മണപ്പുറത്തെ സന്ധ്യ

ആരാലിതാ പശ്ചിമസാഗരത്തിൽ

പതിക്കുവാനായ്‌ തുനിയുന്ന സൂര്യൻ

പരത്തിടും ചെങ്കതിർ കാണുമാറായ്‌

പറങ്കിമാവിൻ പഴുതിങ്കലൂടെ.

പഞ്ചാര തോറ്റീടിന പൂഴിയിങ്കൽ

തഞ്ചുന്ന സന്ധ്യാരുണകാന്തി മൂലം

മണപ്പുറം പൊൻപൊടിയാൽ വിരിച്ച

കണക്കിലേറെ പ്രഭയേന്തിടുന്നു.

പരന്നിതാ നാലുവശത്തുനിന്നും

പാഞ്ഞെത്തിടും കൂരിരുളാൽ നടുങ്ങി

ക്രമേണ നാളം ബത മങ്ങി മങ്ങി-

പ്പൊലിഞ്ഞിടുന്നൂ ഭുവനൈകദീപം.

താനെത്തുവോളം ഭുവനത്തെ നോക്കി-

പ്പാലിക്കുവാനായ്‌ പകലിന്നധീശൻ

പറഞ്ഞയച്ചുളളവർ, എത്തി രാത്രി-

പ്പാറാവിനായ്‌ താരഗണങ്ങൾ വാനിൽ.

കുളിക്കുവാനായ്‌ കടലിങ്കലേയ്‌ക്കു

കുതിച്ചു ചാടീടിന ഭാസ്‌കരന്റെ

ചെമ്പട്ടഴിച്ചങ്ങു കരയ്‌ക്കുവെച്ച-

താവാം പടിഞ്ഞാറെഴുമന്തിമേഘം.

അഹസ്സിലോരോവിധ ജോലിമൂലം

തളർന്ന ലോകം തരസാ ദിനാന്തേ

തിരിച്ചിടുന്നൂ ഗൃഹമെത്തി നിദ്രാ-

ദേവിക്കെഴും കൈകളിൽ വിശ്രമിപ്പാൻ.

കടപ്പുറത്തുന്നതകേരവൃക്ഷം

രക്ഷിച്ചിടും കൂടുകളെത്തുവാനായ്‌

പറക്കുമിക്കാക്കകളന്ധകാര-

വരാശി നീന്തും കരിമീൻഗണങ്ങൾ.

മേച്ചിൽ സ്ഥലം വിട്ടു തൊഴുത്തിലേയ്‌ക്കു

പായുന്ന കന്നാലികളിൽ പശുക്കൾ

ഇടയ്‌ക്കു പെട്ടെന്നു തിരിഞ്ഞുനിന്നു

വിളിക്കയാം കുട്ടികളൊപ്പമെത്താൻ.

കടുത്ത ദാരിദ്ര്യ നിശാചരന്റെ

തലയ്‌ക്കു മേടുന്നതിനായ്‌ കരത്തിൽ

ഓരോ ‘പനംകൊട്ടുടി’യേന്തിടുന്നോർ

മടങ്ങിടുന്നൂ ചകിരിപ്പണിക്കാർ.

മുറ്റത്തു തെക്കേവശമെത്തി ‘കാർന്നോർ’

കൈകൂപ്പുവാൻ വേഗമൊരുങ്ങിനില്‌ക്കേ

ഓമന്മുഖം കാന്തിയിൽ മുങ്ങുമാറു

വിളക്കുകാട്ടുന്നിത പെൺകിടാങ്ങൾ.

മണ്ണെണ്ണ മുമ്പാകിയ സാധനങ്ങൾ

വാങ്ങീടുവാൻ കച്ചവട സ്ഥലത്തിൽ

ഗമിച്ചൊര‘പ്പിളള’രിതേവരെയ്‌ക്കും

വന്നില്ല മാതാവു വിളിച്ചിടുന്നു.

നനച്ചു കൈ, കാൽ, മുഖമാകെ ഭസ്‌മം

ധരിച്ചു ‘ചമ്പ്രമ്പടി’യിട്ടിരുന്നു

കിടാങ്ങളും വൃദ്ധരുമൊത്തു സന്ധ്യാ-

നാമത്തിനാൽ നാടു മുഴക്കിടുന്നു.

Generated from archived content: poem2-jan.html Author: kks-thalikkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here