മലയാളവും തമിഴും കലർന്ന വെങ്കലത്തിൽ അയാൾ അലറി.
“മുടിയാത്! കെഴട്ടുശവമെ….കൊത്തിനുറുക്കറേൻ.”
അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു.
“മഹാപാപി! സ്വന്തമാന പൊണ്ടാട്ടിയെ കൂട്ടികൊട്‌ക്കറാ കാലാ….എനക്ക് തീരെ പടലേടാ.”
“ഏറെനടി ഉനക്ക് പടലെയാ. ശവമെ! മുന്റ് നേരം വലിച്ച് കേറ്റണ്ട്‌റ്‌മാ. എന്റെ അനുസരിപ്പ്‌താൻ ഉനക്ക് നല്ലത്.”
അയാൾ അരയിലെ തോൽബെൽറ്റിൽ നിന്ന് കരിമൂർഖന്റെ തൊലിയടർത്തുന്ന വായ്്ക്കത്തിപ്പുറത്തെടുത്തു. കത്തി കണ്ടപ്പോൾ ചാവടിയിൽ കുറ്റിത്തലമുടി ചൊറിഞ്ഞുനിന്നിരുന്ന അറുപതുകാരൻ പട്ടാണി ഒന്നു പതറി.
“അടടാ തമ്പി, നാൻ നാളേയ്‌ക്ക് വറേൻ.” പട്ടാണി ശബ്‌ദം താഴ്‌ത്തിപറഞ്ഞു.
“ഡേയ്, ഇവളുക്ക് സമ്മതംതാൻ. എങ്കിട്ടെ വേല നടക്കാത്. നീ ഉളേള പോ.”
പട്ടാണി പിന്നെയും മടിച്ചു നിൽക്കുന്നതു കണ്ടപ്പോൾ അയാൾ അവളെ പിടിച്ച് ചൂടിക്കട്ടിലിലേക്ക് ആഞ്ഞുതളളി. മങ്ങിയ ഇരുട്ടിൽ അവൾ മോങ്ങി.
“കാലമൂർഖൻ ഉന്നെ കൊത്തുറേൻ. മഹാപാപീ….ഒന്നൂടേയെ പൊണ്ടാട്ടിയ്‌ക്ക് നീ കൊടുക്കറ കൂലി…”
“മുടിയാത്!! യേപ്പ…”
പട്ടാണി നൂറ് രൂപയെടുത്ത് അയാളുടെ കയ്യിൽ കൊടുത്തു. അയാൾ രൂപ തിരിച്ചും മറിച്ചും നോക്കി കണ്ണോടുചേർത്ത് തെറുത്തുവെച്ച ഷർട്ടിന്റെ അരക്കയ്യിൽ മടക്കിവെച്ചു.
“ഒറ് മണിക്കൂറ്‌ക്കുളെള നാൻ വറേൻ” അതും പറഞ്ഞ് അയാൾ ചാവടിയിലേക്കിറങ്ങിയപ്പോൾ ചെങ്കണ്ണന്റെ വിളികേട്ടു.
“അമ്മാ. നീ എങ്കെ…”
അയാൾ വേലിപ്പഴുതിലൂടെ നൂഴ്‌ന്നുവരുന്ന ചെങ്കണ്ണനെ കണ്ടപ്പോൾ ഒച്ചയെടുത്തു.
“ഡേയ്, ചെങ്കണ്ണാ ഇങ്ക വാടെ…”
അയാളെ കണ്ടപ്പോൾ ചെങ്കണ്ണൻ തെല്ലൊന്നമ്പരന്നു. കയ്യിലുണ്ടായിരുന്ന സൈക്കിൾ ടയറും വടിയും മുറ്റത്തിട്ട്, ഇടതുകൈകൊണ്ട് മൂക്കളയൊപ്പി, വലതുകൈകൊണ്ട് കിഴിഞ്ഞുപോകുന്ന ചെളിപുരണ്ട ട്രൗസറും കേറ്റിപ്പിടിച്ച് അവൻ മടിച്ചുമടിച്ച് അയാളുടെ അരികിലെത്തി.
“എങ്കെപോച്ച്‌ടാ നായേ?”
“വേലണ്ണന്‌ടെ മുത്തി ചത്തറ്‌ത്ത്‌ക്ക് തുളള പോനെ.”
അപ്പോഴാണവൻ ചൂടിക്കട്ടിലിൽ ചുരുണ്ടിരിക്കുന്ന അമ്മയെ കണ്ടത്.
“എനിക്ക് പശിക്ക്‌ത്‌മ്മ”
“വെളിയെ പോടാ കഴുതേ..” അവൾ ശബ്‌ദമുയർത്തി. പട്ടാണി ചട്ടവാതിൽ കൊട്ടിയടച്ചു.
ചെങ്കണ്ണൻ ഞീളാൻ തുടങ്ങി.
“അടേങ്കപ്പാ, എന്നാ അട്ടഹാസമായിരിക്ക്‌ത്…ഇന്നാ” അയാൾ ചെവിക്കുറ്റിയിൽനിന്ന് ചില്ലറയെടുത്ത് അവനു കൊടുത്തു.
“കൊൻണ്ട്‌റ് പോയി സങ്കരപ്പൊങ്കൽ സാപ്പിട്‌റാ.”
ചെങ്കണ്ണൻ വീണ്ടും സംശയിച്ചുനിന്നു. അപ്പോൾ അയാൾ കൈചുരുട്ടി അവന്റെ മണ്ടയിൽ ഒരു ഞൊട്ട് കൊടുത്തു.
“പോടാവെളിയെ, പോയി തൊലയ്…”
അവൻ കുതറി പുറത്തേക്കോടി. ട്രൗസറ് കേറ്റിക്കുത്തി, വട്ടും വടിയുമെടുത്തു. വണ്ടിയോടിക്കുന്ന ഇരമ്പലോടെ തുപ്പലും തെറിപ്പിച്ച് നട്ടുച്ചയിലൂടെ വട്ടുരുട്ടാൻ തുടങ്ങി.
ഉച്ചച്ചൂടിൽ ഇടപാതയിലെ നിഴലുകൾ ഇണചേർന്നുകിടന്നു. ചാണകക്കുഴിയുടെ അരികെ ചത്ത പെരുച്ചാഴിയെ കൊത്തിവലിക്കുന്ന കാക്കകൂട്ടം അവനെ കണ്ടപ്പോൾ ആർത്ത് പറന്നു. കുറെദൂരം ചെന്നപ്പോൾ ചെങ്കണ്ണൻ ഒരു കരിമ്പന ചോട്ടിലിരുന്നു. അതിനടുത്ത് അമരപ്പന്തലിനു താഴെ വെന്ത വെണ്ണൂറിൽ ചുരുണ്ടുകിടക്കുന്ന കൊടിച്ചിപ്പട്ടിയെ കണ്ടപ്പോൾ അവൻ കല്ലടുത്ത് ഒരു കീഞ്ച് കീഞ്ചി. ഏറ് കൊണ്ട പട്ടി മോങ്ങിമോങ്ങി കപ്പലണ്ടിത്തോട്ടത്തിലേക്ക് ഓടിയകന്നു. കേൾവിക്കപ്പുറത്ത് പട്ടിയുടെ മൊറ്‌ളിച്ച ഒന്നൊടുങ്ങിയപ്പോൾ അവൻ കഴകടന്ന് കപ്പലണ്ടിത്തോട്ടത്തിലേക്ക് പങ്ങിപങ്ങി ചെന്ന് വീട്ടിന്റെ കോലുകൊണ്ട് കൊറേ പച്ചക്കപ്പലണ്ടി തൊരന്ന് തിന്നു. പശി തെല്ലൊന്ന് ശമിച്ചപ്പോൾ അവൻ വട്ടും വടിയുമെടുത്ത് കുണ്ടനിടവഴിയിലൂടെ റാവുത്തരുടെ പെട്ടിക്കടയിലേക്ക് പാഞ്ഞു.
ഇടവഴി അവസാനിക്കുന്നിടത്ത്, ഓവ് പാലത്തിനരികെ പെരിയകൗണ്ടറും സിൽബന്ധികളും നിൽക്കുന്നതു കണ്ടപ്പോൾ അവൻ വഴിമാറിവെച്ചു. പെരിയ കൗണ്ടറെ അവന് പേടിയാണ്. അവന്റെ അപ്പന് കാശും റാക്കും കൊടുത്ത് അവന്റെ തങ്കച്ചിയെ രണ്ടുവർഷത്തെ അടിമവേലയ്‌ക്ക് കരാറെടുത്തുകൊണ്ടുപോയി ചുട്ടുകൊന്നത് ഈ മുട്ടാളനാണെന്ന് അവനറിയാം. ഇപ്പോൾ അയാൾ കുന്നിൻപുറത്ത് കാലിമേയ്‌ക്കാൻ തന്നേയും വേണമെന്ന് അപ്പനോട് പറഞ്ഞിരിക്കുകയാണ്. അതിനാൽ വേതാളം കുഴിയുടെ അരികിലെത്തിയപ്പോൾ അവൻ കിട്ടിയ ചില്ലറയിൽ നിന്ന് ചെറിയൊരോഹരിയെടുത്ത് തുപ്പലം നനച്ച്, തന്നെ എന്നും കിഴുക്കുന്ന അപ്പനും, തങ്കച്ചിയെ കൊന്ന കൗണ്ടറും ദീനം വന്നു ചാവണേ എന്ന് പ്രാർത്ഥിച്ച് മാരിയമ്മൻ കോവിലിൽ കാണിക്കയിട്ടു.
ഇവിടെ കാണിക്കയിട്ടാൽ ഉദ്ദിഷ്‌ടകാര്യം കുറിക്കുകൊളളുമെന്ന് അവന്റെ മുത്തി മുമ്പ് പറഞ്ഞ് കൊടുത്തിട്ടുണ്ട്.
അവൻ റാവുത്തരുടെ പെട്ടിക്കടയിലെത്തിയപ്പോൾ അവന്റെ ചങ്ങാതി മഞ്ഞമ്മ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതുകണ്ടു. മഞ്ഞമ്മയെ അവനിഷ്‌ടമാണ്. പക്ഷേ, അവളുടെ അണ്ണൻ മുരുകേശനെ കണ്ണിന്റെ നേർക്കു കാണുന്നതേ അവനു എടങ്ങേറാണ്.
വെറുക്കൻ, എന്തിനും ഏതിനും നൊണ്യെംവെറുക്കും എടുക്കും. ഇവിടെ എവിട്യെങ്കിലും ഉണ്ടാകും. അവൻ ഓർത്തു.
അവൻ കയ്യിലുളള ചില്ലറയ്‌ക്ക് മുഴുവൻ റാവുത്തരുടെ കടയിൽനിന്ന് പൊരിയുണ്ട വാങ്ങി ട്രൗസറിന്റെ രണ്ടു പോക്കറ്റിലും കുത്തിനിറച്ചു. കൊളളാത്തത് പാതി വായിലിട്ട് പാതി മഞ്ഞമ്മയ്‌ക്ക് കൊടുത്തു.
അവളത് വായിലിട്ട് ചവയ്‌ക്കാൻ തുടങ്ങിയപ്പോഴാണ് മുരുകേശൻ വന്നത്. പൊരിയുണ്ട കണ്ടപ്പോൾ അവന് കൊതി മൂത്തു. അവൻ ചെങ്കണ്ണനോട് ലോഹ്യം കൂടി.
“ഒന്ന് എനക്കും.”
“പോടാ നായെ”
“നായനെന്റെ അപ്പാ…” അതും പറഞ്ഞ് മുരുകേശൻ ഓടി. ചെങ്കണ്ണൻ ഒരു കല്ലെടുത്ത് കീഞ്ചിയെങ്കിലും കൊണ്ടില്ല. അവന് അരിശം പൊരുത്തു. അവൻ പൊരിയുണ്ട നൊണയുന്ന മഞ്ഞമ്മയുടെ തലയിൽ ഒരു ഞൊട്ടുകൊടുത്തു. അവൾ മോങ്ങി. ഇതുകണ്ട റാവുത്തര് കലമ്പിഃ
“ശെയ്‌ത്താന്മാര്….പോടാ…”
അവൻ വട്ടും വടിയും എടുത്ത് ചതുപ്പിലൂടെ ഓടി.
വസൂരി പിടിച്ച മുഖംപോലെ വരണ്ടുണങ്ങിയ ശിരുവാണിപ്പുഴ. തൊട്ടുനേരെ തീയെരിയുന്ന ശിരസ്സുമായി മൊട്ടക്കുന്നുകൾ ചാമ പറിച്ച പാഴ്‌നിലങ്ങളിൽ ആട്ടിൻകൂട്ടങ്ങൾ മേഞ്ഞു നടക്കുന്നു. കാഴ്‌ചയുടെ അസഹ്യതയും പേറി വായ് തോരാതെ പൊരിയുണ്ടയും ചവച്ച് സാവധാനം വട്ടുരുട്ടിക്കൊണ്ടിരുന്നു.
വരണ്ട പരുത്തിത്തോട്ടങ്ങൾ വിട്ട്, ഇഞ്ചക്കാടുകൾ സമൃദ്ധിയായി വളർന്നുനിൽക്കുന്ന തോട് വക്കത്തെത്തിയപ്പോൾ, കാടിനുളളിൽ നിന്ന് അടക്കിയ വർത്തമാനവും ചിരിയും കേട്ടു. അവൻ കാടിനുളളിലൂടെ എടക്കണ്ണിട്ട് എത്തിച്ചുനോക്കി. അവനതിലൊന്നും ഒട്ടും താല്‌പര്യം തോന്നിയില്ല. അവൻ മൃശയൊട്ടിയ തോടും താണ്ടി കുന്നിൻചെരുവിലൂടെ വീട്ടിലേക്ക് നടന്നു.
ചെങ്കല്ലുവെട്ടി വികൃതമാക്കിയ കല്ലെട്ടാമടയുടെ അരികിലെത്തിയപ്പോൾ ചോരതിളപ്പിക്കുന്ന ഒരു ചീറ്റലും പരുങ്ങലും കേട്ടു. അവൻ വട്ടും വടിയും ഒതുക്കിവെച്ച് എല്ലാവടത്തും ഒന്നു ചുഴിഞ്ഞ് നോക്കി. അപ്പോഴാണ് അതവന്റെ ശ്രദ്ധയിൽ പെട്ടത്. കല്ലെട്ടാമടയുടെ താഴെ ഉണങ്ങിമൊരിഞ്ഞ കാട്ടുപുല്ലുകൾക്കുമീതെ രണ്ടു കരിമ്പാമ്പുകൾ പൊള കൂടുകയാണ്. അവനെ കണ്ടപ്പോൾ പാമ്പുകൾ തലയുയർത്തി ചീറാൻ തുടങ്ങി.
പൊടുന്നനെ അവന്റെ ഉളളിൽ ഒരു സന്തോഷം നുരഞ്ഞുപൊന്തി. അവൻ കരിമ്പിൻ തോട്ടങ്ങളും, കരിമ്പനക്കാടുകളും, കൈതപൊന്തകളും പിന്നിലാക്കി പാഞ്ഞു. അപ്പനായിരുന്നു ലക്ഷ്യം. അപ്പൻ ഏതേതുനേരങ്ങളിൽ എവിടയൊക്കെ കാണുമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു.
വാറ്റുകാരി വെളളമറിയയുടെ കുടിയിലെത്തിയപ്പോൾ അപ്പനവിടെ എറാലിയിൽ അയിലക്കറി തൊട്ടുനക്കി വെട്ടുഗ്ലാസിൽ റാക്കും വെച്ച് ഇരിപ്പാണ്.
“എന്നെടാ ചെങ്കണ്ണാ ഓടിവറേയ്?” അയാൾ തിടുക്കപ്പെട്ടു.
“അപ്പാ മുട്ടൻ പാമ്പുകളേയ് കൺറേൻ…” അവൻ കിതച്ചുകൊണ്ടു പറഞ്ഞു.
“എങ്കെകണ്ണാാ?”
“ഓ…കടവുളെ…” അയാളിൽ ഉത്സാഹം കൊതച്ചു.
“എണൈപ്പാമ്പുകളേയ് പിടിക്കക്കൂടാത്. ശാപമാക്കും.” വെളളമറിയ അവളുടെ പ്രാചീന ജ്ഞാനം വിളമ്പി.
“ശെത്തം പോടാതെ. ചെങ്കണ്ണാ ശ്രീക്രം വാടേയ്…”
അയാളും ചെങ്കണ്ണനും ശരാന്ന് നടന്നു. വഴിമദ്ധ്യേ ഉണങ്ങിയ ഒരു വേപ്പ് മരത്തിൽ നിന്നും ഒരു കമ്പൊടിച്ച് കൈപിടിക്കാനും അയാൾ മറന്നില്ല.
വരണ്ട മേടക്കാറ്റ് കട്ടപൊളിച്ച കണ്ടത്തിൽനിന്ന് പൊടിപറത്തി മുരണ്ടുതാണു.
കല്ലെട്ടാമടയിലെത്തിയപ്പോൾ അയാളുടെ മുഷിഞ്ഞ മുഖത്ത് നിഗൂഢവും വക്രവുമായി ഒരു ചിരിയുലഞ്ഞു. വസൂരി പിടിച്ച മുഖത്ത് ചെമ്പിച്ച കൊമ്പൻമീശ ഒന്നുകൂടി ചുരുട്ടിവെച്ച് അയാൾ സ്ഥലരാശി ആകമാനം ഒന്നുനോക്കി. പിന്നെ പഴകി പിഞ്ഞിയ തോർത്ത് തലയിൽ നിന്നഴിച്ച് വലതുകൈതണ്ടയിൽ വരിഞ്ഞുകെട്ടി. ഒടിച്ചെടുത്ത വടികൊണ്ട്, അയാൾ പാമ്പുകളുടെ മുമ്പിൽ വികൃതമായി മുരടനക്കിക്കൊണ്ട്, ആസുരമായ ഒരു ഭാവത്തോടെ പാമ്പുകളുടെ പിന്നിലെത്തി രണ്ടിന്റെ വാലും കൂടി ഒരൊറ്റപിടുത്തവും വായുവിൽ നാല് ചുഴറ്റലും ഞൊടിയിടയിൽ തീർന്നു. അസ്ഥികൾ സ്ഥാനം തെറ്റിയ പാമ്പുകൾ ജീവഛവംപോലെ അയാളുടെ പച്ചകുത്തിയ കയ്യിലിരുന്ന് ഞെളിപിരിക്കൊണ്ടു.
അയാൾ അരയിൽ നിന്ന് വായ്‌ക്കത്തിയും പെരുങ്കായസഞ്ചിയും പുറത്തെടുത്ത് ഒരു പാമ്പിനെ സഞ്ചിക്കുളളിലാക്കി, സഞ്ചിയുടെ പുറത്ത് ഒരു വെട്ടുകല്ല് കേറ്റിവെച്ചു. മറ്റേതിനെ ഇടതുകാലിന്റെ പെരുവിരൽകൊണ്ട് വാലിലമർത്തിപ്പിടിച്ച് കത്തികൊണ്ട് തൊലിമേൽ ഒരൊറ്റതെറ്റിക്കൽ. പിന്നെ ആഞ്ഞൊരുവലി. തോലുമടക്കിചുരുട്ടി ചെങ്കണ്ണന്റെ കയ്യിൽ കൊടുത്തു. തുടർന്ന് മറ്റേ പാമ്പിനെയും അയാൾ തോലുരിഞ്ഞു. ഇരുതോലും മടക്കിക്കെട്ടി പെരുങ്കായസഞ്ചിയിലാക്കി എഴുന്നേറ്റു.
“വാഡേയ്…” അയാൾ അവനെ വിളിച്ചു. “എന്തത് റൊമ്പ ഒന്നാംതറം. തോലയ്‌ക്ക് നൂറ്റ്‌ര്റമ്പത് കിട്ടുപോച്ച്, ചെങ്കണ്ണാ ഉനക്ക് എൻവക കൗണ്ടറുടെ ഷാപ്പിലേന്ത് ബോട്ടീം കൊളളീം….” അയാൾ അവന്റെ കുറ്റിത്തലമുടിയിൽ എരടി.
വട്ടും വടിയും എടുത്ത് അയാളുടെ പിന്നാലെ നടക്കുമ്പോൾ അവന് അപ്പനോട് വല്ലാത്തൊരു മതിപ്പ് തോന്നി. മാരിയമ്മൻകോവിലിൽ കാശിട്ടതിൽ കുണ്‌ഠിതവും.
വെയിൽ മങ്ങി തുടങ്ങി. ഭൂതകാലത്തിന്റെ ഗതികിട്ടാപ്രേതങ്ങളെപ്പോലെ പാഴ്‌ചെടികളിൽ കാറ്റുമുരണ്ടു. അകലെ കുന്നിൻചെരിവിലെ ചെറുമചാളയിൽ ഒരു ചുടല കത്തിയമരുന്നു.
വീട്ടിലെത്തിയപ്പോൾ അയാളിലെ ക്രൗര്യത്തിന്റെ മാർജ്ജാരമൗനം വീണ്ടും തിണർത്തു.
നേരം ഉച്ചതിരിഞ്ഞു. ചട്ടവാതിൽ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു. അയാൾ വാതിലിൽ ഊക്കോടെ മുട്ടിയലറി.
“കെഴട്ടുശവമെ, തുറക്കെടീ!”
അയാളിലെ രക്തം തിളച്ചു. അയാൾ മറപ്പുരയിൽ തിരുകിവെച്ചിരുന്ന വാക്കത്തിയെടുത്ത് ചട്ടവാതിൽ ആഞ്ഞുതളളി. വല്ലാത്തൊരു ശബ്‌ദത്തോടെ വാതിൽ പൊളിഞ്ഞുമലർന്നു.
അപ്പോൾ മുറിക്കകത്ത് പ്രാകൃതരതിയുടെ മൃഗീയതയിൽ നങ്കൂരമിട്ട രണ്ട് മൃതശരീരങ്ങളാണ് അയാൾ കണ്ടത്. കൊരലടച്ച വാഴയുടെ പളളതുരന്ന് കുല പുറത്തുചാടിയതുപോലെ പട്ടാണിയുടെ നാക്ക് പുറത്തേക്കുന്തി ചോരയിൽ കുതിർന്നിരുന്നു.
അയാൾ തറയിൽ ആഞ്ഞുചവിട്ടി തലകുടഞ്ഞ് പുറത്തേക്കു തിരിഞ്ഞു.
പാവം ചെങ്കണ്ണൻ! അവനപ്പോഴും തന്റെ വട്ടുരുട്ടി പൊരിയുണ്ടയും ചവച്ച് മുറ്റത്ത് പോക്കുവെയിൽ കൊളളുകയായിരുന്നു.
Generated from archived content: story1_sep1.html Author: chandrashekharan_narayanan