“ഈ ആശുപത്രിയിൽ താങ്കൾക്കെന്താണ് ജോലി?”
“രോഗികളെ കുളിപ്പിക്കൽ.”
“ആണുങ്ങളെയല്ലേ?”
“അല്ല. പെണ്ണുങ്ങളെ.”
“അതെന്താ അങ്ങനെ? താങ്കൾ ഒരാണല്ലെ?”
“അതെ, അതുകൊണ്ടുതന്നെ.”
“കാലിൽ പൊളളലേറ്റ് പഴുത്ത് നടക്കാൻ കഴിയാത്ത സ്‌ത്രീകളെ?”
“അവരെയാണ് ഏറെ ഇഷ്‌ടം.”
“അവരെ കുളിപ്പിക്കുന്നത് എങ്ങനെയാണ്?”
“ദാ, ഇങ്ങനെ.” പൊളളലേറ്റു ബെഡ്‌ഡിൽ കിടന്നിരുന്ന സ്‌ത്രീയെ അയാൾ വാരിയെടുത്തു. വാർഡിനറ്റത്തെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി.
പുറത്തുനിന്ന പരിചാരികയായ സ്‌ത്രീ കുളിയുടെ ശബ്‌ദം കേട്ടു.
ഏറെക്കഴിഞ്ഞു വാതിൽ തുറന്നു. യുവതിയെ അയാൾ ബെഡ്‌ഡിൽ ‘കുളിപ്പിച്ചു കിടത്തി’ക്കൊടുത്തു. കെട്ടഴിക്കപ്പെടാത്ത മുറിവിൽ നിന്നും നീരും ചലവും അപ്പോഴും ഒലിച്ചുകൊണ്ടിരുന്നു.
കൂടിനിന്ന എല്ലാവരുടെയും നേരെ ‘ആരോടെങ്കിലും മിണ്ടിപ്പോയാൽ….’ എന്ന നോട്ടത്തോടെ കാക്കി യൂണിഫാറമുളള അയാൾ സ്ഥലം വിട്ടു.
Generated from archived content: story3_apr.html Author: cheriyamundam_abdulrazaq