വിഷാദാത്മകത്വത്തിലേക്ക്‌ വഴുതിവീഴാത്ത കവി

‘വിശകലന’ത്തിന്റെ തളിക്കുളം പതിപ്പ്‌ ആദ്യ പ്രതികൾ മുഴുവൻ വിറ്റഴിഞ്ഞു എന്നും മറ്റൊരു പതിപ്പിനായുളള തയ്യാറെടുപ്പിലാണെന്നും അറിഞ്ഞു. അതിൽ സന്തോഷവും അഭിമാനവും ഉണ്ടെങ്കിലും അത്ഭുതം തീരെയില്ല. വാസനാ സമ്പന്നനും വിപുലമായ ജനപ്രീതിയാർജിച്ച എഴുത്തുകാരനും നാടകകൃത്തും കവിയും ആയിരുന്ന തളിക്കുളത്തെക്കുറിച്ചാകുമ്പോൾ വിശകലനത്തിന്റെ ആദ്യ പതിപ്പിന്റെ പ്രതികൾ ചൂടപ്പംപോലെ വിറ്റുപോയതിൽ അത്ഭുതപ്പെടാനെന്തുളളു. അതും സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുക്കളായ ചെറുപ്പക്കാരും പ്രായം ചെന്നവരും ഉളള തളിക്കുളത്താകുമ്പോൾ വിശകലനത്തിന്‌ കിട്ടിയ ഈ ഹൃദയംഗമമായ സ്വാഗതം സ്വാഭാവികം മാത്രം.

കെ.എസ്‌.കെ തളിക്കുളത്തെ അദ്ദേഹത്തിന്റെ അവസാന കാലത്ത്‌ മാത്രമേ പരിചയപ്പെടാനുളള ഭാഗ്യം എനിക്കുണ്ടായുളളു. എങ്കിലും തിരക്കിട്ട പരിപാടികൾക്കിടയിൽ അൽപ്പസ്വൽപ്പം ഇടവേളകൾ ഉണ്ടാക്കി അദ്ദേഹവുമായി സംസാരിച്ചിരുന്ന നിമിഷങ്ങൾ അവിസ്‌മരണീയമായി അവശേഷിക്കുന്നു. കാഴ്‌ചയ്‌ക്ക്‌ നിസ്സംഗതനായ ഒരു മഹർഷിയെപ്പോലെ താടിയും മുടിയും നീട്ടി ശാന്തനും ധ്യാനപ്രകൃതിയുമായി നടന്ന തളിക്കുളത്തെ വാർധക്യകാലത്ത്‌ ജീവിതവിരക്തി ബാധിച്ചുവോ എന്ന്‌ ആർക്കും തോന്നിപോകുമായിരുന്നു. ഇതിനൊക്കെ പുറമെ കുടുംബ ജീവിതത്തിൽ അദ്ദേഹത്തിന്‌ നേരിടേണ്ടിവന്ന ദൗർഭാഗ്യങ്ങളെക്കുറിച്ച്‌ സഖാക്കളിൽ നിന്നും മനസ്സിലാക്കിയപ്പോൾ ഈ നിസ്സംഗത അനിവാര്യമാണെന്ന്‌ തോന്നിപ്പോയി. എന്നാൽ, അദ്ദേഹത്തിന്റെ പ്രസന്നതയും ശുഭാപ്‌തിവിശ്വാസവും സർവോപരി തന്റെ ഗ്രാമീണ സഹോദരങ്ങളോടുളള അതിരില്ലാത്ത അഭിനിവേശവും ബോധ്യപ്പെടുക. എനിക്ക്‌ വായിക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ കൃതികളിലും ഈ ലാളിത്യവും സ്‌നേഹമസൃണതയും തുളുമ്പി നിൽക്കുന്നു.

കെ.എസ്‌.കെ തളിക്കുളത്തെക്കുറിച്ച്‌ ആദ്യം എന്നോട്‌ സംസാരിച്ചത്‌ പ്രശസ്‌ത വിപ്ലവ സാഹിത്യകാരൻ ഡി.എം പൊറ്റക്കാടായിരുന്നുവെന്നാണ്‌ എന്റെ ഓർമ്മ. പൊറ്റക്കാടിന്റെയും തളിക്കുളത്തിന്റെയും സാഹിത്യസംസ്‌കാരം സമാനമായിരുന്നുവെങ്കിലും ഇരുവരുടെയും ശൈലി വ്യത്യസ്‌തമായിരുന്നു. തളിക്കുളത്തെക്കാൾ പ്രായം കുറവും ആവിഷ്‌കാര മാധ്യമം മുഖ്യമായും ചെറുകഥയായിരുന്നു പൊറ്റക്കാടിന്റേത്‌. കവിതയും നാടകവും ആയിരുന്നു തളിക്കുളത്തിന്റേത്‌. ഇതിൽ മാത്രമല്ല വ്യത്യാസം. പൊറ്റക്കാടിന്റെ ശൈലി തീക്ഷ്‌ണവും സമരോത്സുകവും ആയിരുന്നെങ്കിൽ തളിക്കുളത്തിന്റേത്‌ ശാലീനവും ഹൃദയസ്‌പർശിയും ആയിരുന്നു. പൊറ്റക്കാടിന്റേത്‌ തീരം തല്ലി തകർത്തൊഴുകുന്ന കാലവർഷ പുഴയായിരുന്നുവെങ്കിൽ തളിക്കുളത്തിന്റേത്‌ കളകളം പാടി തെളിനീരായി ഒഴുകുന്ന കാട്ടാറായിരുന്നു. തളിക്കുളത്തെക്കാൾ ഏഴു വയസ്സ്‌ പ്രായം കുറഞ്ഞ സമകാലികനായിരുന്ന ചങ്ങമ്പുഴയുടെ ആവിഷ്‌കാര ശൈലിയും തളിക്കുളത്തിന്റേതും തമ്മിൽ ഞാൻ വായിച്ച കൃതികളിലെങ്കിലും സാമ്യമുണ്ട്‌. എന്നാൽ പല ജീവിത വൈഷമ്യങ്ങളും നേരിടേണ്ടിവന്നിട്ടും ചങ്ങമ്പുഴയുടെ വിഷാദാത്മകത്വത്തിലേക്ക്‌ തളിക്കുളം വഴുതിവീണില്ല.

തളിക്കുളം എഴുതി തെളിയുന്ന കാലത്ത്‌ പ്രശസ്‌തിയുടെ പടവുകളിൽ കുതിച്ചുകയറിക്കൊണ്ടിരുന്ന ആശാനും ഉളളൂരും വളളത്തോളും അവരുടെ കവിതകൾ സാധാരണക്കാർക്ക്‌ വായിച്ച്‌ മനസ്സിലാക്കുവാൻ കഴിയുംവിധം കവിതകളോടൊപ്പം ടിപ്പണി ചേർക്കുക പതിവായിരുന്നു. പിന്നീട്‌ ജി ശങ്കരക്കുറുപ്പ്‌ മുതലായവർക്കും ടിപ്പണിയുടെ കൈത്താങ്ങ്‌ വേണ്ടിവന്നു. ഈ ടിപ്പണി സമ്പ്രദായം ഉപേക്ഷിച്ച്‌ കവിതകളെ സാധാരണക്കാരായ സഹൃദയർക്ക്‌ അനായാസം ആസ്വാദ്യമാക്കിയത്‌ മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിളളയും തുടർന്നുവന്ന വൈലോപ്പിളളി, ഇടശ്ശേരി, വെണ്ണിക്കുളം, അപ്പൻ തുടങ്ങിയവരും ആണ്‌. ഇവരെക്കാളുമൊക്കെ പ്രായംകൊണ്ട്‌ മുതിർന്ന കവിയായിരുന്നു തളിക്കുളമെങ്കിലും അദ്ദേഹത്തിന്റെ കൃതികൾക്ക്‌ ടിപ്പണി ആവശ്യമില്ല. അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളായ പൂമൊട്ടുകൾ, പ്രണയദൂതൻ, പട്ടിയിലെ പ്രണയം മുതലായവയിൽ കാൽപ്പനികതയുടെ അതിമധുരം ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ജീവിതഗന്ധം കൊണ്ട്‌ അവ സഹൃദയ സംതൃപ്‌തി നേടുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളായ രണ്ട്‌ സഹോദരിമാർ, ഭാഗ്യദീപം, രാധ തുടങ്ങിയവയിൽ സമൂഹത്തിന്റെ അന്തർധാരകളെ അനാവരണം ചെയ്‌ത്‌ കാണികളെ കർമോന്മുഖരാക്കുന്നു. ഈ കൃതികളൊന്നും ഇപ്പോൾ ഇവിടങ്ങളിലൊന്നും കിട്ടാനില്ല. ഈ അവസ്ഥയ്‌ക്ക്‌ പരിഹാരം കാണാൻ നിങ്ങളാരെങ്കിലും ശ്രമിച്ചാൽ വളരെ നന്നായിരിക്കും. അതുകൊണ്ട്‌, മുമ്പെന്നോ കിട്ടിയ അറിവിന്റെ ഓർമ്മയിലാണ്‌ ഈ വരികൾ കുറിക്കുന്നത്‌. വല്ല പാകപ്പിഴകളും വന്നിട്ടുണ്ടെങ്കിൽ തിരുത്താൻ മടിക്കേണ്ട.

Generated from archived content: essay3_sep1.html Author: p_govindapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here