പൂച്ചപ്പിടി

മേലേ നിന്നു കുലുങ്ങിത്തുളളി-

പ്പാതിതുറന്നു ജനാലയിലൂടെ

നീളും നഖമുനകോറിയിറങ്ങി,

ചീറിമുരണ്ടു നടുക്കുകയാണി-

ച്ചാരക്കണ്ണൻ പൂച്ച.

അവന്റെ മീശത്തുമ്പിൽ നിന്നും

ചുവന്നചോര തെറിപ്പതുകണ്ട്‌

പതിവായ്‌ ഞാനുണരുന്നു.

ഇന്നു നടുങ്ങിയുണർന്നു ജനാല-

ക്കണ്ണിൽക്കൂടിക്കാണുന്നു ഞാൻ,

ചാരക്കണ്ണിനുതാഴെ, കൂർമ്പൻ

ചോരപ്പല്ലിന്നിടയിൽ കുതറി-

ച്ചേരും ചിങ്ങപ്പുലരി.

താഴെയെറിഞ്ഞും, ചിതറിപ്പടരും

ചോരമണത്തുമുരണ്ടും, താനേ

വാലുവിറയ്‌ക്കെയിരച്ചുകുതിച്ചും,

സൂചിനഖങ്ങളെഴുന്ന കരങ്ങളി-

ലേതോ മരണത്താളമണച്ചും,

ചാരക്കൺകളെരിച്ചവനങ്ങനെ

ചാടിയുറഞ്ഞു രസിക്കുകയല്ലോ,

ചാരെപ്പുലരി പിടയ്‌ക്കുകയല്ലോ.

പുലരികളിങ്ങനെ പൂച്ചപ്പിടിയിൽ

പിടയാൻമാത്രം വന്നുകഴിഞ്ഞാൽ,

അണയുവതെങ്ങനെ ചതിയാലേനാം

തടവിൽ തളളിയ നമ്മുടെയോണം?

Generated from archived content: poem6_sep1.html Author: p_madhu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English