ആധുനികതയുടെ തേജസ്സ്‌

ആധുനികതയുടെ അപൂർവ്വസുന്ദരമായ ഒരു തേജസ്സായിരുന്നു ഒ.വി.വിജയൻ. സമകാലിക അധികാര ചരിത്രത്തിലെ സങ്കീർണ്ണവും സൂക്ഷ്‌മവുമായ ഫാസിസ്‌റ്റ്‌. രൂപീകരണങ്ങൾക്കെതിരെ ഉയർന്ന ഏറ്റവും നിശിതമായ സർഗ്ഗാത്മകപ്രതിരോധങ്ങളായിരുന്നു വിജയന്റെ കൃതികളും കാർട്ടൂണുകളും. പകലുകൾ പോലെ വിപുലം, രാത്രികൾ പോലെ ഗഹനം, അവയുടെ സ്വാതന്ത്ര്യപ്രബുദ്ധമായ അന്തർമണ്ഡലം. നർമ്മവും കരുണയും ഭാഷയിൽ ഇങ്ങനെ ഇണങ്ങി കണ്ടിട്ടില്ല വേറെങ്ങും. നമ്മുടെ ദുഷ്‌ടഭിന്നതകളുടെ അന്ധമായ സംഹാരവ്യഗ്രതകളെ അതിജീവിക്കാൻ കഴിയുന്ന മതേതരമായ ഒരു പുതിയ ആത്മീയതയും നൈതികതയുമായിരുന്നു വിജയൻ ആരാഞ്ഞ പുതിയ പ്രതിസംസ്‌കൃതിയുടെ ജനകീയാധാരങ്ങൾ.

വിജയന്റെ കൃതികളിലെ അപൂർവ്വ സൂക്ഷ്‌മമായ സ്‌നേഹശ്രുതി, പാഴൊച്ചകൾക്ക്‌ പണയപ്പെട്ടു പോയ നമ്മുടെ രാഷ്‌ട്രീയ കേൾവിശീലങ്ങൾ എത്ര ആഴത്തിൽ കേട്ടു എന്നെനിക്ക്‌ തിട്ടമില്ല. വിജയന്റെ വ്യത്യസ്‌തത തിരിച്ചറിയപ്പെട്ടിരുന്നു, ഒച്ച വേറിട്ടു കേട്ടിരുന്നു, വിജയന്‌ മേൽ നാം സ്‌നേഹവും ആരാധനയും ചൊരിയുകയും ചെയ്‌തിരുന്നു. വിജയന്റെ വ്യഥയുടെ തീക്ഷ്‌ണതയും ദർശനത്തിന്റെ പൊരുളും ഇനി നാം കൂടുതൽ ഉൾക്കൊണ്ടേക്കും, തടവറയിലേക്കും കഴുമരത്തിലേക്കുമാണ്‌ നാം എന്നും ആട്ടിത്തെളിക്കപ്പെടുന്നതെന്ന്‌ അറിഞ്ഞിരുന്ന, അതിനെതിരെ എന്നും ഉണർന്നിരുന്ന എതിർമൊഴികളായും എതിർസംഗീതമായും.

Generated from archived content: essay3_may27.html Author: kg_sankarapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here