ലജ്ജിക്കാതിരിക്കാൻ നമുക്കാവുമോ?

മണിപ്പൂരിലെ ഇംഫാലിൽ മനോരമാദേവി എന്ന യുവതിയെ ആസം റൈഫിൾസ്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലചെയ്‌തതെന്ന്‌ നാട്ടുകാർ ആരോപിക്കുകയും ഇതിൽ പ്രതിഷേധിക്കാൻ തദ്ദേശവാസികളായ സ്‌ത്രീകൾ അസം റൈഫിൾസ്‌ കേന്ദ്രത്തിനു മുന്നിൽ നഗ്‌നരായി പ്രകടനം നടത്തിയതും നമ്മളെ ഞെട്ടിക്കാതിരിക്കില്ല. മണിപ്പൂരിൽ മറ്റനേകം സ്‌ത്രീകൾക്കും സൈനികരിൽ നിന്ന്‌ പീഡനമേൽക്കേണ്ടിവരുന്നതായി പരക്കെ ആക്ഷേപം ഉയർന്നു. വിദ്യാർത്ഥികൾ അടക്കമുളളവർ ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങി. ഒരു ജനാധിപത്യ ഭരണകൂടം സ്വീകരിക്കാൻ പാടില്ലാത്തവിധം പട്ടാളഭരണമെന്നോണം പ്രക്ഷോഭത്തെ നേരിട്ടു. രാജ്യത്തെ നാണം കെടുത്തിയ സംഭവമാണ്‌ മണിപ്പൂരിൽ സംഭവിച്ചത്‌. ഇതിൽ ലജ്ജിക്കാതിരിക്കാൻ നമുക്കാവുമോ?

നിയമത്തിന്റെ വഴികൾ

‘നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന’ വാചകം പരിഹസിക്കപ്പെടുന്ന ഒരു നാട്ടിൽ ഇത്‌ കുറിക്കപ്പെടുമ്പോ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിയമം അതിന്റെ വഴിക്ക്‌ പോയത്‌ നമ്മൾ കണ്ടു.

പ്രബുദ്ധരെന്ന്‌ നാഴികക്ക്‌ നാൽപത്‌ വട്ടം ഉദ്‌ഘോഷിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക്‌ ചിന്തിക്കാൻ പോലും കഴിയാത്തതാണ്‌ കാഞ്ചിമഠാധിപതി ജയേന്ദ്ര സരസ്വതിയുടെ അറസ്‌റ്റും ജയിൽ വാസവും.

മനുഷ്യദൈവങ്ങളേയും മനുഷ്യാവതാരങ്ങളേയും കേന്ദ്രീകരിച്ച്‌ പല നിഗൂഢപ്രവർത്തനങ്ങളും ആരോപിക്കപ്പെടാറുണ്ട്‌. ജാതി-മത നേതൃത്വങ്ങളേയും സ്ഥാപനങ്ങളേയും തൊട്ടാൽ പൊളളുന്ന അവസ്ഥയാണ്‌ നമുക്കിടയിലുളളത്‌. അത്‌ മറയാക്കി നിയമത്തിന്റെ വഴിയിൽനിന്ന്‌ വഴുതിമാറാൻ അവർക്കാകുന്നു. അവരെ രക്ഷപ്പെടുത്തി സംരക്ഷണം നൽകാൻ ഭരണ നേതൃത്വം ജാഗ്രത പുലർത്തുന്നു.

ജയലളിത എന്ന ഭരണാധികാരിയുടെ പല മുൻകാല ചെയ്‌തികളോടുളള വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട്‌ ജയേന്ദ്ര സരസ്വതിയെ അറസ്‌റ്റ്‌ ചെയ്യാൻ തന്റേടം കാണിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ അഭിനന്ദിക്കാതിരിക്കാൻ സാധാരണക്കാർക്കാവില്ല.

കൊഞ്ഞനം കുത്തുന്ന മുഖ്യമന്ത്രി

സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തിനുമേൽ ലൈംഗിക അപവാദം ആരോപിക്കപ്പെടുക. അത്‌ റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമ പ്രവർത്തകരെ തല്ലിയൊതുക്കുക. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിഷേധിക്കുന്നവരെ തെരുവിൽ നേരിടാൻ സ്വന്തം പാർട്ടിക്കാർ നിയോഗിക്കപ്പെടുക. പ്രശ്‌നം ചർച്ചചെയ്യുന്നത്‌ ഒഴിവാക്കുവാൻ വേണ്ടി, വിളിച്ചുകൂട്ടിയ നിയമസഭ സമ്മേളനം അനിശ്ചിത കാലത്തേക്ക്‌ പിരിച്ചുവിട്ട്‌ ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുക. ഇതിൽപ്പരം ഒരപരാധം ചെയ്‌ത്‌ സ്വന്തം ജനതയെ കൊഞ്ഞനം കുത്താൻ ഉമ്മൻചാണ്ടിയെന്ന ഒരു മുഖ്യമന്ത്രിക്കെ കഴിയൂ…. നിരപരാധിയെന്ന്‌ തെളിയും വരെ മന്ത്രിസഭയിൽ നിന്ന്‌ മാറിനിൽക്കാൻ ആവശ്യപ്പെടുന്ന ധാർമ്മികത സ്വീകരിക്കാത്ത ഏറാൻമൂളിയായി അധഃപതിക്കുന്ന ഒരു മുഖ്യമന്ത്രിയാണ്‌ കേരളം ഭരിക്കുന്നതെന്നറിയുമ്പോ, ‘കേഴുക പ്രിയ നാടേ…’ എന്നെല്ലാതെ വേറെന്ത്‌….

പത്രാധിപർ

Generated from archived content: edit_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here