അസ്ഥിരൂപിയെ ചൂണ്ടി
കുട്ടി ചോദിച്ചു.
ടീച്ചർ
ഇതൊരു
മനുഷ്യനായിരുന്നുവോ?
അതെ,
ആഹാരം കഴിച്ചിരുന്നു
ഉറങ്ങിയിരുന്നു.
മരിച്ചപ്പോൾ
മജ്ജയും മാംസവും
യാത്ര പറഞ്ഞപ്പോൾ
അസ്ഥിരൂപിയായി.
അസ്ഥി ഭദ്രതയില്ലാതെ
നീയില്ല, ഞാനുമില്ല.
അസ്ഥി രൂപിയുടെ
മതമേതാണ് ടീച്ചറേ?
അസ്ഥിരൂപിയുടെ
നെറ്റിയിലേക്കും
തുടയെല്ലുകൾക്കിടയിലേക്കും
ടീച്ചർ നോക്കി.
തോറ്റേ തോറ്റേന്ന്
അസ്ഥിരൂപി ചിരിക്കുന്നുണ്ടായിരുന്നു.
Generated from archived content: poem1_june.html Author: kureeppuzha_sreekumar