അമ്മുവിന്റെ ആട്ടിൻകുട്ടി; എന്റേയും

കുട്ടിക്കാലത്ത്‌ വീട്ടിൽ നാലോ അഞ്ചോ ആടുകൾ വീതം എപ്പോഴും ഉണ്ടായിരുന്നു. ക്ഷയിച്ച തറവാട്‌ ഭാഗം വെച്ചപ്പോൾ പോലും അച്‌ഛമ്മയ്‌ക്ക്‌ കിട്ടിയത്‌ രണ്ട്‌ ആട്ടിൻകുട്ടികളെയാണ്‌. വീട്ടിൽ എനിക്കും അനിയത്തിക്കും ആട്ടിൻകുട്ടികളെന്നു പറഞ്ഞാൽ ജീവനായിരുന്നു. വീട്ടിൽ ആട്ടിൻകുട്ടികൾ മാത്രമല്ല പശു, എരുമ, കോഴി, താറാവ്‌, നായ, പൂച്ച തുടങ്ങിയവയും ഉണ്ടായിരുന്നു. അന്ന്‌ ഇതെല്ലാം കാർഷികാടിത്തറയുളള ഒരു വീടിന്റെ മുഖ്യമായ ജീവനോപാധികളുമായിരുന്നു. മൃഗങ്ങളിൽ ഞങ്ങൾ ഏറ്റവും കൂടുതൽ അരുമകളായി കൊണ്ടുനടന്നിരുന്നത്‌ ആട്ടിൻകുട്ടികളെയാണ്‌. അനിയത്തിക്കായിരുന്നു എന്നെക്കാൾ അവയോട്‌ അടുപ്പം. ഏതെങ്കിലും തളളയാട്‌ പ്രസവിച്ചാൽ ഞങ്ങൾ പിന്നെ ആ കുട്ടികളുടെ പിന്നാലെയാണ്‌. മണികെട്ടുക, പേര്‌ നിശ്ചയിച്ച്‌ വിളിക്കുക, കുഞ്ഞനം വെച്ച്‌ കളിക്കുമ്പോൾ മറ്റുളള കുട്ടികളുടെ മുമ്പിൽ വാവയായി എടുത്തുകൊണ്ട്‌ നടക്കുക, കുറി തൊടീക്കുക, പ്ലാവിലകൊണ്ട്‌ മാലകെട്ടിയിടുക ഇങ്ങനെ പോകും അതിന്റെ കഥ.

അന്നൊക്കെ നാലുമണിക്ക്‌ സ്‌കൂൾവിട്ടുവന്നാൽ ആരും തന്നെ ട്യൂഷനുപോകാനോ, പഠിക്കാനോ പറയാറില്ല. മുഖ്യപരിപാടി ഇത്തരത്തിലുളള കളികളും, പശുവിനേയും ആടിനേയുമൊക്കെ തീറ്റാൻ കൊണ്ടുപോകലുമാണ്‌. ഒട്ടുമിക്ക വീടുകളിലും ഏതെങ്കിലും നാൽക്കാലികൾ ഉണ്ടായിരിക്കും. അതിനാൽ സ്‌കൂളുവിട്ടു വന്നാൽ ഒരു ഉത്സവത്തിന്‌ പോകുന്ന പോലെയാണ്‌ പാടത്തേയ്‌ക്കുളള കുട്ടികളുടെ യാത്ര.

എന്നും രാത്രിയായാൽ അനിയത്തി ആട്ടിൻകുട്ടികളെ അകായിൽ കൊണ്ടുവന്ന്‌ ചാക്ക്‌ വിരിച്ച്‌ അതിനുമീതെ പഴയമുണ്ടൊക്കെയിട്ട്‌ അതിലേ കിടത്തൂ. ചിലപ്പോൾ അവയോടൊത്ത്‌ കിടക്കുകയും ചെയ്യും. ഇങ്ങനെ ഇരിക്കുമ്പോഴായിരിക്കും കൊമ്പൻ സോമുവിന്റെ വരവ്‌. കശാപ്പുകാരനാണ്‌. ആണിക്കാലൻ, സൈക്കിളിന്റെ പുറകിൽ ഒരു തക്കാളിപ്പെട്ടിയുമൊക്കെ കെട്ടി ഒരു ചെന്നായയെപ്പോലെ പ്രത്യക്ഷപ്പെടും. മിക്കവാറും ഞങ്ങൾ നാലുമണിക്ക്‌ സ്‌കൂൾ വിട്ടുവരുമ്പോഴായിരിക്കും ഏതെങ്കിലും മുട്ടനാടിന്റെയോ തളളയാടിന്റെയോ അടുത്ത്‌ മണപ്പിച്ച്‌ മണപ്പിച്ച്‌ കൊമ്പൻ സോമു നിൽക്കുന്നത്‌ കാണുക. മാടുകളെ തൊടാൻ കൊമ്പൻ സോമുവിനെ മുതിർന്നവർ അനുവദിക്കില്ല. അറവുകാരു തൊട്ടാ വളർച്ച മുട്ടുമെന്നാണ്‌ നാട്ടുനടപ്പ്‌.

കൊമ്പൻ സോമുവിനെ കണ്ടാൽ ഞങ്ങൾക്കന്ന്‌ ഉറക്കം വരില്ല. അച്ഛനോട്‌ എന്തെങ്കിലും ചോദിക്കാമെന്നുവെച്ചാൽ ധൈര്യമില്ലാത്തതുകൊണ്ട്‌ അമ്മയോടാണ്‌ വിഷമങ്ങൾ പറഞ്ഞ്‌ ഞങ്ങൾ കരയുക. കൊമ്പൻ സോമുവിനെ ഞങ്ങൾ കുട്ടികൾക്കെല്ലാം ദേഷ്യമായിരുന്നു. അത്‌ അയാൾക്ക്‌ അറിയുകയും ചെയ്യാം. അതിനാൽ ഏതെങ്കിലും ആടിനെ വിലയാക്കി കൊണ്ടുപോകുന്ന ദിവസം എനിക്കും അനിയത്തിക്കും അയാൾ വലിയ വായിൽ പല്ലിളിച്ച്‌ ‘താമ്പ്‌ട്‌ത്താ’യി ഓരോ ഉറുപ്പിക വച്ചതുനീട്ടും. കരയുന്ന മുഖത്തോടെ ഞങ്ങൾ അത്‌ ഉളളുരുകി പ്രാർത്ഥിച്ച്‌ കൊമ്പൻ സോമു ചാവാനായി ദൈവങ്ങൾക്ക്‌ കാണിക്കയിട്ടിട്ടുണ്ട്‌.

അതുപോലെ ഒരു ദിവസം കൊമ്പൻ സോമുവിനെ വകവരുത്താനായി തന്നെ ഞങ്ങൾ കുറച്ചുപേർ തയ്യാറെടുത്തു. അതിനായി ഞങ്ങൾ കണ്ടെത്തിയ സൂത്രം സൈക്കിളിന്റെ രണ്ട്‌ ടയറും പഞ്ചറാക്കാനും തുടർന്ന്‌ പഞ്ചറായ സൈക്കിളുന്തി പോകുന്ന സോമുവിനെ കടിക്കാനായി നീർക്കോടന്റെ ടിപ്പുനായയെ ശട്ടം കെട്ടുക എന്നതുമായിരുന്നു. അപ്രകാരം ഈ പരിപാടികളുടെ പേരിൽ അന്ന്‌ അച്‌ഛന്റെ കയ്യീന്ന്‌ കൊണ്ട അടിയുടെ കണക്കുനോക്കിയാൽ ഇപ്പോഴും അറിയാതെ തുടകളിലേക്കു നോക്കുമ്പോൾ അടിയുടെ തിണർപ്പുകൾ ഉണ്ടോ എന്നുതോന്നും. ശോകമധുരമായ ആ ഓർമ്മകളെല്ലാം എന്നിൽ തട്ടിയുണർത്തിയത്‌ ഈയിടെ തൃശൂരിൽ നടന്ന ജനസംസ്‌കാര സംഘടിപ്പിച്ച ഫിലിംഫെസ്‌റ്റിവലിൽ ‘അമ്മുവിന്റെ ആട്ടിൻകുട്ടി’ എന്ന സിനിമ കണ്ടപ്പോഴാണ്‌. പ്രത്യേകിച്ചും അതിന്റെ അവസാനരംഗം.

കെ.എസ്‌.കെ. തളിക്കുളത്തിന്റെ അതേ പേരിലുളള കവിതയ്‌ക്ക്‌ രാമുകാര്യാട്ടാണ്‌ ചലച്ചിത്രരൂപം നൽകിയിരിക്കുന്നത്‌. തിരക്കഥയും സംഭാഷണവും രചിച്ചത്‌ എൻ.പി.മുഹമ്മദ്‌. ചലച്ചിത്രത്തിന്റെ മേന്മയോ സാങ്കേതികതയോ ഒന്നുമല്ല എന്നെ ആകർഷിച്ചത്‌. അമ്മു എന്ന ആ കൊച്ചു പെൺകുട്ടിയും കുട്ടനെന്ന ആട്ടിൻകുട്ടിയുമായുളള നിസ്സീമ സ്‌നേഹത്തിന്റെ നിഷ്‌കളങ്കതയും ഉദാത്തമായ ഈ കാവ്യം രചിച്ച പ്രിയകവിയുടെ ഓജസ്സാർന്ന മുഖമണ്‌ഡലവുമായിരുന്നു.

സാത്വികവിശുദ്ധിയുടെ ഉത്തുംഗതയിൽ വിരാജിക്കുന്ന ഒരു മനുഷ്യസ്‌നേഹിക്കുമാത്രമെ ഇതുപോലുളള ഒരു കാവ്യം രചിക്കുവാനാവൂ. ദയാരഹിതവും ക്രൂരവുമായ നമ്മുടെ കാലസ്ഥിതിയിലെ വിനോദങ്ങളാണ്‌ മാംസാഹാരവും മൃഗപീഡനങ്ങളും. ഒരു പരിഷ്‌കൃതസമൂഹത്തിന്റെ അന്തസ്സിനും ആഭിജാത്യത്തിനും യോജിക്കുന്ന സമീപനമാണോ നാമിന്ന്‌ പാവം മിണ്ടാപ്രാണികളോട്‌ കൈകൊളളുന്നതെന്ന്‌ ഓർത്തു നോക്കൂ. ഇത്തരം തിരിച്ചറിവുകളുടെ കനൽകാഴ്‌ചയാണ്‌ അമ്മുവിന്റെ ആട്ടിൻകുട്ടി എന്ന കാവ്യവും സിനിമയും.

Generated from archived content: essay1_may27.html Author: chandrashekharan_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here