ആരുടേതാവാം കവി?
ആത്മരോഷത്താൽ ചുട്ടു-
പൊളളുന്ന മണൽപ്പുറ-
ത്താകവേ പാടിപ്പോയോൻ.
ആരുടെ പക്ഷക്കാരൻ?
അറിയില്ലൊരു പക്ഷേ
വിശക്കും മനുഷ്യന്റെ
ദൈന്യതക്കൊപ്പം നിന്നോൻ.
നീണ്ടതാടിയിൽ തീരാ-
ക്കടങ്ങൾ കയർക്കുന്നൂ
ചാരുന്നു കവിയച്ഛൻ
കാലത്തിൻ കസേരയിൽ.
പ്രണയദൂതൻ, മരു-
പ്പച്ച കണ്ടോണപ്പാട്ടിൻ
മധുരം മൂളിപ്പോയ
‘കലാഞ്ഞിക്കുന്നി’ന്നാശാൻ.
പഞ്ചാര തോറ്റൂ പണ്ട്
പൂഴി മണ്ണിനെക്കണ്ട്.
പട്ടിണിപോലും തോറ്റു
പ്രണയം കൈതൊട്ടപ്പോൾ.
മാറുന്നു കാലം, തോറ്റു
പോകുന്നു മണപ്പുറം
പട്ടിണിക്കവിയുടെ
പട്ടടക്കാടിൻ പുറം.
കാരുണ്യക്കടൽത്തീരം
കലുഷം, മതാന്ധരായ്
മാറുന്ന മനുഷ്യർക്കി-
ന്നധികാര ഗർവ്വിൻ രോഷം.
കവിയെപ്പോഴും, കക്ഷി-
രാഷ്‌ട്രീയ ലാഭത്തിന്റെ
കണക്കിൽ കിഴിക്കുന്നോ?
പുകയോ, തീയോ സത്യം?
കൊളളികൾ പുകയുമ്പോൾ
പുറത്താക്കുവാൻ കാത്തു
നില്‌ക്കുന്നു പുറമ്പോക്കിൽ
പുരകൾ കത്തിക്കുന്നോർ.
അമ്മുവിന്നാട്ടിൻ കുട്ടി
അപ്പുറത്തെന്തോ കണ്ടൂ
പകച്ചേ നില്‌പൂ, കൂട്ടി-
ന്നകത്ത് കണ്ണും പൂട്ടി.
കവിയെ കശാപ്പിന്റെ
കൊടുവാൾത്തുമ്പിൽ നിർത്തി
കൊല്ലുവാനൊരുങ്ങുന്നോ-
കണ്ടുനില്‌ക്കുവാൻ വയ്യ!
പകുത്തു രണ്ടായ് മാറ്റാൻ
കത്തി നീട്ടുന്നു, നീളം
കുറയാൻ പാടില്ലാർക്കും
കുരങ്ങിൻ കളി വീണ്ടും.
കവിയെ രക്ഷിക്കുവാൻ
കമ്മലും നീട്ടിക്കൊണ്ട്
കരൾ തേങ്ങി നില്‌ക്കയാ-
ണമ്മുവിന്നാത്മാവെങ്ങോ!
Generated from archived content: poem3-jan.html Author: e-jinan