വികസനത്തിന്റെ വികല പാതകൾ

ജനവിരുദ്ധമായ വികസന പദ്ധതികളാവിഷ്‌കരിച്ച്‌ നടപ്പിലാക്കുവാനാണ്‌ നമ്മുടെ ഭരണകൂടം ഏറെയും വ്യഗ്രത കാണിക്കുന്നത്‌. ജനത്തിനാവശ്യമില്ലാത്തതും ദോഷമായി ഭവിക്കുന്നതുമായ വികസന പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇന്ത്യൻ ഭരണാധികാരികളോട്‌ ഗാന്ധിജി ഒരിക്കൽ പറഞ്ഞത്‌ ‘നിങ്ങൾ ഒരു തീരുമാനമെടുക്കുമ്പോൾ, നമ്മുടെ രാജ്യത്തെ ഏറ്റവും ദരിദ്രനായ ഒരുവന്റെ മുഖം മുന്നിലുണ്ടാകണമെന്നാണ്‌’ ആ ദരിദ്രനടക്കമുളള ജനത്തിന്റെ ക്ഷേമത്തിനായിരിക്കണം ഭരണകൂടം ശ്രമിക്കേണ്ടതെന്നാണ്‌ ഗാന്ധിജി പറഞ്ഞതിന്റെ സാരം.

എന്നാൽ ഇന്ന്‌, വികസന പ്രവർത്തനങ്ങളുടെ പേരിൽ എത്ര ലക്ഷങ്ങൾ തന്റെ പോക്കറ്റിലേക്ക്‌ വീഴുമെന്ന കണക്കുക്കൂട്ടലുകളിലാണ്‌ നമ്മുടെ ഭരണാധികാരികൾ ശ്രദ്ധയൂന്നിയിരിക്കുന്നതെന്ന്‌ കാണാം. ബാഹ്യശക്തികളുടെ ആസൂത്രിതമായ ചരടുവലികളിലകപ്പെടുകയാണ്‌ ഭരണവർഗ്ഗം. വികസനത്തിന്റെ അങ്ങേയറ്റം പാലങ്ങളും പാതകളുമാണെന്ന്‌ ഇവർ ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യമുതലാളിമാർക്ക്‌ കൊളളയടിക്കുവാനുളള അവസരങ്ങൾ ഇതിലേക്ക്‌ സൃഷ്‌ടിക്കുന്നു. കെ.ജി.ശങ്കരപ്പിളള പറഞ്ഞതുപോലെ “പാലങ്ങളും പാതകളും മാധ്യമങ്ങളും വളരുന്നത്‌ നമ്മെ ഒന്നിപ്പിക്കാനല്ല, ഭിന്നിപ്പിക്കാനാണെന്ന്‌ നാമറിയുന്നു.‘

കേരളം നേരിടുന്ന ഒട്ടേറെ ജീവൽ പ്രശ്‌ന പ്രതിസന്ധികൾക്ക്‌ പരിഹാരം ഉണ്ടാകാതെ നീളുമ്പോഴാണ്‌ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുളള നിർദ്ദിഷ്‌ട എക്‌സ്‌പ്രസ്‌ ഹൈവേ നിർമ്മാണവുമായി മുന്നോട്ടുപോകുവാനുളള കേരള സർക്കാരിന്റെ തീരുമാനം. കേരളത്തെ വിഭജിക്കുന്നതും അനവധി പരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ വഴിതുറക്കുന്നതുമായ എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പ്രതിപക്ഷവും വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്‌. അവരെയെല്ലാം വികസന വിരുദ്ധരായി മുദ്രകുത്തി മാറ്റിനിർത്തുന്ന പ്രവണത ജനാധിപത്യ വ്യവസ്ഥയിലെ ഒരു ഭരണകൂടത്തിന്‌ ഭൂഷണമല്ല.

ഇത്തരം ഹൈടെക്‌ വികസന പ്രവർത്തനങ്ങൾ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ ആന്ധ്രയിലെ മുൻ ചന്ദ്രബാബു നായിഡു സർക്കാരിനും കർണ്ണാടകയിലെ എസ്‌.എം.കൃഷ്‌ണ സർക്കാരിനും കേന്ദ്രത്തിലെ വാജ്‌പൈ സർക്കാരിനും ജനങ്ങൾ നൽകിയ തിരിച്ചടി തിരിച്ചറിയേണ്ടതുണ്ട്‌. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരള സർക്കാരിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസ്‌ മുന്നണിയെ തൂത്തെറിഞ്ഞുകൊണ്ടുളള വോട്ടർമാരുടെ ശക്തമായ താക്കീത്‌ ഓർക്കേണ്ടതുണ്ട്‌.

ജനക്ഷേമകരമല്ലാത്ത എക്‌സ്‌പ്രസ്സ്‌ ഹൈവേപോലെയുളള പദ്ധതികളെക്കുറിച്ച്‌ തുറന്ന ചർച്ചകൾക്ക്‌ കേരള സർക്കാർ തയ്യാറാവണം. അവ പുഃപരിശോധിക്കുവാനുളള സന്നദ്ധത പ്രകടിപ്പിക്കണം.

Generated from archived content: edit_sep1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English