ശ്രേയയ്‌ക്ക് ‘ര’യ്‌ക്ക് ‘ല’ എന്നുച്ചരിക്കുന്ന പ്രായം
വിദ്യാലയത്തിന്റെ വാതിലിലപ്പൊഴേ
പിച്ച നടന്നവളെത്തി
എല്ലാവരേക്കാളും കേമിയായ്‌ത്തീരണം
അച്‌ഛനുമമ്മയ്‌ക്കും ശാഠ്യം!
ശ്രേയ മിടുക്കിയാണെന്നാലും കൂട്ടത്തി-
ലൊന്നാമതെത്താൻ വിഷമം.
ആദ്യ പരീക്ഷാഫലം കൊണ്ടവൾ വന്നു
ഒന്നാമതായില്ല ശ്രേയ!
മാത്ര ഏതാണ്ടൊന്നു തെറ്റിയ കാരണം
റാങ്കവൾക്കഞ്ചാറു താഴെ
ഞെട്ടിത്തെറിച്ചു പോയച്ഛനുമമ്മയും
പൊട്ടിത്തെറിക്കുന്നു ദുഃഖം!
എന്തിന്റെയാണു കുറവെന്നു ചൊല്ലടി
ഒന്നാമതാകാത്തതെന്തേ?
പൂങ്കവിളിൽ നഖം താഴ്‌ത്തുന്നു പെറ്റമ്മ!
കേറണ്ട ഈ വീട്ടിൽ മേലിൽ
കണ്ടുപോകൊല്ലെ എൻ മുന്നിലെന്നച്ഛനും
നാണംകെടുത്തുമസത്ത്
ഛെ….അയലൊക്കെക്കാരെ ഞാനെങ്ങനെ നേരിടും
നാറി, ഞാനോഫീസിലാകെ
കഷ്‌ടമാവീട്ടിലന്നത്താഴം വച്ചില്ല!
എങ്ങനെയന്നമിറങ്ങും!!
ശ്രേയയ്‌ക്ക് ‘ര’യ്‌ക്ക് ‘ല’ എന്നുച്ചരിക്കുന്ന പ്രായം!
Generated from archived content: poem5_dec.html Author: mr_rajeswary