രജനിയെ മറന്ന്‌ ‘അമ്മ’യെ വണങ്ങാം

മുഷിഞ്ഞുപോയ ജീവിതം അലക്കിവെളുപ്പിക്കാനാവാതെ ദുരിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ അലക്കുകാരന്റെ മകൾ രജനി സംസ്‌കാര കേരളത്തിന്റെ ശാപവും ഭക്തി കച്ചവടത്തിന്റെ കുത്തകപേറുന്ന അമൃതാനന്ദമയി അഭിമാനവും ആയിത്തീരുന്ന ദുഷിച്ച കാലഘട്ടത്തിൽ ജീവിക്കേണ്ടിവരുന്നത്‌ കാണുമ്പോൾ ആത്മഹത്യ തന്നെയാണ്‌ ഭേദമെന്ന്‌ തോന്നുന്നു. ശൂദ്രൻ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുകയും ചൊല്ലിയാൽ നാക്കിൽ ആറംഗുലം വരുന്ന ഇരുമ്പാണി പഴുപ്പിച്ച്‌ കയറ്റുകയും ചെയ്‌തിരുന്ന കാലം തിരിച്ചുവരികയാണോ? പറയന്റെ മകൻ പറയൻ തന്നെയാകണം. അലക്കുകാരന്റെ മകൾ അലക്കുകാരിയാവണം. അവൾ മുഷിഞ്ഞ വസ്‌ത്രങ്ങൾ തേടി അലയേണ്ടവളാണ്‌. ദൈവം അത്‌ മുമ്പേ തീരുമാനിച്ചിരിക്കുന്നു. വിധിയെ തിരുത്താൻ ശ്രമിച്ചവരൊക്കെ ദുരന്തത്തെ നേരിട്ടവരാണെന്നാണ്‌ അമൃതാനന്ദമയി അനുയായികൾക്ക്‌ പറഞ്ഞുകൊടുക്കുന്ന ഏറ്റവും വലിയ സാമൂഹ്യപാഠം.

നവോത്ഥാനത്തിന്റെ നേട്ടങ്ങൾ നഷ്‌ടപ്പെടുത്തികൊണ്ടിരിക്കുന്ന കേരളത്തിന്റെ രാഷ്‌ട്രീയ രംഗത്ത്‌ സമ്പന്നരും സാമൂഹ്യരംഗത്ത്‌ ജാതി-മതപ്രസ്ഥാനങ്ങളും സാംസ്‌കാരിക മേഖലയില പിന്തിരിപ്പൻ ആശയങ്ങളും പിടിമുറുക്കുകയാണ്‌. തൊട്ടുകൂടായ്‌മയുടെയും തീണ്ടിക്കൂടായ്‌മയുടെയും ആധുനിക രൂപഭാവങ്ങൾ വിദ്യാലയങ്ങളിൽ ആധിപത്യം ചെലുത്തുന്നതിന്റെ ഭീതിജനകമായ വാർത്തകളിലേക്കാണ്‌ മലയാളി ഓരോ ദിവസവും ഉണർന്ന്‌ എഴുന്നേൽക്കുന്നത്‌. സമൂഹത്തിന്റെ രാഷ്‌ട്രീയ നിയന്ത്രണം സമ്പന്നരുടെ കൈകളിൽതന്നെ നിലനിർത്താനും അടിച്ചമർത്തപ്പെട്ടവന്റെയും അധഃസ്ഥിതരുടെയും മുന്നേറ്റത്തെ തടയാനും പദ്ധതികൾ തയ്യാറാക്കപ്പെട്ട്‌ കഴിഞ്ഞു. സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിച്ചേരാൻ പാവപ്പെട്ടവർ നടത്തുന്ന ശ്രമങ്ങളെ തകർക്കുകയെന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്‌.

രജനിയുടെ ആത്മഹത്യ ഒരു യാദൃശ്ചിക സംഭവമല്ല. പൂർണ്ണമായും അതൊരു രാഷ്‌ട്രീയ പ്രവർത്തനമായിരുന്നു. തനിക്ക്‌ വളരാനും വികസിക്കാനും അവസരം നിഷേധിച്ച സാമൂഹ്യവ്യവസ്ഥയോടുളള ഒടുങ്ങാത്ത പ്രതിഫലത്തിന്റെ ധീരമായ പ്രകൃതമായിരുന്നു ആ ആത്മഹത്യ. പത്രമാധ്യമങ്ങൾ അത്‌ ആഘോഷത്തോടെ കൊണ്ടാടി. ഇടതുപക്ഷ സംഘടനകൾ രാഷ്‌ട്രീയനേട്ടം കൊയ്യാനുളള അവസരമാക്കി. ഇതിനിടയിൽ ചോർന്നുപോയത്‌ രജനി അനുഭവിച്ച ഒറ്റപ്പെടലിന്റെയും അവഗണനയുടെയും തീരാത്ത വേദനകളാണ്‌. അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്കുളള വാതിലുകൾ ദരിദ്രരുടെ മുന്നിൽ കൊട്ടിയടക്കപ്പെടുകയാണ്‌. രക്തസാക്ഷി മണ്ഡപങ്ങൾക്ക്‌ മുന്നിൽ പ്രതിജ്ഞകൾ പുതുക്കി നേതാക്കൾ കൊടികെട്ടിയ കാറിൽ ഫ്ലാറ്റിലെത്തി വിശ്രമിക്കുമ്പോൾ, ഫീസ്‌ കൊടുക്കാനില്ലാത്ത അപമാനിതരായി ക്ലാസ്സുമുറികളിൽനിന്ന്‌ പുറത്താക്കപ്പെടുന്നവർക്ക്‌ വേണ്ടി ശബ്‌ദിക്കാൻ ഒരു പ്രസ്ഥാനവും ഇന്ന്‌ കേരളത്തിൽ ഇല്ല.

ഭക്തിയുടെ ഹൈടെക്‌ ബിസിനസ്സിലൂടെ കോടികൾ വാരിക്കൂട്ടി നിർധനർക്കും നിരാലംബർക്കും വേണ്ടി ജീവിക്കുന്ന അമൃതാനന്ദമയി രജനിയുടെ സഹായഭ്യർത്ഥന നിരസിച്ച വാർത്ത പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. രജനി കൊക്കിൽ ഒതുങ്ങാവുന്നതേ കൊത്താവൂ എന്നാണത്രേ അമൃതപുരിയിൽ നിന്നുണ്ടായ പ്രതികരണം. അങ്ങിനെയെങ്കിൽ അമൃതാനന്ദമയി കടപ്പുറത്ത്‌ മത്സ്യം പെറുക്കി കഴിയേണ്ടവളായിരുന്നുവെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പ്രതികരണത്തിലെ ധീരതയെ അംഗീകരിക്കുമ്പോൾ തന്നെ സഖാവിനോട്‌ ഒരു ലളിതമായ ചോദ്യംഃ വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം ഏറ്റവും പൊടിപൊടിച്ചത്‌ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തായിരുന്നില്ലേ? രജനി പഠിച്ചിരുന്ന അടൂരിലെ സ്വാശ്രയ എൻജിനീയറിങ്ങ്‌ കോളേജ്‌ തുടങ്ങിയത്‌ തന്നെ കഴിഞ്ഞ നായനാർ സർക്കാരിന്റെ കാലത്തായിരുന്നല്ലോ. ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനും സ്വകാര്യവൽക്കരണത്തിനും എതിരെ ഒരു എസ്‌.എഫ്‌.ഐക്കാരനോ ഡി.വൈ.എഫ്‌.ഐക്കാരനോ രംഗത്തെത്തിയതായി കേരളീയർ ഓർക്കുന്നില്ല. ഈ ഇരട്ടത്താപ്പ്‌ വേദനാജനകമാണ്‌ സഖാവേ. പാവപ്പെട്ടവന്റെ പക്ഷം ചേരുന്ന കാര്യത്തിൽ ഇടതും വലതും ഒരേ തൂവൽ പക്ഷികൾതന്നെ.

ഫീസടക്കാനാവാതെ കരഞ്ഞുകരഞ്ഞ്‌ കണ്ണീർ വറ്റിയ എത്രയോ രജനിമാർ. പ്രബുദ്ധ കേരളത്തിന്റെ നടുമുറ്റത്ത്‌ ഇനിയും എത്രയോ ആത്മാഹുതികൾ സംഭവിച്ചേക്കാം. രോഷാകുലരായ വിപ്ലവസുഹൃത്തുക്കൾ പൊതുവാഹനങ്ങൾക്ക്‌ തീ കൊളുത്തിയേക്കാം. തലപൊട്ടി ചോരയൊലിക്കുന്ന ചിത്രങ്ങൾ ബൂർഷ്വാ പത്രങ്ങളെ അലങ്കരിച്ചേക്കാം. എന്നിട്ടും ഒന്നും സംഭവിക്കാത്തമട്ടിൽ കേരളീയർ ഓണാഘോഷങ്ങളിലേക്ക്‌ തിരിച്ചുപോകുമ്പോൾ എവിടെയോ ഒരു കുരുക്ക്‌ കൂടി തയ്യാറാവുന്നുണ്ട്‌.

Generated from archived content: essay2_sep1.html Author: mochitha_mohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English