങ്ങിയപ്പോൾ തുടങ്ങിയ ഈ പ്രക്രിയ നമസ്‌കാരത്തിനായി പളളിയിൽ കേറുന്നതുവരെ തുടർന്നു. നമസ്‌കാരം കഴിഞ്ഞ് അദ്ദേഹം യോഗസ്ഥലത്തെത്തി. ഇപ്പോൾ കൂകൽ അതിന്റെ ക്ലൈമാക്‌സിലെത്തി എന്നുമാത്രമല്ല, സംഘടിതമായി വന്ന ഒരുകൂട്ടം ആളുകൾ യോഗസ്ഥലത്തുണ്ടായിരുന്ന മേശ കസേരകൾ വലിച്ച് ദൂരെ എറിഞ്ഞിരുന്നു. ഇത്തരം സംസ്‌കാരശൂന്യമായ നടപടികളിലൊന്നും പ്രകോപിതരാകാതെ അബ്‌ദുറഹിമാൻ സാഹിബും കോൺഗ്രസ് പ്രവർത്തകരും ആത്മസംയമനം പാലിച്ചതിനാൽ അക്രമണോദ്ദേശം ഏകപക്ഷീയമായി മാറി. അങ്ങനെ ആ യോഗം അബ്‌ദു റഹ്‌മാൻ സാഹിബിന് പ്രസംഗിക്കാൻ കഴിയാതെ പിരിച്ചു വിട്ടു.
സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കഴുമരങ്ങൾക്കും തോക്കിനും ലാത്തിക്കും മുമ്പിൽ അടിപതറാത്ത ആ ധീരദേശാഭിമാനി നാട്ടുകാരുടെ സംസ്‌കാരശൂന്യമായ നടപടിയിൽ വികാരാധീനനായി പറഞ്ഞു. “ഞാൻ വീണ്ടും വരും. അത് സ്വതന്ത്ര ഇന്ത്യയിലായിരിക്കും. അന്ന് നമുക്ക് വീണ്ടും കാണാം. ഇൻശാ അളളാ‘ അദ്ദേഹം കാറിൽ കയറി യാത്രയായി. അപ്പോൾ പളളി കോബൗണ്ടിലെ മുസ്ലീം ലീഗ് യോഗം പൊടിപൊടിക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റിന് പ്രതിജ്ഞ നിറവേറ്റാൻ കഴിഞ്ഞില്ല. മതിലകം സംഭവത്തിനൊരാഴ്‌ചക്കുശേഷം ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചു നിൽക്കെ ഹൃദയസ്‌തംഭനം മൂലം അദ്ദേഹം മരണപ്പെട്ട വിവരമാണ് പിന്നീടറിയാൻ കഴിഞ്ഞത്.
സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഈറ്റില്ലം എന്ന് മതിലകം അറിയപ്പെടുന്നു. അതോടൊപ്പം തന്നെ സംസ്‌കാര ശൂന്യരും ഇവിടെ വളർന്നു കൊണ്ടിരുന്നു. അതിന്റെ തിക്താനുഭവങ്ങളാണ് ഒരു ധീരദേശാഭിമാനിയോട് ഇവിടുത്തുകാർ കാണിച്ചത്. അതൊരു കറുത്ത പുളളിയായി ചരിത്രം രേഖപ്പെടുത്തുന്നു. – 1997 ജൂൺ
സൗഹൃദം ബുക്‌സ് പ്രസിദ്ധീകരിച്ച ’നിങ്ങൾ മറിച്ച മണ്ണിൽ നിന്ന്‘ എന്ന പുസ്‌തകത്തിൽ നിന്ന്.
Generated from archived content: essay4_dec.html Author: pm_kader
Click this button or press Ctrl+G to toggle between Malayalam and English